മുണ്ടെ യഥാര്‍ത്ഥ ജനനേതാവ്‌: പ്രധാനമന്ത്രി

Tuesday 3 June 2014 10:10 pm IST

ന്യൂദല്‍ഹി: ഗോപിനാഥ മുണ്ടെ 'യഥാര്‍ത്ഥ ജനനേതാവായിരുന്നു'വെന്ന്‌ അനുസ്മരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി. അദ്ദേഹത്തിന്റെ മരണത്തില്‍ അഗാധമായ ഖേദം അനുഭവിക്കുനതായി പറഞ്ഞു.
"അകാലത്തില്‍ പൊലിഞ്ഞുപോയ ഒരു സക്രിയനായിരുന്ന നേതാവിന്‌ ആദരാഞ്ജലികള്‍, ആ വിടവ്‌ നികത്താനാവില്ല," മോദി ട്വിറ്ററില്‍ കുറിച്ചു. "ഗോപിനാഥ്ജി യഥാര്‍ത്ഥ ജനനേതാവായിരുന്നു. സമൂഹത്തിലെ പിന്നാക്ക വിഭാഗത്തില്‍നിന്ന്‌ ഉന്നതങ്ങളിലെത്തിയ അദ്ദേഹം സമൂഹത്തിനു വേണ്ടി അക്ഷീണം പ്രവര്‍ത്തിച്ചു," പ്രധാനമന്ത്രി മറ്റൊരു ട്വീറ്റില്‍ എഴുതി. "സുഹൃത്തും സഹപ്രവര്‍ത്തകനുമായിരുന്ന മുണ്ടെജിയുടെ മരണത്തില്‍ ഖേദവും ഞെട്ടലുമുണ്ട്‌. അദ്ദേഹത്തിന്റെ വിയോഗം സര്‍ക്കാരിനും രാജ്യത്തിനും കനത്ത നഷ്ടമാണ്‌," മോദി പറഞ്ഞു.
മരണവാര്‍ത്തകേട്ട്‌ ഞെട്ടിയെന്ന്‌ കേന്ദ്ര ആഭ്യന്തരമന്ത്രിയും ബിജെപി ദേശീയാദ്ധ്യക്ഷനുമായ രാജ്നാഥ്‌ സിംഗ്‌ പറഞ്ഞു. "അടിസ്ഥാന വിഭാഗത്തിന്റെ നേതാവയിരുന്നു അദ്ദേഹം, ദരിദ്രരുടെയും കര്‍ഷകരുടെയും കാര്യത്തില്‍ ഏറെ ഉത്കണ്ഠ കാട്ടിയിരുന്നു. മുണ്ടെജിയുടെ മരണം ബിജെപിക്കു നികത്താനാവാത്ത നഷ്ടമാണ്‌. മഹാരാഷ്ട്ര രാഷ്ട്രീയത്തിലും സാമൂഹ്യ മേഖലയിലും വന്‍ശൂന്യത സൃഷ്ടിച്ചു അദ്ദേഹത്തിന്റെ വേര്‍പാട്‌, രാജ്നാഥ്‌ പറഞ്ഞു.
മഹരാഷ്ട്രയില്‍ ഇന്നു ബിജെപി നേടിയിരിക്കുന്ന വലിയ വളര്‍ച്ചക്കു മുഖ്യകാരണക്കാരില്‍ ഒരാള്‍ ഗോപിനാഥ മുണ്ടെ ആയിരുന്നുവെന്ന്‌ എല്‍. കെ. അദ്വാനി അനുസ്മരിച്ചു. അദ്ദേഹത്തിന്റെ ദേഹ വിയോഗം കനത്ത ആഘാതമാണ്‌ പാര്‍ട്ടിക്കെന്നും അദ്വാനി പറഞ്ഞു.
റോഡപകടത്തില്‍ സംഭവിച്ച മുണ്ടെയുടെ പെട്ടെന്നുള്ള മരണത്തില്‍ അഗാധമായി അനുശോചിക്കുന്നതായി കോണ്‍ഗ്രസ്‌ അദ്ധ്യക്ഷ സോണിയാ ഗാന്ധി പറഞ്ഞു.
മരണത്തില്‍ അനുശോചിച്ച കോണ്‍ഗ്രസ്‌ വൈസ്‌ പ്രസിഡന്റ്‌ രാഹുല്‍ ഗാന്ധി കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായി അറിയിച്ചു. മരണത്തില്‍ ഏറെ ഖേദം പ്രകടിപ്പിച്ച ടിഡിപി നേതാവ്‌ ചന്ദ്രബാബു നായിഡു മുണ്ടെയുടെ വിയോഗം എന്‍ഡിഎയ്ക്ക്‌ വലിയ നഷ്ടമാണെന്നും പറഞ്ഞു. മരണം ഹൃദയഭേദകമായെന്നു പറഞ്ഞ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്‌ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു.
വര്‍ഷങ്ങളോളം നടത്തിയ കഠിനമായ രാഷ്ട്രീയ ജനസേവന പ്രവര്‍ത്തനങ്ങളിലൂടെ മുണ്ടെ മഹാരാഷ്ട്രയില്‍ സ്വന്തമായി ഒരു ഇടം നേടിയ ജന നേതാവയിരുന്നുവെന്ന്‌ മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ്‌ ചവന്‍ പറഞ്ഞു.
മുണ്ടെയുടെ ആത്മാവിനു ശാന്തി ലഭിക്കട്ടെയെന്ന്‌ എഎപി നേതാവ്‌ അരവിന്ദ്‌ കേജ്‌രിവാള്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. "ദല്‍ഹിയിലെ പുതിയ ഭരണസംവിധാനത്തില്‍ മഹാരാഷ്ട്രയില്‍നിന്നുള്ള സമുന്നത നേതാവായിരുന്നുവെന്ന്‌ അനുസ്മരിച്ച ശിവസേനാ വക്താവ്‌ സഞ്ജയ്‌ റാവുത്‌ ഏറ്റവും പ്രസിദ്ധനായ ജന നേതാവായിരുന്നു മുണ്ടെ എന്ന്‌ അനുസ്മരിച്ചു. ഒരിക്കലും ക്ഷുഭിതനായിക്കണ്ടിട്ടില്ലാത്ത അദ്ദേഹം ഏതു സമയത്തും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പമുണ്ടാകുമായിരുന്നു," റാവുത്‌ പറഞ്ഞു.
ജനകീയനായ ഒരു പൊതുസേവകനെയാണ്‌ രാജ്യത്തിനു നഷ്ടപ്പെട്ടതെന്ന്‌ എന്‍സിപി നേതാവ്‌ ശരത്‌ പവാര്‍ പറഞ്ഞു.
സുഹൃത്തും മുതിര്‍ന്ന നേതാവുമായിരുന്ന മുണ്ടെയുടെ വിയോഗത്തില്‍ കോണ്‍ഗ്രസ്‌ നേതാവ്‌ ദിഗ്‌വിജയ്‌ സിംഗും ശശി തരൂരും ദുഃഖം പ്രകടിപ്പിച്ചു. "മുണ്ടെജി അച്ഛന്റെ അടുത്ത സുഹൃത്തായിരുന്നു, മഹാരാഷ്ട്രയിലെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളും. എനിക്ക്‌ വലിയ നഷ്ടമാണാ വിയോഗം," മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ മകനും ബോളിവുഡ്‌ നടനുമായ റിതീഷ്‌ ദേശ്മുഖ്‌ പറഞ്ഞു.
മുണ്ടെജിയുടെ കുടുംബത്തിന്‌ ഈ ദുഃഖത്തില്‍നിന്നു കരകയറാനാവട്ടെയെന്ന്‌ രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ പറഞ്ഞു. മധ്യപ്രദേശ്‌ മുഖ്യമന്ത്രി ശിവരാജ്‌ സിംഗ്‌ ചൗഹാനും ഛത്തീസ്ഗഢ്‌ മുഖ്യമന്ത്രി ഡോ. രമണ്‍ സിംഗും മുണ്ടെയുടെ മരണത്തില്‍ അഗാധമായ ദുഃഖം അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.