അനധികൃത നിയമനം: നെടുമ്പാശേരിയില്‍ 13 പേരെ പിരിച്ചു വിടും

Saturday 24 September 2011 3:44 pm IST

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ അനധികൃത നിയമനം നേടിയ പതിമൂന്ന് പേരെ പിരിച്ചുവിടാന്‍ ഡയറക്ട് ബോര്‍ഡ് യോഗം തീരുമാനിച്ചു. അനധികൃതനിയമനം നടത്തിയവര്‍ക്കെതിരെയും നടപടി ഉണ്ടാകുമെന്ന് യോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി പറഞ്ഞു. നിയമനങ്ങള്‍ക്കെതിരെ നടപടി നടപടി എടുക്കാന്‍ മന്ത്രി എ.ബാബു അധ്യക്ഷനായ ഉപസമിതി ശുപാര്‍ശ ചെയ്തു. കഴിഞ്ഞ ഇടതുമുന്നണി സര്‍ക്കാരിന്റെ കാലത്താണ് അനധികൃത നിയമനം നടന്നത്. കഴിഞ്ഞ ഡയറക്ടബോര്‍ഡിന്റെ കാലത്ത് നടന്ന എല്ലാ നിയമാനുസൃതമായ കാര്യങ്ങളും പുതിയ ഡയറക്ടര്‍ ബോര്‍ഡ് അംഗീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നടന്ന 160 നിയമനങ്ങളെക്കുറിച്ച് അന്വേഷണം നടന്നുവരികയാണെന്ന് സിയാല്‍ എം.ഡി പി.ജെ കുര്യന്‍ പറഞ്ഞു. നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പുതിയ ടെര്‍മിനല്‍ നിര്‍മിക്കാന്‍ തീരുമാനിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. 400 കോടി രൂപയാണു ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ പണി ഉടന്‍ ആരംഭിക്കും. 2010-11 വര്‍ഷത്തില്‍ കമ്പനിയുടെ മൊത്തവരുമാനം 245 കോടിയായി. ഈ സാമ്പത്തിക വര്‍ഷത്തെ അറ്റാദായം 90 കോടി രൂപയാണ്. ഓഹരി ഉടമകള്‍ക്കു 15 ശതമാനം ലാഭവിഹിതം നല്‍കും. വായ്പ സംബന്ധിച്ചു ഹഡ്കോയുമായുള്ള തര്‍ക്കം പരിഹരിക്കാനു യോഗത്തില്‍ ധാരണയായി. ഓഹരി വേണമെന്നുള്ള ആവശ്യത്തില്‍ നിന്നു ഹഡ്കോ പിന്‍മാറി. പലിശ സഹിതം വായ്പ കൊടുത്തു തീര്‍ക്കും. സംസ്ഥാനത്തെ വ്യോമയാന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര വ്യോമയാന മന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.