തിരൂരങ്ങാടി (മലപ്പുറം): സംസ്ഥാനതല സ്കൂള്‍ പ്രവേശനോത്സവം തിരൂരങ്ങാടിയില്‍ നാടിന്റെ ആഘോഷമായി. ആകാശത്ത് കാര്‍മേഘങ്ങള്‍ കുടപിടിച്ചെങ്കിലും നാട്ടുകാരുടെ ആവേശം കണ്ട് മഴമേഘങ്ങള്‍ മാറി നിന്നു. അതോടെ സ്കൂള്‍ പ്രവേശനോത്സവം നാട്ടുകാര്‍ മറ്റൊരു ആഘോഷമാക്കി മാറ്റി. ചെമ്മാട് തൃക്കുളം ഗവ.ഹൈസ്കൂള്‍ ആണ് സംസ്ഥാനതല സ്കൂള്‍ പ്രവേശനോത്സവത്തിന് വേദിയായത്. സാംസ്കാരിക ഘോഷയാത്രയും സംഗീതശില്‍പ്പവും ആഘോഷത്തിന് മാറ്റേകി. ഒന്നാം ക്ലാസ്സില്‍ പുതുതായെത്തിയ കുരുന്നുകളെ മന്ത്രിമാര്‍ പൂച്ചെണ്ട് നല്‍കിയാണ് സ്വീകരിച്ചത്.
ഒന്നാം ക്ലാസ്സ് പാഠപുസ്തകത്തിലെ ചിത്രങ്ങള്‍ കൊണ്ട് അലങ്കരിച്ച ക്ലാസ്സ് മുറികളിലേക്കാണ് കുട്ടികളെ മന്ത്രിമാര്‍ കൈപിടിച്ച് പ്രവേശിപ്പിച്ചത്. മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു.
ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തിയും പാഠപുസ്തകങ്ങള്‍ കാലോചിതമായി പരിഷ്ക്കരിച്ചും അധ്യാപകര്‍ക്ക് ശാസ്ത്രീയമായി പരിശീലനം നല്‍കിയും സര്‍ക്കാര്‍ – എയ്ഡഡ് സ്കൂളുകളിലെ വിദ്യാര്‍ഥി കൊഴിഞ്ഞുപോക്ക് ഇല്ലാതാക്കിയെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച മന്ത്രി പി.കെ അബ്ദുറബ്ബ് അഭിപ്രായപ്പെട്ടു. ഒന്നാം തരം മുതല്‍ സംസ്കൃതം, കലാപഠനം എന്നിവയ്ക്ക് അവസരമൊരുക്കിയും ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ പാഠ്യപദ്ധതിയും പരിഷ്ക്കരണത്തിന്റെ തെളിവാണ്. എല്ലാ മേഖലകളെയും സ്പര്‍ശിക്കുന്ന വിപ്ലവകരമായ മാറ്റങ്ങള്‍ക്കാണ് വിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നതെന്നും മന്ത്രി അവകാശപ്പെട്ടു.
പരിരക്ഷയുടെ പാഠങ്ങള്‍ എന്ന പുസ്കത്തിന്റെയും പരിഷ്ക്കരിച്ച പാഠപുസ്തകത്തിന്റെയും പ്രകാശനം മന്ത്രി പി.കെ അബ്ദുറബ്ബ് നിര്‍വഹിച്ചു. കൈപുസ്തകം എസ്.എസ്.എ സ്റ്റേറ്റ് പ്രൊജക്റ്റ് ഡയറക്ടര്‍ ഇ.പി മോഹന്‍ദാസ് ഏറ്റുവാങ്ങി. വിദ്യാഭ്യാസ സന്ദേശമടങ്ങിയ അക്ഷരത്തൂവാലയുടെ കൈമാറ്റം മന്ത്രി മഞ്ഞളാംകുഴി അലിയും നിര്‍വഹിച്ചു. എസ്.എസ്.എ ഗ്രാന്റ് വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട് തൃക്കുളം ഗവ.ഹൈസ്കൂള്‍ പ്രധാനാധ്യാപകന് ടോമി മാത്യുവിന് നല്കി ഉദ്ഘാടനം ചെയ്തു. സൗജന്യ യൂണിഫോം വിതരണം അഡ്വ. കെ.എന്‍.എ ഖാദര്‍ എം,എല്‍എ ഉദ്ഘാടനം ചെയ്തു. പ്രവേശനോത്സവ കിറ്റ് വിതരണം തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.വി ജമീലയും അധ്യാപക പുസ്തക പ്രകാശനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ കുഞ്ഞുവും നിര്‍വഹിച്ചു. സാക്ഷ്യം സിഡി പ്രകാശനം ജില്ലാ പഞ്ചായത്ത് അംഗം സി.പി ജമീല അബൂബക്കര്‍, ഭിന്നശേഷിയുള്ളവര്‍ക്കുള്ള സഹായഉപകരണ വിതരണം ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ,പി ജല്‍സീമിയ, സ്മൃതി 2014 ബി.ആര്.സി ഡോക്യൂമെന്റേഷന് മലപ്പുറം ഡി.ഇ.ഒ പി സഫറുള്ള എന്നിവര്‍ ഉദ്ഘാടനം ചെയ്തു. സാംസ്കാരിക ഘോഷയാത്ര തിരൂര്‍ ആര്.ഡി.ഒ കെ ഗോപാലന് ഫ്ലാഗ് ഓഫ് ചെയ്തു. സ്റ്റുഡന്റ് പോലീസ് കേഡറ്റ്, എന്‍.സി.സി. സന്നദ്ധ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ ഘോഷയാത്രയില്‍ അണിനിരന്നു. പുതിയ അധ്യയന വര്‍ഷത്തില്‍ സംസ്ഥാനത്ത് 3,40,000 കുട്ടികളാണ് ഒന്നാം തരത്തിലെത്തിയത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: