വരുന്നൂ പരിശീലനമികവോടെ ആംബുലന്‍സ്‌ ഡാറ്റാബേസ്‌

Monday 2 June 2014 10:45 pm IST

കൊച്ചി: മരണത്തിന്റെ നൂല്‍പ്പാലത്തില്‍ നിന്ന്‌ ഒരു ആംബുലന്‍സ്‌ വേഗത്തില്‍ ജീവിതത്തിലേയ്ക്ക്‌ പിടിച്ചുകയറ്റപ്പെട്ടവര്‍ക്കറിയാം ആംബുലന്‍സ്‌ സര്‍വീസ്‌ ഒരു വലിയ ഉത്തരവാദിത്തമാണെന്ന്‌. കേരളത്തിലൊട്ടാകെയും ഇന്ത്യയില്‍ തന്നെയും ആശുപത്രി മടക്കങ്ങള്‍ക്കും ജീവിതമടക്കങ്ങള്‍ക്കുമുള്ളയാനങ്ങള്‍ മാത്രമാകുന്ന ആംബുലന്‍സുകളുടെ ഡാറ്റാബേസ്‌ നിര്‍മ്മിച്ച്‌ ഒറ്റ നെറ്റ്‌വര്‍ക്കില്‍ കൊരുത്ത്‌ പ്രാഥമിക ശുശ്രൂഷകള്‍ വരെ നല്‍കാന്‍ കഴിയുന്ന സംവിധാനമാക്കാന്‍ തയ്യാറെടുക്കുകയാണ്‌ ജില്ലാ ഭരണകൂടം.
അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ പ്രഥമശുശ്രൂഷ പോലും നല്‍കാന്‍ കഴിയാതെ ഓട്ടോറിക്ഷകളിലും കാറുകളിലുമെല്ലാം വലിച്ചിടപ്പെട്ട്‌ആശുപത്രകളിലെത്തുന്നവരുടെ അപകടനില കൂടുതല്‍ ഗുരുതരമാകുന്നുവെന്ന വിദഗ്ദ്ധരുടെ വിലയിരുത്തല്‍ പരിഗണിച്ചാണ്‌ ഇത്തരമൊരു സംരംഭം. ജില്ലയിലെങ്ങുമുള്ള ആംബുലന്‍സുകളെ ഒരു കുടക്കീഴില്‍ കൊണ്ടുവന്ന്‌ ആവശ്യത്തിന്‌ ആംബുലന്‍സ്‌ സര്‍വീസുകളും പ്രഥമശുശ്രൂഷയും ലഭിക്കാത്തതു കൊണ്ട്‌ സംഭവിക്കുന്ന ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാനാണ്‌ ജില്ല ഭരണകൂടത്തിന്റെ ശ്രമമെന്ന്‌ ജില്ല കളക്ടര്‍ എം.ജി. രാജമാണിക്യം പറഞ്ഞു.
ഡാറ്റാബേസുകള്‍ ഏകദേശം തയ്യാറായിക്കഴിഞ്ഞെന്നും ഇത്‌ ജിപിഎസ്‌ സംവിധാനം ഉപയോഗിച്ച്‌ ബന്ധിപ്പിക്കുന്നതിനും ഡ്രൈവര്‍മാര്‍ക്ക്‌ പരിശീലനം നല്‍കുന്നതിനുമുള്ള നടപടികള്‍ ഉടന്‍ പൂര്‍ത്തിയാകുമെന്നും അദ്ദേഹം അറിയിച്ചു. മറ്റു ജില്ലകള്‍ക്കു കൂടി സേവനം സാധ്യമാകുന്ന രീതിയില്‍ എറണാകുളം കേന്ദ്രീകരിച്ച്‌ ഇത്തരം ഒരു പ്ലാറ്റ്ഫോം ഭാവിയില്‍ സൃഷ്ടിച്ചെടുക്കാനും ആലോചനയുണ്ട്‌. ഡാറ്റാബേസ്‌ പൂര്‍ണമായാലുടന്‍ ആംബുലന്‍സ്‌ സര്‍വീസ്‌ നടത്തുന്നവരുടെ യോഗം വിളിച്ച്‌ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ചര്‍ച്ച ചെയ്യും. അപകടഘട്ടങ്ങളില്‍ പൊതുജനങ്ങളും ആംബുലന്‍സ്‌ സഞ്ചരിക്കുമ്പോള്‍ മറ്റ്‌ വാഹനങ്ങള്‍ ഓടിക്കുന്നവരും പാലിക്കേണ്ട മര്യാദകളും ഉത്തരവാദിത്തങ്ങളും സംബന്ധിച്ച ബോധവത്കരണ പരിപാടികളും റോഡ്‌ സേഫ്റ്റി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.