ചെറിയ സര്‍ക്കാര്‍, വലിയ ഭരണം

Monday 9 June 2014 10:47 pm IST

പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ രാഷ്ട്രപതി പ്രണബ്‌ മുഖര്‍ജി നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണരൂപം.
ബഹുമാന്യരായ അംഗങ്ങളേ, പതിനാറാം ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പിനു ശേഷം ചേര്‍ന്ന പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും ആദ്യ സമ്മേളനത്തില്‍ നിങ്ങളെ അഭിസംബോധന ചെയ്യാന്‍ കഴിഞ്ഞതില്‍ ഞാന്‍ അത്യധികം സന്തോഷവാനാണ്‌. ലോക്സഭ തെരഞ്ഞെടുപ്പില്‍ പങ്കെടുത്ത എന്റെ സഹപൗരന്മാര്‍ക്ക്‌ ഹാര്‍ദ്ദമായ അഭിവാദനം അര്‍പ്പിച്ചുകൊണ്ട്‌ ഞാന്‍ തുടങ്ങട്ടെ. അവര്‍ കാരണമാണ്‌ നാം ഇന്ന്‌ ഇവിടെ ആയിരിക്കുന്നത്‌ എന്ന കാര്യം നാം ഒരിക്കലും മറക്കരുത്‌. അവരെ സേവിക്കുകയെന്നതാവണം നമ്മുടെ പ്രഥമ പരിഗണന. പുതിയ ലോക്സഭയിലെ അംഗങ്ങളെ ഞാന്‍ അനുമോദിക്കുന്നു. സമ്മതിദായകരുടെ ജനവിധി വിജയകരമായി നേടിയെടുത്ത നിങ്ങള്‍ ഇപ്പോള്‍ അവരുടെ പ്രതീക്ഷകളെയും അഭിലാഷങ്ങളെയും സ്വപ്നങ്ങളെയുമാണ്‌ പ്രതിനീധീകരിക്കുന്നത്‌. നിങ്ങളെ ഏവരെയും ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നതോടൊപ്പം ഈ സമ്മേളനം ഉത്പാദനപരവും ഗുണപ്രദവുമാകട്ടെ എന്ന്‌ പ്രതീക്ഷിക്കുകയും ചെയ്യുന്നു.
അടുത്തിടെ നടന്ന പൊതുതെരഞ്ഞെടുപ്പ്‌ സുഗമവും സമാധാനപരവും ആയിരുന്നു എന്നത്‌ വലിയ സംതൃപ്തി നല്‍കുന്ന കാര്യമാണ്‌. തെരഞ്ഞെടുപ്പ്‌ വിജയകരമായി നടത്തിയ തെരഞ്ഞെടുപ്പ്‌ കമ്മീഷനും ഔദ്യോഗിക സംവിധാനത്തിനും എന്റെ അഭിനന്ദനങ്ങള്‍. തെരഞ്ഞെടുപ്പിനോട്‌ ഇന്ത്യയിലെ ജനങ്ങള്‍ കാണിച്ച അന്യാദൃശ്യമായ താത്പര്യം നമ്മുടെ ഊര്‍ജ്ജസ്വലമായ ജനാധിപത്യത്തിന്റെ പുരോഗനാത്മകമായ തീവ്രതയുടെ ലക്ഷണമാണ്‌. നമ്മുടെ മുന്നിലെ കര്‍ത്തവ്യങ്ങളെക്കുറിച്ച്‌ പറയും മുന്‍പ്‌ തെരഞ്ഞെടുപ്പ്‌ പ്രക്രിയയ്ക്ക്‌ ഇടയില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങളോട്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
ഏകകണ്ഠമായി ലോക്സഭ സ്പീക്കര്‍ സ്ഥാനത്തേക്ക്‌ തെരഞ്ഞെടുക്കപ്പെട്ട പുതിയ സ്പീക്കറെയും ഞാന്‍ ഈയവസരത്തില്‍ അഭിനന്ദിക്കുന്നു. തുടര്‍ച്ചയായി സ്ത്രീകളെ ഈ സ്ഥാനത്തേക്ക്‌ തിരഞ്ഞെടുക്കുക വഴി നമ്മുടെ സമൂഹത്തില്‍ സ്ത്രീകള്‍ക്കുള്ള പ്രധാന്യം സ്ഥിരീകരിക്കുകയാണ്‌ ലോക്സഭ.
ഇതൊരു പ്രതീക്ഷയുടെ തെരഞ്ഞെടുപ്പായിരുന്നു. ജനാധിപത്യ വ്യവസ്ഥയുടെ പരിണാമത്തിലെ ഒരു വഴിത്തിരിവും കൂടിയായിരുന്നു ഈ തെരഞ്ഞെടുപ്പ്‌. കുതിച്ചുയര്‍ന്ന അഭിലാഷങ്ങളും ജനാധിപത്യ മാര്‍ഗ്ഗത്തിലൂടെ അവ സാക്ഷാത്കരിക്കാമെന്ന ചിന്തയും 66.4 ശതമാനത്തിന്റെ റെക്കോര്‍ഡ്‌ പോളിങ്ങ്‌ ശതമാനത്തിലും 30 വര്‍ഷത്തിനു ശേഷമുള്ള ഏക രാഷ്ട്രീയ പാര്‍ട്ടിക്ക്‌ അനുകൂലമായ വിധിയിലും പ്രതിഫലിച്ചു. ജാതിയുടെയും മതത്തിന്റെയും സമുദായത്തിന്റെയും പ്രാദേശികതയുടെയും അതിര്‍വരമ്പുകള്‍ ഭേദിച്ചെത്തിയ സമ്മതിദായകര്‍ ഒത്തൊരുമിച്ച്‌ സദ്ഭരണത്തിലൂടെയുള്ള വികസനം എന്ന ലക്ഷ്യത്തിന്‌ അനുകൂലമായി വോട്ട്‌ ചെയ്തു.
കാര്യക്ഷമമായ നേതൃത്വം നല്‍കാന്‍ കഴിയുന്ന ശക്തവും സ്ഥിരവുമായ ഒരു ഗവണ്‍മെന്റിനെയാണ്‌ രാജ്യം ആവശ്യപ്പെടുന്നത്‌. ഈ വര്‍ഷമാദ്യം നടത്തിയ റിപബ്ലിക്ദിന പ്രസംഗത്തില്‍ മുന്‍ വര്‍ഷങ്ങളിലെ വിടവുള്ളതും ഭിന്നിച്ചതുമായ രാഷ്ട്രീയത്തിന്‌ 2014 ശമനമുണ്ടാക്കുമെന്ന പ്രതീക്ഷ ഞാന്‍ പങ്കുവച്ചിരുന്നു. ഇന്നിവിടെ നില്‍ക്കുമ്പോള്‍ സ്ഥിരതയ്ക്കും സത്യസന്ധതയ്ക്കും വികസനത്തിനും വേണ്ടി വോട്ടു ചെയ്ത എന്റെ സഹപൗരന്മാരുടെ വിവേകത്തെ ഞാന്‍ അഭിനന്ദിക്കുന്നു. ഒരുമയുള്ളതും ശക്തവും ആധുനികവുമായ ഇന്ത്യയ്ക്കു വേണ്ടിയാണ്‌ അവര്‍ വോട്ടു ചെയ്തത്‌- ഏക്‌ ഭാരത്‌, ശ്രേഷ്ഠ ഭാരത്‌. 125 കോടി ജനങ്ങളുടെ പങ്കാളിത്തത്തോടെ അവരുടെ പ്രതീക്ഷകള്‍ സാക്ഷാത്ക്കരിക്കാന്‍ എന്റെ ഗവണ്‍മെന്റ്‌ ശ്രമിക്കും.
ജനവിധി സാക്ഷാത്ക്കരിക്കാനുള്ള ശരിയായ പരിതസ്ഥിതി സൃഷ്ടിക്കാന്‍ ഗവണ്‍മെന്റ്‌ പ്രതിജ്ഞാബദ്ധമാണ്‌. 'സബ്കാ സാഥ്‌, സബ്കാ വികാസ്‌' എന്ന തത്വം ജനങ്ങളുടെ സജീവ പങ്കാളിത്തത്തോടെ നടപ്പാക്കുമെന്ന്‌ സര്‍ക്കാര്‍ പ്രതിജ്ഞ ചെയ്യുന്നു. ജനാധിപത്യസ്ഥാപനങ്ങളുടെ വിശ്വാസ്യത പുനഃസൃഷ്ടിക്കാന്‍ നാം ഒത്തൊരുമിച്ച്‌ പ്രവര്‍ത്തിക്കും. ചെറിയ സര്‍ക്കാര്‍, വലിയ ഭരണം എന്ന ആപ്തവാക്യത്തോടെയാകും എന്റെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുക. നമ്മുടെ മഹത്തായ സംസ്കാരത്തിന്റെ മൂല്യങ്ങളിലൂന്നിയ പ്രവര്‍ത്തികളാകും നമ്മുടേത്‌.
എന്റെ സര്‍ക്കാര്‍ ദരിദ്രര്‍ക്കു വേണ്ടി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു. ദാരിദ്ര്യത്തിനു മതമില്ല, പട്ടിണിക്ക്‌ വിശ്വാസമില്ല, നിരാശയ്ക്ക്‌ ഭൂമിശാസ്ത്രമില്ല. ഇന്ത്യയുടെ ശാപമായ ദാരിദ്ര്യം അവസാനിപ്പിക്കുയെന്നതാണ്‌ നമ്മുടെ ഏറ്റവും വലിയ വെല്ലുവിളി. ദാരിദ്ര്യ ലഘൂകരണം കൊണ്ടു മാത്രം എന്റെ സര്‍ക്കാര്‍ തൃപ്തിപ്പെടുകയില്ല. മറിച്ച്‌ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനമാണ്‌ ലക്ഷ്യം. വികസനത്തിന്റെ ആദ്യ അവകാശികള്‍ പാവപ്പെട്ടവരാണെന്ന വിശ്വാസത്തില്‍ ഉറച്ചുനിന്നുകൊണ്ട്‌ ജീവിത്തിലെ അടിസ്ഥാന സൗകര്യങ്ങള്‍ ആവശ്യമായവരില്‍ സര്‍ക്കാര്‍ ശ്രദ്ധയുറപ്പിക്കും. തന്മയീഭാവത്തിലൂടെയും ശാക്തീകരണത്തിലൂടെയും പിന്തുണയിലൂടെയും എല്ലാ പൗരന്മാര്‍ക്കും സുരക്ഷ ഉറപ്പുനല്‍കുന്നതിനു വേണ്ട നടപടികള്‍ ഗവണ്‍മെന്റ്‌ സ്വീകരിക്കും.
ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റം തടയുന്നതിന്‌ സര്‍ക്കാര്‍ അതീവ പ്രാധാന്യം നല്‍കുന്നു. കൃഷി, കാര്‍ഷിക ഉത്പന്നങ്ങള്‍ എന്നിവയുടെ വിതരണസംവിധാനം മെച്ചപ്പെടുത്തുന്നതിന്‌ പ്രാധാന്യം നല്‍കും. പൂഴ്ത്തിവയ്പ്പ്‌, കരിഞ്ചന്ത എന്നിവ തടയുന്നതിന്‌ സര്‍ക്കാര്‍ ഫലപ്രദമായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കും.
പൊതുവിതരണ സംവിധാനത്തെ പരിഷ്ക്കരിക്കുന്നതിനായി സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്ന മെച്ചപ്പെട്ട പ്രവര്‍ത്തന രീതികള്‍ സംയോജിപ്പിക്കും. കാലവര്‍ഷത്തില്‍ ലഭിക്കുന്ന മഴയുടെ തോത്‌ കുറയാനുള്ള സാധ്യതകള്‍ മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള പദ്ധതികള്‍ എന്റെ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്‌. ജനങ്ങളില്‍ മൂന്നില്‍ രണ്ടു ഭാഗവും ഗ്രാമീണ മേഖലകളില്‍ അധിവസിക്കുന്നു എങ്കിലും അവര്‍ക്കു വേണ്ട പൊതുസൗകര്യങ്ങളും ജീവിതാവസരങ്ങളും നല്‍കാന്‍ നമ്മുക്ക്‌ സാധിച്ചിട്ടില്ല. പഞ്ചായത്തീരാജ്‌ സ്ഥാപനങ്ങളുടെ ശാക്തീകരണത്തിലൂടെ ഗ്രാമങ്ങളിലെ ജീവിതനിലവാരം ഉയര്‍ത്തുന്നതിന്‌ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്‌. നിക്ഷേപത്തിന്റെ നല്ലൊരു ഭാഗവും പൊതുസ്വത്തുകള്‍ സൃഷ്ടിക്കുന്നതിനും അടിസ്ഥാനസൗകര്യങ്ങളായ റോഡ്‌, പാര്‍പ്പിടം, ഊര്‍ജ്ജം, കുടിവെള്ളം എന്നിവ മെച്ചപ്പെടുത്തുന്നതിലും ഉപയോഗിക്കും. ഗ്രാമ-നഗര വ്യത്യാസം ഇല്ലാതാക്കുന്നതിനായി നഗരങ്ങളില്‍ ലഭ്യമായ സൗകര്യങ്ങള്‍ ഗ്രാമങ്ങളില്‍ ഒരുക്കുകയും ഗ്രാമങ്ങളുടെ ജീവിത പ്രകൃതി നിലനിര്‍ത്തുകയും ചെയ്യുന്ന റൂര്‍ബന്‍(ഞൗൃ‍യമി) ആശയം നടപ്പാക്കും.
നമ്മുടെ ഭൂരിപക്ഷം ജനങ്ങളുടെയും ജീവിതോപാധി കൃഷിയാണ്‌. അടുത്തകാലത്ത്‌ നിരാശയും മാനസികസമ്മര്‍ദ്ധവും മൂലം നിരവധി കര്‍ഷകര്‍ ആത്മഹത്യ ചെയ്യുകയുണ്ടായി. ഈ നിര്‍ഭാഗ്യകരമായ രീതി ഇല്ലാതാക്കാന്‍ എന്റെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്‌. പൊതു-സ്വകാര്യ മേഖലകളിലെ കൃഷി, കാര്‍ഷിക രംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയിലുള്ള നിക്ഷേപം വര്‍ദ്ധിപ്പിക്കും. ശാസ്ത്രീയ രീതികളിലൂടെ കൃഷിയെ ലാഭകരമാക്കാനുള്ള നടപടികളും ഗവണ്‍മെന്റ്‌ സ്വീകരിക്കും. വിലനിര്‍ണ്ണയം, സംഭരണം, കാര്‍ഷിക ഇന്‍ഷുറന്‍സ്‌, വിളവെടുപ്പിന്‌ ശേഷമുള്ള കാര്യനിര്‍വഹണം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ സര്‍ക്കാര്‍ അഭിസംബോധന ചെയ്യും. കന്നുകാലി വളര്‍ത്തലിലെ ഉത്പാദനശേഷി വര്‍ദ്ധിപ്പിക്കും. ഭക്ഷ്യസംസ്കരണ വ്യവസായങ്ങള്‍ സ്ഥാപിക്കുന്നതിന്‌ ഗവണ്‍മെന്റ്‌ ഇളവുകള്‍ അനുവദിക്കും. സഹകരണ രംഗത്തെ നിലവിലെ നിയമങ്ങള്‍ അവലോകനം ചെയ്യുകയും പാളിച്ചകള്‍ പരിഹരിക്കുകയും ചെയ്യും. ദേശീയ ഭൂവിനിയോഗ നയം സര്‍ക്കാര്‍ സ്വീകരിക്കുകയും കൃഷിയോഗ്യമല്ലാത്ത ഭൂമി ശാസ്ത്രീയമായി നിര്‍ണ്ണയിക്കുകയും അതിനെ തന്ത്രപ്രധാനമായി വികസിപ്പിക്കുകയും ചെയ്യും. ഓരോ തുള്ളി ജലവും അമൂല്യമാണ്‌. ജലസംരക്ഷണത്തിന്‌ എന്റെ സര്‍ക്കാര്‍ അതീവ പ്രാധാന്യം നല്‍കും. എല്ലാ കൃഷിയിടത്തിലും വെള്ളം(ഹര്‍ ഖേത്ത്‌ കോ പാനി) എന്ന മുദ്രാവാക്യം ഉയര്‍ത്തി 'പ്രധാന്‍ മന്ത്രി കൃഷി സിന്‍ചായേ യോജന' നടപ്പാക്കുകയും മുടങ്ങിക്കിടക്കുന്ന ജലസേചന പദ്ധതികള്‍ മുന്‍ഗണനാ അടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കുകയും ചെയ്യും. വെള്ളപ്പൊക്കവും വരള്‍ച്ചയും തടയുന്നതിനായും ജലവിഭവങ്ങളുടെ പരമാവധി ഉപയോഗം ഉറപ്പാക്കുന്നതിനായും നദികളെ ബന്ധിപ്പിക്കുന്ന പദ്ധതികള്‍ ഗൗരവമായി പരിഗണിക്കേണ്ടതുണ്ട്‌. ജല്‍ സഞ്ചയ്‌, ജല്‍ സിന്‍ചാന്‍ എന്നീ പദ്ധതികളിലൂടെ മഴവെള്ളക്കൊയ്ത്തും ജലസംരക്ഷണവും ഭൂജല സമ്പുഷ്ടീകരണവും ഉറപ്പാക്കും. ഓരോ തുള്ളിക്കും അധിക കൃഷി(പര്‍ ഡ്രോപ്പ്‌, മോര്‍ ക്രോപ്പ്‌) ഉറപ്പാക്കാന്‍ മൈക്രോ ഇറിഗേഷന്‍ ജനകീയമാക്കും.
ലോകത്തെ ഏറ്റവും പുരാതന സംസ്കാരങ്ങളിലൊന്നാണ്‌ ഇന്ത്യ. ഏറ്റവുമധികം യുവജനങ്ങളുള്ള രാജ്യം കൂടിയാണ്‌ ഇന്ത്യയിന്ന്‌. ശരിയായ വിദ്യാഭ്യാസത്തിലൂടെയും, നൈപുണ്യ വികസനത്തിലൂടെയും അവസരങ്ങള്‍ ഒരുക്കുന്നതിലൂടെയും നമ്മുക്ക്‌ യുവജനങ്ങളെ സജ്ജരാക്കുവാനും ജനസംഖ്യാപരമായ ഈ പ്രത്യേകതയുടെ ഗുണഫലം നേടിയെടുക്കാനും കഴിയും. യുവജന വികസനത്തില്‍ നിന്നും യുവജനങ്ങള്‍ നേതൃത്വം നല്‍കുന്ന വികസനം എന്ന മാറ്റത്തിന്‌ എന്റെ സര്‍ക്കാര്‍ പ്രാധാന്യം നല്‍കും. വന്‍തോതില്‍ ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്സുകളും വിര്‍ച്വല്‍ ക്ലാസ്‌ റൂമുകളും ആരംഭിക്കും. നിലവാരം, ഗവേഷണം, നൂതനാശയങ്ങള്‍ എന്നിവയിലുള്ള വെല്ലുവിളികള്‍ നേരിടാന്‍ കഴിയുംവിധത്തിലുള്ള ദേശീയ വിദ്യാഭ്യാസ നയം രൂപീകരിക്കും. എല്ലാ സംസ്ഥാനങ്ങളിലും ഐഐടികളും ഐഐഎമ്മുകളും സ്ഥാപിക്കും. 'ഹര്‍ ഹാഥ്‌ കോ ഹുനാര്‍' എന്ന മുദ്രാവാക്യത്തിലൂടെ അടിസ്ഥാന വിദ്യാഭ്യാസത്തിനും നൈപുണ്യവികസനത്തിനും ഇടയിലെ അതിര്‍വരമ്പുകള്‍ ലംഘിക്കുകയും തൊഴില്‍പരമായ യോഗ്യതകള്‍ക്ക്‌ അക്കാദമിക തുല്യത നല്‍കാനുള്ള സംവിധാനം രൂപപ്പെടുത്തുകയും ചെയ്യും. സ്കില്‍ഡ്‌ ഇന്ത്യ എന്ന ലക്ഷ്യം നേടാനായി ദേശീയ മള്‍ട്ടി-സ്കില്‍ മിഷനും ഗവണ്‍മെന്റ്‌ തുടക്കമിടും.
കുട്ടികളെയും യുവാക്കളെയും സൃഷ്ടിപരമായി വികസിപ്പിക്കുന്നതിനും ആരോഗ്യമുള്ളവരാക്കുന്നതിനും അവര്‍ക്ക്‌ വിനോദത്തിനുള്ള വേദികള്‍ ആവശ്യമാണ്‌. അതിനായി സര്‍ക്കാര്‍ നാഷണല്‍ സ്പോര്‍ട്സ്‌ ടാലന്റ്‌ സേര്‍ച്ച്‌ സംവിധാനം ആരംഭിക്കും. ഇന്ത്യന്‍ കായിക വിനോദങ്ങളുടെ, പ്രത്യേകിച്ച്‌ ഗ്രാമീണ കായിക വിനോദങ്ങളുടെ വികസനം പ്രോത്സാഹിപ്പിക്കും. സ്കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കിയും വിദ്യാഭ്യാസ ഇളവുകള്‍ അനുവദിച്ചും കായികരംഗത്തെ ജനകീയമാക്കും. എല്ലാവര്‍ക്കും ലഭ്യമാകുന്നതും താങ്ങാനാകുന്നതും പ്രയോജനപ്രദവുമായ ആരോഗ്യസംരക്ഷണ സംവിധാനം നമ്മുടെ രാജ്യം രൂപപ്പെടുത്തേണ്ടതുണ്ട്‌. ഇതു നേടിയെടുക്കാനായി പുതിയ ആരോഗ്യ നയം രൂപീകരിക്കുകയും ദേശീയ ആരോഗ്യം ഉറപ്പാക്കല്‍ പദ്ധതി നടപ്പാക്കുകയും ചെയ്യും. യോഗ, ആയുഷ്‌ എന്നിവയെ പ്രോത്സാപിക്കും. ആരോഗ്യ രംഗത്തെ വിദഗ്ധരുടെ കുറവ്‌ നികത്താനായി ആരോഗ്യ വിദ്യാഭ്യാസവും പരിശീലനവും ആവിഷ്കരിക്കും. എയിംസ്‌ പോലുള്ള സ്ഥാപനങ്ങള്‍ എല്ലാ സംസ്ഥാനങ്ങളിലും ഘട്ടം ഘട്ടമായി സ്ഥാപിക്കും.
ശൗചാലയങ്ങള്‍ ഇല്ലാത്ത വീടുകളും മാലിന്യങ്ങള്‍ നിറഞ്ഞ പൊതുസ്ഥലങ്ങളും നാം ഇനിയും വച്ചുപൊറുപ്പിക്കില്ല. ശുചിത്വം ഉറപ്പാക്കാനായി 'സ്വച്ഛ്‌ ഭാരത്‌ മിഷന്‍' എന്ന പേരില്‍ മാലിന്യ സംസ്കരണ, ശുചിത്വ പദ്ധതി നടപ്പാക്കും. മഹാത്മാ ഗാന്ധിക്ക്‌ അദ്ദേഹത്തിന്റെ 150-ാ‍ം ജന്മവാര്‍ഷികമായ 2019ല്‍ ഞങ്ങള്‍ നല്‍കുന്ന ഉപഹാരമാകുമിത്‌.
പട്ടികജാതി, പട്ടികവര്‍ഗ്ഗ, മറ്റു പിന്നാക്ക ദുര്‍ബല വിഭാഗങ്ങള്‍ എന്നിവരുടെ ക്ഷേമം ലക്ഷ്യമാക്കി വിദ്യാഭ്യാസ, ആരോഗ്യ, ഉപജീവന രംഗങ്ങളില്‍ തുല്യാവസരങ്ങള്‍ ഉറപ്പാക്കും. ഉയര്‍ന്നുവരുന്ന അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ പട്ടികജാതി, പട്ടികവര്‍ഗ്ഗ, മറ്റു പിന്നാക്ക വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക്‌ കഴിയുന്നുണ്ടെന്ന്‌ ഗവണ്‍മെന്റ്‌ ഉറപ്പുവരുത്തും. പട്ടികവര്‍ഗ്ഗക്കാര്‍ക്കായി 'വന ബന്ധു കല്യാണ്‍ യോജന' നടപ്പാക്കും. ആദിവാസി കുടികളില്‍ വൈദ്യുതീകരണം നടപ്പാക്കുകയും ഈ മേഖലകളില്‍ റോഡുകള്‍ നിര്‍മ്മിക്കുകയും ചെയ്യും.
സ്വാതന്ത്ര്യം കിട്ടി ദശാബ്ദങ്ങള്‍ക്ക്‌ ശേഷവും ന്യൂനപക്ഷ വിഭാഗങ്ങള്‍ ദാരിദ്രത്തില്‍ തന്നെ തുടരുന്നുവെന്നതും സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികളുടെ ഗുണഫലങ്ങള്‍ അവര്‍ക്ക്‌ ലഭിക്കുന്നില്ല എന്നതും നിര്‍ഭാഗ്യകരമാണ്‌. ന്യൂനപക്ഷങ്ങളെയും ഇന്ത്യയുടെ അഭിവൃദ്ധിയുടെ തുല്യപങ്കാളികളാക്കാന്‍ എന്റെ ഗവണ്‍മെന്റ്‌ പ്രതിജ്ഞാബദ്ധമാണ്‌. ആധുനിക വിദ്യാഭ്യാസവും സാങ്കേതിക വിദ്യാഭ്യാസവും ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ ഗവണ്‍മെന്റ്‌ സ്വീകരിക്കുകയും ദേശീയ മദ്രസാ ആധുനീകരണ പദ്ധതി ആരംഭിക്കുകയും ചെയ്യും.
ഭിന്നശേഷിയുള്ള ജനങ്ങളുടെ ക്ഷേമവും പുനരധിവാസവും സര്‍ക്കാരിന്റെ കാഴ്ചപ്പാടില്‍ പ്രധാനമാണ്‌. അന്തസ്സുള്ള ജീവിതം നയിക്കാനും, ജീവിതത്തിന്റെ വിവിധ രംഗങ്ങളില്‍ അവരെ പങ്കാളികളാക്കാനുമുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും. അവരുടെ പ്രത്യേക ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ്‌, സ്ഥാപനങ്ങള്‍ മുഖേനയുള്ള പരിചരണം അവര്‍ക്ക്‌ ലഭ്യമാക്കും.
സമൂഹത്തിന്റെ വികസനത്തിലും ദേശീയ വളര്‍ച്ചയിലും സ്ത്രീകള്‍ വഹിക്കുന്ന സുപ്രധാന പങ്ക്‌ എന്റെ സര്‍ക്കാര്‍ അംഗീകരിക്കുന്നു. സംസ്ഥാനങ്ങളിലെ നിയമനിര്‍മാണസഭകളിലും പാര്‍ലമെന്റിലും 33 ശതമാനം സംവരണം സ്ത്രികള്‍ക്ക്‌ നല്‍കാന്‍ എന്റെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്‌. പെണ്‍കുട്ടികളെ സംരക്ഷിക്കുന്നതിനും അവര്‍ക്ക്‌ വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനും എന്റെ സര്‍ക്കാര്‍ 'ബേട്ടി ബചാവോ, ബേട്ടി പഥാവോ' എന്ന പേരില്‍ ബഹുജന പ്രചാരണ പരിപാടികള്‍ ആരംഭിക്കും. സംസ്ഥാനങ്ങള്‍ നടപ്പാക്കിയിട്ടുള്ള മികച്ച രീതികള്‍ സംയോജിപ്പിച്ച്‌ സമഗ്ര പദ്ധതി ഇതിനായി തയ്യാറാക്കും. സ്ത്രീകള്‍ക്ക്‌ നേരെയുള്ള ക്രൂരമായ നിരവധി അതിക്രമങ്ങള്‍ക്ക്‌ അടുത്ത കാലത്ത്‌ രാജ്യം സാക്ഷിയായി. സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങളോട്‌ സഹിഷ്ണുത ഒട്ടുമില്ലാത്ത നയം സര്‍ക്കാര്‍ സ്വീകരിക്കുകയും അത്‌ നടപ്പാക്കാനായി നീതിന്യായ വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ചെയ്യും.
ഇന്ത്യയ്ക്ക്‌ ഒരു ഫെഡറല്‍ ഭരണസംവിധാനമാണുള്ളത്‌. എന്നാല്‍ ഈ ഫെഡറല്‍ സ്വഭാവത്തില്‍ കാലക്രമത്തില്‍ വെള്ളം ചേര്‍ക്കപ്പെട്ടിട്ടുണ്ട്‌. സംസ്ഥാനങ്ങളും കേന്ദ്രവും ഒത്തൊരുമിച്ച്‌ ഒരു ടീം ഇന്ത്യയായി പ്രവര്‍ത്തിക്കണം. ദേശീയ വിഷയങ്ങളില്‍ സംസ്ഥാനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിന്‌ ദേശീയ വികസന കൗണ്‍സില്‍, അന്തര്‍ സംസ്ഥാന കൗണ്‍സില്‍ പോലുള്ള സംവിധാനങ്ങള്‍ എന്റെ സര്‍ക്കാര്‍ പുനരുജ്ജീവിപ്പിക്കും. സഹകരണ ഫെഡറലിസത്തിലൂടെ സംസ്ഥാനങ്ങളുടെ ദ്രുതപുരോഗതി കേന്ദ്രം സാധ്യമാക്കും. തീരദേശ, മലമ്പ്രദേശ, മരുഭൂമി പ്രദേശങ്ങളുടെ പ്രത്യേകാവശ്യങ്ങളും പ്രശ്നങ്ങളും കണക്കിലെടുത്തുകൊണ്ട്‌ ഓരോ സംസ്ഥാനത്തിനും പ്രത്യേകമായ വികസന മാതൃകകള്‍ വികസിപ്പിക്കും. ഭൗതിക, സാമൂഹിക ചുറ്റുപാടില്‍ ഇന്ത്യയുടെ പടിഞ്ഞാറന്‍ മേഖലകളുടെ ഒപ്പം കിഴക്കന്‍ മേഖലകളെ എത്തിക്കുന്നതിന്‌ പ്രഥമ പരിഗണന നല്‍കും. ആന്ധ്രാ പ്രദേശിന്റെയും തെലങ്കാനയുടെയും വികസനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും എന്റെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്‌. വടക്കുകിഴക്കന്‍ പ്രദേശത്തെയും ജമ്മു കാശ്മീരിലെയും അതിര്‍ത്തി വികസനവും പ്രദേശങ്ങള്‍ തമ്മിലുള്ള ബന്ധവും മെച്ചപ്പെടുത്തുന്നതിന്‌ സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കും. വടക്കു കിഴക്കന്‍ മേഖലയിലെ അതിര്‍ത്തിക്ക്‌ അപ്പുറത്തു നിന്നുള്ള നുഴഞ്ഞുകയറ്റവും അനധികൃത കുടിയേറ്റവും നേരിടും. തങ്ങളുടെ പൂര്‍വികരുടെ മണ്ണിലേക്ക്‌ അന്തസ്സോടെ കാശ്മീരി പണ്ഡിറ്റുകളെ മടക്കിക്കൊണ്ടുവരികയും അവരുടെ സുരക്ഷയും ഉപജീവനവും ഉറപ്പാക്കുകയും ചെയ്യും.
സംശുദ്ധവും കാര്യക്ഷമവുമായ ഭരണസംവിധാനം ഒരുക്കാന്‍ എന്റെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്‌. അഴിമതിയെ തടയാന്‍ ലോക്പാല്‍ സംവിധാനം പ്രധാനമാണ്‌. ലോക്പാല്‍ നിയമത്തിന്‌ അനുസൃതമായി ചട്ടങ്ങള്‍ നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ പ്രയത്നിക്കും. ഉദ്യോഗസ്ഥഭരണ സംവിധാനത്തിന്റെ ആത്മവിശ്വാസവും ആത്മവീര്യവും ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനോടൊപ്പം നൂതനമായ ആശയങ്ങള്‍ സ്വാഗതം ചെയ്യുകയും അവര്‍ക്ക്‌ സ്വാതന്ത്ര്യത്തോടെ ജോലി ചെയ്യാനുള്ള അവസ്ഥ സംജാതമാക്കുകയും ചെയ്യും. സുതാര്യമായ സംവിധാനമൊരുക്കി സര്‍ക്കാര്‍ സേവനങ്ങള്‍ സമയബന്ധിതമായി ജനങ്ങളിലെത്തിക്കാനുള്ള നടപടിയെടുക്കും. അഴിമതി രഹിതവും ജനസൗഹൃദവും ഉത്തരവാദിത്വപൂര്‍ണ്ണവുമാക്കിക്കൊണ്ട്‌ സര്‍ക്കാര്‍ സംവിധാനങ്ങളെയും പ്രക്രിയകളെയും പരിഷ്ക്കരിക്കും. കാലഹരണപ്പെട്ട നിയമങ്ങളും നിയന്ത്രണങ്ങളും ഭരണസംവിധാനവും നടപടിക്രമങ്ങളും ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ പ്രയ്തിനിക്കും. മന്ത്രാലയങ്ങളും വകുപ്പുകളും ലയിപ്പിച്ച്‌ പാഴ്ചെലവുകള്‍ നിയന്ത്രിക്കാന്‍ ശ്രമിക്കും. സര്‍ക്കാര്‍ റെക്കോര്‍ഡുകള്‍ ഡിജിറ്റലാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും.
ശാക്തീകരണവും നീതിയും കാര്യക്ഷമതയും ഉറപ്പുവരുത്തുന്നതാണ്‌ ഇ-ഗവേണന്‍സ്‌. ജനങ്ങളുടെ ജീവിതങ്ങളെ മാറ്റിമറിക്കാനുള്ള ശക്തി അതിനുണ്ട്‌. എന്റെ സര്‍ക്കാരിന്റെ പുതുപ്രവര്‍ത്തന പദ്ധതിയുടെ നട്ടെല്ല്‌ ഡിജിറ്റല്‍ ഇന്ത്യയായിരിക്കും. സേവനങ്ങള്‍ എത്തിക്കുന്നതിനും പദ്ധതികള്‍ നടപ്പാക്കുന്നതിനും സര്‍ക്കാര്‍ പ്രക്രിയയെ നവീകരിക്കുന്നതിന്‌ വിവരസാങ്കേതിക വിദ്യ ഉപയോഗിക്കും. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ പ്രധാനപ്പെട്ട പൊതുസ്ഥലങ്ങള്‍ വൈ-ഫൈ സോണുകളാക്കി മാറ്റും. ഓരോ ഗ്രാമത്തിലും ബ്രോഡ്ബാന്‍ഡ്‌ ഇന്റര്‍നെറ്റ്‌ എത്തിക്കുന്നതിനും എല്ലാ സ്കൂളുകളിലും ഇ-സൗകര്യം ഘട്ടം ഘട്ടമായി എത്തിക്കുന്നതിനും സര്‍ക്കാര്‍ യത്നിക്കും. അറിവില്‍ അധിഷ്ഠിതമായ ഒരു സമൂഹത്തിനായി നമ്മുടെ കുട്ടികളെ ഒരുക്കിയെടുക്കാന്‍ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തും. കേന്ദ്രതലം മുതല്‍ പഞ്ചായത്ത്‌ വരെ എല്ലാ ഗവണ്‍മെന്റ്‌ ഓഫീസിനെയും ദേശീയ ഇ-ഗവേണന്‍സ്‌ പദ്ധതിയുടെ പരിധിയില്‍ കൊണ്ടുവരും. നിയമനിര്‍മ്മാണത്തിലും ഭരണത്തിലും ജനങ്ങളെ നേരിട്ട്‌ പങ്കാളികളാക്കുന്ന പങ്കാളിത്ത ഭരണത്തിനൊരു ഉപകരണമായി പുതുസാങ്കേതങ്ങളായ സോഷ്യല്‍ മീഡിയകളെ ഉപയോഗപ്പെടുത്തും.
അഴിമതിയുടെയും കള്ളപ്പണത്തിന്റെയും വിപത്തില്‍ നിന്ന്‌ രാജ്യത്തെ രക്ഷിച്ചെടുക്കാനുള്ള ദൃഢനിശ്ചയത്തിലാണ്‌ എന്റെ സര്‍ക്കാര്‍. ഇതിന്റെ ആദ്യപടിയായി പ്രത്യേക അന്വേഷണ സംഘത്തിന്‌ രൂപം നല്‍കി കഴിഞ്ഞു. വിദേശ രാജ്യങ്ങളുമായി ചര്‍ച്ച ചെയ്ത്‌ ഇതിന്റെ തുടര്‍നടപടികള്‍ സ്വീകരിക്കും. നീതിന്യായ വ്യവസ്ഥയിലെ കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കുന്നതിന്‌ ബഹുമുഖമായ സമീപനം എന്റെ സര്‍ക്കാര്‍ സ്വീകരിക്കും. കോടതികളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന്‌ അവയെ ആധുനീകരിക്കുകയും ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയുടെ പരിഷ്കരണത്തിന്‌ തുടക്കമിടുകയും ചെയ്യും. നീതിന്യായ വ്യവസ്ഥയിലെ വിവിധ ജോലികളിലെ ഒഴിവുകള്‍ നികത്തുന്നതിനും കോടതികളുടെയും ജഡ്ജിമാരുടെയും എണ്ണം ഇരട്ടിയാക്കുന്നതിനും നടപടികള്‍ ഘട്ടം ഘട്ടമായി സ്വീകരിക്കും. ഇതര തര്‍ക്ക പരിഹാര സംവിധാനങ്ങളുടെ വികസനത്തിനും സര്‍ക്കാര്‍ പ്രത്യേക ഊന്നല്‍ നല്‍കും.
സാമ്പത്തിക രംഗത്ത്‌ ഒരു ദുര്‍ഘടഘട്ടത്തിലൂടെയാണ്‌ നാം കടന്നു പോയ്ക്കോണ്ടിരിക്കുന്നത്‌. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ നമ്മുടെ ജിഡിപി വളര്‍ച്ച അഞ്ച്‌ ശതമാനത്തില്‍ താഴെയായിരുന്നു. നികുതി ശേഖരണത്തിലും ഇടിവുണ്ടായിട്ടുണ്ട്‌. വിലക്കയറ്റം അംഗീകരിക്കാന്‍ വയ്യാത്ത നിലയില്‍ തുടരുന്നു. ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ വീണ്ടും വളര്‍ച്ചയുടെ പാതയിലെത്തിക്കുക എന്നതാണ്‌ സര്‍ക്കാരിന്റെ പ്രഥമ ദൗത്യം. ഉയര്‍ന്ന വളര്‍ച്ചാ പാതയിലേക്ക്‌ രാജ്യത്തെ തിരിച്ചെത്തിക്കാനും പണപ്പെരുപ്പ നിരക്ക്‌ നിയന്ത്രിക്കാനും നിക്ഷേപം വര്‍ദ്ധിപ്പിച്ച്‌ തൊഴില്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കാനും ആഭ്യന്തര, രാജ്യാന്തര സമൂഹത്തില്‍ ആത്മവിശ്വാസം പുനസ്ഥാപിക്കാനും നാം ഒത്തൊരുമിച്ച്‌ പ്രവര്‍ത്തിക്കണം.
എന്റെ സര്‍ക്കാര്‍ സുതാര്യവും ഉചിതവുമായ നയങ്ങളുടെ ഒരു അന്തരീക്ഷം സൃഷ്ടിക്കും. വളര്‍ച്ചയ്ക്കും നിക്ഷേപത്തിനും സംരംഭങ്ങള്‍ക്കും യോജിച്ച യുക്തിപൂര്‍ണ്ണവും ലളിതവുമായ നികുതിവ്യവസ്ഥ കൊണ്ടുവരും. സംസ്ഥാനങ്ങളുടെ ഉത്ക്കണ്ഠ പരിഗണിക്കുന്നതോടൊപ്പം ചരക്ക്‌ - സേവന നികുതി നടപ്പില്‍ വരുത്താനുള്ള എല്ലാ ഉദ്യമങ്ങളും സ്വീകരിക്കും. വ്യാപാരത്തിനുള്ള സൗകര്യം വര്‍ദ്ധിപ്പിക്കാന്‍ പരിഷ്ക്കരണങ്ങള്‍ നടപ്പാക്കും. തൊഴിലും ആസ്തിയും വര്‍ദ്ധിപ്പിക്കുന്ന മേഖലകളില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം അടക്കമുള്ള നിക്ഷേപങ്ങളെ സ്വാഗതം ചെയ്യുന്ന നയമാണ്‌ എന്റെ സര്‍ക്കാര്‍ പിന്തുടരുക.
നിര്‍മ്മാണ മേഖലയില്‍ ദ്രുതഗതിയില്‍ തൊഴില്‍ സൃഷ്ടിക്കുന്നതിനു വേണ്ടി തൊഴിലാളികളെ കൂടുതലായി ഉള്‍ക്കൊള്ളിക്കാവുന്നവിധത്തിലുള്ള തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കും. വിനോദസഞ്ചാരവും കാര്‍ഷികവൃത്തിയുമായി ബന്ധപ്പെട്ട വ്യവസായങ്ങള്‍ കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതിലൂടെ തൊഴില്‍ മേഖലകളും കൂടുതല്‍ വിപുലമാകും. എന്റെ സര്‍ക്കാര്‍ എംപ്ലോയ്മെന്റ്‌ എക്സ്ചേഞ്ചുകളെ കരിയര്‍ സെന്റേഴ്സായി രൂപാന്തരപ്പെടുത്തും. സാങ്കേതിക വിദ്യയുടെ ഉപയോഗത്തിലൂടെയും കൗണ്‍സിലിംഗിലൂടെയും പരിശീലനത്തിലൂടെയും നമ്മുടെ യുവതലമുറയ്ക്ക്‌ വേണ്ടി സുതാര്യമായതും ഫലപ്രദമായതുമായ തൊഴില്‍ മേഖലകള്‍ സൃഷ്ടിക്കുകയും അതിലൂടെ യുവതലമുറയുമായി ബന്ധപ്പെടുകയും ചെയ്യും. എല്ലാ വിഭാഗത്തില്‍പ്പെട്ട തൊഴിലാളികളുടെയും പെന്‍ഷനും ആരോഗ്യ ഇന്‍ഷുറന്‍സ്‌ സംരക്ഷണവും സര്‍ക്കാര്‍ ശക്തിപ്പെടുത്തും. അതോടൊപ്പം നൂതന സാമ്പത്തിക സമ്പ്രദായങ്ങളുമായി ഇടപഴകുവാന്‍ സൗകര്യം ഒരുക്കുകയും ചെയ്യും.
വൈദഗ്ധ്യത്തിന്റെയും, മാനദണ്ഡങ്ങളുടെയും, വേഗതയുടെയും പിന്‍ബലത്തോടെ നമുക്ക്‌ നമ്മെത്തന്നെ ആഗോളതലത്തില്‍ മത്സരിക്കുവാന്‍ പ്രാപ്തമായ നിര്‍മ്മാണകേന്ദ്രമാക്കി രൂപാന്തരപ്പെടുത്തണം. ഇതു മുന്നില്‍ക്കണ്ട്‌ സര്‍ക്കാര്‍ പ്രത്യേകമായി, രാജ്യത്ത്‌ ഉടനീളമുള്ള ചരക്ക്‌ ഇടനാഴികളിലും, വ്യാവസായിക ഇടനാഴികളിലും ലോകനിലവാരത്തിലുള്ള നിക്ഷേപങ്ങളും, വ്യവസായ മേഖലകളും സജ്ജീകരിക്കും. ആഭ്യന്തര വ്യവസായങ്ങളെ നവീനരീതികള്‍ പരിപോഷിപ്പിക്കാനും അന്താരാഷ്ട്രതലത്തില്‍ സഹകരിക്കുവാനും എന്റെ ഗവണ്‍മെന്റ്‌ പ്രോത്സാഹനം നല്‍കും. ഹബ്‌-സ്പോക്ക്‌ മാതൃക പോലെ, കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ഏകജാലക സംവിധാനത്തിലൂടെ കാര്യങ്ങള്‍ സുഗമമാക്കുന്ന രീതിയിലേക്ക്‌ എത്തിച്ചേരുവാന്‍ ശ്രമിക്കും.
ആഗോള വ്യാപാരത്തില്‍ നമ്മുടെ പങ്ക്‌ ശക്തിപ്പെടുത്താന്‍ നടപടിക്രമങ്ങള്‍ ലഘൂകരിക്കും. ഇടപാടുകള്‍ക്കുള്ള സമയവും ചെലവും കുറയ്ക്കും. ചെറുകിട വ്യവസായങ്ങള്‍ക്കും കരകൗശല മേഖലയ്ക്കും സാങ്കേതിക വൈദഗ്ദ്യവും നിക്ഷേപ പിന്തുണയും നല്‍കും. ഈ മേഖലയുടെ കയറ്റുമതി സാധ്യതകള്‍ പരിപോഷിപ്പിക്കും. നെയ്ത്തുകാരുടെ തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ സാധ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്യും. സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ മേഖലയെ അവലോകനം ചെയ്യുവാനായി ഒരു പ്രത്യേക ദൗത്യസേനയെ നിയോഗിക്കും.
ശക്തമായ അടിസ്ഥാനസൗകര്യങ്ങള്‍ ഇല്ലാത്തതാണ്‌ ഇന്ത്യയുടെ ഒരു പ്രധാന പ്രതിസന്ധി. അടുത്ത 10 വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ ഉല്‍ക്കര്‍ഷേച്ഛയുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതി നടപ്പാക്കും. നിക്ഷേപ സൗഹൃദവും ദീര്‍ഘദര്‍ശനവുമുള്ള പൊതു-സ്വകാര്യ പങ്കാളിത്ത രീതി ശീഘ്രഗതിയില്‍ നടപ്പാക്കും. അടിസ്ഥാന സൗകര്യവികസനത്തില്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യം അര്‍ഹിക്കുന്നത്‌ റെയില്‍വേയുടെ ആധുനീകരണമാണ്‌. അതിവേഗ ട്രെയിനുകളുടെ ഡയമണ്ട്‌ ക്വാഡ്രിലാറ്ററല്‍ പദ്ധതി എന്റെ സര്‍ക്കാര്‍ തുടങ്ങും. വേഗത്തില്‍ നശിക്കുന്ന കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ ചരക്കുഗതാഗതത്തിനായും റെയില്‍വേ ഇടനാഴിയുടെ ഒരു ശൃംഖല രൂപീകരിക്കും. നവീനരീതിയിലുള്ള ധനവിനിമയത്തിലൂടെ റെയില്‍വേ നിക്ഷേപം വര്‍ദ്ധിപ്പിക്കും. കുന്നിന്‍ പ്രദേശങ്ങളിലും ഉയര്‍ന്ന പ്രദേശങ്ങളിലും വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളിലും റെയില്‍ വികസനവും റെയില്‍വേ സുരക്ഷാ സംവിധാനങ്ങളുടെ ആധുനികവല്‍ക്കരണവും പ്രാധാന്യമര്‍ഹിക്കുന്നു.
റെയില്‍വേയുടെ ഉയര്‍ന്ന സമ്പ്രദായങ്ങളുടെ തദ്ദേശീയമായ ഉല്‍പ്പാദനവും ഗവേഷണവും പ്രോത്സാഹിപ്പിക്കും. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മുടങ്ങിക്കിടന്ന നാഷണല്‍ ഹൈവേയുടെ പദ്ധതികള്‍ ആരംഭിക്കുകയും സമയബന്ധിതമായി മുഴുമുപ്പിക്കുകയും ചെയ്യും. ചെറിയ ടൗണുകളെ ബന്ധിപ്പിക്കുന്നതിനു വേണ്ടിയുള്ള വിമാനത്താവളങ്ങള്‍ കുറഞ്ഞ ചെലവില്‍ വികസിപ്പിക്കും. സര്‍ക്കാര്‍ തുറമുഖങ്ങളെ അടിസ്ഥാനമാക്കിയുള്ള വികസന മാതൃക സൃഷ്ടിക്കും. നമ്മുടെ കടല്‍ത്തീരങ്ങള്‍ ഇന്ത്യയുടെ സമൃദ്ധിയുടെ കവാടങ്ങളാകും. എന്റെ സര്‍ക്കാര്‍ നിലവിലുള്ള തുറമുഖങ്ങള്‍ ആധുനികവല്‍ക്കരിക്കുന്നതോടൊപ്പം ലോകോത്തരമായ പുതിയ തുറമുഖങ്ങളും കൊണ്ടുവരും. സാഗര്‍മാല പദ്ധതിയെ കൂടുതല്‍ കൂട്ടിച്ചേര്‍ത്ത്‌ അടുത്തുകിടക്കുന്ന പ്രദേശങ്ങളെ റോഡ്‌, റെയില്‍ ഗതാഗതം വഴി തുറമുഖങ്ങളുമായി ബന്ധിപ്പിക്കും. ഉള്‍നാടന്‍, തീരദേശ ജലഗതാഗത്തെ വികസിപ്പിക്കും.
ഊര്‍ജ്ജവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങളുടെ വികസനം സാങ്കേതിക വിദ്യ, മാനവ വിഭവ ശേഷി, എന്നിവയുടെ വികസനത്തിനായി ഒരു സര്‍വ്വോന്മുഖ വികസനത്തിനായി ഒരു ദേശീയ ഊര്‍ജ്ജ നയം എന്റെ സര്‍ക്കാര്‍ ആവിഷ്ക്കരിക്കും. പാരമ്പര്യ, പാരമ്പര്യേതര മാര്‍ഗ്ഗങ്ങള്‍ സംയോജിപ്പിച്ചുകൊണ്ട്‌ സുസ്ഥിരമായ ഊര്‍ജ്ജോല്‍പ്പാദനം വര്‍ദ്ധിപ്പിക്കും. ദേശീയ സോളാര്‍ ദൗത്യത്തെ വികസിപ്പിക്കുകയും വീടുകളെ വ്യവസായ ശാലകളും ഗ്യാസ്‌ ഗ്രിഡുകളുമായി ബന്ധിപ്പിക്കുകയും ചെയ്യും. സ്വകാര്യ മേഖലയെ ആകര്‍ഷിക്കുന്ന രീതിയില്‍ കല്‍ക്കരി മേഖലയില്‍ സുതാര്യമായ പരിഷ്ക്കരണങ്ങള്‍ നടപ്പാക്കും. അന്താരാഷ്ട്ര സിവില്‍ ന്യൂക്ലിയര്‍ കരാറുകള്‍ പ്രവര്‍ത്തനക്ഷമമാക്കി സിവിലിയന്‍ ആവശ്യത്തിന്‌ ആണവോര്‍ജ്ജ പദ്ധതികള്‍ നടപ്പിലാക്കുകയും ചെയ്യും.
അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ നഗരങ്ങള്‍ കടുത്ത സമ്മര്‍ദ്ദത്തിലാണ്‌. അടുത്തുതന്നെ ഇന്ത്യന്‍ ജനതയുടെ 50 ശതമാനവും നഗരങ്ങളിലായിരിക്കും താമസിക്കുക. നഗരവല്‍ക്കരണത്തെ വെല്ലുവിളിയേക്കാള്‍ ഒരു അവസരമായിക്കണ്ട്‌ സര്‍ക്കാര്‍ ലോകോത്തര നിലവാരമുള്ള 100 നഗരങ്ങള്‍ സൃഷ്ടിക്കും. ശുചിത്വത്തിന്‌ പ്രാധാന്യം നല്‍കുന്ന സംയോജിത അടിസ്ഥാന വികസന പദ്ധതികള്‍ ഈ മാതൃകാ നഗരങ്ങളിലുണ്ടാകും. സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ രാജ്യത്തെ ഓരോ കുടുംബത്തിനും ജലലഭ്യത, ടോയ്‌ലെറ്റ്‌ സൗകര്യം, 24 മണിക്കൂറും വൈദ്യുതി എന്നിവയോടു കൂടിയ സ്വന്തമായ ഭവനം ഉറപ്പുവരുത്തും.
രാജ്യത്തെ ഉയര്‍ന്ന വളര്‍ച്ചാ നിരക്കിലെത്തിക്കുന്നതോടൊപ്പം ആസൂത്രണത്തില്‍ സുസ്ഥിരതയും എന്റെ സര്‍ക്കാര്‍ ഉറപ്പുവരുത്തും. വികസനത്തോടൊപ്പം പ്രകൃതി സംരക്ഷണവും മുന്നോട്ട്‌ കൊണ്ടുപോകാനാവുമെന്ന്‌ എന്റെ ഗവണ്‍മെന്റ്‌ വിശ്വസിക്കുന്നു. പാരിസ്ഥിതിക-വന അനുമതി നല്‍കുന്നത്‌ സമയബന്ധിതവും സുതാര്യവുമാക്കും. വനവല്‍ക്കരണവും മാറ്റിപ്പാര്‍പ്പിക്കപ്പെട്ട സമൂഹങ്ങളുടെ പുനരധിവാസവും ഉറപ്പാക്കും. നഗരങ്ങളിലെ മലിനീകരണം കുറയ്ക്കുവാന്‍ ശുദ്ധ ഇന്ധനങ്ങളുടെ ഉപഭോഗം പ്രോത്സാഹിപ്പിക്കും. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്നുള്ള വെല്ലുവിളികള്‍ നേരിടാനും പദ്ധതികള്‍ ആവിഷ്ക്കരിക്കാന്‍ അന്താരാഷ്ട്ര സമൂഹത്തോടൊപ്പം പ്രവര്‍ത്തിക്കും. ഹിമാലയന്‍ പരിസ്ഥിതി സംരക്ഷിക്കുക എന്നത്‌ ഗവണ്‍മെന്റിന്റെ മുന്‍ഗണനാ വിഷയമാണ്‌. ഹിമാലയത്തിന്‌ വേണ്ടിയുള്ള ദേശീയ മിഷന്‍ നടപ്പാക്കും.
ഈ അടുത്ത കാലയളവില്‍ നമ്മുടെ വിലപ്പെട്ട പ്രകൃതിവിഭവങ്ങള്‍ കൊണ്ടുള്ള ഊര്‍ജ്ജ വിതരണത്തില്‍ സുപ്രധാനമായ തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്‌. കല്‍ക്കരി, ധാതുക്കള്‍, സ്പെക്ട്രം തുടങ്ങി തന്ത്രപ്രധാനങ്ങളായ പ്രകൃതി വിഭവങ്ങളുടെ വിതരണത്തില്‍ സര്‍ക്കാര്‍ സുതാര്യമായ നയപരിപാടികള്‍ ആവിഷ്ക്കരിക്കും. ഗംഗാനദി നമ്മുടെ രാജ്യത്തിന്റെ മഹത്തായ സാംസ്കാരിക പൈതൃകത്തിന്റെ ഭാഗവും ആരാധനാ മൂര്‍ത്തിയും ദശലക്ഷക്കണക്കിനാളുകളുടെ ജീവിതരേഖയുമാണ്‌. എന്നിരിന്നിട്ടും ഗംഗാനദി ഇപ്പോഴും മാലിന്യവല്‍ക്കരിക്കപ്പെടുകയും പല കൈവഴികളും ഊഷരമാവുകയും ചെയ്തു. നമ്മുടെ സര്‍ക്കാര്‍ ഗംഗയുടെ പരിശുദ്ധി ഉറപ്പുവരുത്താന്‍ ആവശ്യമായ നടപടികള്‍ ഏറ്റെടുക്കും.
നമ്മുടെ രാജ്യത്തിന്റെ സാംസ്കാരിക പൈതൃകം കുടികൊള്ളുന്നത്‌ നാനാത്വത്തില്‍ ഏകത്വം എന്ന ആശയത്തിന്റെ അടിസ്ഥാനത്തിലാണ്‌. ഇന്ത്യന്‍ ഭാഷകള്‍ നമ്മുടെ മഹത്തായ സാഹിത്യം, സംസ്ക്കാരം, ചരിത്രം, കല തുടങ്ങിയവയുടെ പ്രതീകങ്ങളാണ്‌. എന്റെ സര്‍ക്കാര്‍ വിവിധ ഭാഷകളിലെ ക്ലാസിക്‌ സാഹിത്യങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി ഇ-ഭാഷ എന്ന ദേശീയ സംരംഭം തുടങ്ങാന്‍ ഉദ്ദേശിക്കുന്നു.
ദേശീയ, സാംസ്കാരിക കേന്ദ്രങ്ങളുടെ പുനരുദ്ധാരണത്തിനും പുന:സ്ഥാപനത്തിനുമായി എന്റെ സര്‍ക്കാര്‍ വേണ്ട സഹായങ്ങള്‍ പ്രദാനം ചെയ്യും. ശ്രദ്ധിക്കപ്പെടാതെ കിടക്കുന്ന ടൂറിസ്റ്റ്‌ കേന്ദ്രങ്ങളെ ഇന്ത്യയുടെ സാമൂഹ്യ, സാമ്പത്തിക വികസനത്തിന്‌ പ്രത്യേകം സഹായിക്കുന്ന രീതിയില്‍ പരിപോഷിപ്പിക്കും. പ്രത്യേക ആശയങ്ങളെ അടിസ്ഥാനമാക്കി 50 ടൂറിസ്റ്റ്‌ ശ്രൃംഖലകള്‍ക്ക്‌ വേണ്ടിയുള്ള ഒരു പദ്ധതി തുടങ്ങാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു. ആത്മീയ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി നാനാവിശ്വാസികളുടെയും ആത്മീയകേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യവികസനവും സൗന്ദര്യവല്‍ക്കരണവും ദേശീയ മിഷനില്‍ ഉള്‍പ്പെടുത്തും.
ജീവിതഗുണനിലവാരം ഉയര്‍ത്തുന്നതിനായി ശാസ്ത്രസാങ്കേതിക മേഖലയ്ക്കുള്ള പ്രധാന പങ്കിനെ എന്റെ സര്‍ക്കാര്‍ ഉയര്‍ത്തിപ്പിടിക്കും. ശാസ്ത്ര-സാങ്കേതിക രംഗത്തും ഉന്നത ഗവേഷണ രംഗത്തും സ്വദേശീയവും വിദേശീയവുമായ സ്വകാര്യ സംരംഭകരുടെ പങ്കാളിത്തത്തെ പ്രോത്സാഹിപ്പിക്കും. നാനോ ടെക്നോളജി, മെറ്റീരിയല്‍ സയന്‍സ്‌, തോറിയം ടെക്നോളജി, ബ്രെയിന്‍ ഗവേഷണം, സ്റ്റെം സെല്‍സ്‌ തുടങ്ങിയ മേഖലകളില്‍ എന്റെ സര്‍ക്കാര്‍ ലോകോത്തര ഗവേഷണ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കും. ഗ്രാമീണ വികസനത്തിനുള്ള സ്ഥാപനത്തിനും, ഹിമാലയന്‍ പഠനത്തിനുള്ള കേന്ദ്രയൂണിവേഴ്സിറ്റിക്കും സര്‍ക്കാര്‍ തുടക്കമിടും. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയുടെ കാര്യത്തില്‍ സര്‍ക്കാര്‍ പരമാവധി ജാഗ്രത പുലര്‍ത്തും. ഭീകരത, തീവ്രവാദം, കലാപം, കുറ്റകൃത്യങ്ങള്‍ എന്നിവയെ തുടര്‍ന്നും ശക്തമായി നേരിടും. ഭീകരവാദത്തിന്റെ പുതിയ രൂപമായ സൈബര്‍ ഭീഷണി, നാര്‍ക്കോ ടെററിസം എന്നിവയെ ചെറുക്കുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ആധുനികവല്‍ക്കരണവും നടപ്പിലാക്കുന്നതിന്‌ സംസ്ഥാന പോലീസ്‌ സേനകള്‍ക്ക്‌ കേന്ദ്രം സഹായം നല്‍കും. ഇടതുപക്ഷ തീവ്രവാദം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടാനും, വര്‍ഗ്ഗീയ കലാപങ്ങള്‍ ഫലപ്രദമായി ചെറുക്കാനും സംസ്ഥാന സര്‍ക്കാരുകളുമായി ചേര്‍ന്ന്‌ ദേശീയ പദ്ധതി ആവിഷ്ക്കരിക്കും. സായുധ സേനകള്‍ക്ക്‌ ഏറ്റവും മികച്ച സാങ്കേതിക വിദ്യ ലഭ്യമാക്കുന്നതിന്‌ സര്‍ക്കാര്‍ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തും.
പ്രതിരോധ സേനയുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ പരിഷ്ക്കരണങ്ങള്‍ നടപ്പിലാക്കും. സ്വകാര്യ മേഖലയടക്കം ആഭ്യന്തര വ്യവസായങ്ങള്‍ക്ക്‌ പ്രതിരോധ ഉപകരണങ്ങളുടെ നിര്‍മ്മാണത്തിലും രൂപകല്‍പ്പനയിലും പ്രധാന പങ്കാളിത്തം നല്‍കും. പ്രതിരോധ മേഖലയില്‍ സാങ്കേതിക വിദ്യയുടെ കൈമാറ്റത്തിനും നേരിട്ടുള്ള വിദേശ നിക്ഷേപത്തിനും അനുമതി നല്‍കുന്ന വിധത്തില്‍ നയങ്ങള്‍ ഉദാരമാക്കും. ലഭ്യമായ മാനവവിഭവ ശേഷിയുടെ അടിസ്ഥാനത്തില്‍ പ്രതിരോധ മേഖലയിലെ സോഫ്റ്റ്‌വെയര്‍ അടക്കമുള്ള ഉപകരണനിര്‍മ്മാണത്തില്‍ ലോകത്തെ മുന്‍നിരയിലെത്താനുള്ള കഴിവ്‌ ഇന്ത്യയ്ക്കുണ്ട്‌. ഇതു നമ്മുടെ പ്രതിരോധ മേഖലയെ ശക്തിപ്പെടുത്തുകയും വ്യാവസായിക വികസനത്തിനും കയറ്റുമതിക്കും പ്രോത്സാഹനമേകുകയും ചെയ്യും.
രാജ്യത്തിന്റെ അഭിമാനമാണ്‌ അതിന്റെ സായുധ സേനകള്‍. പ്രൊഫഷണലിസം, സമര്‍പ്പണം, ധീരത എന്നീ മൂല്യങ്ങള്‍കൊണ്ട്‌ രാജ്യത്തെ സേവിക്കുന്ന സായുധ സേന പ്രകൃതിദുരന്തങ്ങളുണ്ടാകുന്ന അവസരത്തില്‍ രക്ഷാപ്രവര്‍ത്തനത്തിലും പ്രധാന പങ്കുവഹിക്കുന്നു. സായുധസേനയെ ആധുനികവല്‍ക്കരിച്ചും, മാനവവിഭവശേഷിയുടെ കുറവ്‌ പരിഹരിച്ചും സേനയെ ശക്തിപ്പെടുത്തും. സമുദ്രസുരക്ഷയുടെ പ്രാധാന്യം കണക്കിലെടുത്ത്‌ സര്‍ക്കാര്‍ ഒരു ദേശീയ മാരിടൈം അതോറിറ്റി രൂപവല്‍ക്കരിക്കും.
നമ്മുടെ ധീരരും ആത്മസമര്‍പ്പണം ചെയ്തവരുമായ പട്ടാളക്കാരുടെ ബാധ്യതകള്‍ തീര്‍ക്കാന്‍ സാധ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്യും. ഇതിനായി സര്‍ക്കാര്‍ വെറ്ററന്‍ കമ്മീഷനെ നിയോഗിക്കും. സൈന്യത്തില്‍ നിന്ന്‌ പിരിഞ്ഞാലും അര്‍ഹമായ പരിഗണന കിട്ടുന്നുണ്ടെന്ന്‌ ഇത്‌ ഉറപ്പുവരുത്തും. ധീരസൈനികരെ അനുസ്മരിക്കാനായി ഒരു ദേശീയ യുദ്ധസ്മാരകം സര്‍ക്കാര്‍ നിര്‍മ്മിക്കും. ഒരു പദവി ഒരു പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കും.
ഇന്ത്യയുടെ വിദേശകാര്യ നയം അയല്‍രാജ്യങ്ങളുമായി സമാധാനവും സൗഹാര്‍ദ്ദപരവുമായ ബന്ധം സ്ഥാപിക്കുന്നതിലാണ്‌ വേരൂന്നിയിരിക്കുന്നത്‌. മറ്റു രാഷ്ട്രങ്ങളുമായുള്ള നമ്മുടെ അന്താരാഷ്ട്ര ബന്ധം ദേശീയ താല്‍പ്പര്യവും മൂല്യങ്ങളും പ്രായോഗികതയും പരസ്പരപ്രയോജനം ചെയ്യുന്നതും വിലയിരുത്തിയാവും. ശക്തവും, സ്വയംപര്യാപ്തവും, ആത്മവിശ്വാസവുമുള്ള ഒരു ഇന്ത്യ കെട്ടിപ്പടുക്കുന്നതിന്‌ എന്റെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്‌. ലോകരാഷ്ട്രങ്ങളുടെ ഇടയ്ക്ക്‌ ഇന്ത്യയ്ക്ക്‌ ശരിയായ ആദരവ്‌ നേടിയെടുക്കും.
മെയ്‌ 26-ന്‌ പുതിയ സര്‍ക്കാര്‍ സ്ഥാനമേല്‍ക്കുന്ന ചടങ്ങിലേക്ക്‌ ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ തലവന്മാരെ ക്ഷണിക്കുക വഴി ധീരവും മാതൃകാപരവുമായ ഒരു നടപടിയാണ്‌ കൈക്കൊണ്ടത്‌. പെട്ടെന്നുള്ള ഞങ്ങളുടെ ക്ഷണം സ്വീകരിച്ചതിന്‌ അവരോട്‌ ഞങ്ങള്‍ക്ക്‌ നന്ദിയുണ്ട്‌. അവരുടെ പങ്കാളിത്തം പ്രത്യേകിച്ച്‌ മൗറീഷ്യസ്‌ പ്രധാനമന്ത്രിയുടെ മഹനീയ സാന്നിദ്ധ്യം ചടങ്ങിന്‌ വര്‍ണ്ണാഭ നല്‍കുക മാത്രമല്ല, മേഖലയിലെ ജനാധിപത്യത്തിന്റെ ആഘോഷവും, പ്രതീക്ഷകളും സ്വപ്നങ്ങളും പ്രതിഫലിപ്പിക്കുകയും ചെയ്തു. ശക്തവും, സമാധാനവും, അയല്‍രാജ്യങ്ങളുമായി സാമ്പത്തികമായി ബന്ധം പുലര്‍ത്തുന്നതുമായ ഒരു സര്‍ക്കാര്‍ കെട്ടിപ്പെടുക്കുന്നതിനും ദക്ഷിണേഷ്യന്‍ മേഖലയുടെ മൊത്തം പുരോഗതിക്കും വികസനത്തിനും എന്റെ സര്‍ക്കാരിനുള്ള പ്രതിബദ്ധതയാണ്‌ ഈ ശ്രമങ്ങള്‍ വ്യക്തമാക്കുന്നത്‌. മേഖലയിലെ രാജ്യങ്ങളുടെ ശക്തമായ കൂട്ടായ്മയായി സാര്‍ക്കിനെ വളര്‍ത്തിയെടുക്കാനും അന്താരാഷ്ട്ര വിഷയങ്ങളില്‍ അഭിപ്രായസമന്വയത്തിനായും ശ്രമം തുടരും.
രാജ്യത്തെ ബാധിക്കുന്ന വിഷയങ്ങള്‍ നയതന്ത്രതലത്തില്‍ ഉന്നയിക്കാന്‍ സര്‍ക്കാര്‍ ഒരിക്കലും മടിക്കില്ല. മേഖലയില്‍ സ്ഥിരതയുണ്ടെങ്കില്‍ മാത്രമേ പുരോഗതി കൈവരിക്കാനാവൂ. സുരക്ഷയും അയല്‍രാജ്യങ്ങളിലേക്ക്‌ ഭീകരത കയറ്റുമതി ചെയ്യുന്നതും പ്രാധാന്യമര്‍ഹിക്കുന്ന കാര്യങ്ങളാണ്‌.
ചൈനയടക്കമുള്ള അയല്‍രാജ്യങ്ങളുമായി സജീവവും തന്ത്രപ്രധാനവുമായ സഹകരണത്തിന്‌ സര്‍ക്കാര്‍ ശ്രമിക്കും. രാജ്യത്ത്‌ ആധുനിക അടിസ്ഥാന സൗകര്യ വികസനത്തിന്‌ ജപ്പാനുമായി ചേര്‍ന്ന്‌ പ്രവര്‍ത്തിക്കും. റഷ്യ ഇന്ത്യയുടെ തന്ത്രപ്രധാനവും പ്രാധാന്യവുമര്‍ഹിക്കുന്ന പങ്കാളിയാണ്‌. റഷ്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്‌ സര്‍ക്കാര്‍ ശ്രമം തുടരും.
അമേരിക്കയുമായുള്ള തന്ത്രപ്രധാനമായ ബന്ധത്തില്‍ ഇന്ത്യ കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി മികച്ച പുരോഗതിയാണ്‌ കൈവരിച്ചിട്ടുള്ളത്‌. വ്യാപാരം, നിക്ഷേപം, ശാസ്ത്രസാങ്കേതികം, ഊര്‍ജ്ജം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ അമേരിക്കയുമായി കൂടുതല്‍ ശക്തമായ ബന്ധത്തിന്‌ ശ്രമിക്കും. യൂറോപ്പ്യന്‍ യൂണിയനുമായും, അതിലെ പ്രധാന അംഗരാജ്യങ്ങളുമായും ബന്ധത്തിന്‌ ശക്തിപകരുവാനുള്ള ശ്രമങ്ങള്‍ ഇന്ത്യയുടെ ഭാഗത്ത്‌ നിന്നുണ്ടാവും.
പാരമ്പര്യം, പ്രതിഭ, ടൂറിസം, വ്യാപാരം, സാങ്കേതിക വിദ്യ എന്നീ അഞ്ച്‌ കാര്യങ്ങളിലൂന്നി പുതിയ ഇന്ത്യയെ കെട്ടിപ്പടുക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കും. ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക, ആത്മീയ പാരമ്പര്യം ഉള്‍ക്കൊണ്ടുകൊണ്ടായിരിക്കും ഇത്‌.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന സജീവവും പ്രതിഭാസമ്പന്നരുമായ ഒരു ഇന്ത്യന്‍ ജനതയുടെ സാന്നിദ്ധ്യം നമുക്ക്‌ അഭിമാനം പകരുന്ന ഒരു ഘടകമാണ്‌. വിവിധ മേഖലകളില്‍ കഴിവ്‌ തെളിയിക്കുകയും ഉന്നത പദവികള്‍ അലങ്കരിക്കുകയും ചെയ്ത്‌ ഇവര്‍ അവരുടെ പ്രദേശങ്ങളെയും കുടുംബങ്ങളെയും സഹായിക്കാന്‍ കഠിനാദ്ധ്വാനം ചെയ്തിട്ടുണ്ട്‌. നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌ 1915-ല്‍ മഹാനായ പ്രവാസി ഭാരതീയന്‍ മഹാത്മാഗാന്ധി രാജ്യത്തിന്റെ വിധി നിര്‍ണ്ണയിക്കുന്നതിന്‌ വേണ്ടി ദക്ഷിണാഫ്രിക്കയില്‍ നിന്ന്‌ നാട്ടിലേക്ക്‌ മടങ്ങി. അടുത്ത പ്രവാസി ഭാരതീയ ദിവസമായ ജനുവരി ഒന്‍പത്‌ 2015 അതുകൊണ്ടുതന്നെ പ്രത്യേക വേളയാണ്‌. എല്ലാ പ്രവാസി ഭാരതീയരുടെയും ദേശീയ വികസനത്തിനുള്ള പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിന്‌ ഗാന്ധിജിയുടെ മടങ്ങിവരവ്‌ ആഘോഷിക്കുന്നതിന്‌ വേളയാകും.
ഇന്ത്യയുടെ ജനങ്ങള്‍ ഒരു നല്ല വിധിയാണ്‌ തന്നിരിക്കുന്നത്‌. അവര്‍ ഒരു സുതാര്യവും കാര്യക്ഷമതയും, സമ്പല്‍സമൃദ്ധിയുമുള്ള ഒരു ഇന്ത്യയെ കാണാന്‍ ആഗ്രഹിക്കുന്നു. അവര്‍ പെട്ടെന്നുള്ള ഫലം പ്രതീക്ഷിക്കുന്നു. അവര്‍ അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയ്ക്ക്‌ ബഹുമാനം പിടിച്ചുപറ്റാനും ആദരിക്കപ്പെടാനും ആഗ്രഹിക്കുന്നു. ഇന്ത്യയുടെ സവിശേഷമായ ജനാധിപത്യം, ജനസംഖ്യ, അവകാശത്തെക്കുറിച്ചുള്ള ബോധം എന്നിവ കാരണം ജനങ്ങളുടെ ആശയാഭിലാഷങ്ങള്‍ നടപ്പില്‍ വരുത്താന്‍ ഇരുത്തം വന്ന തീരുമാനങ്ങളാണ്‌ നമുക്കാവശ്യം. നാം തീര്‍ച്ചയായും ഈ വലിയ പ്രതീക്ഷകള്‍ ഉയര്‍ത്തിപ്പിടിക്കും. ഇന്നുതൊട്ട്‌ 60 മാസത്തിനകം അഭിമാനത്തോടെയും ആത്മവിശ്വാസത്തോടെയും നമുക്ക്‌ പറയാന്‍ കഴിയും നാമത്‌ ചെയ്തു കഴിഞ്ഞെന്ന്‌.

ജയ്‌ ഹിന്ദ്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.