ജഡ്ജിയില്‍ അവിശ്വാസമില്ലെന്ന് ഉമ്മന്‍‌ചാണ്ടി; പിന്നോട്ടില്ലെന്ന് പി.സി ജോര്‍ജ്

Saturday 24 September 2011 3:45 pm IST

തിരുവനന്തപുരം: പാമോയില്‍ കേസ്‌ പരിഗണിക്കുന്ന ജഡ്ജിയില്‍ താനുള്‍പ്പെടുന്ന കക്ഷികള്‍ ആരും തന്നെ അവിശ്വാസം രേഖപ്പെടുത്തിയിട്ടില്ലെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ജഡ്ജി ഒഴിഞ്ഞതു കൊണ്ട്‌ താന്‍ നല്‍കിയ പരാതിയില്‍ നിന്ന്‌ പിന്നോട്ട്‌ പോകില്ലെന്ന്‌ ചീഫ്‌ വിപ്പ്‌ പി.സി.ജോര്‍ജും വ്യക്തമാക്കി. പാമോയില്‍ കേസില്‍ ജഡ്ജി പി.കെ.ഹനീഫ പിന്മാറിയതിനെ കുറിച്ച്‌ മാധ്യമ പ്രവര്‍ത്തകരോട്‌ പ്രതികരിക്കുകയായിരുന്നു ഇരുവരും. തനിക്കെതിരെ അന്വേഷണത്തിന്‌ ഉത്തരവിട്ട ജഡ്ജിയെ കുറിച്ച്‌ പരാതിയില്ലെന്ന്‌ നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു‌. സര്‍ക്കാര്‍ ചീഫ്‌ വിപ്പ്‌ പി.സി.ജോര്‍ജ്ജ്‌ പരാതി നല്‍കിയത്‌ സംബന്ധിച്ചും താന്‍ നേരത്തെ തന്നെ നിലപാട്‌ വ്യക്തമാക്കിയതാണ്‌. ഇതു സംബന്ധിച്ച്‌ കൂടുതല്‍ എന്താണ്‌ പ്രതികരിക്കാനുള്ളതെന്നും ഉമ്മന്‍ചാണ്ടി ചോദിച്ചു. അതേസമയം പാമോയില്‍ കേസ്‌ പരിഗണിക്കുന്നതില്‍ ജഡ്ജി ഒഴിഞ്ഞതു കൊണ്ട്‌ താന്‍ നല്‍കിയ പരാതിയില്‍ നിന്ന്‌ പിന്നോട്ട്‌ പോകില്ലെന്ന്‌ ചീഫ്‌ വിപ്പ്‌ പി.സി.ജോര്‍ജ്ജ്‌ പറഞ്ഞു. ജഡ്ജി പി.കെ.ഹനീഫ ഒഴിഞ്ഞതു കൊണ്ട്‌ പരാതിക്ക്‌ പരിഹാരമാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നവംബറില്‍ പരിഗണിക്കേണ്ടിയിരുന്ന കേസ്‌ നേരത്തെ എടുത്തത്‌ എന്തിനാണെന്നും ജോര്‍ജ്ജ്‌ ചോദിച്ചു. കേസ്‌ നേരത്തേ എടുത്തതിനെതിരെയും പരാതി നല്‍കും. കേസ്‌ നേരത്തെ പരിഗണിക്കുന്നതിന്‌ വക്കിലന്മാരോട്‌ ആലോചിച്ചിട്ടില്ലെന്നും ജോര്‍ജ്ജ്‌ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.