ചെന്നൈയില്‍ വിമാനങ്ങളുടെ കൂട്ടിയിടി ഒഴിവായി

Saturday 24 September 2011 3:24 pm IST

ചെന്നൈ: ചെന്നൈ രാജ്യാന്തര വിമാനത്താവളത്തില്‍ വിമാനങ്ങള്‍ കൂട്ടിയിടിയില്‍ നിന്ന്‌ രക്ഷപ്പെട്ടു. മൂന്നു വിമാനങ്ങളാണ് കൂട്ടിയിടിയില്‍ നിന്നു രക്ഷപെട്ടത്. സംഭവത്തെക്കുറിച്ച് എയര്‍പോര്‍ട്ട് അതോറിറ്റി ഒഫ് ഇന്ത്യ അന്വേഷണം ആരംഭിച്ചു. പൈലറ്റിന്റെ സമയോജിത ഇടപെടലാണ് വന്‍ ദുരന്തം ഒഴിവാകാന്‍ കാരണമെന്ന് അധികൃതര്‍ അറിയിച്ചു. സാങ്കേതിക തകരാറിനെത്തുടര്‍ന്നു ജെറ്റ് എയര്‍വെയ്സ് വിമാനം റണ്‍വെയില്‍ നിര്‍ത്തിയിട്ടിരുന്നു. ഇതേ റണ്‍വെയില്‍ ഡല്‍ഹിയില്‍ നിന്നു വന്ന എയര്‍ ഇന്ത്യ വിമാനത്തിന് ഇറങ്ങാന്‍ എയര്‍പോര്‍ട്ട് അധികൃതര്‍ അനുമതി നല്‍കി. എന്നാല്‍ റണ്‍വേയില്‍ വിമാനം കണ്ട പൈലറ്റ് എയര്‍ ഇന്ത്യ വിമാനം ഇറക്കാതെ പറന്നുയര്‍ന്നു. തുടര്‍ന്ന് ഇക്കാര്യം എയര്‍പോര്‍ട്ട് അധികൃതരെ അറിയിച്ചു. ഇതിനിടെ തിരുവനന്തപുരം- ചെന്നൈ എയര്‍ ഇന്ത്യ വിമാനം ഇറങ്ങാന്‍ അനുമതി തേടി. എന്നാല്‍ അപകടം ശ്രദ്ധയില്‍പ്പെട്ടതിനാല്‍ അനുമതി നിഷേധിച്ചു. 147 യാത്രക്കാരുമായി ദല്‍ഹിയിലേക്കു പുറപ്പെടാന്‍ തുടങ്ങിയതാണ് ജെറ്റ് എയര്‍വെയ്സ്. എയര്‍ ഇന്ത്യ വിമാനത്തില്‍ 160 യാത്രക്കാര്‍ ഉണ്ടായിരുന്നു. എയര്‍ ഇന്ത്യ വിമാനത്തില്‍ 98 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ജെറ്റ് എയര്‍വെയ്സ് വിമാനം റണ്‍വെയില്‍ നിന്നു മാറ്റിയ ശേഷം മറ്റ് രണ്ട് വിമാനങ്ങളും ലാന്‍ഡ് ചെയ്തു.