തകര്‍ന്ന മതില്‍ അപായ ഭീഷണി ഉയര്‍ത്തുന്നു

Tuesday 10 June 2014 10:01 pm IST

മട്ടാഞ്ചേരി: മട്ടാഞ്ചേരി കൊട്ടാരത്തിന്‌ സമീപത്തെ പഴയന്നൂര്‍ ഭഗവതി ക്ഷേത്രക്കുളത്തിന്റെ തകര്‍ന്ന മതില്‍ നന്നാക്കാത്തത്‌ അപകടഭീഷണി ഉണര്‍ത്തുന്നു. രണ്ടുവര്‍ഷം മുമ്പ്‌ ചെറിയൊരു ഭാഗം തകര്‍ന്നുവീണ ക്ഷേത്രക്കുളം ചുറ്റുമതില്‍ തുടര്‍ന്ന്‌ ഘട്ടംഘട്ടമായി കൂടുതല്‍ ഭാഗം അടര്‍ന്നുവീഴുകയാണ്‌ ചെയ്തത്‌.
ഇതോടെ ചുറ്റുമതിലിന്റെ വലിയ ഭാഗം ഇല്ലാതാകുകയും ചെയ്തു. കേന്ദ്ര പുരാവസ്തു വകുപ്പ്‌ ആദ്യ ഘട്ടത്തില്‍ ക്ഷേത്രക്കുളം ചുറ്റുമതില്‍ അറ്റകുറ്റപ്പണിക്ക്‌ തടസ്സം നിന്നതാണ്‌ നിലവിലെ അപകടാവസ്ഥയ്ക്ക്‌ കാരണമായതെന്ന്‌ ഭക്തജനങ്ങള്‍ പറയുന്നു. വിദേശവിനോദ സഞ്ചാരികളും സ്കൂള്‍ വിദ്യാര്‍ത്ഥികളും ഒട്ടേറെ ചെറിയ വാഹനങ്ങളും കടന്നുപോകുന്ന മട്ടാഞ്ചേരി കൊട്ടാരത്തിലേയ്ക്കുള്ള റോഡിന്‌ സമീപത്താണ്‌ ചുറ്റുമതില്‍ തകര്‍ന്നുവീണത്‌. കൊച്ചിയില്‍ നിലവിലുള്ള വിശാലമായ ജലശേഖരമായ പഴയന്നൂര്‍ ഭഗവതിക്ഷേത്രക്കുളം നിലനിര്‍ത്തുന്നതിനും സംരക്ഷിക്കുന്നതിനും കേന്ദ്ര പുരാവസ്തു വകുപ്പ്‌ വിവിധതല തടസ്സങ്ങള്‍ ഉന്നയിക്കുകയാണെന്ന്‌ പ്രദേശവാസികള്‍ പറയുന്നു.
ക്ഷേത്രമതില്‍ തകര്‍ന്നതിനെത്തുടര്‍ന്ന്‌ സമീപത്തുള്ള മൈതാനിയിലേക്ക്‌ കുട്ടികളെ അയക്കുന്നതില്‍ രക്ഷിതാക്കള്‍ വിലക്കേര്‍പ്പെടുത്തിയതായും ഇവര്‍ കൂട്ടിച്ചേര്‍ത്തു. ദേവസ്വം ബോര്‍ഡ്‌ ക്ഷേത്രക്കുളം നവീകരണത്തിന്‌ മൂന്ന്‌ ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും നാല്‌ പതിറ്റാണ്ടിന്‌ മുമ്പ്‌ തേകിയ കുളം ശുദ്ധീകരിക്കുന്നതിന്‌ സര്‍ക്കാര്‍ സഹായം പ്രതീക്ഷിക്കുകയാണെന്ന്‌ ക്ഷേത്ര ക്ഷേമ സമിതി പ്രസിഡന്റ്‌ ജയചന്ദ്രമേനോന്‍ പറഞ്ഞു. കൊച്ചിയിലെ ഒട്ടേറെ ചെറിയ ക്ഷേത്രങ്ങളിലെ ആറാട്ടുകുളം കൂടിയാണ്‌ പഴയന്നൂര്‍ ഭഗവതി ക്ഷേത്രക്കുളം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.