മോദിയുടെ റാലിയിലെ സ്ഫോടനത്തിന്‌ മുത്തൂറ്റ്‌ ബാങ്ക്‌ കൊള്ളയടിച്ച പണം

Saturday 7 June 2014 10:41 pm IST

പാറ്റ്ന: ബീഹാറിലെ പാറ്റ്നയില്‍ കഴിഞ്ഞ വര്‍ഷം നരേന്ദ്രമോദി പങ്കെടുത്ത തെരഞ്ഞെടുപ്പ്‌ റാലിക്കിടെയുണ്ടായ സ്ഫോടനത്തിനുപയോഗിച്ചത്‌ മുത്തൂറ്റു ബാങ്കിലെ കവര്‍ച്ചാപ്പണമെന്ന്‌ വെളിപ്പെടുത്തല്‍. മുത്തൂറ്റ്‌ ഫിനാന്‍സിന്റെ ഭോപ്പാല്‍ ബ്രാഞ്ചില്‍ നിന്ന്‌ 2010-ല്‍ കൊള്ളയടിച്ച പണമാണ്‌ സ്ഫോടനത്തിനായി ഉപയോഗിച്ചത്‌. സ്ഫോടനവുമായി ബന്ധപ്പെട്ട്‌ അറസ്റ്റിലായ സിമി ഭീകരന്‍ ഹൈദര്‍ അലി ചോദ്യം ചെയ്യലിനിടെയാണ്‌ എന്‍ഐഎയോട്‌ സുപ്രധാന വെളിപ്പെടുത്തല്‍ നടത്തിയത്‌.
2.5 കോടി രൂപയാണ്‌ സിമി ഭീകരനായ അബു ഫൈസലും സംഘവും ബാങ്കില്‍ നിന്നും കൊള്ളയടിച്ചത്‌. സംഭവം നടന്ന്‌ ഒരു വര്‍ഷത്തിനുശേഷം മധ്യപ്രദേശില്‍ നിന്നും ഫൈസലിനെ പോലീസ്‌ അറസ്റ്റു ചെയ്തിരുന്നു. ഖാന്ദ്വാ ജയിലില്‍ നിന്നും ഏതാനും മാസങ്ങള്‍ക്ക്‌ മുമ്പ്‌ രക്ഷപ്പെട്ട ഫൈസിലിനെ അടുത്തിടെ പിടികൂടുകയും ചെയ്തു. മറ്റ്‌ ചില സിമി ഭീകരരും ഫൈസലിനൊപ്പം കൊള്ളയില്‍ പങ്കെടുത്തിരുന്നു.
റായ്പൂര്‍ കേന്ദ്രീകരിച്ച്‌ സിമിയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഉമര്‍ സിദ്ദിഖി എന്ന ഭീകരന്‌ ബാങ്ക്‌ കവര്‍ച്ചയുമായി ബന്ധമുണ്ടെന്ന്‌ അന്വേഷണ ഏജന്‍സി സംശയിക്കുന്നു. ഇക്കാര്യം അന്വേഷിച്ചു വരികയാണ്‌. കഴിഞ്ഞ വര്‍ഷം ഛത്തീസ്ഗഢ്‌ പോലീസ്‌ സിദ്ധിഖിയെ അറസ്റ്റ്‌ ചെയ്തിരുന്നു. പാറ്റ്നയിലെ റാലിയില്‍ സ്ഫോടനം നടത്താന്‍ ഹൈദറിനെ വിട്ടു നല്‍കിയതും ഉമറാണ്‌. സ്ഫോടനം നടത്താന്‍ പല സ്ഥലങ്ങളും തെരഞ്ഞെടുത്തെങ്കിലും അവസാനം പാറ്റ്നയില്‍ തന്നെ സ്ഫോടനം നടത്താമെന്ന്‌ ഭീകരസംഘം തീരുമാനിക്കുകയായിരുന്നവെന്ന്‌ അന്വേഷണ സംഘം വ്യക്തമാക്കി.
പാറ്റ്ന സ്ഫോടനത്തിന്‌ രണ്ട്‌ ആഴ്ചയ്ക്കു മുമ്പാണ്‌ ഫൈസല്‍ മുത്തൂറ്റ്‌ ബാങ്കില്‍ നിന്ന്‌ കൊള്ളയടിച്ച പണം കൈമാറുന്നത്‌. ജയില്‍ ചാടിയ ഫൈസല്‍ ഹൈദറിനെ കണ്ട്‌ പണം ഏല്‍പ്പിക്കുകയായിരുന്നു. അഞ്ച്‌ ലക്ഷത്തോളം രൂപ തനിക്ക്‌ തന്നതായും എന്നാല്‍ സ്ഫോടനത്തെക്കുറിച്ച്‌ യാതൊന്നും ഫൈസല്‍ ചര്‍ച്ച ചെയ്തില്ലെന്നും ഹൈദര്‍ മൊഴി നല്‍കിയിട്ടുണ്ട്‌.
2013 ഒക്ടോബര്‍ 28-നാണ്‌ ബീഹാറിലെ പാറ്റ്നയില്‍ സ്ഫോടനം നടന്നത്‌. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആയിരുന്ന നരേന്ദ്രമോദിയുടെ ഹുങ്കാര്‍ റാലിക്ക്‌ മുന്‍പ്‌ ഗാന്ധിനഗര്‍ റെയില്‍വേ സ്റ്റേഷനിലും പിന്നീട്‌ റാലി നടക്കുന്ന മൈതാനത്തിലുമായി എട്ടോളം ബോംബ്‌ സ്ഫോടനങ്ങളാണ്‌ ഉണ്ടായത്‌. സ്ഫോടനങ്ങളില്‍ ആറോളം പേര്‍ കൊല്ലപ്പെടുകയും 85-ഓളം പേര്‍ക്ക്‌ പരുക്കേല്‍ക്കുകയും ചെയ്തു.
ഇതുവരെ നാല്‌ സിമി ഭീകരരെ സ്ഫോടനവുമായി ബന്ധപ്പെട്ട്‌ എന്‍ഐഎ അറസ്റ്റ്‌ ചെയ്തിട്ടുണ്ട്‌. ഇതിന്‌ പിന്നില്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‌ പങ്കുണ്ടെന്നായിരുന്നു എന്‍ഐഎയുടെ ആദ്യ വിലയിരുത്തല്‍. സിമിയുടെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഇന്ത്യന്‍ മുജാഹിദ്ദീന്‍ സഹായങ്ങള്‍ നല്‍കാറുണ്ടെങ്കിലും പാറ്റ്ന സ്ഫോനത്തില്‍ ഇവര്‍ക്ക്‌ നേരിട്ട്‌ ബന്ധമില്ലെന്നാണ്‌ അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.