അമേരിക്ക പരസ്യവിമര്‍ശനം അവസാനിപ്പിക്കണം - പാക്കിസ്ഥാന്‍

Friday 23 September 2011 5:20 pm IST

ഇസ്ലാമാബാദ്‌: ഭീകരവിരുദ്ധ പോരാട്ടവുമായി ബന്ധപ്പെട്ട് അമേരിക്ക പരസ്യവിമര്‍ശനം അവസാനിപ്പിക്കണമെന്ന് പാക്‌ പ്രധാനമന്ത്രി യൂസഫ്‌ റാസ ഗിലാനിയും പാക് വിദേശകാര്യമന്ത്രി ഹിന റബ്ബാനിയും ആവശ്യപ്പെട്ടു. അമേരിക്കയുടെ സഖ്യരാജ്യമായി പാകിസ്ഥാന്‍ തുടരണമെങ്കില്‍ ഒബാമാ ഭരണകൂടം തെറ്റിദ്ധാരണകള്‍ മാറ്റിവെച്ച്‌ തുറന്ന ചര്‍ച്ചയ്ക്ക്‌ തയ്യാറാകണമെന്ന്‌ യൂസഫ്‌ റാസ ഗിലാനി പറഞ്ഞു. അമേരിക്ക കൃത്യമായി രാഷ്‌ട്രീയ ഇടം തങ്ങള്‍ക്ക്‌ നല്‍കണമെന്നും എങ്കില്‍ മാത്രമേ ബന്ധത്തിന്റെ പ്രാധാന്യത്തെ കുറിച്ച്‌ ജനങ്ങളെ ബോദ്ധ്യപ്പെടുത്താന്‍ കഴിയൂ എന്നും ഗിലാനി പറഞ്ഞു. അമേരിക്കയ്ക്ക്‌ തങ്ങളുടെ കൂടെ ജീവിക്കാന്‍ കഴിയില്ലെന്നും തങ്ങളെ കൂടാതെ ജീവിക്കാന്‍ കഴിയുമില്ല എന്ന അവസ്ഥയിലുമാണെന്നും അദ്ദേഹം പറഞ്ഞു. തങ്ങളെ കൂടാതെ ജീവിക്കാന്‍ കഴിയില്ല എന്നതാണ്‌ അവസ്ഥയാണെങ്കില്‍ യുദ്ധ തീവ്രവാദവുമായി ബന്ധപ്പെട്ട്‌ അമേരിക്ക തുറന്ന ചര്‍ച്ചയ്ക്ക്‌ തയ്യാറാകണമെന്നും ഗിലാനി പറഞ്ഞു. അമേരിക്കയുമായുള്ള ബന്ധം പരസ്‌പര ധാരണയുടെയും ബഹുമാനത്തിന്റെയും അടിസ്ഥാനത്തിലാണ്‌. എന്നാല്‍ അതെല്ലാം മറികടന്ന്‌ തെറ്റായ സന്ദേശമാണ്‌ ലഭിക്കുന്നതെങ്കില്‍ തങ്ങളുടെ ജനങ്ങളെ വിശ്വപ്പാക്കാനും പ്രയാസമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ലോകരാജ്യങ്ങളുമായി തങ്ങള്‍ നല്ല സൗഹൃദത്തിലാണെന്നും തങ്ങളുടെ മേഖലയില്‍ അയല്‍രാജ്യങ്ങളുമായും അടുത്തബന്ധമാണുള്ളതെന്നും ഗിലാനി പറഞ്ഞു. പാകിസ്ഥാന്‍ ചാരസംഘടനയായ ഐ.എസ്‌. ഐയ്ക്ക്‌ തീവ്രവാദ സംഘടനയായ ഹഖാനി ശൃംഖലയുമായി അടുത്ത ബന്ധമുണ്ടെന്ന അമേരിക്കയുടെ കുറ്റപ്പെടുത്തലിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാക്കിസ്ഥാന്‍. വിഷയത്തില്‍ രാജ്യത്തെ ഒറ്റപ്പെടുത്താന്‍ അമേരിക്ക തയാറാകരുതെന്നു പാക് വിദേശകാര്യമന്ത്രി ഹിന റബ്ബാനി പറഞ്ഞു. വിമര്‍ശനം തുടര്‍ന്നാല്‍ അമേരിക്കയ്ക്ക് അതിനു വില നല്‍കേണ്ടി വരും. തങ്ങളുടെ സഖ്യരാജ്യമെന്ന പദവി അമേരിക്കയ്ക്ക് നഷ്ടമാകുമെന്നും അവര്‍ മുന്നറിയിപ്പു നല്‍കി. ഒരു ടെലിവിഷന്‍ ചാനലിനു നല്‍കിയ അഭിമുഖത്തിലാണു റബ്ബാനി ഇക്കാര്യം വ്യക്തമാക്കിയത്. പ്രതിരോധവകുപ്പ്‌ മന്ത്രി ചൗദ്രി അഹമ്മദ്‌ മുഖ്‌തറും അമേരിക്കയുടെ ആരോപണങ്ങളെ തള്ളിക്കളഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.