ഉന്നതതല അന്വേഷണം വേണം- മഹിളാ ഐക്യവേദി

Monday 2 June 2014 10:51 pm IST

കോട്ടയം: സംസ്ഥാനത്തിന്‌ വെളിയില്‍ നിന്ന്‌ യാതൊരു രേഖയും ഇല്ലാതെ 500 ല്‍ അധികം കുട്ടികളെ കടത്തിക്കൊണ്ടു വന്ന സംഭവത്തില്‍ ഉന്നതതല അന്വേഷണം നടത്തണമെന്ന്‌ മഹിളാ ഐക്യവേദി സംസ്ഥാന സമിതി സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു.
അന്യ സംസ്ഥാനത്തു നിന്നും മൂന്നു മുതല്‍ പതിനഞ്ച്‌ വയസ്സു വരെയുള്ള കുട്ടികളെ മാതാപിതാക്കളെ പ്രലോഭിപ്പിച്ച്‌ കടത്തിക്കൊണ്ടു വന്നവര്‍ക്ക്‌ ഗൂഢലക്ഷ്യമുണ്ട്‌. സേവനത്തിന്റെ മറവില്‍ നടക്കുന്ന ഭീകരപ്രവര്‍ത്തനത്തിന്റെ ഭാഗമാണോ ഈ മനുഷ്യക്കടത്ത്‌ എന്നും, അവയവ വ്യാപാര ശൃംഖലയുമായി മനുഷ്യക്കടത്ത്‌ മാഫിയക്ക്‌ ബന്ധമുണ്ടോ എന്നും അന്വേഷിക്കണം. കടത്തിക്കൊണ്ടുവന്ന കുട്ടികള്‍ക്ക്‌ വെള്ളമോ ആഹാരമോ കൊടുക്കാതെ ബാലപീഡനം നടത്തിയവര്‍ക്കെതിരെ കടുത്ത നിയമനടപടി സ്വീകരിക്കണം.
വിദ്യാഭ്യാസ സൗകര്യങ്ങള്‍ നല്‍കുന്നതിനാണ്‌ കുട്ടികളെ കടത്തിക്കൊണ്ടു വന്നതെന്ന്‌ ന്യായീകരിക്കുന്നവര്‍ വിദ്യാഭ്യാസ അവകാശ നിയമം പ്രാവര്‍ത്തികമായ ഭാരതത്തില്‍ അഞ്ചിനും പതിനാലിനും ഇടയിലുള്ള എല്ലാ കുട്ടികള്‍ക്കും സാര്‍വ്വത്രിക വിദ്യാഭ്യാസം നല്‍കേണ്ട ചുമതല എല്ലാ സര്‍ക്കാരുകള്‍ക്കും ഉണ്ടെന്ന കാര്യം വിസ്മരിക്കുകയാണ്‌.
മക്കളെ സംരക്ഷിക്കേണ്ട ചുമതല മാതാപിതാക്കള്‍ക്കും, സംരക്ഷണം ലഭിക്കേണ്ടത്‌ കുട്ടികളുടെ അവകാശവുമാണെന്ന്‌ മഹിളാ ഐക്യവേദി സംസ്ഥാന പ്രസിഡന്റ്‌ നിഷ ടീച്ചര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി ബിന്ദു മോഹന്‍ എന്നിവര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.