കേരളത്തിന്‌ കേന്ദ്രത്തിന്റെ 110 കോടി സഹായം

Wednesday 11 June 2014 10:37 pm IST

തിരുവനന്തപുരം: നരേന്ദ്രമോദി സര്‍ക്കാരിന്റെ കേരളത്തിലേക്കുള്ള ആദ്യ സഹായം. വേനല്‍മഴയില്‍ ഉണ്ടായ നാശനഷ്ടങ്ങള്‍ കണക്കിലെടുത്ത്‌ കേരളം സമര്‍പ്പിച്ച 110 കോടിയുടെ കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ചു. കേരളത്തിലെ ദുരന്ത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ കേന്ദ്രസംഘം ഇന്നെത്തും. കഴിഞ്ഞ മാസം 15നാണ്‌ കേരളം നിവേദനം സമര്‍പ്പിച്ചത്‌. യുപിഎ സര്‍ക്കാര്‍ ഭരിച്ചിരുന്ന കാലത്തെല്ലാം കേരളം നല്‍കിയിട്ടുള്ള വരള്‍ച്ചാ ദുരിത നിവേദനങ്ങളും മഴക്കെടുതിയുടെ നിവേദനങ്ങളും മാസങ്ങളോളം പരിഗണിക്കാതിരുന്നിടത്താണ്‌ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ തന്നെ കേരളത്തിന്റെ ആവശ്യം പരിഗണിച്ചിരിക്കുന്നത്‌.
കേന്ദ്രസംഘം 15 വരെ വിവിധ ജില്ലകള്‍ സന്ദര്‍ശിക്കും. തിരുവനന്തപുരം, വയനാട്‌, ആലപ്പുഴ, കോഴിക്കോട്‌, തൃശ്ശൂര്‍ തുടങ്ങിയുള്ള ജില്ലകള്‍ക്കാണ്‌ മുന്‍ഗണന നല്‍കിയിട്ടുള്ളത്‌. പുതിയ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കു വേണ്ടി നടപ്പാക്കുന്ന ആദ്യ പ്രവര്‍ത്തനമായി വേണമെങ്കിലും വിലയിരുത്താവുന്നതാണി്‌ ഇതെന്നും സംസ്ഥാന സര്‍ക്കാര്‍ തന്നെ രഹസ്യമായി സമ്മതിക്കുന്നുണ്ട്‌.
വരള്‍ച്ചയും വേനല്‍മഴയുടെ ദുരന്തവും രൂക്ഷമായിട്ടുള്ള സാഹചര്യങ്ങളില്‍ കേരളത്തെ കേന്ദ്രം വേണ്ട രീതിയില്‍ പരിഗണിച്ചിരുന്നില്ലെന്നും വിമര്‍ശനം ഉണ്ടായിട്ടുണ്ട്‌. പ്രത്യേകിച്ച്‌ മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും 2011ലും 2012ലും കേന്ദ്രത്തിനു സമര്‍പ്പിച്ച നിവേദനങ്ങളില്‍ തീരുമാനമെടുക്കാന്‍ കാലതാമസം വരുത്തിയിട്ടുണ്ട്‌. കേരളത്തിന്റെ ആവശ്യങ്ങള്‍ പറയുമ്പോള്‍ തന്നെ യുപിഎ സര്‍ക്കാര്‍ മുട്ടാ ന്യായങ്ങള്‍ പറഞ്ഞു നിവേദനങ്ങള്‍ മടക്കി അയയ്ക്കുകയാണ്‌ പതിവ്‌. 2011ലുണ്ടായ മഴക്കെടുതിയില്‍ 7000 കോടിയുടെ നാശനഷ്ടമുണ്ടായപ്പോള്‍ കേരളത്തിനു ലഭിച്ചത്‌ 150 കോടി മാത്രമായിരുന്നു. 2012ല്‍ 900 കോടിയുടേതായിരുന്നു നിവേദനം. കേന്ദ്രം പരിഗണിച്ചത്‌ അഞ്ചു മാസങ്ങള്‍ക്കു ശേഷമാണ്‌. കേന്ദ്ര മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ്‌ നിവേദനം തയ്യാറാക്കിയതെന്നാണ്‌ അന്ന്‌ കേന്ദ്രം പറഞ്ഞത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.