ഓട്ടോ ഡ്രൈവറുടെ സത്യസന്ധതയ്ക്ക്‌ കളക്ടറുടെ കൈത്താങ്ങ്‌

Monday 9 June 2014 10:27 pm IST

കാക്കനാട്‌: കാരുണ്യത്തിന്റെയും സത്യസന്ധതയുടെയും പാത തെരഞ്ഞെടുത്ത മട്ടാഞ്ചേരിയിലെ ഓട്ടോഡ്രൈവര്‍ കൃഷ്ണദാസിനെ അറിയാത്തവര്‍ ആരുമില്ല. തന്റെ ഓട്ടോയല്‍ കയറുന്ന യാത്രക്കാര്‍ മറന്നുവച്ച വിലപിടിപ്പുള്ള വസ്തുക്കള്‍ യഥാര്‍ത്ഥ ഉടമസ്ഥരെ കണ്ടുപിടിച്ച്‌ എത്തിച്ചുകൊടുക്കുന്‌ കൃഷ്ണദാസിന്‌ പക്ഷേ ജീവിതം കൈവിട്ട മട്ടായിരുന്നു. തന്റെ പഴകി ദ്രവിച്ച്‌ പഴക്കം ചെന്ന ഓട്ടോറിക്ഷയുടെ ഓടിക്കാനുള്ള കാലാവധിയും കഴിഞ്ഞിരുന്നു. പുതിയ ഒരെണ്ണം വാങ്ങാന്‍ ലക്ഷങ്ങള്‍ മുടക്കണം.
പറക്കമുറ്റാത്ത മൂന്നു മക്കളും ഭാര്യ സന്ധ്യയോടുമൊപ്പം വാടക വീട്ടിലാണ്‌ കൃഷ്ണദാസ്‌ കഴിയുന്നത്‌. സ്വന്തമായി വീടോ സ്ഥലമോ ഇല്ല. 15 വര്‍ഷമായി ഇയാള്‍ ഓട്ടോ ഓടിക്കുന്നു.
ദാസിന്റെ സ്വഭാവ സവിശേഷത മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നു. പതിനാല്‌ തവണയാണ്‌ കൃഷ്ണദാസ്‌ തന്റെ ഓട്ടോയില്‍ സഞ്ചരിച്ച യാത്രക്കാര്‍ മറന്നുവച്ച സ്വര്‍ണാഭരണങ്ങള്‍ ഉള്‍പ്പെടെ തിരികെ നല്‍കിയിട്ടുള്ളത്‌. കയ്യില്‍ വന്നു ചേര്‍ന്ന പണം പോലും ദുരുപയോഗപ്പെടുത്താന്‍ ദാസ്‌ ശ്രമിച്ചിട്ടില്ല.
വാര്‍ത്തയറിഞ്ഞ കളക്ടര്‍ എം.ജി.രാജമാണിക്യം, കൃഷ്ണദാസിനെ തന്റെ ചേംബറിലേക്ക്‌ വിളിച്ചുരുത്തി അരമണിക്കൂറോളം സംസാരിച്ചു. പിരിയാന്‍ നേരം പുതിയ ഒരു ഓട്ടോറിക്ഷയും കടം വീട്ടാനുള്ള മാര്‍ഗങ്ങളും ശരിയാക്കാമെന്ന കളക്ടറുടെ നിര്‍ദ്ദേശം തന്നെ കരയിച്ചതായി കൃഷ്ണദാസ്‌ പറഞ്ഞു.
സ്വന്തം കാര്യത്തിനുവേണ്ടി ആരുടെ മുന്നിലും കൈനീട്ടാത്ത, എന്നാല്‍ റോഡപകടങ്ങളിലും പ്രായമായവരെ ആശുപത്രിയിലെത്തിക്കുന്നതിലും ശുഷ്കാന്തി കാണിക്കുന്ന കൃഷ്ണദാസ്‌ തിങ്കളാഴ്ച രാവിലെ സിവില്‍ സ്റ്റേഷന്‍ വളപ്പില്‍ വച്ച്‌ ജില്ലാ കളക്ടറുടെ കാല്‍തൊട്ടു വന്ദിക്കാന്‍ ശ്രമിച്ചു. അത്‌ തടഞ്ഞ ജില്ലാ കളക്ടര്‍, താന്‍ സ്പോണ്‍സര്‍ ചെയ്ത ബജാജ്‌ ഓട്ടോറിക്ഷായുടെ താക്കോലും രേഖകളും നല്‍കിയിട്ട്‌ ഇത്രമാത്രം പറഞ്ഞു- "ഈ ഓട്ടോ വില്‍ക്കരുത്‌-വില്‍ക്കില്ലെന്ന ബോണ്ട്‌ എഴുതിത്തരണം." കൃഷ്ണദാസ്‌ ഓടിച്ച പുതിയ ഓട്ടോയില്‍ കയറി സിവില്‍ സ്റ്റേഷന്‌ വലംവച്ച ശേഷമാണ്‌ കളക്ടര്‍ ഓട്ടോറിക്ഷയില്‍ നിന്ന്‌ ഇറങ്ങിയത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.