ജില്ലയില്‍ 5 എലിപ്പനി മരണം സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍

Friday 23 September 2011 11:30 pm IST

കാസര്‍കോട്‌ : ജില്ലയില്‍ പനിബാധിച്ച്‌ പതിനഞ്ച്‌ പേര്‍ മരിച്ചതില്‍ അഞ്ചെണ്ണം എലിപ്പനിയാണെന്ന്‌ സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ കെ എന്‍ സതീഷ്‌ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പത്തെണ്ണം എലിപനി മരണമാണെന്ന്‌ സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന്‌ ൨൫ ഉം, സ്വകാര്യാശുപത്രിയില്‍ നിന്നും ൩൦ എണ്ണവുമാണ്‌ പനി ചികിത്സയുമായി ബന്ധപ്പെട്ട്‌ റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നത്‌. പൊതുസ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതിന്‌ കാസര്‍കോട്‌, കാഞ്ഞങ്ങാട്‌ മുനിസിപ്പാലിറ്റികള്‍ക്ക്‌ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌. പൊതു സ്ഥലത്ത്‌ സ്ഥാപിച്ചിട്ടുള്ള ചവറ്റുകൊട്ടകള്‍ നീക്കം ചെയ്യുന്നതിനു നിര്‍ദ്ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു. മാലിന്യങ്ങള്‍ ആള്‍പ്പാര്‍പ്പില്ലാത്ത സ്ഥലങ്ങളിലെ അപകടസാധ്യതയുള്ള പാറമടകളില്‍ നിക്ഷേപിക്കുന്നതിനാണ്‌ ആലോചിക്കുന്നത്‌. ഇത്തരം സ്ഥലങ്ങള്‍ കണ്ടെത്തുന്നതിനുവേണ്ടി എ ഡി എം, മുനിസിപ്പല്‍ സെക്രട്ടറി എന്നിവരെ ചുമതലപ്പെടുത്തിയതായി കളക്ടര്‍ വ്യക്തമാക്കി. ആശാവര്‍ക്കര്‍മാര്‍ക്ക്‌ പരിശീലനം നല്‍കി പനിബാധിച്ച മേഖലകളില്‍ ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും. ്രെടെബല്‍ ഏരിയകളില്‍ മെഡിക്കല്‍ ക്യാമ്പുകളും ബോധവത്ക്കരണ പരിപാടികളും സംഘടിപ്പിക്കും. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ മാത്രമേ ഇത്തരത്തിലുള്ള സാമൂഹിക വിപത്തുകളെ നിയന്ത്രിക്കാന്‍ കഴിയുകയുള്ളു. അതിനായി വിവിധ വകുപ്പുകളുടെ സഹായങ്ങള്‍ അഭ്യര്‍ത്ഥിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ഡിഎംഒ പി രാഘവന്‍, ഡെപ്യൂട്ടി ഡിഎംഒമാരായ പി മോഹനന്‍, എം സി വിമല്‍രാജ്‌, ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ അബ്ദുല്‍റഹ്മാന്‍, മാസ്‌ മീഡിയ ഓഫീസര്‍ എം രാമചന്ദ്ര എന്നിവര്‍ സംബന്ധിച്ചു.