യെമനില്‍ 16 പേരെ സൈന്യം വെടിവെച്ചുകൊന്നു

Saturday 24 September 2011 7:59 pm IST

സന: സനയില്‍ സര്‍ക്കാര്‍വിരുദ്ധ പ്രകടനക്കാരെ സര്‍ക്കാര്‍ സേനകള്‍ നേരിട്ടതായും 16 പേര്‍ കൊല്ലപ്പെട്ടതായും ഡോക്ടര്‍മാര്‍ അറിയിച്ചു. തലസ്ഥാനത്തെ ചേഞ്ച്‌ ചത്വരത്തിലാണ്‌ പ്രകടനക്കാര്‍ക്കു നേരെ അക്രമമുണ്ടായതെന്ന്‌ ദൃക്‌സാക്ഷികള്‍ പറഞ്ഞു. വെള്ളിയാഴ്ച വൈകിയാണ്‌ ചത്വരത്തിന്റെ തെക്കേഅറ്റത്ത്‌ ആക്രമണം നടന്നത്‌. സൗദി അറേബ്യയില്‍ നിന്ന്‌ പ്രസിഡന്റ്‌ അലി അബ്ദുള്ള സാല രാജ്യത്തെത്തിയ ശേഷമായിരുന്നു അക്രമം.
16 പേര്‍കൊല്ലപ്പെട്ടതായി ഒരു ഡോക്ടര്‍ വാര്‍ത്താ ഏജന്‍സിയെ അറിയിച്ചപ്പോള്‍ 17 പേര്‍ കൊല്ലപ്പെട്ടുവെന്നും 55 പേര്‍ക്ക്‌ പരിക്കേറ്റുവെന്നും ചത്വരത്തിലെ ആശുപത്രിയിലെ ഡോക്ടര്‍ മൊഹമ്മദ്‌ അല്‍ക്വബാത്തി വാര്‍ത്താലേഖകരോടു വെളിപ്പെടുത്തി. ക്യാമ്പിനടുത്ത്‌ താമസിക്കുന്നവര്‍ സര്‍ക്കാര്‍ സേന കവചിതവാഹനങ്ങളും റൈഫിളുകളും ആക്രമണത്തിനുപയോഗിച്ചതായി അറിയിച്ചു. വെള്ളിയാഴ്ച തലസ്ഥാനത്തുണ്ടായ ഏറ്റുമുട്ടലില്‍ മരിച്ചവരുടെ സംഖ്യ 13 ആയിരുന്നു.
കഴിഞ്ഞ ജനുവരിമുതല്‍ പ്രക്ഷോഭകര്‍ ചേഞ്ച്‌ ചത്വരത്തില്‍ തമ്പടിച്ചു കൂടി. പ്രസിഡന്റ്‌ സാലെയുടെ പതിറ്റാണ്ടുകള്‍ നീണ്ട ഭരണം അവസാനിപ്പിക്കുക എന്നതാണ്‌ ആവശ്യം. റിപ്പബ്ലിക്കന്‍ ഗാര്‍ഡുകള്‍ പ്രസിഡന്റ്‌ സാലെയുടെ പുത്രന്‍ അഹമ്മദിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷത്തേക്കു കൂറുമാറിയ പട്ടാള യൂണിറ്റുകളുമായി സംഘട്ടനത്തിലാണ്‌.
ഗോത്രവര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ പ്രകടനക്കാര്‍ക്കു പിന്തുണ നല്‍കുന്നു. നിരായുധരായ സര്‍ക്കാര്‍ വിരുദ്ധ പ്രകടനക്കാരില്‍ 100 പേരെങ്കിലും ഈയാഴ്ച കൊല്ലപ്പെട്ടു. പ്രസിഡന്റ്‌ സാല രാജ്യത്തു മടങ്ങിയെത്തിയ ഉടനെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. തന്റെ കൊട്ടാരത്തിനു നേരെയുണ്ടായ റോക്കറ്റാക്രമണത്തില്‍ പരിക്കേറ്റ പ്രസിഡന്റ്‌ സൗദിഅറേബ്യയില്‍ ചികിത്സയിലായിരുന്നു. ആയിരക്കണക്കിന്‌ അനുകൂലികളാണ്‌ പ്രസിഡന്റിനെ വരവേറ്റത്‌. എന്നാല്‍ ഒരു ആഭ്യന്തര യുദ്ധത്തിനു അദ്ദേഹത്തിന്റെ വരവ്‌ കാരണമാകുമെന്ന്‌ വാര്‍ത്താ ലേഖകര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.