പകര്‍ച്ചപ്പനി പടരുന്നു; പതിനൊന്ന്‌ മരണം കൂടി

Friday 23 September 2011 11:29 pm IST

കൊച്ചി: സംസ്ഥാനത്ത്‌ പകര്‍ച്ചപ്പനി ബാധിച്ച്‌ മരിക്കുന്നവരുടെ എണ്ണം പെരുകുന്നു. ഇന്നലെ വിവിധ ജില്ലകളിലായി പനിബാധിച്ച്‌ 11 പേര്‍ മരണമടഞ്ഞു. എറണാകുളം ജില്ലയില്‍ മൂന്നും ആലപ്പുഴയില്‍ രണ്ടും തൃശൂരില്‍ ഒരാളും കാസര്‍കോട്‌, കോഴിക്കോട്‌ ജില്ലയില്‍ രണ്ടുവീതവും മലപ്പുറം ജില്ലയില്‍ ഒരാളുമാണ്‌ ഇന്നലെ മരിച്ചത്‌. എറണാകുളം ജില്ലയില്‍ പകര്‍ച്ചപ്പനിയെത്തുടര്‍ന്ന്‌ മരിച്ചവരുടെ എണ്ണം എട്ടായി. ആലുവ എടത്തല എന്‍എഡിക്ക്‌ സമീപം മൂലക്കാട്‌ വീട്ടില്‍ തങ്കമ്മ (60), ഫോര്‍ട്ടുകൊച്ചി അതികാരവളപ്പില്‍ മമ്മു (47) എന്നിവരുടെ മരണമാണ്‌ ഇന്നലെ റിപ്പോര്‍ട്ട്‌ ചെയ്തത്‌. മമ്മു കഴിഞ്ഞ 18ന്‌ ലൂര്‍ദ്ദ്‌ ആശുപത്രിയില്‍ വച്ചാണ്‌ മരിച്ചത്‌. എന്നാല്‍ എലിപ്പനിമൂലമാണ്‌ മരണമെന്ന്‌ ഇന്നലെയാണ്‌ സ്ഥിരീകരിച്ചത്‌. ജില്ലയില്‍ വിവിധ ആശുപത്രികളിലായി 548 പേര്‍ പകര്‍ച്ചവ്യാധിയെത്തുടര്‍ന്ന്‌ ചികിത്സതേടിയെത്തിയെന്നാണ്‌ കണക്ക്‌. 43 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്‌. ആദ്യം മഞ്ഞപ്പിത്തം റിപ്പോര്‍ട്ട്‌ ചെയ്ത സ്ഥലങ്ങളില്‍ രോഗം പടരുന്നത്‌ കുറഞ്ഞിട്ടുണ്ടെങ്കിലും മറ്റ്‌ സ്ഥലങ്ങളിലേക്ക്‌ രോഗം പടര്‍ന്നതായിട്ടാണ്‌ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌. കൊച്ചി കോര്‍പ്പറേഷന്‍ പ്രദേശത്തും മണീട്‌, മുളന്തുരുത്തി, ചൂര്‍ണ്ണിക്കര എന്നിവിടങ്ങളിലും രോഗം വ്യാപിച്ചിരിക്കുകയാണ്‌. തൃശൂര്‍ ജില്ലയില്‍ വെള്ളാനിക്കാട്‌ സ്വദേശി വള്ളിപ്പറമ്പില്‍ ജോസ്‌(54) ആണ്‌ മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലിരിക്കെ മരിച്ചത്‌. ജില്ലയില്‍ പനി പടരുകയാണ്‌. മഞ്ഞപ്പിത്തവും എലിപ്പനിയും നിരവധി സ്ഥലങ്ങളില്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ആരോഗ്യവകുപ്പ്‌ പ്രോഗ്രാം ഓഫീസര്‍മാരുടെ അടിയന്തര യോഗം ചേരുന്നുമെന്ന്‌ ഡിഎംഒ അറിയിച്ചു. പെരുമ്പടപ്പ്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ മേഖലയിലെ കാഞ്ഞിരമുക്കിലും നന്നമുക്കിലുമാണ്‌ എലിപ്പനി രോഗബാധ കണ്ടെത്തിയതായി മെഡിക്കല്‍ കോളേജിലെ വിദഗ്ധ സംഘം നടത്തിയ പരിശോധനയില്‍ അറിവായത്‌. ഈ മേഖലയില്‍ തന്നെയുള്ള അന്യസംസ്ഥാനക്കാരായ നാല്‌ തൊഴിലാളികള്‍ക്ക്‌ മലേറിയ ബാധിച്ചതായും കണ്ടെത്തി. ഇവിടെ കനോലി കനോലിന്റെ തീരത്ത്‌ താമസിക്കുന്ന വീട്ടമ്മ കഴിഞ്ഞ വര്‍ഷം എലിപ്പനി ബാധിച്ച്‌ മരിച്ചിരുന്നു. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ പകര്‍ച്ചപ്പനി മരണം വിതച്ചു കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ജില്ലയിലെ പകര്‍ച്ചപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ആരോഗ്യവകുപ്പിലെ ഉന്നതോദ്യോഗസ്ഥരുടെയും പ്രോഗ്രാം ഓഫീസര്‍മാരും പങ്കെടുക്കുന്ന യോഗമാണ്‌ ഡിഎംഒ വിളിച്ചു ചേര്‍ത്തിരിക്കുന്നത്‌. മെഡിക്കല്‍ കോളേജിലെ ശുചിത്വമില്ലായ്മയും, ജീവനക്കാരുടെ അനാസ്ഥയും സംബന്ധിച്ച്‌ ഡോക്ടര്‍മാര്‍ തന്നെ പരാതിപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ പകര്‍ച്ചപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളെ ആശങ്കയോടെയാണ്‌ ആരോഗ്യവകുപ്പ്‌ നിരീക്ഷിക്കുന്നത്‌. ഇതും യോഗത്തില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്‌. മലപ്പുറം ജില്ലയില്‍ വളാഞ്ചേരി മൂര്‍ക്കനാട്‌ സ്വദേശി മുഹമ്മദാണ്‌ ഇന്നലെ മരിച്ചത്‌. പനിബാധിച്ചതിനെ തുടര്‍ന്ന്‌ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതോടെ ജില്ലയില്‍ എലിപ്പനി ബാധിച്ച്‌ മരിച്ചവരുടെ എണ്ണം നാലായി. നിരവധി പേര്‍ ചികിത്സയിലാണ്‌. എലിപ്പനി ബാധയെത്തുടര്‍ന്ന്‌ രോഗികള്‍ മരിച്ച സാഹചര്യത്തില്‍ ജില്ലയിലെ ആരോഗ്യ - ശുചിത്വ - മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി കേന്ദ്ര സംഘമെത്തി. മങ്കട സാമൂഹികാരോഗ്യ കേന്ദ്രം, പുഴക്കാട്ടിരി ഗ്രാമപഞ്ചായത്ത്‌ പ്രാഥമികാരോഗ്യ കേന്ദ്രം, മരണമടഞ്ഞ രോഗിയുടെ വീട്‌ തുടങ്ങിയ സ്ഥലങ്ങള്‍ സംഘം സന്ദര്‍ശിച്ചു. നാഷനല്‍ സെന്റര്‍ ഫോര്‍ ഡിസീസ്‌ കണ്‍ട്രോള്‍ ജോയിന്റ്‌ ഡയറക്ടര്‍ ഡോ. യുവിഎസ്‌ റാണ, ഡോ. അമിത്‌ കാര്‍ഡ്‌ എന്നിവരടങ്ങിയ വിദഗ്ധ ആരോഗ്യ സംഘമാണ്‌ ജില്ല സന്ദര്‍ശിക്കുന്നത്‌. ആരോഗ്യ പ്രവര്‍ത്തകര്‍, ആശ വളണ്ടിയര്‍മാര്‍ തുടങ്ങിയവര്‍ സംഘത്തോടൊപ്പമുണ്ടായിരുന്നു. നിലമ്പൂര്‍ താലൂക്ക്‌ ആശുപത്രി പനി വാര്‍ഡിലും സംഘം സന്ദര്‍ശനം നടത്തി. ആലപ്പുഴ ജില്ലയില്‍ പള്ളിപ്പുറം പഞ്ചായത്ത്‌ ആറാം വാര്‍ഡ വള്ളിക്കാട്‌ ബാബു (44)വാണ്‌ മരിച്ചത്‌. കഴിഞ്ഞദിവസം എലിപ്പനി ബാധിച്ച്‌ നരസഭ 28-ാ‍ം വാര്‍ഡ്‌ മൂലയില്‍ എം.ഒ.തോമസ്‌ (43) മരിച്ചിരുന്നു. കൂടുതല്‍പേര്‍ എലിപ്പനി ബാധിതരായി വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്‌. ജില്ലയില്‍ പതിനഞ്ചോളംപേര്‍ക്കാണ്‌ എലിപ്പനിബാധയുണ്ടായിരിക്കുന്നത്‌. ഇതില്‍ അഞ്ചുപേരെ കോട്ടയം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലേക്ക്‌ മാറ്റി. കടുത്ത പനിയെ തുടര്‍ന്ന്‌ കഴിഞ്ഞ തിങ്കളാഴ്ച ബാബുവിനെ വിശദ പരിശോധന നടത്തിയപ്പോഴാണ്‌ എലിപ്പനി സ്ഥിരീകരിച്ചത്‌. തുടര്‍ന്ന്‌ കോട്ടയം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെ രാവിലെ ഏഴ്‌ മണിയോടെ മരിച്ചു. ഭാര്യ: ശാന്ത. മക്കള്‍: വിഷ്ണു, വിനില്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.