സ്കൂളുകളില്‍ 'സുരക്ഷിത ആഹാരം ആരോഗ്യത്തിന്‌ ആധാരം' പദ്ധതി

Wednesday 4 June 2014 10:09 pm IST

തിരുവനന്തപുരം: സ്കൂളുകളില്‍ 'സുരക്ഷിത ആഹാരം ആരോഗ്യത്തിന്‌ ആധാരം' എന്ന പദ്ധതി ഉടന്‍ നടപ്പിലാക്കുമെന്ന്‌ ആരോഗ്യമന്ത്രി വി.എസ്‌. ശിവകുമാര്‍ അറിയിച്ചു. ജീവിതശൈലീരോഗങ്ങള്‍ക്ക്‌ കാരണമായ ആഹാരശീലങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥി സമൂഹത്തെ മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള, ഇന്ത്യയിലെ ആദ്യത്തെ പദ്ധതിയാണിതെന്ന്‌ മന്ത്രി പറഞ്ഞു. തിരുവനന്തപുരം എസ്‌എംവി സ്കൂളില്‍, ആരോഗ്യ അസംബ്ലികളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
ആദ്യഘചട്ടത്തില്‍ ഓരോ ജില്ലയിലെയും 10 സ്കൂളുകളിലാണ്‌ പദ്ധതി നടപ്പിലാക്കുക. ഇവയിലെ 9, 11 ക്ലാസ്സുകളില്‍ പഠിക്കുന്ന 10 കുട്ടികളെവീതം തിരഞ്ഞെടുത്ത്‌ പരിശീലനം നല്‍കും. ആ കുട്ടികള്‍ അതത്‌ സ്കൂളുകളിലെ മുഴുവന്‍ കുട്ടികള്‍ക്കും ആഹാരസുരക്ഷയില്‍ ബോധവത്ക്കരണം നല്‍കും. ഫാസ്റ്റ്‌ ഫുഡ്‌, ജംഗ്‌ ഫുഡ്‌, ലഹരിമിഠായികള്‍, ച്യൂയിംഗം, ട്രാന്‍സ്ഫാറ്റ്‌, ഭക്ഷ്യവസ്തുക്കളില്‍ ചേര്‍ക്കുന്ന നിറങ്ങള്‍, രുചിവര്‍ധക വസ്തുക്കള്‍ എന്നിവയ്ക്കെതിരെയുള്ള വ്യാപകമായ ബോധവത്ക്കരണമാണ്‌ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുക. എല്ലാ സ്കൂളുകളിലും ഫുഡ്സേഫ്ടി ക്ലബ്ബുകള്‍ ആരംഭിക്കും. പദ്ധതിക്കുവേണ്ടി 70 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്ന്‌ മന്ത്രി അറിയിച്ചു. അടുത്തഘട്ടത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ സ്കൂളുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മഴക്കാലരോഗനിയന്ത്രണത്തിനായി സംസ്ഥാനത്തെ പൊതുമേഖലയിലും സ്വകാര്യമേഖലയിലുമുള്ള മുഴുവന്‍ വിദ്യാലയങ്ങളിലും ജൂണ്‍, ജൂലൈ മാസങ്ങളില്‍, ബുധനാഴ്ചകളിലാണ്‌ ആരോഗ്യ അസംബ്ലികള്‍ നടത്തുക. ഓരോ ആഴ്ചയിലും വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രതിജ്ഞയാണ്‌ ചൊല്ലുക.
കൊതുകുനിവാരണം, ജലജന്യരോഗങ്ങള്‍, മഞ്ഞപ്പിത്തം, എലിപ്പനി, ഡെങ്കിപ്പനി, ചിക്കുന്‍ ഗുനിയ മുതലായവയുടെ നിയന്ത്രണം, ഭക്ഷ്യസുരക്ഷ എന്നിവയാണ്‌ വിഷയങ്ങള്‍. സ്കൂളുകളിലെല്ലാം വെള്ളിയാഴ്ചകളില്‍ ഡ്രൈഡേ ആചരിക്കും. മഴക്കാലരോഗങ്ങളെ പ്രതിരോധിക്കുന്നതിലും നിയന്ത്രിക്കുന്നതിലും, സംസ്ഥാനത്തെ 40 ലക്ഷത്തോളംവരുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ വിലപ്പെട്ട സംഭാവനകള്‍ നല്‍കുവാന്‍ സാധിക്കുമെന്നും സ്കൂളുകളിലും വീടുകളിലും കൊതുകുനശീകരണ-പരിസരശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി മാതൃക സൃഷ്ടിക്കുവാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. ഇത്തരം നല്ല ശീലങ്ങള്‍ കുട്ടിക്കാലത്തുതന്നെ വളര്‍ത്തിയെടുക്കുന്നത്‌ സമൂഹത്തിന്റെ ഭാവിക്ക്‌ ഏറെ ഗുണം ചെയ്യുമെന്നും, വിദ്യാര്‍ത്ഥികള്‍ക്ക്‌ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തശേഷം, മന്ത്രി ചൂണ്ടിക്കാട്ടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.