ആദ്യദിനം മുല്ലപ്പെരിയാര്‍ ചര്‍ച്ച

Friday 6 June 2014 9:51 pm IST

തിരുവനന്തപുരം: പതിമൂന്നാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനം ഈമാസം ഒമ്പതുമുതല്‍ ജൂലൈ 17 വരെ നടക്കും. 28 ദിവസമാണ്‌ സഭ സമ്മേളിക്കുക. തിങ്കളാഴ്ച മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ചട്ടം 130 പ്രകാരമുള്ള ചര്‍ച്ച നടക്കുമെന്ന്‌ സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മുല്ലപ്പെരിയാര്‍ കേസില്‍ മെയ്‌ ഏഴിന്‌ സുപ്രിംകോടതില്‍നിന്നുണ്ടായ വിധിയെത്തുടര്‍ന്നുള്ള സ്ഥിതിവിശേഷം സംബന്ധിച്ച്‌ പ്രതിപക്ഷ നേതാവ്‌ വി.എസ്‌.അച്യുതാനന്ദന്‍ പ്രമേയം അവതരിപ്പിക്കും. തുടര്‍ന്നായിരിക്കും പാര്‍ട്ടി തിരിച്ചുള്ള ചര്‍ച്ച നടക്കുക. ബജറ്റിന്റെ വകുപ്പുതിരിച്ചുള്ള ചര്‍ച്ചയാണ്‌ സമ്മേളനത്തിന്റെ പ്രധാന വിഷയം. ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്കും വോട്ടെടുപ്പിനുമായി 13 ദിവസമാണ്‌ നീക്കിവച്ചിരിക്കുന്നത്‌.
ഏഴുദിവസം നിയമനിര്‍മാണകാര്യമാണ്‌ സഭയുടെ അജണ്ട. അഞ്ചുദിവസം അനൗദ്യോഗികാംഗങ്ങളുടെ കാര്യത്തിനും ഒരോദിവസം വീതം ഉപധനാഭ്യര്‍ഥനകളുടെ ചര്‍ച്ചയ്ക്കും ബജറ്റിന്റെ ധനവിനിയോഗ ബില്ലിന്റെ ചര്‍ച്ചയ്ക്കുമായി മാറ്റിവച്ചിട്ടുണ്ട്‌. 11 ഓര്‍ഡിനന്‍സുകള്‍ക്ക്‌ പകരമുള്ള ബില്ലുകളാണ്‌ പരിഗണനയ്ക്ക്‌ വരുന്നത്‌.
10,11 തിയതികളില്‍ ബില്ലുകള്‍ അവതരിപ്പിക്കും. ജൂണ്‍ 12, ജൂലൈ 9, 14, 15, 17 തിയ്യതികളില്‍ പരിഗണിക്കേണ്ട വിഷയങ്ങളെക്കുറിച്ച്‌ ഒമ്പതിന്‌ ചേരുന്ന കാര്യോപദേശകസമിതി യോഗത്തില്‍ തീരുമാനമെടുക്കും. ജൂണ്‍ 16നാണ്‌ ബജറ്റിന്റെ വകുപ്പുതിരിച്ചുള്ള ധനാഭ്യര്‍ഥന ചര്‍ച്ച ആരംഭിക്കുന്നത്‌. തുടര്‍ന്ന്‌ ജൂണ്‍ 17,18,19,23,24,25,26,30, ജൂലൈ ഒന്ന്‌, രണ്ട്‌, ഏഴ്‌, എട്ട്‌ തിയതികളില്‍ 2014-15 വര്‍ഷത്തേക്കുള്ള ബജറ്റിലെ ധനാഭ്യര്‍ഥന സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കും. ജൂലൈ 10ന്‌ 2014 സാമ്പത്തികവര്‍ഷത്തേക്കുള്ള ബജറ്റിനെ സംബന്ധിക്കുന്ന ധനവിനിയോഗബില്‍ പരിഗണിക്കും. 11ന്‌ 2014-15 സാമ്പത്തികവര്‍ഷത്തെ ബജറ്റിലേക്കുള്ള ഉപധനാഭ്യര്‍ഥനകളുടെ സ്റ്റേറ്റ്മെന്റുകള്‍ മേശപ്പുറത്തുവയ്ക്കും. 16ന്‌ ഉപധനാഭ്യര്‍ഥനകള്‍ സംബന്ധിക്കുന്ന ചര്‍ച്ചയും വോട്ടെടുപ്പും നടക്കും. 17നായിരിക്കും ധനവിനിയോഗബില്‍ പരിഗണനയ്ക്കെടുക്കുക.
ജൂണ്‍ 13,20,27, ജൂലൈ 4,11 എന്നീ ദിവസങ്ങളാണ്‌ അനൗദ്യോഗിക അംഗങ്ങള്‍ക്കായി നീക്കിവച്ചിരിക്കുന്നത്‌. കഴിഞ്ഞവര്‍ഷം 37 ദിവസം മാത്രമാണ്‌ സഭാസമ്മേളനം ചേര്‍ന്നത്‌. ഈവര്‍ഷം കൂടുതല്‍ ദിവസം സഭ സമ്മേളിക്കണമെന്ന നിര്‍ദേശം കഴിഞ്ഞദിവസം ചേര്‍ന്ന കക്ഷിനേതാക്കളുടെ യോഗത്തില്‍ ചര്‍ച്ച ചെയ്തതായി സ്പീക്കര്‍ പറഞ്ഞു. അംഗങ്ങളുടെ ഭാഗത്തുനിന്ന്‌ അനുകൂലമായ പ്രതികരമാണ്‌ ലഭിച്ചതെന്നും സ്പീക്കര്‍ വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.