അനധികൃത കശാപ്പ്‌ വ്യാപകം

Thursday 5 June 2014 10:50 pm IST

പള്ളുരുത്തി: പശ്ചിമകൊച്ചിയില്‍ അനധികൃതമായി കശാപ്പ്‌ കേന്ദ്രങ്ങള്‍ പെരുകുന്നു. ചന്തമുറ്റങ്ങളും റോഡുകളുമൊക്കെ കശാപ്പു കേന്ദ്രങ്ങളായി മാറുമ്പോള്‍ കൊച്ചി നഗരസഭ വെറും കാഴ്ചക്കാരായി നില്‍ക്കുന്നു. പശ്ചിമകൊച്ചിയില്‍ നഗരസഭയ്ക്ക്‌ സ്വന്തമായി അറവുശാല ഇല്ലാത്തതിനാല്‍ അനധികൃത കശാപ്പുകള്‍ തടയുന്നതിനും അവര്‍ക്ക്‌ കഴിയുന്നില്ല. പശ്ചിമകൊച്ചിയിലെ പ്രധാന മാര്‍ക്കറ്റുകളിലെല്ലാം എല്ലാ ദിവസവും മാടുകളെ അറക്കുന്നുണ്ട്‌. മാടുകളെ നിരീക്ഷിച്ച്‌ രോഗങ്ങളില്ലെന്ന്‌ ഉറപ്പുവരുത്തിയശേഷം വെറ്റിനറി ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ്‌ നല്‍കിയാല്‍ മാത്രമേ കശാപ്പ്‌ നടത്താവൂ എന്നാണ്‌ നിയമം. ഇതിനായി നേരത്തെ മട്ടാഞ്ചേരിയിലെ മരക്കടവില്‍ കശാപ്പുശാലയും വെറ്റിനറി ഡോക്ടറുമുണ്ടായിരുന്നു. അറവിനുള്ള മാടുകളെ തലേദിവസം അറവുശാലയില്‍ എത്തിക്കും. ഡോക്ടര്‍ പരിശോധിച്ച്‌ രോഗമില്ലാത്ത മാടുകളെ കശാപ്പു ചെയ്യാന്‍ അനുമതി നല്‍കും. കശാപ്പിനുശേഷം ഇറച്ചി പരിശോധിച്ച്‌ സീല്‍ ചെയ്യും. ഇതോടൊപ്പം ഇറച്ചിക്കടയില്‍ സൂക്ഷിക്കുന്നതിന്‌ സര്‍ട്ടിഫിക്കറ്റുകളും നല്‍കും. ഈ ഏര്‍പ്പാടുകള്‍ ഇപ്പോള്‍ പഴങ്കഥയാണ്‌. മരക്കടവിലെ പഴയ കശാപ്പുശാലയില്‍ വളയമില്ലാതെയുള്ള ചാട്ടങ്ങളാണ്‌ ഡോക്ടറുമില്ല, പരിശോധനയുമില്ല. ശുദ്ധജലമില്ലാത്തതിനാല്‍ കായലിലെ വെള്ളമാണ്‌ ഉപയോഗിക്കുന്നത്‌.
അറവുമാലിന്യങ്ങള്‍ ഇതേ കായലിലേക്ക്‌ തള്ളുന്നു. മട്ടാഞ്ചേരി, തോപ്പുംപടി, ഫോര്‍ട്ടുകൊച്ചി, കരുവേലിപ്പടി തുടങ്ങിയ മാര്‍ക്കറ്റുകളിലും കശാപ്പ്‌ സമാനരീതിയില്‍ തന്നെയാണ്‌ നടക്കുന്നത്‌. മട്ടാഞ്ചേരിയിലും പള്ളുരുത്തിയിലും വീടുകളിലും കശാപ്പ്‌ നിര്‍ദ്ദാക്ഷിണ്യം നടക്കുകയാണ്‌. രോഗമുള്ള മാടുകളും ചത്തനിലയിലുള്ള മാടുകളും തീന്‍മേശയിലെത്തുന്നു. ഗര്‍ഭിണികളായ കന്നുകാലികളും മാര്‍ക്കറ്റില്‍ എത്തുന്നു. ഗര്‍ഭാവസ്ഥയിലുള്ള കന്നുകുട്ടികളുടെ ഇറച്ചി പ്രത്യേക വിലയ്ക്കാണ്‌ വില്‍ക്കുന്നത്‌.
പശ്ചിമകൊച്ചിയില്‍ പുതിയ അറവുശാല സ്ഥാപിക്കുമെന്ന്‌ പ്രഖ്യാപനം നടക്കുന്നതല്ലാതെ നഗരസഭ ഇക്കാര്യത്തില്‍ ഒന്നും ചെയ്യുന്നില്ല. പശ്ചിമകൊച്ചിയില്‍ പ്രതിമാസം ആയിരത്തോളം മാടുകളെ കശാപ്പു ചെയ്യുന്നുണ്ടെന്നാണ്‌ ഏകദേശ കണക്ക്‌. ശനി, ഞായര്‍ ദിവസങ്ങളിലാണ്‌ കൂടുതല്‍ കശാപ്പ്‌. ഉടനെ തിരിച്ചറിയാത്ത രോഗങ്ങളുടെ പിടിയിലേക്ക്‌ വഴുതി വീഴുകയാണ്‌ ഒരു സമൂഹം. കെ.കെ. റോഷന്‍ കുമാര്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.