ജനവിധി ദുര്‍വ്യാഖാനിക്കുമ്പോള്‍

Wednesday 11 June 2014 9:55 pm IST

ഭൂമിയിലെ ഏറ്റവും തൊലിക്കട്ടിയുള്ള ജീവികള്‍ കാണ്ടാമൃഗങ്ങളാണെന്നാണ്‌ പൊതുവെയുള്ള ധാരണ. പക്ഷെ ഈ ധാരണ തിരുത്താന്‍ സമയമായിരിക്കുന്നു. കാരണം കാണ്ടാമൃഗത്തേക്കാള്‍ കടുപ്പുമേറിയ തൊലിയുള്ള സൃഷ്ടികളും ഭാരത വര്‍ഷത്തിലുണ്ട്‌. ഇവര്‍ നമ്മുടെ മതേതര വ്യാജന്മാരാണ്‌. രാജ്യത്തിന്റെ 16-ാ‍ം ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രകടനങ്ങള്‍ ഈ വര്‍ഗത്തിന്റെ തൊലിയുടെ കാഠിന്യം കണ്ടെത്താന്‍ നമ്മെ സഹായിച്ചിരിക്കുകയാണ്‌.
ഭൂരിപക്ഷ ജനാധിപത്യവും ബഹുകക്ഷി രാഷ്ട്രീയ സമ്പ്രദായവുമാണ്‌ ഇന്ത്യ സ്വീകരിച്ചിട്ടുള്ളത്‌. ഈ സമ്പ്രദായമനുസരിച്ച്‌ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ കിട്ടുന്ന കക്ഷി ജയിക്കും, രാജ്യം ഭരിക്കും. ഇത്രയും കാലം കോണ്‍ഗ്രസ്‌ കേന്ദ്രം ഭരിച്ചത്‌ ഇങ്ങനെയാണ്‌. ഇപ്പോള്‍ പ്രസ്തുത പാര്‍ട്ടിയെ നിലംപരിശാക്കി ബിജെപി അധികാരത്തിലേറിയതും ഇതേ രീതിയിലാണ്‌. ഭാരതമാസകലം മോദിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി കാഴ്ചവച്ചിരിക്കുന്ന തകര്‍പ്പന്‍ വിജയത്തില്‍ നേര്‍വഴിക്കു ചിന്തിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഭാവിയുടെ ശുഭസൂചനയുണ്ട്‌.
എന്നാല്‍ അസൂയക്കും കഷണ്ടിക്കും മരുന്നില്ലാത്തതുപോലെ നമ്മുടെ മതേതര വ്യാജന്മാരുടെ ബിജെപി വിരോധത്തിനും ശമനം കാണുക സാധ്യമല്ലല്ലൊ. അതിനാലിവര്‍ ആ പാര്‍ട്ടിയുടെ വിജയത്തെ ലഘൂകരിക്കാനും അധിക്ഷേപിക്കാനുമുള്ള ധൈഷണികാഭ്യാസത്തിലാണ്‌. സീറ്റുകളുടെ കാര്യത്തില്‍ അന്‍പതു ശതമാനത്തിലേറെ നേടിയെങ്കിലും കിട്ടിയ വോട്ടിന്റെ കണക്ക്‌ 31 ശതമാനത്തിലാകയാല്‍ ബിജെപിക്ക്‌ അഭിമാനിക്കാന്‍ വകയില്ലെന്നും കോര്‍പ്പറേറ്റുകളുടെ പിന്തുണയും സംഘടിത കുപ്രചാരണവും വര്‍ഗീയ ചേരിതിരിവും പണക്കൊഴുപ്പുമെല്ലാം ചേര്‍ന്നൊരുക്കിയതാണ്‌ തിളക്കമാര്‍ന്നതെന്ന്‌ സംഘപരിവാരന്മാര്‍ കൊട്ടിഘോഷിക്കുന്ന വിജയമെന്നുമാണ്‌ സെക്കുലര്‍ ശകുനികളുടെ സിദ്ധാന്തം. 20 ശതമാനത്തില്‍ താഴെ മാത്രം വോട്ടു നേടിയ കോണ്‍ഗ്രസിന്റെ തിരുമേനിമാരും മൂന്ന്‌ ശതമാനം പോലും അംഗീകാരം നേടാന്‍ കഴിയാതിരുന്ന മാര്‍ക്സിസ്റ്റു മാടമ്പിമാരുമാണ്‌ സൈദ്ധാന്തികരെന്നതും ശ്രദ്ധേയമാണ്‌.
അമേരിക്കപോലുള്ള എത്രയോ ജനാധിപത്യരാജ്യങ്ങള്‍ ലോകത്തുണ്ട്‌. അവിടങ്ങളിലെല്ലാം തെരഞ്ഞെടുപ്പ്‌ ഫലം വന്നുകഴിഞ്ഞാല്‍ രാഷ്ട്രീയ വൈരം മറന്ന്‌ വിജയിച്ച കക്ഷിയെ അനുമോദിച്ചും അതുമായി സഹകരിച്ചും രാഷ്ട്രനന്മക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളാണുള്ളത്‌. എന്നാല്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ സ്ഥിതി നേരെ മറിച്ചാണ്‌. ഈ മണ്ണിന്റെ മണവും ഗുണവും പേറുകയും അതിലഭിമാനിക്കുകയും ചെയ്യുന്നതുകൊണ്ടാകാം ജനങ്ങള്‍ ജയിപ്പിച്ച ബിജെപിയെ കുത്സിതമായി എതിര്‍ത്തു തോല്‍പ്പിക്കുകയെന്ന തന്ത്രമാണ്‌ മതേതര മഹിഷാസുരന്മാര്‍ സ്വീകരിച്ചിട്ടുള്ളത്‌. ശരീരംകൊണ്ടുമാത്രം ഭാരതീയരും ചിന്തകൊണ്ടും കൂറുകൊണ്ടും വിദേശീയരുമാണല്ലൊ ഈ വിഭാഗം. ഇന്ത്യയ്ക്കകത്തും പുറത്തുമായി പല വേദികളിലും ദേശവിരുദ്ധമായി പ്രസംഗിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന നമ്മുടെ സ്വയം കല്‍പ്പിത മതേതരവാദികളുടെ സ്വഭാവം വിലയിരുത്തിയ പ്രശസ്ത ചിന്തകനും ചരിത്രകാരനുമെല്ലാമായ കോര്‍നാഡ്‌ എല്‍സ്റ്റ്‌ എന്ന വിദേശി വര്‍ഷങ്ങള്‍ക്കുമുമ്പ്‌ അഭിപ്രായപ്പെട്ടത്‌ "ഇതുപോലുള്ള രാഷ്ട്രീയക്കാര്‍ രാജ്യത്തിനകത്തുള്ളപ്പോള്‍ പുറത്തുനിന്നുള്ള ശത്രുവിനെ ഇന്ത്യക്കാവശ്യമില്ല" എന്നാണ്‌. ഇപ്പോള്‍ പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പിലെ ബിജെപി വിജയത്തെ കൊഞ്ഞനംകുത്തുന്ന തങ്ങളുടെ നടപടിയും അന്യരാജ്യക്കാര്‍ ഇതുപോലെ വിലയിരുത്തിയേക്കുമെന്നെങ്കിലും അങ്കത്തില്‍ തോറ്റവര്‍ തിരിച്ചറിഞ്ഞിരുന്നെങ്കില്‍!
സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തോട്‌ അഹിംസാത്മകമായി പടപൊരുതി സ്വാതന്ത്ര്യം നേടിയെന്ന്‌ ഊറ്റം കൊള്ളുന്നവരാണല്ലൊ കോണ്‍ഗ്രസുകാര്‍. പക്ഷെ ഈ രാജ്യത്തെ ജനസംഖ്യയില്‍ 25 ശതമാനംത്തോളം പേരുടെ പിന്തുണയേ ഗാന്ധിജിയുടെ നേതൃത്വത്തിലെ സ്വാതന്ത്ര്യസമരത്തിനുണ്ടായിരുന്നുള്ളുവെന്ന പരമാര്‍ത്ഥം നെഹ്‌റൂവിയന്‍ പാര്‍ട്ടി അംഗീകരിക്കാതിരിക്കുമോ? അതായത്‌ 75 ശതമാനം പേരും ഈ മഹത്തായ ദൗത്യത്തില്‍ ഒന്നുകില്‍ മറുപക്ഷത്തോ അല്ലെങ്കില്‍ നിഷ്ക്രിയരോ ആയിരുന്നു. ജനാധിപത്യ രീതിയില്‍ ഒരു ഹിതപരിശോധനയാണ്‌ നടത്തിയിരുന്നതെങ്കില്‍ 1947 ല്‍ ഇന്ത്യ സ്വതന്ത്രമാകുമായിരുന്നോ എന്ന സംശയം ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്‌. കാരണം ഇവിടത്തെ മതന്യൂനപക്ഷക്കാര്‍ മുഴുവനായും ഹൈന്ദവ ജനതയില്‍ ഗണ്യമായൊരു വിഭാഗവും നാട്ടുരാജ്യങ്ങളും ബ്രിട്ടീഷുപക്ഷത്ത്‌, കോണ്‍ഗ്രസ്‌ വിരുദ്ധ ചേരിയിലാണ്‌ നിലയുറപ്പിച്ചിരുന്നത്‌. അതായത്‌ കോണ്‍ഗ്രസിനെ ഒരു സവര്‍ണ വര്‍ഗ ഹിന്ദുപ്രസ്ഥാനമായിട്ടേ മുസ്ലിംലീഗും ക്രൈസ്തവ സഭകളും ബ്രിട്ടീഷ്‌ രാജും ദ്രാവിഡ കഴകക്കാരുമെല്ലാം കണക്കാക്കിയിരുന്നുള്ളൂ. പാക്കിസ്ഥാനില്‍ വിദ്യാര്‍ത്ഥികളിന്നും പഠിക്കുന്ന ചരിത്രം കോണ്‍ഗ്രസ്‌ ഇന്ത്യയില്‍ ഹിന്ദുരാഷ്ട്രം സ്ഥാപിക്കാനുദ്യമിച്ചതുകൊണ്ട്‌ മുസ്ലിംലീഗ്‌ മറ്റൊരു രാജ്യം ആവശ്യപ്പെട്ടുവെന്നാണ്‌. അങ്ങനെ 1947 ആഗസ്റ്റ്‌ 15 നുശേഷം മാത്രം സെക്കുലറായ കോണ്‍ഗ്രസ്‌ സ്വന്തം ചരിത്രം വിസ്മരിച്ചാണിന്ന്‌ ബിജിപിയില്‍ വര്‍ഗീയത ആരോപിക്കുന്നത്‌. അതും ന്യൂനപക്ഷ മതാന്ധതയെ താലോലിച്ചും പോഷിപ്പിച്ചും വരുമ്പോള്‍.
അറുപതോളം വര്‍ഷം ഇതേ കോണ്‍ഗ്രസ്‌ ഇന്ത്യ ഭരിച്ചത്‌ തെരഞ്ഞെടുപ്പില്‍ 40 ശതമാനത്തിലും താഴെ വോട്ടുനേടിയിട്ടാണ്‌. ഏതാനും ദശാബ്ദങ്ങള്‍ക്കുമുമ്പ്‌ ആസ്സാമില്‍ 15 ശതമാനം പേര്‍ മാത്രം പങ്കെടുത്ത സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ 'വന്‍' ഭൂരിപക്ഷം നേടി അധികാരത്തിലേറിയ പാരമ്പര്യവും ഈ കക്ഷിക്കുണ്ട്‌. മരണത്തോട്‌ മല്ലടിച്ച്‌ വെന്റിലേറ്ററില്‍ കിടക്കുന്ന മാര്‍ക്സിസ്റ്റുകളുടെ ജനകീയ പിന്തുണയെക്കുറിച്ച്‌ പറയാതിരിക്കുന്നതാണ്‌ ഭംഗി.
അതുപോലെ ലോക്സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ മറ്റു പാര്‍ട്ടിയംഗങ്ങളെ പലതവണ വിലയ്ക്കു വാങ്ങിയ 'സമര്‍ത്ഥരായ' ജനാധിപത്യവിശ്വാസികളും കോണ്‍ഗ്രസുകാരാണ്‌. പെയ്ഡ്‌ ന്യൂസുകൊണ്ടു തരംഗം സൃഷ്ടിച്ച്‌ രാഷ്ട്രീയനേട്ടം ഉണ്ടാക്കിയ അഭിജാതരും മറ്റാരുമല്ല. ആദര്‍ശ്‌ ഫ്ലാറ്റ്‌ കുംഭകോണ കേസില്‍ വിചാരണ നേരിടുന്ന കോണ്‍ഗ്രസ്‌ നേതാവ്‌ അശോക്‌ ചവാന്‍ പെയ്ഡ്‌ ന്യൂസ്‌ കേസിലും ഇപ്പോള്‍ പ്രതിക്കൂട്ടിലാണല്ലൊ. അധാര്‍മിക രാഷ്ട്രീയത്തിന്‌ ധനസമ്പാദനം ക്ലേശകരമെന്ന്‌ വന്നപ്പോള്‍ കോര്‍പ്പറേറ്റുകള്‍ ഇക്കൂട്ടര്‍ക്ക്‌ പുളിക്കുന്ന മുന്തിരിയായി. നരേന്ദ്രമോദിയുടെ അഭിമുഖം ദൂരദര്‍ശന്‍ എഡിറ്റു ചെയ്തത്‌ പുണ്യപ്രവര്‍ത്തിയായിരുന്നോ? മനീഷ്‌ തിവാരിയെപ്പോലുള്ള കോണ്‍ഗ്രസ്‌ മാന്യന്മാരല്ലെ ഈ നെറികേടിലെ വില്ലന്മാര്‍?
വിഭജിക്കപ്പെടുന്ന മതേതര വോട്ടുകളുടെ കഥ ഇതിലേറെ രസാവഹമാണ്‌. ഒരുപാടു പാചകക്കാരുണ്ടായാല്‍ പായസം നാശമാകുമെന്ന്‌ പറയുന്നതുപോലെ ഇന്ത്യയിലെ അവശജനവിഭാഗങ്ങളെ കോണ്‍ഗ്രസും ശാസ്ത്രീയ സോഷ്യലിസ്റ്റുകളും ചേര്‍ന്നു സേവിക്കുന്നതിന്റെ ഫലവും മറ്റൊന്നല്ല. മുപ്പതുവര്‍ഷത്തിലധികം മാര്‍ക്സിസ്റ്റുകള്‍ അരിയിട്ടുവാഴ്ച നടത്തിയ ബംഗാളില്‍ തീരെ വിലയില്ലാത്തത്‌ സഖാക്കള്‍ക്കാണ്‌. ഇത്രയും കാലം പാര്‍ട്ടി തമ്പുരാക്കന്മാര്‍ തൊഴിലാളി സ്നേഹം പറഞ്ഞ്‌ തങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്ന്‌ പാവപ്പെട്ട ബംഗാളികള്‍ തിരിച്ചറിയുന്നു. അതുപോലെ ലോഹ്യാ സോഷ്യലിസ്റ്റുകളായ ലല്ലുപ്രസാദ്‌ യാദവിന്റേയും മുലായം സിംഗ്‌ യാദവിന്റേയും ദേവഗൗഡയുടേയുമൊക്കെ രാഷ്ട്രീയം അവരുടെ കുടുംബക്കാരുടേയും ബന്ധുജനത്തിന്റെയും യോഗക്ഷേമത്തിനായിട്ടാണെന്നും തെളിഞ്ഞിരിക്കുകയാണ്‌. സ്വന്തം ഭാര്യയുടെയും മക്കളുടെയും മരുമക്കളുടേയുമെല്ലാം ഉന്നമനമാണ്‌ ഇവര്‍ ലക്ഷ്യംവെയ്ക്കുന്നത്‌. പാവങ്ങളുടെ പേരുപറഞ്ഞ്‌ അവിഹിതമാര്‍ഗ്ഗത്തില്‍ പണമുണ്ടാക്കുന്ന ദളിതരുടെ മിശിഹമാര്‍ വരവില്‍ കവിഞ്ഞ സ്വത്തു സമ്പാദിച്ച കുറ്റത്തിന്‌ അന്വേഷണം നേരിടുകയാണല്ലൊ. ദാരിദ്ര്യം ഒരു മാനസികാവസ്ഥയാണെന്ന്‌ തത്വചിന്താപരമായി മൊഴിഞ്ഞ രാഹുല്‍ രാജകുമാരന്റെ കുടുംബത്തിന്റെയും സഹോദരീ കാന്തന്റേയും അവസ്ഥയും നമുക്ക്‌ പരിചിതമാണ്‌. സ്വന്തം അഭ്യുന്നതി മാത്രം ലക്ഷ്യമിട്ട്‌ പ്രവര്‍ത്തിക്കുന്നവരും സ്വാര്‍ത്ഥമതികളും ദുരഭിമാനികളുമായ മതേതരവ്യാജന്മാര്‍ ഒരുകാലത്തും ഒന്നിച്ചുനില്‍ക്കുന്ന പ്രശ്നമേ ഉദിക്കുന്നില്ല. ഇവര്‍ക്കിടയില്‍ എത്ര പ്രധാനമന്ത്രിസ്ഥാനമോഹികളുണ്ടായിരുന്നു ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിലെന്നും ചിന്തിക്കേണ്ടതാണ്‌. വൈകിയാണെങ്കിലും ഈ യാഥാര്‍ത്ഥ്യങ്ങള്‍ കണ്ടറിഞ്ഞ ഭാരതീയര്‍ ആട്ടിന്‍തോലിട്ട സോഷ്യലിസ്റ്റു ചെന്നായ്ക്കളെ വേണ്ട പാഠം പഠിപ്പിച്ചതാണ്‌ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ദൃശ്യമായത്‌.
ബിജെപിയുടേയും നരേന്ദ്രമോദിയുടേയും വിജയത്തെ ഫാസിസ്റ്റു യുഗാരംഭമായി വിശേഷിപ്പിക്കാനുള്ള സെക്കുലര്‍ ഉദ്യമങ്ങളും കുറഞ്ഞ തോതിലൊന്നു പരിശോധിക്കപ്പെടണം. 'മഹാ പണ്ഡിതനും' കോണ്‍ഗ്രസിന്റെ യുവതുര്‍ക്കിയുമായ വി.ടി.ബല്‍റാം എംഎല്‍എ മോദിയെ ഹിറ്റ്ലറായി മുദ്ര കുത്താന്‍ ഉദ്യമിക്കുന്നതു കണ്ടു. ക്വിറ്റ്‌ ഇന്ത്യ സമരകാലത്ത്‌ ബ്രിട്ടീഷ്‌ വിദേശകാര്യ സെക്രട്ടറി ഗാന്ധിജിയെ ഫാസിസ്റ്റ്‌ എന്നു വിളിച്ചാക്ഷേപിച്ചത്‌ ചരിത്രമാണ്‌. ഈ വസ്തുതയോര്‍ക്കുമ്പോള്‍ നരേന്ദ്രമോദിയെ ഹിറ്റ്ലറായി ചിത്രീകരിക്കാന്‍ ഏതുകീടത്തിനും അവകാശമുണ്ട്‌. കോണ്‍ഗ്രസ്‌ മോഡല്‍ ഫാസിസമെന്താണെന്ന്‌ പണ്ഡിറ്റ്‌ നെഹ്‌റുവും മകള്‍ ഇന്ദിരാഗാന്ധിയും നമ്മെ അറിയിച്ചിട്ടുമുണ്ട്‌.
ബിജെപിയുടെ മുന്നേറ്റത്തില്‍ അപകടം മണക്കുന്ന മാര്‍ക്സിസ്റ്റുകളെ സംബന്ധിച്ചാണെങ്കില്‍ 70 വര്‍ഷങ്ങള്‍ക്കുള്ളില്‍ എട്ട്‌ കോടിയിലധികം ജനത്തെ കശാപ്പുചെയ്ത കാപാലികമതമാണ്‌ ശാസ്ത്രീയ സോഷ്യലിസമെന്ന്‌ "കമ്മ്യൂണിസത്തിന്റെ കറുത്ത പുസ്തകം" വിവരിക്കുന്നു. മറ്റു ചില സത്യാന്വേഷികളുടെ നിഗമനത്തില്‍ കമ്മ്യൂണിസത്തിന്റെ കൊലക്കത്തിക്കിരയായവര്‍ 12 കോടിയോളം വരും. തന്റെ അവസാന നാളുകളില്‍ വേരില്ലാത്ത പൗരന്മാരായി മുദ്രകുത്തി റഷ്യയിലെ ജൂതന്മാരെ മുഴുവന്‍ വകവരുത്താനായിരുന്നു സ്റ്റാലിന്റെ പദ്ധതി. ഭാഗ്യവശാല്‍ അതിനുമുമ്പെ സ്റ്റാലിനെ കാലന്‍ പിടിച്ചു. കമ്പോഡിയയില്‍ പോള്‍പോട്ടിനാല്‍ കശാപ്പുചെയ്യപ്പെട്ടവരുടെ തലയോട്ടികള്‍ കൊണ്ടുള്ള സ്മാരകം വിനോദസഞ്ചാരികള്‍ക്ക്‌ ഇന്ന്‌ കാഴ്ചവസ്തുവാണ്‌. ടിയാനന്‍മെന്‍ ചത്വരങ്ങള്‍ വേറെയും. കേരളത്തില്‍ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ പാപ്പിനിശ്ശേരിയിലെ പാമ്പുകളടക്കമുള്ള മിണ്ടാപ്രാണികളെ ചുട്ടുകൊന്ന്‌ വിപ്ലവം നടത്തിയവരാണ്‌ മാര്‍ക്സിസ്റ്റുകള്‍. ഈ കിരാതകര്‍മത്തെക്കുറിച്ച്‌ ഒരു സാംസ്ക്കാരിക നായകന്‍ അന്നഭിപ്രായപ്പെട്ടത്‌ "തങ്ങളുള്ളപ്പോള്‍ മറ്റു വിഷജന്തുക്കളൊന്നും ഭൂമിയില്‍ വേണ്ടെന്ന ചിന്താഗതിക്കാരാണ്‌ സഖാക്കള്‍" എന്നായിരുന്നു. പ്രതിയോഗികളെ വയസ്സെണ്ണി വെട്ടിക്കൊല്ലുകയും കല്ലെറിഞ്ഞ്‌ വകവരുത്തുകയും ഉപ്പിന്‍ചാക്കോടുകൂടി കുഴിച്ചുമൂടി ഇല്ലായ്മ ചെയ്യുകയും മറ്റും ശീലമാക്കിയിട്ടുള്ള ജനാധിപത്യത്തിന്റെ പൊയ്മുഖമണിഞ്ഞു നടക്കുന്ന, സ്റ്റാലിനിസ്റ്റുകള്‍ നരേന്ദ്രമോദിയില്‍ ഫാസിസ്റ്റിന്‍ കാണുന്നത്‌ തങ്ങളുടെ പാര്‍ട്ടിയുടെ മുഖം കണ്ണാടിയില്‍ തെളിയുന്നതിനാലാണ്‌.
തുറന്നുപറഞ്ഞാല്‍ ക്രൂരമായ നിരവധി നരനായാട്ടുകള്‍ ചരിത്രത്തില്‍ അരങ്ങേറിയിട്ടുണ്ട്‌. കുരിശുയുദ്ധങ്ങളും ജിഹാദുകളും പ്രത്യക്ഷമായും പരോക്ഷമായും ഇന്നും തുടര്‍ന്നുപോരുന്നു. ബിജെപിയുടെ വിജയത്തെ അംഗീകരിക്കാന്‍ കഴിയാത്ത അസഹിഷ്ണുത ഫാസിസത്തിന്റെ മറ്റൊരു മുഖമാകുന്നു. അതേസമയം ഹൈന്ദവപ്രസ്ഥാനങ്ങളുടെ ജനിതക ഘടനയില്‍ ഫാസിസ്റ്റ്‌ മുദ്ര കാണാനാകില്ല. ഇന്ത്യയുടെ വൈവിധ്യവും പൈതൃകവും അറിയുന്നവരും ബിജെപിയില്‍ ഫാസിസം ദര്‍ശിക്കില്ല.
നരേന്ദ്രമോദി പ്രധാനമന്ത്രിയായാല്‍ രാജ്യം വിട്ടുപോകുമെന്ന്‌ പ്രസ്താവനയിറക്കിയ പല പണ്ഡിത മുണ്ടന്മാരും ഇവിടെയുണ്ട്‌. എന്നാല്‍ മോദി രാജകീയമായി അധികാരത്തില്‍ അവരോധിക്കപ്പെട്ടിട്ടും ഈ 'മാന്യന്മാര്‍' സ്ഥലംകാലിയാക്കുന്ന ലക്ഷണം കാണുന്നില്ല. സെക്യുലര്‍ തൊലിക്കട്ടിക്ക്‌ മറ്റൊരു ദൃഷ്ടാന്തമാണിത്‌. അതുപോലെ ബിജെപിക്ക്‌ ഒരു സീറ്റുപോലും നല്‍കാതെ 'മതേതരത്വം' കാത്തുസൂക്ഷിച്ചവരാണ്‌ മതന്യൂനപക്ഷ സര്‍വാധിപത്യത്തിന്‍ കീഴില്‍ നാണംകെട്ടു കഴിഞ്ഞുകൂടുന്ന മലയാളികള്‍. കേന്ദ്രമന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിലും ഇവര്‍ മുഖം കാണിച്ചില്ല. എന്നിട്ടിപ്പോള്‍ എങ്ങനെ രാജ്യം ഭരിക്കണമെന്ന്‌ നരേന്ദ്രമോദിക്ക്‌ ട്യൂഷനെടുക്കാന്‍ തയ്യാറെടുക്കുകയാണ്‌ ഇവിടുത്തെ രാഷ്ട്രീയ-ചാനല്‍ പ്രഭൃതികള്‍. അമ്പോ, എന്തൊരു തൊലിക്കട്ടി!
എ.രാഘവന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.