നാ‍സയുടെ ഉപഗ്രഹം ഇന്ന് ഭൂമിയില്‍ പതിക്കും

Friday 23 September 2011 3:20 pm IST

വാഷിങ്‌ടണ്‍: അമേരിക്കയുടെ ബഹിരാകാശ ഏജന്‍സിയായ നാസ രണ്ട് പതിറ്റാണ്ട് മുമ്പ് വിക്ഷേപിച്ച ഉപഗ്രഹം ഇന്ന് ഭൂമിയില്‍ പതിക്കും. എവിടെയാണ് ഉപഗ്രഹാവശിഷ്ടം പതിക്കുകയെന്ന കാര്യം അവസാന മണിക്കൂറുകളിലേ വ്യക്തമാവുകയുള്ളൂവെന്ന് നാസ അറിയിച്ചു. ഭൂമധ്യ രേഖയ്ക്ക് 57 ഡിഗ്രി വടക്ക് മുതല്‍ 57 ഡിഗ്രി തെക്ക് വരെയുള്ള മേഖലയില്‍ എവിടെയെങ്കിലും ഉപഗ്രഹം പതിക്കുമെന്നാണ് സൂചന. ജനസാന്ദ്രത ഏറെയുള്ള മേഖലയാണിത്. എന്നാല്‍ ഉപഗ്രഹ അവശിഷ്ടങ്ങള്‍ ജനങ്ങള്‍ക്ക് മേല്‍ പതിക്കാനുള്ള സാധ്യത കുറവാണ്. ഗ്രീന്‍‌വിച്ച് സമയം വൈകിട്ട് ഉപഗ്രഹം ഭൂമിയില്‍ പതിക്കുമെന്നാണ് കണക്കാക്കുന്നത്. ഇന്ത്യന്‍ സമയം അനുസരിച്ച് ഇന്ന് രാത്രിയോ നാളെ രാവിലയോ ഉപഗ്രഹ അവശിഷ്ടം ഭൂമിയില്‍ പതിക്കാം. അന്തരീക്ഷത്തിന്റെ ഉപരിഭാഗത്തെക്കുറിച്ചുള്ള പഠനത്തിനായി 1991ല്‍ വിക്ഷേപിച്ച അപ്പര്‍ അറ്റ്മോസ്‌ഫിയര്‍ റിസര്‍ച്ച് എന്ന യു.ആര്‍.എസ് ഉപഗ്രഹത്തിന് 35 അടി നീളവും 15 അടി വീതിയും ആറ് ടണ്‍ ഭാരവും ഉണ്ട്. ഭൌമ അന്തരീക്ഷത്തില്‍ പ്രവേശിക്കുന്നതോടെ ഉപഗ്രഹത്തിന്റെ നല്ലൊരു ഭാഗം വായുവുമായുള്ള ഘര്‍ഷണം മൂലം ചൂട് പിടിച്ച് കത്തിയമരും. എങ്കിലും അര ടണ്ണോളം ലോഹ ഭാഗങ്ങള്‍ അവശേഷിക്കും. ആ ഭാഗങ്ങളാണ് ഭൂമിയുടെ വിവിധ ഭാഗങ്ങളിലായി ചിതറി വീഴുക. ഈ മാസം ഫ്രാന്‍സിന് മുകളിലൂടെ കടന്നു പോയപ്പോള്‍ പാരീസില്‍ നിന്നുള്ള വാന നിരീക്ഷകന്‍ പ്രത്യേക ക്യാമറ ഉപയോഗിച്ച് ഉപഗ്രഹം ചിത്രീകരിച്ചിരുന്നു.