സര്‍ക്കാരിന്റെ ന്യൂനപക്ഷ പ്രീണനത്തിനെതിരെ എന്‍എസ്‌എസ്‌

Saturday 25 June 2011 10:50 pm IST

ചങ്ങനാശ്ശേരി: സിബിഎസ്‌ഇ സ്കൂളുകള്‍ക്ക്‌ വ്യാപകമായി എന്‍ഒസി കൊടുക്കാനുള്ള നീക്കം ന്യൂനപക്ഷപ്രീണന രീതിയിലാണെങ്കില്‍ കാര്യങ്ങള്‍ വഷളാകുമെന്ന്‌ എന്‍എസ്‌എസ്‌. ബജറ്റ്‌ സമ്മേളനത്തോടനുബന്ധിച്ച്‌ നടന്ന പത്രസമ്മേളനത്തില്‍ പുതുതായി ചുമതലയേറ്റ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരും പ്രസിഡന്റ്‌ പി.കെ. നാരായണപ്പണിക്കരും പ്രതികരിച്ചു. സര്‍ക്കാരിനോടും പ്രതിപക്ഷത്തോടുമൊക്കെയുള്ള നിലപാട്‌ പ്രശ്നാധിഷ്ഠിതമാണ്‌. സിബിഎസ്‌ഇ, ഐസിഎസ്‌ഇ സ്കൂളുകള്‍ക്ക്‌ എന്‍ഒസി കൊടുക്കുന്നതിനെപ്പറ്റി എന്‍എസ്‌എസ്‌ ശക്തമായി പ്രതികരിച്ചിട്ടും സര്‍ക്കാരിന്റെയോ യുഡിഎഫിന്റെയോ ഭാഗത്തുനിന്നും ആരും തങ്ങളുടെ പ്രതിഷേധത്തിന്റെ കാരണം തിരക്കാന്‍ പോലും കൂട്ടാക്കിയിട്ടില്ലെന്ന്‌ സുകുമാരന്‍ നായര്‍ ആരോപിച്ചു.
കാര്യം കാണാന്‍ എന്‍എസ്‌എസിനെ സമീപിച്ച്‌ കാര്യങ്ങള്‍ അനുകൂലമാകുമ്പോള്‍ നിലപാട്‌ മാറ്റുന്നവര്‍ പിന്നീട്‌ കാര്യങ്ങള്‍ തിരിച്ചറിയും. യുഡിഎഫിന്റെ നിറംകെട്ട വിജയത്തിന്റെ കാരണക്കാര്‍ യുഡിഎഫ്‌ തന്നെയാണ്‌. യുഡിഎഫിനെ പിടിച്ചുനിര്‍ത്തിയത്‌ എന്‍എസ്‌എസ്‌ നിലപാടുതന്നെയാണെന്ന്‌ കോണ്‍ഗ്രസിന്‌- യുഡിഎഫ്‌ നേതൃത്വത്തിനും നല്ലതുപോലെ അറിയാം. പക്ഷേ സാമുദായിക സമ്മര്‍ദങ്ങള്‍ കൊണ്ടാകാം അത്‌ അംഗീകരിക്കാനുള്ള സൗമനസ്യം യുഡിഎഫ്‌ കാണിക്കാത്തത്‌.
എന്‍എസ്‌എസിന്റെ ശക്തിയെ സംബന്ധിച്ച്‌ മറ്റ്‌ സമുദായങ്ങളുടെ സര്‍ട്ടിഫിക്കറ്റ്‌ തങ്ങള്‍ക്ക്‌ വേണ്ടെന്നും ഇരുവരും പറഞ്ഞു. മുന്നോക്ക വിഭാഗങ്ങള്‍ സാമൂഹ്യനീതിക്കായി സമര്‍പ്പിക്കുന്ന നിര്‍ദേശങ്ങളിലെല്ലാം കാലതാമസം നേരിടുന്നു. ന്യൂനപക്ഷത്തിന്റെ ആവശ്യങ്ങള്‍ സമുദായങ്ങളെ പേടിച്ച്‌ ഒന്നും നോക്കാതെ നടപ്പാക്കുകയും ചെയ്യുന്നതാണ്‌ സര്‍ക്കാരുകളുടെ നയം. സാമൂഹ്യനീതി നടപ്പാക്കണമെന്ന സാമൂഹ്യബോധം സംവരണവിഭാഗങ്ങളുടെ നേതാക്കള്‍ക്കും ഉണ്ടാകണമെന്നും എന്‍എസ്‌എസ്‌ അഭിപ്രായപ്പെട്ടു.
വിദ്യാഭ്യാസരംഗത്ത്‌ കച്ചവട മനോഭാവം എന്‍എസ്‌എസിന്‌ ഇല്ലെന്ന്‌ സുകുമാരന്‍നായര്‍ വ്യക്തമാക്കി. സമദൂരം എന്ന സങ്കല്‍പത്തിലാണ്‌ എന്‍എസ്‌എസ്‌ ഇപ്പോഴും നിലകൊള്ളുന്നതെന്നും സമദൂരത്തില്‍ നിന്നുകൊണ്ടു തന്നെ ശരിദൂരം കണ്ടെത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്‍എസ്‌എസിന്റെ ശക്തിയെകുറിച്ച്‌ തീരുമാനിക്കേണ്ടത്‌ മറ്റു സമുദായങ്ങളല്ല. ഏതു ചര്‍ച്ചകളും സമുദായ അടിസ്ഥാനത്തിലാണ്‌ നടത്തേണ്ടത്‌ എന്നും അദ്ദേഹം പറഞ്ഞു. മറ്റു സമുദായങ്ങള്‍ അവരുടെ കാര്യങ്ങള്‍ നേടിയെടുക്കുമ്പോള്‍ എന്‍എസ്‌എസ്‌ അതിന്റേതായ അഭിപ്രായങ്ങള്‍ പറയുമെന്ന്‌ നാരായണപണിക്കര്‍ പറഞ്ഞു. ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കുന്നതിന്റെ തുടക്കം കാണുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

-സ്വന്തം ലേഖകന്‍


പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.