വിവാഹധൂര്‍ത്ത്‌

Friday 23 September 2011 10:57 pm IST

കരയോഗങ്ങള്‍ക്കെല്ലാം നായര്‍ സര്‍വീസ്‌ സൊസൈറ്റി (എന്‍എസ്‌എസ്‌) വിവാഹ ധൂര്‍ത്തിനെതിരെ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്‌. കാലഘട്ടത്തിന്റെ അനിവാര്യമായ ആഹ്വാനമായി വേണം എന്‍എസ്‌എസിന്റെ ഈ നിര്‍ദേശത്തെ കാണാന്‍. വിവാഹ ധൂര്‍ത്ത്‌ ഇന്ന്‌ ഊഹിക്കാന്‍ പോലും പറ്റാത്ത വിധം ഉയര്‍ന്നു നില്‍ക്കുകയാണ്‌. സ്വര്‍ണം പവന്‌ കാല്‍ലക്ഷം രൂപയാകാന്‍ ഇനി അധികകാലം കാത്തിരിക്കേണ്ടി വരില്ല. വസ്ത്രങ്ങള്‍ക്കാണെങ്കില്‍ പൊള്ളുന്ന വിലയാണ്‌. സദ്യ ഒരുക്കാന്‍ ഉപ്പു തൊട്ട്‌ കര്‍പ്പൂരം വരെയുള്ള സര്‍വസാധനങ്ങള്‍ക്കും വില കുതിച്ചു കയറിക്കൊണ്ടിരിക്കുന്നു. കല്യാണം ഗംഭീരമായില്ലെങ്കില്‍ ആഢ്യത്വം കുറഞ്ഞു പോകുമെന്ന ധാരണ ശക്തമായതിനാല്‍ കടം വാങ്ങിയും കല്യാണം പൊടിപൊടിക്കാന്‍ വധുവിന്റെയും വരന്റെയും വീട്ടുകാര്‍ കിണഞ്ഞു പരിശ്രമിക്കുകയാണ്‌. ലക്ഷങ്ങളും കോടികളും ചെലവാക്കി കല്യാണം കൊഴുപ്പിക്കാന്‍ കഴിവുള്ളവര്‍ ഉണ്ടാകാം. എന്നാല്‍ ഒരു നുള്ളു പൊന്നു വാങ്ങി മിന്നൊരുക്കാന്‍ പോലും കഴിവില്ലാത്ത നിര്‍ധനരായ ലക്ഷക്കണക്കിന്‌ കുടുംബങ്ങളുള്ള നാടാണിത്‌. അവര്‍ക്കും വേണം കല്യാണവും ആഘോഷങ്ങളുമെല്ലാം. വിവാഹ ധൂര്‍ത്തിനെതിരെ സംസാരിക്കാന്‍ തുടങ്ങിയത്‌ ഇപ്പോഴല്ല. പല മഹാന്മാരും പ്രസ്ഥാനക്കാരും പ്രത്യയശാസ്ത്രക്കാരുമെല്ലാം ലളിതമായ വിവാഹ ചടങ്ങുകളെ കുറിച്ച്‌ വാചാലരായിട്ടുണ്ട്‌. അതെല്ലാം ചേമ്പിന്‍ ഇലപ്പുറത്തെ മഴത്തുള്ളി പോലെയായ അനുഭവമാണുള്ളത്‌. കേരളത്തില്‍ ഏറെ സ്വാധീനമുള്ള സാമുദായിക പ്രസ്ഥാനങ്ങളാണ്‌ നായര്‍ സര്‍വീസ്‌ സൊസൈറ്റിയും ശ്രീനാരായണ ധര്‍മപരിപാലന യോഗവും. കേരളീയ സമൂഹത്തില്‍ പരിവര്‍ത്തനം സൃഷ്ടിക്കാന്‍ ഇവ രണ്ടും നടത്തിയ സ്വാധീനം വളരെ വലുതാണ്‌. രാഷ്ട്രീയത്തിലാണെങ്കില്‍ കമ്മ്യൂണിസ്റ്റു പ്രസ്ഥാനവും കോണ്‍ഗ്രസും ജനസ്വാധീനത്തില്‍ മുന്നില്‍ നില്‍ക്കുന്നവയാണ്‌. ഇവരുടെയെല്ലാം ശക്തമായ അഭിപ്രായവും ലളിതമായ ചടങ്ങുകളോടെ വിവാഹാദി കാര്യങ്ങള്‍ നടക്കണമെന്നു തന്നെയാണ്‌. പക്ഷേ ഏട്ടിലെ പശു പുല്ലു തിന്നില്ല എന്നതു പോലെയാണ്‌ അവസ്ഥ. സമുദായ നേതാക്കളും രാഷ്ട്രീയ വമ്പന്മാരും ആഘോഷങ്ങള്‍ക്കു വേണ്ടി ലക്ഷങ്ങളും കോടികളും തന്നെ വാരിക്കോരി ചെലവഴിക്കുകയാണ്‌. സമുദായാചാര്യന്‍ മന്നത്തു പദ്മനാഭന്റെ ഇക്കാര്യത്തിലുള്ള ഉപദേശം ശിരസാ വഹിക്കാന്‍ എന്തുകൊണ്ടോ കാലമിത്രയായിട്ടും നായര്‍ സമുദായാംഗങ്ങള്‍ക്ക്‌ കഴിഞ്ഞിട്ടില്ല. ശ്രീനാരായണ ഗുരുവിന്റെ ഉപദേശവും ജലരേഖയായി പരിണമിച്ചതായാണ്‌ അനുഭവം. രാഷ്ട്രീയ പാര്‍ട്ടി നേതാക്കളാണെങ്കില്‍ ആര്‍ഭാടത്തില്‍ മത്സരിക്കുകയാണ്‌. കിലോക്കണക്കിനു സ്വര്‍ണമാണ്‌ ചിലര്‍ ചാര്‍ത്തിക്കൊടുക്കുന്നത്‌. പതിനായിരക്കണക്കിന്‌ ആള്‍ക്കാര്‍ക്ക്‌ സദ്യയൊരുക്കുന്നു. ആധുനിക ആര്‍ഭാട കാറുകളും മറ്റും പാരിതോഷികമായി നല്‍കുന്നു. ലക്ഷങ്ങള്‍ നല്‍കിയാണ്‌ കല്യാണമണ്ഡപങ്ങള്‍ ബുക്കു ചെയ്യുന്നത്‌. മൂന്നാലു വര്‍ഷം മുമ്പ്‌ കേരളത്തില്‍ രണ്ടു മൂന്ന്‌ നക്ഷത്ര വിവാഹങ്ങള്‍ നടന്നത്‌ ഏറെ വിവാദമായതാണ്‌. അതിലൊന്ന്‌ എം.എ.യൂസഫലിയുടെ മകളുടെതും മറ്റേത്‌ ഗള്‍ഫാര്‍ മുഹമ്മദലിയുടെ മകന്റെതും ആയിരുന്നു. ഇവര്‍ വിദേശത്ത്‌ വന്‍ മുതല്‍ മുടക്കുള്ള വ്യവസായികളും ശതകോടീശ്വരന്മാരുമാണ്‌. കോടികളാണ്‌ വിവാഹത്തിനു വേണ്ടി ഇവര്‍ ചെലവഴിച്ചത്‌. അതിനെക്കാള്‍ ആര്‍ഭാടത്തോടെ മറ്റൊരു വിവാഹം നടന്നിരുന്നു. അത്‌ കേരളത്തിലെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ മകന്റെതായിരുന്നു. പ്രത്യേകം ചാര്‍ട്ടര്‍ ചെയ്ത വിമാനത്തിലാണ്‌ കല്യാണത്തില്‍ പങ്കെടുക്കാന്‍ അതിഥികളെത്തിയത്‌. കുടുംബം മുടിക്കുന്ന വിവാഹ ധൂര്‍ത്തിനെതിരെ പ്രചരണവും പ്രസ്താവനകളും പ്രക്ഷോഭങ്ങളും സംഘടിപ്പിക്കുന്ന പ്രസ്ഥാനത്തിന്റെ പ്രമുഖ നേതാവു തന്നെ ധൂര്‍ത്തിനു മാതൃകയാകുമ്പോള്‍ പ്രഖ്യാപനത്തിന്റെ പൊള്ളത്തരമാണ്‌ വെളിച്ചത്താകുന്നത്‌. ഇതു പോലെയാണ്‌ മറ്റു പ്രസ്ഥാനങ്ങളുടെ തലപ്പത്തിരിക്കുന്നവരും അനുവര്‍ത്തിക്കുന്ന മാതൃക. ശ്രീനാരായണ ഗുരുവിന്റെ ആള്‍പ്പൊക്കത്തിലുള്ള പ്രതിമയില്‍ മാലചാര്‍ത്തി ഭക്ത്യാദരപൂര്‍വം വധൂവരന്മാര്‍ വരണമാല്യം അണിയിക്കാന്‍ തയ്യാറെടുക്കുമ്പോള്‍ അതിനു സാക്ഷിയാകാന്‍ പതിനായിരങ്ങളെത്തുന്ന എത്രയോ ചടങ്ങുകള്‍ ഇന്നും കേരളത്തിനകത്തു നടക്കുന്നു. ഗൃഹസ്ഥാശ്രമത്തിന്റെ കവാടമാണ്‌ വിവാഹം. വധൂവരന്മാര്‍ വിവാഹജീവിതത്തിലേക്ക്‌ കടന്നു വരുന്നത്‌ മോഹന പ്രതീക്ഷകളുമായാണ്‌. അതൊക്കെ നീറുന്ന സ്മൃതികളായി മാറാന്‍ അധികകാലം വേണ്ടി വരുന്നില്ലെന്നതിന്‌ സമീപകാലത്ത്‌ എത്രയോ ഉദാഹരണങ്ങളുണ്ട്‌. ദാമ്പത്യത്തിലെ പരാജയങ്ങളാല്‍ നീറിപ്പുകയുന്ന ഹൃദയങ്ങള്‍ നാള്‍ക്കു നാള്‍ കൂടി വരുന്നെങ്കില്‍ അതിലെ പ്രധാന വില്ലന്‍ സ്ത്രീധനവും മദ്യാസക്തിയും സാമ്പത്തിക മോഹങ്ങളുമാണെന്നതില്‍ സംശയമില്ല. ഇവയെല്ലാം അംഗീകരിക്കാനാകാത്തതാണെന്നാണ്‌ ശ്രീനാരായണ ഗുരുദേവനും പറഞ്ഞിട്ടുള്ളത്‌. വിവാഹം എങ്ങനെ വേണമെന്ന ഗുരുവിന്റെ ഉപദേശം നോക്കാം:- 1) മതിയായ പ്രായപൂര്‍ത്തി 2) രോഗമില്ലാത്ത ആരോഗ്യമുള്ള ശരീരം 3) ഭൗതിക സുഖങ്ങളില്‍ മതിമയങ്ങി മുങ്ങിത്താഴാതെ കണ്ട്‌ വിവേകപൂര്‍വം ജീവിതം നയിക്കാന്‍ തക്കവണ്ണം പരിപക്വമായ മനോബുദ്ധി 4) ഒരു കുടുംബജീവിത വിജയത്തിന്‌ ഉതകുന്ന ഭൗതിക ജ്ഞാനവും ആത്യന്തിക ദുഃഖ നിവൃത്തിയും ആനന്ദപ്രാപ്തിയുമേകുന്ന ആത്മസാക്ഷാത്കാരമെന്ന ജീവിതത്തിന്റെ യഥാര്‍ഥ ലക്ഷ്യത്തെ കുറിച്ച്‌ അവബോധം നല്‍കുന്ന ആധ്യാത്മിക ജ്ഞാനവും-ഇവ രണ്ടും സമന്വയിച്ചു നല്‍കുന്ന അറിവ്‌ അഥവാ ശാസ്ത്രീയമായ പരിജ്ഞാനം വിദ്യ, ധനം, വയസ്‌, രൂപശീലം മുതലായവയിലുള്ള പൊരുത്തവും ദമ്പതികള്‍ തമ്മിലുള്ള അനുരാഗവും ദാമ്പത്യ സ്ഥിതിക്കുള്ള ഉറച്ച ചങ്ങലയാണ്‌. സ്ത്രീധനം നല്‍കുന്നതിനെ ഗുരുദേവന്‍ ഒരു തരത്തിലും അനുകൂലിച്ചിരുന്നില്ല. സ്ത്രീധനം എന്ന ബലിക്കല്ലില്‍ ജീവിതങ്ങള്‍ ഹോമിക്കപ്പെടാന്‍ ഇടയാകരുതെന്ന ഉറച്ച നിലപാടു തന്നെ ഗുരുദേവന്‍ സ്വീകരിച്ചിരുന്നു. വിവാഹം പോലുള്ള മംഗള കര്‍മം പോലും സ്വാര്‍ഥ മോഹത്തിന്റെ കച്ചവടക്കണ്ണു കൊണ്ട്‌ അമംഗളകരമാക്കി തീര്‍ക്കുന്നതിനെ ഒരു മനുഷ്യസ്നേഹിക്കും അംഗീകരിക്കാനാകില്ല. അതു കൊണ്ടു തന്നെയാണ്‌ സ്ത്രീധനം നല്‍കുന്നതും കടുത്ത സാമൂഹ്യതിന്മയാണെന്നു കണ്ട്‌ അതിനെ വിലക്കാന്‍ ഗുരുദേവന്‍ മുന്നോട്ടു വന്നത്‌. വിവാഹം ആര്‍ഭാടമില്ലാതെ ആകണമെന്നും ഗുരുദേവന്‍ നിഷ്കര്‍ഷിച്ചിരുന്നു. വിവാഹത്തില്‍ പങ്കെടുക്കുന്നവരുടെ എണ്ണം പത്തില്‍ ഒതുക്കണമെന്നും ഗുരുദേവന്‍ അഭിപ്രായപ്പെട്ടതാണ്‌. വധൂവരന്മാര്‍, അവരുടെ മാതാപിതാക്കള്‍, വധൂവരന്മാരുടെ ഓരോ സുഹൃത്തുക്കള്‍, പുരോഹിതന്‍ പിന്നെ ആചാര്യന്‍ അഥവാ ഒരു പ്രമാണി. അക്കത്തില്‍ കടിച്ചു തൂങ്ങാതെ ഗുരുദേവന്റെ ഉദ്ദേശ്യശുദ്ധിയെ ആശ്രയിച്ചാല്‍ വിവാഹത്തില്‍ എത്ര പേരെത്തിയാലും ആര്‍ഭാടരഹിതമാക്കാന്‍ കഴിയും. കൂടാതെ വിവാഹം നടത്തുന്നതിന്‌ ഒരു മാസം മുമ്പായി വധുവിനെയും വരനെയും അവരവരുടെ മാതാപിതാക്കന്മാര്‍ ഒരു പൊതു സ്ഥലത്ത്‌ കൊണ്ടു വരേണ്ടതും ഭാവി ജീവിതം മുഴുവന്‍ ഒരുമിച്ചു കൂടേണ്ടവരായ ദമ്പതികളെ തമ്മില്‍ കാണിക്കുകയും സംഭാഷണത്തിന്‌ സൗകര്യമൊരുക്കി കൊടുക്കുകയും വേണം. പരസ്പരം സ്നേഹിച്ച്‌ മനസാ വിവാഹം നടത്തിയിട്ടുള്ളവര്‍ക്ക്‌ ഇത്‌ ബാധകമല്ല. പരസ്പരം കണ്ടതിനു ശേഷം പതിനഞ്ചു ദിവസം കഴിഞ്ഞാല്‍ മാത്രമേ വിവാഹം തീര്‍ച്ചപ്പെടുത്താവൂ. അതു കഴിഞ്ഞ്‌ പതിനഞ്ചാംപക്കം മുന്‍ പറഞ്ഞ പത്തുപേരുള്‍പ്പെടെ വിവാഹം നടത്തുകയും ചെയ്യാം. വിവാഹം സംബന്ധിച്ച്‌ രക്ഷിതാക്കന്മാര്‍ക്ക്‌ ചില മോഹങ്ങള്‍ സ്വാഭാവികമാണ്‌. അതിന്‌ ചെലവഴിക്കേണ്ട തുകയെ കുറിച്ച്‌ നിശ്ചയിച്ചിട്ടുണ്ടാവാം. അങ്ങനെ ചെലവു ചെയ്യാന്‍ ഉദ്ദേശിക്കുന്ന തുക ധൂര്‍ത്തടിക്കാതെ ബാങ്കിലോ മറ്റോ നിക്ഷേപിച്ച്‌ അതിന്റെ അവകാശികളായി വധൂവരന്മാരെ നിശ്ചയിക്കാവുന്നതാണ്‌. ആ തുക അവരുടെ ഭാവി ജീവിതത്തിന്‌ ഉപകരിക്കുകയും ചെയ്യും. അങ്ങനെ പോകുന്നു ഗുരുദേവന്റെ വിവാഹം സംബന്ധിച്ച ഉപദേശങ്ങള്‍. വിവാഹം വെറുമൊരു ചടങ്ങായി മാത്രം പണ്ടുള്ളവര്‍ പരിഗണിക്കാറില്ലായിരുന്നു. ഏതെങ്കിലുമൊരു കല്യാണമണ്ഡപത്തിലോ രജിസ്റ്റര്‍ കച്ചേരിയിലോ വച്ച്‌ നടത്താവുന്ന ഔദ്യോഗിക കൃത്യമായിരുന്നില്ല വിവാഹം. കുടുംബജീവിതം ഇന്ന്‌ അധഃപതിച്ചിട്ടുണ്ടെങ്കില്‍ അതിന്‌ കാരണങ്ങളുമുണ്ട്‌. പരിപാവനമായ ജീവിതാനുഷ്ഠാനമാണ്‌ വിവാഹമെന്ന സത്യം പുതുതലമുറയ്ക്ക്‌ ഒട്ടും തന്നെ ബോധ്യമാകുന്നില്ല. ഭര്‍ത്താവ്‌ ഭാര്യയെ മനസാ അംഗീകരിക്കുകയും അര്‍ഹമായ സ്ഥാനം നല്‍കുകയും ചെയ്യുന്നതോടൊപ്പം ഭാര്യയും തിരിച്ചങ്ങോട്ട്‌ ഇതേ വിധം പെരുമാറുമ്പോഴാണ്‌ ഭാര്യാഭര്‍തൃ ബന്ധം സുഗമമാകുന്നത്‌. ഇതിഹാസങ്ങളിലും പുരാണങ്ങളിലും ഇതിനെത്രയോ ഉദാഹരണങ്ങളുണ്ട്‌. കുചേലനെ പട്ടുമെത്തയിലിരുത്തി ശ്രീകൃഷ്ണന്‍ കാല്‍ കഴുകിക്കുമ്പോള്‍ അതനുകരിച്ചു പ്രവര്‍ത്തിക്കാന്‍ രുഗ്മിണിയും ഒപ്പമുണ്ടായിരുന്നു. കൈലാസത്തില്‍ ശിവന്റെ കൂടെ ജീവിക്കാന്‍ ഹിമവല്‍പുത്രി തയ്യാറെടുക്കുമ്പോള്‍ സര്‍വ ആഡംബരങ്ങളും ഉപേക്ഷിക്കാന്‍ സന്നദ്ധമായി. രാമായണം ഭാര്യാഭര്‍തൃ ബന്ധത്തിന്റെ കെട്ടുറപ്പ്‌ ഏറ്റവും നന്നായി പ്രതിഫലിപ്പിക്കുന്നുണ്ട്‌. അങ്ങനെയുള്ള ധാര്‍മിക നിലവാരം ഇന്ന്‌ കൈമോശം വന്നിട്ടുണ്ടെങ്കില്‍ അതിന്റെ കാരണങ്ങളെ കുറിച്ച്‌ നന്നായി പഠിക്കേണ്ടതുണ്ട്‌. കാളയെ വാങ്ങുമ്പോലെ വിലപേശി ഭര്‍ത്താവിനെ സ്വീകരിക്കുമ്പോള്‍ അവിടെങ്ങനെ പരിശുദ്ധ കുടുംബബന്ധം പുലരും ? ആശയങ്ങളും ആദര്‍ശങ്ങളും പുസ്തകത്താളുകളില്‍ സുഖനിദ്രയിലാകുമ്പോള്‍ വിവാഹബന്ധങ്ങളും കുടുംബ സൗഹൃദങ്ങളും ദിവാസ്വപ്നങ്ങളായി മാറുകയേ ഉള്ളൂ. കേരളത്തിലെ പ്രമുഖ സമുദായങ്ങളും രാഷ്ട്രീയപ്രസ്ഥാനങ്ങളും വിവാഹ ധൂര്‍ത്തെന്ന സാമൂഹ്യ വിപത്തിനെ തിരിച്ചറിഞ്ഞ്‌ അത്‌ മാറ്റി മറിക്കാന്‍ തയ്യാറായില്ലെങ്കില്‍ കേരളത്തിന്റെ അസന്തുലിതാവസ്ഥ പരിതാപകരമായി തുടരുകയെ ഉള്ളൂ. എന്‍എസ്‌എസ്‌ തുടങ്ങി വച്ച ഈ പ്രയത്നം നന്നായി. നേരത്തെ തന്നെ ഗുരുദേവന്‍ അരുളിച്ചെയ്ത ലളിതമായ വിവാഹ ചടങ്ങെന്ന സങ്കല്‍പം യാഥാര്‍ഥ്യമാക്കാന്‍ എസ്‌എന്‍ഡിപി യോഗവും മുന്നോട്ടു വന്നാല്‍ മറ്റുള്ളവര്‍ക്ക്‌ അതിനെ അനുകരിക്കുകയേ നിര്‍വാഹമുള്ളൂ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.