രൂപയുടെ മൂല്യത്തില്‍ വന്‍ തകര്‍ച്ച

Friday 23 September 2011 4:06 pm IST

ന്യൂദല്‍ഹി: ഒരു ഡോളറിന്റെ മൂല്യം ഇപ്പോള്‍ 50 രൂപയ്ക്ക് അടുത്തായി. 49 രൂപ 70 പൈസയ്ക്ക് അടുത്താണ് ഇപ്പോഴത്തെ വിനിമയ നിരക്ക്. ഇത് ഒരു ഘട്ടത്തില്‍ അമ്പത് രൂപ വരെ എത്തുകയും ചെയ്തിരുന്നു. രൂപയുടെ ഈ മൂല്യത്തകര്‍ച്ച രാജ്യത്തെ കയറ്റുമതിക്കാര്‍ക്ക് നേട്ടമുണ്ടാക്കും. രാവിലെ മുതലാണ് ഡോളറിന്റെ മൂല്യം 50 രൂപയ്ക്ക് തൊട്ടരുകിലെത്തിയത്. രാജ്യത്തെ വിനിമയ വിപണിയില്‍ ഡോളറിന് ആവശ്യക്കാര്‍ കൂടിയതാണ് ഡോളറിന്റെ മൂല്യം വര്‍ദ്ധിക്കുകയും അതോടൊപ്പം രൂപയുടെ മൂല്യം കുറയുകയും ചെയ്യാനുള്ള കാരണം. ഓഹരി വിപണിയില്‍ വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ ഓഹരികള്‍ വിറ്റഴിച്ച് പണം ഡോളറിലേക്ക് മാറ്റുന്നതാണ് ഇതിന്റെ കാരണം. രാജ്യത്തെ ഇറക്കുമതിക്കാര്‍ ഡോളര്‍ സംഭരിക്കുന്നതും ഡോളറിന്റെ ആവശ്യം വര്‍ദ്ധിപ്പിച്ചു. കഴിഞ്ഞ 28 മാസത്തിനിടെ ഇത് ആദ്യമായിട്ടാണ് ഇന്ത്യന്‍ രൂപയുടെ മൂല്യം ഇത്രയും കുറയുന്നത്. ഡോളറിന്റെ വിനിമയ നിരക്ക് 50 രൂപയ്ക്ക് അടുത്തെത്തിയത് കയറ്റുമതിക്കാര്‍ക്ക് നേട്ടമാണ്. അതേസമയം ഇറക്കുമതി ചെലവ് കൂടുകയും ചെയ്യും. ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്ന എണ്ണ കമ്പനികള്‍ ഇതിന്റെ പേരില്‍ ഇന്ധന വില കൂട്ടാന്‍ ശ്രമിച്ചേക്കുമെന്ന് ആശങ്കയുണ്ട്. കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി രൂപയുടെ മൂല്യം കുറഞ്ഞുവരികയായിരുന്നു. യൂറോയുടെ മൂല്യം കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും താഴ്‌ന്ന നിരക്കിലായതും ഡോളറിലേക്ക്‌ നിക്ഷേപകരെ അകര്‍ഷിച്ചു. രൂപയുടെ മൂല്യത്തകര്‍ച്ചയെ നേരിടുവാന്‍ റിസര്‍വ് ബാങ്ക് നടപടി എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂല്യം കുറയുന്നത് തടയാന്‍ റിസര്‍വ് ബാങ്ക് കഴിഞ്ഞ ദിവസം വിനിമയ വിപണിയില്‍ ഡോളര്‍ 49 രൂപ 15 പൈസ നിരക്കില്‍ വിറ്റഴിച്ചുവെന്നാണ് സൂചന. ഡോളറിന്റെ നിരക്ക് 50 രൂപയ്ക്ക് താഴെ നിലനിര്‍ത്താന്‍ റിസര്‍വ് ബാങ്ക് കൂടുതല്‍ നടപടികള്‍ എടുക്കുമെന്നാണ് വിപണിയുടെ വിലയിരുത്തല്‍.