പാര്‍ലമെന്റ്‌ പ്രവര്‍ത്തിക്കണം

Thursday 5 June 2014 9:37 pm IST

2014-ലെ തെരഞ്ഞെടുപ്പ്‌ ഫലം ഇന്ത്യന്‍ ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം ആശ്വാസകരമായി തോന്നുന്നു. അമേരിക്ക, ബ്രിട്ടണ്‍ തുടങ്ങിയ പഴക്കം ചെന്ന ജനാധിപത്യ രാജ്യങ്ങളില്‍ ഭരണപക്ഷവും പ്രതിപക്ഷവും ഏറെകുറെ തുല്യശക്തികളാണ്‌. അമേരിക്കയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ അവര്‍ക്ക്‌ സാരമായ വെല്ലുവിളികള്‍ ഉയര്‍ത്തി ഡെമോക്രാറ്റിക്‌ പാര്‍ട്ടി രംഗത്ത്‌ വരും. ബ്രിട്ടണിലും ഏറെക്കുറെ ഇരുപാര്‍ട്ടി ജനാധിപത്യം കാലികമായ മാറ്റങ്ങളോടുകൂടി നിലനില്‍ക്കുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്‌ തൊട്ടുപിന്നാലെ വന്ന കേന്ദ്ര സര്‍ക്കാരുകള്‍ കോണ്‍ഗ്രസ്സ്‌ പാര്‍ട്ടിയുടെ വലിയ പിന്തുണയോടുകൂടി അധികാരത്തില്‍ ഇരുന്നു. ഭരണഘടനാ ഭേദഗതി ചെയ്യുവാന്‍ തന്നെ നിസ്സാരമായി സാധിക്കുന്ന മൂന്നില്‍ രണ്ട്‌ ഭൂരിപക്ഷം രാജീവ്‌ ഗാന്ധിയുടെ ഭരണം വരെ നിലനിന്നു. എന്നാല്‍ പിന്നീട്‌ നമ്മുടെ ജനാധിപത്യത്തിന്‌ ദുഷ്കരമായ ദിനങ്ങളായിരുന്നു. പ്രാദേശിക പാര്‍ട്ടികളായ ഡിഎംകെ, എഐഡിഎംകെ, തെലുങ്കുദേശം, ശിവസേന, തൃണമൂല്‍ കോണ്‍ഗ്രസ്സ്‌, ബിഎസ്പി തുടങ്ങിയ പാര്‍ട്ടികളുടെ സംയുക്ത മന്ത്രിസഭയ്ക്കുമാത്രം സാധ്യതയുളള കാലഘട്ടമായിരുന്നു 1989 മുതല്‍ 2014 വരെ. ഏതായാലും കൂട്ടുകക്ഷി ഭരണം ഇന്ത്യക്ക്‌ വലിയ നേട്ടങ്ങള്‍ ഉണ്ടാക്കുകയില്ല എന്നൊരു വിശ്വാസം പൊതുജനങ്ങള്‍ക്കിടയില്‍ ഇപ്പോള്‍ കടന്നുചെല്ലുന്നതായി തോന്നുന്നു.
പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പ്‌ ഫലം വെളിവാക്കുന്നത്‌ ബിജെപിയുടെ പുതിയ നേതൃനിര വികസനത്തിന്റെയും വളര്‍ച്ചയുടെയും സന്ദേശം പുറപ്പെടുവിച്ചത്‌ ഇന്നാട്ടിലെ യുവാക്കളെയും മധ്യവര്‍ഗ്ഗത്തെയും സ്വാധീനിച്ചു എന്നാണ്‌ . ബിജെപിയുടെ പോലും പ്രതീക്ഷക്ക്‌ വിരുദ്ധമായി അവര്‍ക്ക്‌ 543 അംഗ ലോക്സഭയില്‍ 282 പേരുടെ ഭൂരിപക്ഷം ലഭിച്ചു. സഖ്യകക്ഷികള്‍ക്കെല്ലാമായി 338 സീറ്റ്‌ കിട്ടി. കൂട്ടുകക്ഷി ഭരണത്തിന്റെ മുട്ടിടുപ്പുകളും സമ്മര്‍ദ്ദങ്ങളും കൊണ്ട്‌ വലഞ്ഞ ഇന്ത്യന്‍ രാഷ്ട്രീയം കണ്ട്‌ ജനങ്ങള്‍ മടുത്തു എന്നള്ളതിന്‌ തെളിവാണ്‌ ഈ തിരഞ്ഞെടുപ്പ്‌ ഫലം. തിരഞ്ഞെടുപ്പിനെ തുടര്‍ന്ന്‌ മോദി സര്‍ക്കാര്‍ അധികാരം ഏറ്റു. ഭാരതത്തിന്റെ സാമ്പത്തിക വികസനം സംബന്ധിച്ച്‌ മോദി സര്‍ക്കാര്‍ ഉയര്‍ത്തിയ പ്രതീക്ഷ കുറെയെങ്കിലും സാധിച്ചാല്‍ അത്‌ നമ്മുടെ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഒരു പുതിയ കാല്‍വെപ്പാണെന്ന്‌ തീര്‍ച്ചയായും പറയാം. വെറും പ്രാദേശിക വാദങ്ങളും വാര്‍ത്തകളും അപകടമരണങ്ങളും അപവാദ കഥകളും മാത്രം നിറയ്ക്കുന്ന നമ്മുടെ ചാനലുകള്‍ക്കും മാധ്യമങ്ങള്‍ക്കും ഈ മോദി വിജയം ഒരു വലിയ വെല്ലുവിളി തന്നെയാണ്‌. ആ വെല്ലുവിളികള്‍ നേരിടുവാന്‍ പ്രധാനമന്ത്രിക്ക്‌ അവസരം ഉണ്ടാകട്ടെ.
നമ്മുടെ പാര്‍ലമെന്റും നിയമസഭകളും ഫലപ്രദമായി പ്രവൃത്തിക്കാതായിട്ട്‌ ദശകങ്ങളായി. സഭാതലം ഒരു സമരഭൂമിയാക്കി മാറ്റുവാന്‍ മിക്കവാറും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മുന്നോട്ടു വരുന്ന കാഴ്ചയാണ്‌ ഏറ്റവും ഒടുവിലായി നാം കണ്ടത്‌. വാസ്തവത്തില്‍ സഭയുടെ പ്രവര്‍ത്തനങ്ങള്‍ പാരമ്പര്യത്തില്‍ അധിഷ്ടിതവും ഭരണഘടനാപരവുമാണ്‌. ഇന്ത്യയുടെ ഒന്നും രണ്ടും പാര്‍ലമെന്റിലെ ചര്‍ച്ചകള്‍ ബ്രിട്ടീഷ്‌ പാര്‍ലമെന്റിലെ ചര്‍ച്ചകളെ വെല്ലുന്നതായിരുന്നു.
മഹാപണ്ഡിതന്‍മാരും നിയമപണ്ഡിതന്‍മാരും ആയിരുന്നു അന്ന്‌ അംഗങ്ങളില്‍ മിക്കവരും. സ്വാതന്ത്ര്യത്തിന്‌ മുമ്പുളള സെന്‍ട്രല്‍ ലജിസ്ലേറ്റീവ്‌ അസംബ്ലിയിലെ ചര്‍ച്ചകള്‍ ബ്രിട്ടീഷ്‌ പാര്‍ലമെന്റ്‌ അസൂയയോടുകൂടിയാണ്‌ കേട്ടിരുന്നത്‌. എന്നാല്‍ രണ്ട്‌ മൂന്ന്‌ ദശകമായി പാര്‍ലമെന്ററി ചര്‍ച്ചകള്‍ അട്ടിമറിക്കുവാനായി മാത്രം അംഗങ്ങള്‍ അവിടെ ഹാജരാകുന്നത്‌ പതിവായിരിക്കുന്നു. അസംബ്ലിയുടെ അകത്തളത്തില്‍ ഇറങ്ങി സഭാനടപടികള്‍ തടസ്സപ്പെടുത്തുകയും സംസാരിക്കുവാന്‍ വരുന്നവരെ പരിഹസിക്കുകയും ചെയ്യുന്ന നടപടി ഇന്ന്‌ പതിവായി.
സഭാതലം ഇങ്ങനെ അംഗങ്ങള്‍ക്ക്‌ അട്ടിമറിക്കുവാന്‍ അവകാശം ഉണ്ടോ? തീര്‍ച്ചയായും ഇല്ല. ഇവിടെ ഒരു പ്രശ്നം അവശേഷിക്കുന്നു. പാര്‍ലമെന്റ്‌ പ്രവര്‍ത്തിക്കണമോ വേണ്ടയോ. സഭ പ്രവര്‍ത്തിക്കാതായാല്‍ അത്‌ തീര്‍ച്ചയായും ഭരണഘടനാ ലംഘനവും ജനാധിപത്യ പാരമ്പര്യ ലംഘനവും ആയി തീരുകയില്ലേ. എല്ലാ കാര്യങ്ങളിലും ഇടപെടുന്ന കോടതി എന്തുകൊണ്ട്‌ ഈ ഭരണഘടനാ ലംഘനത്തെ കണ്ടതായി ഭാവിക്കുന്നില്ല. ഇക്കാര്യത്തില്‍ കോടതി ഇടപെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഒരു സഭ സമ്മേളിക്കുന്നത്‌ ചര്‍ച്ചകള്‍ നടത്തി നിയമങ്ങള്‍ പാസ്സാക്കുവാനാണ്‌. ഒരു ബില്ല്‌ വന്നാല്‍ അത്‌ ഒന്നും രണ്ടും മൂന്നും വായന പൂര്‍ത്തിയാക്കിയശേഷമാണ്‌ ചര്‍ച്ചക്ക്‌ വരുന്നത്‌. എന്നാല്‍ പാര്‍ലമെന്റ്‌ ഒരു യുദ്ധക്കളമായി മാറുന്ന അവസരത്തില്‍ ബില്ല്‌ പാസ്സാക്കിയിരിക്കുന്നു എന്ന്‌ സ്പീക്കര്‍ പ്രഖ്യാപിക്കുമ്പോള്‍ ആ ബില്ലിനുളളില്‍ അങ്ങാടി മരുന്നാണോ പച്ചമരുന്നാണോ എന്ന്‌ അറിയാതെ ആളുകള്‍ സംശയിച്ചു നില്‍ക്കും.
നരേന്ദ്ര മോദി സര്‍ക്കാര്‍ തുടക്കത്തിലെ തന്നെ ഈ പ്രശ്നത്തിന്‌ പരിഹാരം ഉണ്ടാക്കിയേ തീരൂ. പാര്‍ലമെന്റ്‌ അംഗങ്ങള്‍ സഭയ്ക്കകത്ത്‌ എന്ത്‌ അക്രമം കാണിച്ചാലും തങ്ങള്‍ക്ക്‌ അതിനെ ചെറുക്കുവാന്‍ യാതൊരു ആയുധവുമില്ലായെന്ന്‌ കൈ മലര്‍ത്തുകയാണോ സ്പീക്കറുടെയോ ഭരണകക്ഷിയുടെയോ ചുമതല. ഇത്തരം അഴിഞ്ഞാട്ടത്തിന്‌ ഉത്തരവാദികള്‍ ഒരു തരത്തില്‍ ദുര്‍ബ്ബലരായ സ്പീക്കര്‍മാര്‍ തന്നെയാണ്‌. 120 കോടി ജനങ്ങള്‍ തെരഞ്ഞെടുത്ത പ്രതിനിധിസഭയുടെ പ്രവര്‍ത്തനം നാലഞ്ച്‌ വികൃതികളായ അംഗങ്ങള്‍ വിചാരിച്ചാല്‍ തടസ്സപ്പെടുത്താമെങ്കില്‍ പിന്നെ എന്താണ്‌ ജനാധിപത്യത്തിന്റെ അര്‍ത്ഥം.
ഊര്‍ജ്ജസ്വലമായ, വികസനോന്മുഖമായ ഭരണം ഒരു വശത്ത്‌ നടക്കുമ്പോള്‍ മറുവശത്ത്‌ ജനാധിപത്യത്തിന്റെ ഗര്‍ഭഗൃഹം അലക്ഷ്യമായി ചവിട്ടും തൊഴിയുമേറ്റ്‌ കിടക്കുവാന്‍ പാടില്ല. വിദേശകാര്യം, ധനകാര്യം, സാമ്പത്തിക വികസനം, പ്രതിരോധം എന്നീ മേഖലകളില്‍ ഊര്‍ജ്ജസ്വലമായ നടപടികള്‍ക്ക്‌ രൂപം നല്‍കുമ്പോള്‍ നമ്മുടെ പാര്‍ലമെന്റ്‌ അതിനിടയില്‍ അന്തസ്സോടും ആഭിജാത്യത്തോടും കൂടി തല ഉയര്‍ത്തി നില്‍ക്കണം. അതിനുള്ള കര്‍ശനമായ നടപടികള്‍ മോദി സര്‍ക്കാര്‍ സ്വീകരിക്കണം. പാര്‍ലമെന്റിനകത്ത്‌ അംഗങ്ങള്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ ജനങ്ങള്‍ വലിയ പുച്ഛത്തോടു കൂടിയും വെറുപ്പോടുകൂടിയും മാത്രമാണ്‌ കാണുന്നത്‌ എന്ന സത്യം നമ്മുടെ ജനപ്രതിനിധികള്‍ ഇനിയെങ്കിലും മനസ്സിലാക്കേണ്ടതാണ്‌.
എന്‍. ഹരിദാസ്‌ (റിട്ട. ജില്ലാജഡ്ജിയാണ്‌ ലേഖകന്‍)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.