കൊച്ചിക്ക്‌ വെള്ളമില്ല

Wednesday 11 June 2014 9:41 pm IST

പള്ളുരുത്തി: ജനറം പദ്ധതിപ്രകാരം 270 കോടി രൂപ ചെലവില്‍ നടപ്പാക്കുന്ന കുടിനീര്‍ പദ്ധതി കൊച്ചിക്ക്‌ അന്യമാകും. പടിഞ്ഞാറന്‍ കൊച്ചി പ്രദേശമായ മട്ടാഞ്ചേരി, ഫോര്‍ട്ടുകൊച്ചി, ഇടക്കൊച്ചി, പെരുമ്പടപ്പ്‌ തുടങ്ങി കടുത്ത കുടിനീര്‍ ക്ഷാമം നേരിടുന്ന പ്രദേശങ്ങളിലേക്ക്‌ ജനറം പദ്ധതി നടപ്പാക്കുന്നതില്‍നിന്നും അധികൃതര്‍ പിന്മാറി. പകരം മറ്റു പ്രദേശങ്ങളിലേക്ക്‌ വെള്ളം തിരിച്ചുവിടുന്നതിനുള്ള പരീക്ഷണവും നടന്നുകഴിഞ്ഞു. ഇതുപ്രകാരം കഴിഞ്ഞദിവസം മരടിലേക്ക്‌ വെള്ളം പമ്പ്‌ ചെയ്തിരുന്നു.
കൊച്ചിക്കുവേണ്ടി 270 കോടി ചെലവിടുമ്പോള്‍ ഇതിന്റെ പ്രയോജനം കൊച്ചിക്ക്‌ ലഭിക്കില്ലെന്ന്‌ ഏതാണ്ട്‌ ഉറപ്പായ രീതിയിലാണ്‌ അധികൃതരുടെ നടപടികള്‍. കുടിവെള്ള വിതരണത്തെപ്പറ്റി ചര്‍ച്ച ചെയ്യുന്നതിനുവേണ്ടി വിളിച്ച യോഗത്തില്‍ പടിഞ്ഞാറന്‍ കൊച്ചിയിലെ ജനപ്രതിനിധികള്‍ വിട്ടുനിന്നതും ദുരൂഹതയുണര്‍ത്തുന്നുണ്ട്‌. ജനപ്രതിനിധികള്‍ വിട്ടുനിന്ന യോഗത്തില്‍ കൊച്ചിയിലെ ഒരു ഉദ്യോഗസ്ഥന്‍ പടിഞ്ഞാറന്‍ കൊച്ചിയിലെ കുടിനീര്‍ ക്ഷാമത്തെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയെങ്കിലും മറ്റുള്ള സ്ഥലങ്ങളിലെ ജനപ്രതിനിധികള്‍ അനുവദിച്ചില്ലെന്നും പറഞ്ഞുകേള്‍ക്കുന്നു.
മൂവാറ്റുപുഴയാറില്‍നിന്നും പാഴൂര്‍ വഴി ആരക്കുന്നത്ത്‌ ജലസംഭരണിയില്‍ എത്തി അവിടെനിന്നും മരടിലെത്തിച്ച്‌ ശുദ്ധീകരിച്ച്‌ വിതരണം മറ്റു മേഖലകളിലേക്ക്‌ നടത്തുന്നതിനാണ്‌ പദ്ധതി. 2008ലാണ്‌ പദ്ധതി തുടങ്ങിയത്‌. റോഡിലൂടെ പൈപ്പ്ലൈന്‍ വലിക്കുന്നതുമായി ബന്ധപ്പെട്ട്‌ ജോലികള്‍ ആരംഭിക്കുകയായിരുന്നു. 237 കോടിയായിരുന്നു പദ്ധതി തുകയെങ്കിലും കാലതാമസത്തെത്തുടര്‍ന്ന്‌ 270 കോടിയായി ഉയരുകയായിരുന്നു.
പദ്ധതിയനുസരിച്ച്‌ ആദ്യം കിഴക്കന്‍ മേഖലയായ കുമ്പളം, മരട്‌ പ്രദേശത്തും പിന്നീട്‌ കുമ്പളങ്ങി, ചെല്ലാനം എന്നീ മേഖലകളിലും കൊച്ചി തുറമുഖത്തും വെള്ളമെത്തിക്കും. കടുത്ത കുടിനീര്‍ ക്ഷാമം നേരിടുന്ന പശ്ചിമകൊച്ചിക്ക്‌ ജനറം പദ്ധതിയിലൂടെ വെള്ളം കിട്ടുകയില്ലെന്ന്‌ ഉറപ്പായിരിക്കുകയാണ്‌ ജനപ്രതിനിധികളുടെ അനാസ്ഥമൂലം. കടുത്ത കുടിനീര്‍ ക്ഷാമം നേരിടുന്ന പെരുമ്പടപ്പ്‌, ഇടക്കൊച്ചി, കോണ്ട പ്രദേശങ്ങളില്‍ ഇപ്പോഴും ടാങ്കര്‍ലോറികളിലാണ്‌ വെള്ളമെത്തിക്കുന്നത്‌. സ്ഥലം എംഎല്‍എയും മന്ത്രിയുമായ കെ. ബാബു ജനറം പദ്ധതി പശ്ചിമകൊച്ചിക്ക്‌ പൂര്‍ണ്ണമായും പ്രയോജനപ്പെടുമെന്ന്‌ ആവര്‍ത്തിച്ച്‌ പറഞ്ഞിരുന്നുവെങ്കിലും കുടിവെള്ളം പടിഞ്ഞാറന്‍ കൊച്ചിക്ക്‌ അന്യമാകുമെന്ന്‌ ഉറപ്പായി. കൊച്ചിയോടുള്ള അവഗണനക്കെതിരെ കോടതിയെ സമീപിക്കുമെന്ന്‌ സമരസമിതി ഭാരവാഹികളായ ജോസഫ്‌ സേവ്യര്‍ കളപ്പുരക്കലും കെ.ജെ. ബേസിലും പറഞ്ഞു.
കെ.കെ. റോഷന്‍ കുമാര്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.