പണ്ഡിറ്റ്‌ കറുപ്പന്റെ പ്രതിമയും സ്മാരകവും പുനഃസ്ഥാപിക്കണം-ഹിന്ദു ഐക്യവേദി

Monday 2 June 2014 10:44 pm IST

ആലുവ: മരട്‌ കുണ്ടന്നൂരില്‍ പണ്ഡിറ്റ്‌ കറുപ്പന്റെ പ്രതിമയും സ്മാരകവും പുനഃസ്ഥാപിക്കണമെന്ന്‌ ഹിന്ദുഐക്യവേദി എറണാകുളം ജില്ലാ സമരസമിതി ആവശ്യപ്പെട്ടു. കേരള നവോത്ഥാന ചരിത്രത്തിലെ ഉജ്ജ്വല നക്ഷത്രമായ പണ്ഡിറ്റ്‌ കറുപ്പന്‍ ഈ തലമുറക്കും പ്രചോദനം നല്‍കുന്ന നേതാവാണ്‌. സര്‍ക്കാര്‍ തെറ്റ്‌ തിരുത്തി കുണ്ടന്നൂരിലെ പണ്ഡിറ്റ്‌ കറുപ്പന്‍ സ്മാരകം പുതുക്കിപണിത്‌ ധീവരസഭയ്ക്ക്‌ കൈമാറണമെന്ന്‌ യോഗം ആവശ്യപ്പെട്ടു. ആറന്മുള വിമാനത്താവള പദ്ധതിക്ക്‌ അനുമതി റദ്ദ്‌ ചെയ്ത ദേശീയ ഹരിത ട്രൈബ്യൂണലിന്റെ വിധിയെ ഹിന്ദുഐക്യവേദി സ്വാഗതം ചെയ്യുന്നു. ഈ വിധി അവശേഷിക്കുന്ന പ്രകൃതിയെ സംരക്ഷിക്കുവാന്‍ കാരണമാകും. കേരള സര്‍ക്കാര്‍ ആറന്മുള പദ്ധതിയില്‍നിന്ന്‌ പൂര്‍ണമായും പിന്മാറണം. ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട്‌ നടപ്പിലാക്കി പശ്ചിമഘട്ടം സംരക്ഷിക്കുവാന്‍ സര്‍ക്കാര്‍ മുന്നിട്ടിറങ്ങണമെന്ന്‌ സമിതി ആഹ്വാനം ചെയ്തു.
ലോകപരിസ്ഥിതി ദിനമായ ജൂണ്‍ 5 ന്‌ ജില്ലയില്‍ പ്രകൃതി സംരക്ഷണത്തിന്റെ സന്ദേശവുമായി 20 ല്‍ പരം സ്ഥലങ്ങളില്‍ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും. പ്രകൃതി സംരക്ഷണ വേദിയുടെ നേതൃത്വത്തില്‍ നടക്കുന്ന പരിപാടിയില്‍ പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകര്‍ പങ്കെടുക്കും. പൊതുശ്മശാനങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട്‌ ജില്ലയില്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക്‌ ഹിന്ദുഐക്യവേദി പിന്തുണ നല്‍കുവാന്‍ തീരുമാനിച്ചു. വിവിധ പഞ്ചായത്തുകളില്‍ നടക്കുന്ന പ്രക്ഷോഭങ്ങളില്‍ മാനുഷിക പരിഗണന നല്‍കി എത്രയും വേഗം നടപടി സ്വീകരിക്കണമെന്ന്‌ സമിതി സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ്‌ അഡ്വ.വി.എന്‍.മോഹന്‍ദാസ്‌ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സംഘടന സെക്രട്ടറി സി.ബാബു, ആര്‍.വി.ബാബു, എം.കെ.കുഞ്ഞോല്‍, പി.കെ.ബാഹുലേയന്‍, ജില്ലാ ജനറല്‍ സെക്രട്ടറി കെ.പി.സുരേഷ്‌ എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.