പാതിരിമാര്‍ പീഡിപ്പിച്ചവരെ പോപ്പ്‌ സന്ദര്‍ശിച്ചു

Saturday 24 September 2011 7:53 pm IST

ബെര്‍ലിന്‍: പുരോഹിതന്മാരുടെ ലൈംഗിക പീഡനത്തിനു വിധേയരായ ജര്‍മ്മന്‍ പൗരന്മാരെ പോപ്‌ ബെനഡിക്‌ 16-ാ‍മന്‍ സന്ദര്‍ശിക്കുകയും അവരുടെ യാതനകളില്‍ പഞ്ചാത്താപം രേഖപ്പെടുത്തുകയും ചെയ്തു. തന്റെ ജന്മനാടായ ജര്‍മ്മനിയില്‍ പീഡനത്തിനിരയായ ആഞ്ച്‌ പേരെയാണ്‌ അരമണിക്കൂറിനുള്ളില്‍ പോപ്പ്‌ സന്ദര്‍ശിച്ചത്‌. സംഭവങ്ങള്‍ അസ്വസ്ഥമാക്കുന്നവെന്ന്‌ വത്തിക്കാന്‍ പുറപ്പെടുവിച്ച പ്രസ്താവന ചൂണ്ടിക്കാട്ടി.
ഇത്തരം കുറ്റങ്ങള്‍ക്കെതിരെ സഭ ജാഗ്രത പുലര്‍ത്തുമെന്ന്‌ പോപ്പ്‌ ഉറപ്പുനല്‍കി. കുട്ടികളുടേയും യുവജനങ്ങളുടേയും സംരക്ഷണത്തിനായി പദ്ധതികള്‍ ഏര്‍പ്പെടുത്തുമെന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു. ജര്‍മ്മനിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ രണ്ട്‌ യുവതികളേയും മൂന്ന്‌ പുരുഷന്മാരേയും ശാന്തമായ അന്തരീക്ഷത്തിലാണ്‌ പോപ്പ്‌ കണ്ടതെന്ന്‌ വത്തിക്കാന്‍ വക്താവ്‌ അറിയിച്ചു. കഴിഞ്ഞവര്‍ഷം സ്ത്രീകളോട്‌ പുരോഹിതര്‍ അപമര്യാദയായി പെരുമാറിയ സംഭവങ്ങള്‍ ജര്‍മനിയില്‍ സഭാവിശ്വാസത്തിനു കോട്ടംതട്ടിച്ചിരുന്നു. പോപ്പിന്റെ സന്ദര്‍ശനം ജര്‍മന്‍ ജനതക്ക്‌ റോമന്‍ കത്തോലിക്കസഭയിലുള്ള വിശ്വാസം ഊട്ടിഉറപ്പിക്കുമെന്ന്‌ പ്രതീക്ഷിക്കപ്പെടുന്നു.
ആയിരക്കണക്കിനുപേരാണ്‌, അവര്‍ കുട്ടികളായിരുന്നപ്പോള്‍ 1950നും 1980നും ഇടക്ക്‌ പുരോഹിതന്മാരാല്‍ പീഡിപ്പിക്കപ്പെട്ടതായി അറിയിച്ചത്‌. ഇത്തരം കുറ്റങ്ങള്‍ ജര്‍മനിയില്‍ മറുച്ചുവെക്കപ്പെടുകയായിരുന്നു. ജര്‍മനിയില്‍ ആകെയുള്ള 27 റോമന്‍ കത്തോലിക്കസഭകളില്‍ 18ലും ഇത്തരം ലൈംഗിക ആരോപണങ്ങള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്‌. 2010ല്‍ ഏകദേശം 181000 ജര്‍മന്‍കാര്‍ ഇതു മൂലം സഭയില്‍ നിന്നുവിട്ടുപോയിട്ടുണ്ട്‌. ഒരു പ്രതിസന്ധി ഉണ്ടായപ്പോള്‍ അത്‌ പരിഹരിക്കാന്‍ തങ്ങള്‍ക്കു കഴിഞ്ഞില്ലെന്ന്‌ ജര്‍മനിയിലെ കാതോലിക്‌ ആര്‍ച്ച്‌ ബിഷപ്പ്‌ റോബര്‍ട്ട്‌ സൊളിട്സ്‌ തുറന്നു സമ്മതിച്ചു. ഇത്തരത്തിലുള്ള കൂടിക്കാഴ്ചകള്‍ പോപ്പ്‌ അമേരിക്ക, ആസ്ട്രിയ, മാള്‍ട്ട, ബ്രിട്ടണ്‍ എന്നീ രാജ്യങ്ങളിലും നടത്തിയിരുന്നു. ഈ രാജ്യങ്ങളെല്ലാം കഴിഞ്ഞ ഏതാനും വര്‍ഷളായി റോമന്‍ കത്തോലിക്കപള്ളികള്‍ നടത്തുന്ന ലൈംഗിക അരാജകത്വം ബാധിച്ചവയാണ്‌.