പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി

Tuesday 10 June 2014 1:59 pm IST

തിരുവനന്തപുരം: കോഴിക്കോട് എസ്.എഫ്.ഐ വിദ്യാര്‍ത്ഥികള്‍ക്കു നേരെ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജ്ജിനെ കുറിച്ച് സഭ നിറുത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. പ്രതിപക്ഷത്ത് നിന്നും എ പ്രദീപ് കുമാര്‍ എംഎല്‍എയാണ് അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്. എസ്.എഫ്.ഐ പ്രവര്‍ത്തകരെ പൊലീസ് വേട്ടയാടുകയാണെന്ന് പ്രദീപ് കുമാര്‍ ആരോപിച്ചു. പോലീസ് നടപടിയെ വെള്ളപൂശുന്ന നിലപാടാണ് ആഭ്യന്തര മന്ത്രിയുടേതെന്നും പ്രതിപക്ഷം ആരോപിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയെ സര്‍ക്കാര്‍ തകര്‍ക്കുകയാണെന്ന് തുടര്‍ന്ന് സംസാരിച്ച പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ ആരോപിച്ചു. സര്‍വകലാശാലകള്‍ കുത്തഴിഞ്ഞു കിടക്കുകയാണെന്നും വൈസ് ചാന്‍സലര്‍ തസ്തികയുടെ മാന്യത സര്‍ക്കാര്‍ കളഞ്ഞുകുളിച്ചെന്നും സര്‍ക്കാര്‍ നിയമിച്ച വൈസ് ചാന്‍സലറെ സര്‍ക്കാരിന് തന്നെ നീക്കേണ്ടി വന്ന ദുരവസ്ഥയും ഉണ്ടായെന്നും വിഎസ് ചൂണ്ടിക്കാട്ടി. ഇതാണ് പോക്കെങ്കില്‍ സോളാര്‍ കേസിലെ പ്രതികളായ സരിത എസ്.നായരെയും ബിജു രാധാകൃഷ്ണനെയും വി.സിമാരാക്കാനും സര്‍ക്കാര്‍ മടിക്കില്ലെന്നും വി.എസ് പരിഹസിച്ചു. എന്നാല്‍ യാതൊരു പ്രകോപനവുമില്ലാതെ സമരക്കാര്‍ പോലീസിനെ കല്ലെറിഞ്ഞുവെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മറുപടി പറഞ്ഞു. വിദ്യാര്‍ത്ഥി സമരങ്ങളോട് അനുഭാവപൂര്‍വ്വമായ സമീപനമാണ് ആഭ്യന്തരവകുപ്പിന്റേതെന്നും ചെന്നിത്തല പറഞ്ഞു. തുടര്‍ന്ന് അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം ഇറങ്ങിപ്പോവുകയായിരുന്നു. അമിത ശമ്പളം പറ്റുന്ന കാലിക്കറ്റ് സര്‍വകലാശാല വിസിയെ പുറത്താക്കണമെന്ന ആവശ്യമുന്നയിച്ചായിരുന്നു എസ്എഫ്‌ഐ മാര്‍ച്ച് നടത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.