സംസ്ഥാനത്ത്‌ പനിബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നു

Tuesday 10 June 2014 9:52 pm IST

കോട്ടയം: കാലവര്‍ഷം ആരംഭിച്ചതോടെ സംസ്ഥാനത്ത്‌ പനി പടരുന്നു. ഒരാഴ്ചയിലെ പനിബാധിതരുടെ സര്‍ക്കാര്‍ കണക്കുകള്‍ പരിശോധിച്ചാല്‍ പ്രതിദിനം ശരാശരി പതിനായിരത്തോളം പേര്‍ പനിബാധിച്ച്‌ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടി എത്തുന്നുണ്ടെന്ന്‌ കാണാം. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ പനിബാധിതരുടെ എണ്ണം ഇക്കുറി കുറവാണെന്നാണ്‌ സര്‍ക്കാര്‍ ഭാഷ്യം.
ഇന്നലെ സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ പനിബാധിതരായി എത്തിയവര്‍ 12,592 പേരാണെന്നാണ്‌ ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ പറയുന്നത്‌. ഇന്നലെ തിരുവനന്തപുരം ജില്ലയിലാണ്‌ ഏറ്റവും കൂടുതല്‍ പനിബാധിതര്‍ ചികിത്സ തേടി എത്തിയത്‌. 1,673 പേര്‍. മലപ്പുറത്ത്‌ 1,613ഉം കൊല്ലത്ത്‌ 1,225ഉം തൃശൂരില്‍ 1,187 പേരും എറണാകുളത്ത്‌ 1,074 പേരും കണ്ണൂരില്‍ 988 പേരും കോഴിക്കോട്‌ 915 പേരും പാലക്കാട്‌ 812 പേരും ചികിത്സ തേടി എത്തിയപ്പോള്‍ ഏറ്റവും കുറച്ച്‌ ആളുകള്‍ എത്തിയത്‌ കോട്ടയത്താണ്‌. 405 പേര്‍ മാത്രമാണ്‌ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്‌. 2014 ജനുവരി മുതല്‍ ഇന്നലെ വരെ സംസ്ഥാനത്തെ സര്‍ക്കാരാശുപത്രികളില്‍ 9,09,010 പേര്‍ പനിബാധിതരായി ചികിത്സ തേടിയെത്തിയിട്ടുണ്ട്‌. കഴിഞ്ഞ 4-ാ‍ം തീയതി മുതല്‍ സംസ്ഥാനത്ത്‌ സര്‍ക്കാര്‍ ആശുപത്രികളില്‍ പനിക്ക്‌ ചികിത്സ തേടിയെത്തിയവരുടെ കണക്കു പരിശോധിച്ചാല്‍ എട്ടാം തീയതി ഞായറാഴ്ചയാണ്‌ ഏറ്റവും കുറച്ച്‌ ആളുകള്‍ ചികിത്സ തേടി എത്തിയിട്ടുള്ളത്‌. സംസ്ഥാനത്തൊട്ടാകെ 3,656 പേരേ അന്നേദിവസം ചികിത്സ തേടിയിട്ടുള്ളൂവെന്നാണ്‌ കണക്ക്‌. ഏഴാം തീയതിയും 9-ാ‍ം തീയതിയും പത്താം തീയതിയും പതിനായിരത്തിലേറെപേര്‍ ചികിത്സ തേടിയെത്തിയിട്ടുണ്ട്‌. എട്ടാം തീയതി ഞായറാഴ്ച ആയതിനാല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ഒപി വിഭാഗം പ്രവര്‍ത്തിക്കാത്തതാണ്‌ പനിബാധിതരുടെ എണ്ണം കണക്കുകളില്‍ കുറയാനിടയായതെന്നാണ്‌ സൂചന.
സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്നവരേക്കാള്‍ ഏറെയാളുകള്‍ വിവിധ സ്വകാര്യ ആശുപത്രികളില്‍ പനിബാധിതരായി എത്തുന്നുണ്ട്‌. ഇതിനു പുറമെ സ്വകാര്യ ഹോമിയോ, ആയുര്‍വ്വേദ ആശുപത്രികളിലും പരമ്പരാഗത വൈദ്യന്മാരുടെ അടുത്തും ആയിരങ്ങളാണ്‌ ചികിത്സ തേടിയെത്തുന്നത്‌. ഇവരുടെ എണ്ണം കൂടി കണക്കാക്കുമ്പോള്‍ സംസ്ഥാനത്ത്‌ പ്രതിദിനം പനിബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നുവെന്ന്‌ കാണാം. സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്നവരുടെ കണക്കുകള്‍ ശേഖരിക്കാന്‍ ആരോഗ്യവകുപ്പിന്റെ പക്കല്‍ നടപടിയില്ല.
കെ.ജി. മധുപ്രകാശ്‌

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.