പ്രധാനമന്ത്രി ഇറാന്‍ സന്ദര്‍ശിക്കും

Saturday 24 September 2011 11:10 am IST

ന്യൂയോര്‍ക്ക്: പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഇറാന്‍ സന്ദര്‍ശിക്കുമെന്നു റിപ്പോര്‍ട്ട്. യു.എന്‍ പൊതുസഭയില്‍ പങ്കെടുക്കാനെത്തിയ ഇറാന്‍ പ്രസിഡന്റ്‌ മഹ്‌മൂദ്‌ അഹമ്മദി നെജാദുമായുള്ള കൂടിക്കാഴ്ചയിലാണ്‌ സന്ദര്‍ശനം സംബന്ധിച്ച്‌ തീരുമാനമായത്‌. കൂടിക്കാഴ്ചയ്ക്കിടെ നെജാദ്‌ ഇറാനില്‍ സന്ദര്‍ശനം നടത്താന്‍ ക്ഷണിക്കുകയായിരുന്നെന്ന്‌ വിദേശകാര്യ സെക്രട്ടറി രഞ്ജന്‍ മത്തായി മാധ്യമ പ്രവര്‍ത്തകരോട്‌ പറഞ്ഞു. ഇറാന്‍ പ്രസിഡന്‍റ് മെഹമൂദ് അഹമ്മദി നെജാദിന്റെ ക്ഷണം പ്രധാമന്ത്രി സ്വീകരിക്കുകയായിരുന്നു. എന്നാല്‍ തീയതി സംബന്ധിച്ചു തീരുമാനമായില്ല. ഇക്കാര്യം ഇരു രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികള്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നു വിദേശകാര്യ സെക്രട്ടറി പറഞ്ഞു. ഇറാന്‍ വിദേശകാര്യ മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ സംയുക്ത സാമ്പത്തിക കമ്മീഷന്റെ യോഗം ചേരാനും കൂടിക്കാഴ്ചയില്‍ തീരുമാനിച്ചിട്ടുണ്ട്‌. അഫ്‌ഗാനിസ്ഥാനിലെയും പടിഞ്ഞാറന്‍ ഏഷ്യയിലെയും, ആഫ്രിക്കന്‍ രാജ്യങ്ങളിലെയും വിഷയങ്ങളും കൂടിക്കാഴ്ചയില്‍ വിഷയമായി. പത്ത് വര്‍ഷത്തിന് ശേഷം ഇറാന്‍ സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മന്‍മോഹന്‍ സിങ്. 2001ല്‍ വാജ്‌പേയി ഇറാന്‍ സന്ദര്‍ശനം നടത്തിയിരുന്നു. ലോക്‌സഭാ സ്‌പീക്കര്‍ മീരാ കുമാര്‍ ഉടന്‍ തന്നെ ഇറാനിലേക്ക്‌ പോകുന്നുണ്ട്‌. ശ്രീലങ്കന്‍ പ്രസിഡന്റ്‌ മഹീന്ദ്ര രജപക്‌സെയുമായും മന്‍മോഹന്‍ സിങ് കൂടിക്കാഴ്ച നടത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.