എന്‍ജിഒകളെക്കുറിച്ച്‌ പ്രധാനമന്ത്രിക്ക്‌ ഐബി റിപ്പോര്‍ട്ട്‌

Saturday 7 June 2014 10:40 pm IST

ന്യൂദല്‍ഹി: വിദേശഫണ്ട്‌ പറ്റുന്ന സര്‍ക്കാരിതര സംഘടനകളെ (എന്‍ജിഒ)ക്കുറിച്ച്‌ കേന്ദ്ര ഇന്റലിജന്‍സ്‌ ബ്യൂറോ (ഐബി) പ്രധാനമന്ത്രിയുടെ ഓഫീസിനു റിപ്പോര്‍ട്ടു നല്‍കി. അനാഥ സംരക്ഷണവും ദാരിദ്ര്യ നിര്‍മാര്‍ജ്ജനവും സ്ത്രീസുരക്ഷയും പറഞ്ഞ്‌ വിദേശഫണ്ട്‌ സ്വീകരിക്കുന്ന പല എന്‍ജിഒകളും രാജ്യത്ത്‌ സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനവും രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളും നടത്തുന്നുവെന്നാണ്‌ റിപ്പോര്‍ട്ട്‌.
അമേരിക്ക, ബ്രിട്ടണ്‍, ജര്‍മനി, നെതര്‍ലന്റുകള്‍, സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന്‌ ഫണ്ടുപറ്റുന്ന എന്‍ജിഒകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന്റെ വികസന പദ്ധതികളെ അട്ടിമറിക്കുന്നതിനായി വിനിയോഗിക്കുന്നുവെന്നാണ്‌ ഐബി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ രത്നച്ചുരുക്കം. ഏഴ്‌ മേഖലകളിലെ എന്‍ജിഒകളുടെ പ്രവര്‍ത്തനമാണ്‌ റിപ്പോര്‍ട്ടില്‍ വിശകലനം ചെയ്യുന്നത്‌. ജൂണ്‍ മൂന്നിനാണ്‌ റിപ്പോര്‍ട്ടു കൊടുത്തത്‌. രാജ്യത്തെ ന്യൂക്ലിയര്‍ പദ്ധതികള്‍, യുറേനിയം ഖാനനം, കല്‍ക്കരി-ജലവൈദ്യുത പദ്ധതികള്‍, കാര്‍ഷിക പദ്ധതികള്‍, വമ്പന്‍ വ്യവസായ പദ്ധതികള്‍ തുടങ്ങിയവയാണ്‌ എന്‍ജിഒകള്‍ തടസപ്പെടുത്തുന്നത്‌.
21 പേജുള്ളു റിപ്പോര്‍ട്ടില്‍ 2011-13 കാലത്ത്‌ വിവിധ എന്‍ജിഒകള്‍ തടസപ്പെടുത്തിയിട്ടുള്ള പദ്ധതികളുടെ വിശദാംശമുണ്ട്‌. 2014-ല്‍ ആസൂത്രണം ചെയ്തിട്ടുള്ള വിവിധ പ്രക്ഷോഭ പരിപാടികളുടെ വിശദാംശങ്ങളും റിപ്പോര്‍ട്ടിലുണ്ട്‌. ഐടി സ്ഥാപനങ്ങളിലെ മാലിന്യനശീകരണം, ഇന്‍ഡോനേഷ്യയില്‍നിന്നുള്ള പാമോയില്‍ ഇറക്കുമതി, നഗരമേഖലയിലെ നിര്‍മാണത്തൊഴിലാളികളുടെ സംഘാടനം, നര്‍മദാ നദീസംയോജന പദ്ധതി, ഗുജറാത്തിലെ പ്രത്യേക നിക്ഷേപ മേഖല, ദല്‍ഹി-മുംബൈ വ്യാവസായിക ഇടനാഴി തുടങ്ങിയവക്കെതിരെയാണ്‌ എന്‍ജിഒകള്‍ പ്രക്ഷോഭ പരിപാടി തയ്യാറാക്കിയിരിക്കുന്നത്‌.
അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യയെ മോശമായി ചിത്രീകരിക്കാന്‍ ഇവിടുത്തെ ചെറിയ ജാതിപ്രശ്നങ്ങളും നിസ്സാരമായ മനുഷ്യാവകാശ വിഷയങ്ങളും പരമാവധി പെരുപ്പിച്ചു പ്രചരിപ്പിക്കാനായിരുന്നു എന്‍ജിഒകള്‍ ശ്രമിച്ചിരുന്നതെന്ന്‌ റിപ്പോര്‍ട്ട്‌ പറയുന്നു.
വിദേശ രാജ്യങ്ങളില്‍നിന്നു പണം വരുന്നത്‌ സേവന പ്രവര്‍ത്തനങ്ങള്‍ക്കെന്ന പേരിലാണെന്ന്‌ റിപ്പോര്‍ട്ടു പറയുന്നു. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം തടയല്‍, മനുഷ്യാവകാശ പ്രവര്‍ത്തനം, അനാഥ സംരക്ഷണം, ദാരിദ്യനിര്‍മ്മാര്‍ജ്ജനം തുടങ്ങിയ പദ്ധതികളുടെ പേരിലാണ്‌ ഫണ്ട്‌ സ്വീകരിക്കുന്നത്‌.
രാജ്യത്ത്‌ പല കാര്യപരിപാടികളും നിശ്ചയിക്കുന്നതും അതു സംബന്ധിച്ച രേഖകളുണ്ടാക്കുന്നതും ഇതിനു മാധ്യമങ്ങളെ വിനിയോഗിക്കുന്നതും പ്രമുഖരെന്ന പേരില്‍ വിദഗ്ദ്ധരെ അവതരിപ്പിക്കുന്നതും സര്‍ക്കാരിനെയും നയങ്ങള്‍ക്ക്‌ രൂപംനല്‍കുന്നവരെയും സ്വാധീനിക്കുന്നതും നിക്ഷിപ്ത താല്‍പര്യമുള്ള എന്‍ജിഒകളായി മാറിയിട്ടുണ്ട്‌. ആസൂത്രിതമായി ഇത്തരം മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ ഇവര്‍ക്കു പ്രത്യേക പരിശീനവുമുണ്ടെന്ന്‌ ഐബി റിപ്പോര്‍ട്ടു വിശദീകരിക്കുന്നു.
"വിദേശത്തുള്ള ഫണ്ടുദാതാക്കള്‍ പ്രാദേശിക എന്‍ജിഒകളെ പ്രാദേശിക പഠനങ്ങള്‍ക്ക്‌ ആദ്യം നിയോഗിക്കുന്നു. അത്‌ പിന്നീട്‌ ഇന്ത്യക്കെതിരായി വിനിയോഗിക്കാന്‍ സൂക്ഷിക്കുന്നു. ഇത്‌ യഥാസമയം ഇന്ത്യക്കെതിരെയുള്ള വിദേശരാജ്യങ്ങളുടെ നയതന്ത്രലക്ഷ്യങ്ങള്‍ക്ക്‌ വിനിയോഗിക്കുന്നു," റിപ്പോര്‍ട്ടില്‍ ഐബി പറയുന്നു. അന്താരാഷ്ട്ര വേദിയിലും മറ്റും ഇങ്ങനെ ഈ രേഖകള്‍ ഉപയോഗിച്ച്‌ ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കാനും വികസന പദ്ധതികള്‍ക്ക്‌ തടയിടാനും കഴിയുന്നുവെന്നതാണ്‌ എന്‍ജിഒകളെക്കൊണ്ട്‌ വിദേശ ശക്തികള്‍ക്കുള്ള പ്രയോജനമെന്നാണ്‌ റിപ്പോര്‍ട്ട്ചൂണ്ടിക്കാണിക്കുന്നത്‌.
തമിഴ്‌നാട്ടിലെ കൂടംകളും പദ്ധതിക്കെതിരെ നടത്തിയ പ്രവര്‍ത്തനങ്ങളുടെ പേരില്‍ കേന്ദ്ര സര്‍ക്കാര്‍ 2012-ല്‍ നാല്‌ സംഘടനകളെ നിരീക്ഷിച്ചിരുന്നു. ഫണ്ടു ദുര്‍വിനിയോഗത്തിന്റെ പേരില്‍ ഒട്ടേറെ ഇന്ത്യന്‍ എന്‍ജിഒകളുടെ ബാങ്ക്‌ അക്കൗണ്ടുകള്‍ കേന്ദ്ര റവന്യൂ ഇന്റലിജന്‍സിന്റെയും സെന്‍ട്രല്‍ ഇക്കണോമിക്‌ ഇന്റലിജന്‍സ്‌ ബ്യൂറോയുടെയും നിരീക്ഷണത്തിലായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.