സപ്തതിയുടെ നിറവില്‍ തൃക്കാക്കര ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍

Sunday 8 June 2014 8:55 pm IST

കാക്കനാട്‌: അധ്യയനരംഗത്ത്‌ 67 വര്‍ഷം പിന്നിടുന്ന തേവയ്ക്കല്‍ ജംഗ്ഷനില്‍ സ്ഥിതിചെയ്യുന്ന തൃക്കാക്കര ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളിനോട്‌ അധികൃതര്‍ക്ക്‌ ഇന്നും തികഞ്ഞ അവഗണന മാത്രം. ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തോളം പഴക്കമുണ്ട്‌ ഈ സരസ്വതീ വിദ്യാലയത്തിന്‌. 33 വര്‍ഷത്തോളം സ്വകാര്യ മാനേജ്മെന്റിന്റെ കീഴില്‍ ഏഴാംതരം വരെയുള്ള കുട്ടികള്‍ പഠിക്കുന്ന വിദ്യാലയമായിരുന്നു ഇത്‌. രണ്ടേക്കര്‍ തൊണ്ണൂറ്റിയാറ്‌ സെന്റ്സ്ഥലമാണിതിനുള്ളത്‌. വി.കെ. ശങ്കരന്‍നായര്‍ ആയിരുന്നു ആദ്യ മാനേജര്‍.
എടത്തല ഗ്രാമപഞ്ചായത്തിന്റെ പരിധിയിലുള്ള ഈ സ്കൂളിന്‌ കരം ഒടുക്കിയിരുന്നത്‌ കളമശ്ശേരി ഗ്രാമപഞ്ചായത്തായിരുന്നു. 1980 ല്‍ സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിലേക്കുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ താലൂക്ക്‌ ഓഫീസില്‍ ചെന്നപ്പോഴാണ്‌ വിദ്യാലയം എടത്തല ഗ്രാമപഞ്ചായത്തിലാണ്‌ സ്ഥിതിചെയ്യുന്നതെന്ന്‌ പഞ്ചായത്തധികൃതരും സ്കൂളധികൃതരും അറിയുന്നത്‌. 1980 ല്‍ സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്തെങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഏഴുവര്‍ഷത്തോളം വേണ്ടിവന്നതായി അന്നത്തെ എടത്തല പഞ്ചായത്ത്‌ പ്രസിഡന്റും ഇപ്പോഴത്തെ മെമ്പറുമായ എം.ജി. കൃഷ്ണന്‍കുട്ടി പറഞ്ഞു.
അന്ന്‌ കളമശ്ശേരി പഞ്ചായത്ത്‌ പ്രസിഡന്റായിരുന്ന സരോജിനി ബാലാനന്ദന്റെ അശ്രാന്തപരിശ്രമത്തിന്റെ ഫലമായാണ്‌ സ്കൂള്‍ അപ്ഗ്രേഡ്‌ ചെയ്ത്‌ 8, 9, 10 ക്ലാസുകളില്‍ ഓരോ ഡിവിഷന്‍ വീതം തുടങ്ങിയത്‌. സ്കൂളിന്റെ വെല്‍വെഫയര്‍ കമ്മറ്റി പ്രസിഡന്റായിരുന്ന എന്‍. കൃഷ്ണകുമാറും ഇതിനേറെ സഹായം ചെയ്തു. സര്‍ക്കാര്‍ ഏറ്റെടുത്തതോടെ സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തേണ്ട ബാധ്യത പഞ്ചായത്തിനും സ്കൂള്‍ വെല്‍ഫെയര്‍ കമ്മറ്റിക്കും വഹിക്കേണ്ടിവന്നു.
ഇന്ന്‌ പ്ലസ്‌ ടുവിലെ നാല്‌ ഡിവിഷനുകളിലായി നൂറ്‌ കുട്ടികളും ഹൈസ്കൂള്‍, യുപി വിഭാഗങ്ങളില്‍ 313 കുട്ടികളും പഠിക്കുന്നുണ്ട്‌. എന്നിട്ടും പാവപ്പെട്ടവന്റെ കുട്ടികളെന്ന പേരില്‍ ഇവര്‍ പല രംഗത്തും പുറന്തള്ളപ്പെടുന്നു. ഇത്‌ മാറ്റിയെടുക്കാന്‍ വിദ്യാലയത്തിലെ പിടിഎയും ഗ്രാമപഞ്ചായത്തും കൂട്ടായി ശ്രമിച്ചുവരികയാണെന്ന്‌ വാര്‍ഡ്‌ മെമ്പറായ വി.കെ. അനില്‍കുമാര്‍ പറഞ്ഞു. കളമശ്ശേരി രാജഗിരി ഫൗണ്ടേഷന്‍ നാല്‍പതോളം കുട്ടികളെ ദത്തെടുത്ത്‌ പഠനോപകരണങ്ങളും ക്ലാസും നല്‍കുന്നു. കൂടാതെ തേവയ്ക്കല്‍ ഗ്രാമസേവാസമിതിയും കലൂര്‍ ശ്രീരാമകൃഷ്ണാശ്രമവും കൊച്ചി റോട്ടറി ക്ലബും ധനലക്ഷ്മി ബാങ്കും അന്‍പത്‌ കുട്ടികള്‍ക്ക്‌ വീതം പഠനോപകരണങ്ങള്‍ നല്‍കുന്നുണ്ട്‌.
എറണാകുളം ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള ഈ സ്കൂളില്‍ കഴിഞ്ഞവര്‍ഷം പത്തിലും പന്ത്രണ്ടിലും നൂര്‍മേനി വിജയം ഉണ്ടായിരുന്നു. ഇത്തവണ പ്ലസ്ടുവിന്‌ 96 ഉം പത്തില്‍ 82 ശതമാനവുമാണ്‌ വിജയം. സേ പരീക്ഷയുടെ ഫലം വരുമ്പോള്‍ ഇത്‌ നൂറ്‌ ശതമാനമാകുമെന്ന്‌ പ്രിന്‍സിപ്പല്‍ ഗിരിജ, പിടിഎ പ്രസിഡന്റ്‌ സി.പി. കുഞ്ഞിപ്പരീത്‌, വാര്‍ഡ്‌ മെമ്പര്‍ വി.കെ. അനില്‍കുമാര്‍ എന്നിവര്‍ പറഞ്ഞു.
ജില്ലാ പഞ്ചായത്തിന്റെ ഫണ്ടില്‍നിന്നും രണ്ട്ലക്ഷം രൂപ ചെലവിട്ട്‌ മറ്റ്‌ സ്കൂളുകളിലെ കമ്പ്യൂട്ടര്‍ നന്നാക്കുന്നതിന്‌ ഒരു ഹാര്‍ഡ്‌വെയര്‍ ക്ലിനിക്ക്‌ തുടങ്ങാന്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷം ഫണ്ടനുവദിച്ചതായി ജില്ലാ പഞ്ചായത്ത്‌ പൊതുമരാമത്ത്‌ കാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സണും സ്കൂള്‍ സ്ഥിതിചെയ്യുന്ന ജില്ലാ പഞ്ചായത്ത്‌ ഡിവിഷന്‍ മെമ്പറുമായ അഡ്വ. സാജിത സിദ്ദിഖ്‌ പറഞ്ഞു.
സ്കൂള്‍ മൈതാനത്തിന്റെ ചുറ്റുമതില്‍ പണിയുന്നതിന്‌ 22 ലക്ഷം രൂപ അനുവദിച്ച്‌ ടെണ്ടര്‍ ആയി. പണി ഉടന്‍ തുടങ്ങും. 2014-15 സാമ്പത്തികവര്‍ഷം അഡീഷണല്‍ ക്ലാസ്‌റൂമിനായി 25 ലക്ഷം രൂപയും ഓഡിറ്റോറിയം പുനര്‍നിര്‍മ്മാണത്തിനായി ഇരുപത്‌ ലക്ഷം രൂപയും വകയിരുത്തിയതായി അഡ്വ. സാജിതാ സിദ്ദിഖ്‌ പറഞ്ഞു. റോഡിനോട്‌ ചേര്‍ന്ന്‌ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയവളപ്പില്‍ സാമൂഹ്യവിരുദ്ധരുടെ ശല്യം ഏറെയുണ്ടെന്ന്‌ പിടിഎ, മാതൃസമിതി ഭാരവാഹികള്‍ പരാതിപ്പെടുന്നു.
സമീപത്തുള്ള സ്വകാര്യ വിദ്യാലയങ്ങളില്‍ കേന്ദ്ര സിലബസില്‍ കുട്ടികള്‍ പഠിക്കുമ്പോള്‍ ഇവിടെയും പത്താംതരം വരെ ഇംഗ്ലീഷ്‌ മീഡിയത്തില്‍ സാധാരണക്കാരന്റെ കുട്ടികള്‍ക്ക്‌ പഠിക്കാന്‍ അവസരമുണ്ട്‌. ഹൈസ്കൂള്‍, യുപി വിഭാഗത്തില്‍ ഇരുപത്‌ അധ്യാപകരും ഹയര്‍ സെക്കന്ററിയില്‍ പതിമൂന്ന്‌ അധ്യാപകരും ആറ്‌ അനധ്യാപകരും ഇവിടെയുണ്ട്‌.
പത്മകുമാര്‍ സൗഭാഗ്യം

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.