നാസയുടെ ഉപഗ്രഹം ഭൂമിയില്‍ പതിച്ചു

Saturday 24 September 2011 4:02 pm IST

കേപ്പ് കാനറവല്‍: അമേരിക്കയുടെ ബഹിരാകാശ ഏജന്‍സിയായ നാസ രണ്ട് പതിറ്റാണ്ട് മുമ്പ് വിക്ഷേപിച്ച ഉപഗ്രഹം ഭൂമിയില്‍ ഇടിച്ചിറങ്ങി. വെള്ളിയാഴ്ച അര്‍ധരാത്രി 11.45നും ശനിയാഴ്ച 1.09നും ഇടയ്ക്കാണ് ഉപഗ്രഹം ഭൗമാപരിതലത്തില്‍ പ്രവേശിച്ചതെന്നു നാസ സ്ഥിരീകരിച്ചു. എന്നാല്‍ കൃത്യമായ സ്ഥലമോ സമയമോ സ്ഥിരീകരിച്ചിട്ടില്ല. തെക്കന്‍ ക്യാനഡയിലെ തെക്കന്‍ കാല്‍ഗറി നഗരമായ ഒകോടോക്സിലാണ് ഉപഗ്രഹം ഇടിച്ചിറങ്ങിയതെന്നു പ്രാഥമിക റിപ്പോര്‍ട്ട്. കാനഡ, ആഫ്രിക്ക എന്നിവയ്ക്കു പുറമെ പസഫിക്, അറ്റ്‌ലാന്റിക്, ഇന്ത്യന്‍ മഹാസമുദ്രങ്ങള്‍ക്കു മുകളിലൂടെ കടന്നു പോയി. ഉപഗ്രഹം പതിച്ച സ്ഥലവും സമയവും കൃത്യമായി സ്ഥിരീകരിക്കാനുള്ള ശ്രമത്തിലാണ് നാസ ശാസ്ത്രജ്ഞര്‍. അന്തരീക്ഷത്തിന്റെ ഉപരിഭാഗത്തെക്കുറിച്ചുള്ള പഠനത്തിനായി 1991ല്‍ വിക്ഷേപിച്ച അപ്പര്‍ അറ്റ്മോസ്‌ഫിയര്‍ റിസര്‍ച്ച് എന്ന യു.ആര്‍.എസ് ഉപഗ്രഹമാണ് ഭുമിയില്‍ പതിച്ചത്. ഉപഗ്രഹത്തിന് 35 അടി നീളവും 15 അടി വീതിയും ആറ് ടണ്‍ ഭാരവും ഉണ്ട്. ഭൌമ അന്തരീക്ഷത്തില്‍ പ്രവേശിക്കുന്നതോടെ ഉപഗ്രഹത്തിന്റെ നല്ലൊരു ഭാഗം വായുവുമായുള്ള ഘര്‍ഷണം മൂലം ചൂട് പിടിച്ച് കത്തിയമരും. എങ്കിലും അര ടണ്ണോളം ലോഹ ഭാഗങ്ങള്‍ അവശേഷിക്കും. ആ ഭാഗങ്ങളാണ് ഭൂമിയില്‍ പതിച്ചത്. ഈ മാസം ഫ്രാന്‍സിന് മുകളിലൂടെ കടന്നു പോയപ്പോള്‍ പാരീസില്‍ നിന്നുള്ള വാന നിരീക്ഷകന്‍ പ്രത്യേക ക്യാമറ ഉപയോഗിച്ച് ഉപഗ്രഹം ചിത്രീകരിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.