അഴിമതിയുടെ തോരാമഴ

Saturday 24 September 2011 10:26 pm IST

അഴിമതിയുടെ ആഴക്കയങ്ങളില്‍ ആണ്ടുതീരാന്‍ വിധിക്കപ്പെട്ട രാഷ്ട്രീയ മേലാളന്മാരുടെ പട്ടികയില്‍ അടുത്ത ഊഴം കേന്ദ്രമന്ത്രി ചിദംബരത്തിന്റെതാണെന്ന്‌ വ്യകതമായിക്കഴിഞ്ഞു. കോണ്‍ഗ്രസ്സ്‌ മൂടിവെച്ച അഴിമതിചെപ്പിന്റെ അടപ്പാണ്‌ പ്രണബ്കുമാര്‍ മുഖര്‍ജിയുടെ 11 പേജ്‌ വരുന്ന കുറിപ്പിലൂടെ തുറന്നിട്ടുള്ളത്‌. അഴിക്കുന്തോറും മുറുകുന്ന കുരുക്കായി 2ജി സ്പെക്ട്രം അഴിമതികേസ്സ്‌ കോണ്‍ഗ്രസ്സിനെ വരിഞ്ഞുമുറുക്കുകയാണ്‌. അഴിമതിക്കാരെ കല്‍തുറങ്കിലടയ്ക്കാനുള്ള പൗരന്റെ പടവാളായി വിവരാവകാശ നിയമം മാറുന്നു എന്നതിന്റെ മികച്ച തെളിവുകൂടിയാണ്‌ ചിദംബരത്തിനെതിരെ ഇപ്പോള്‍ പുറത്തുവന്നിട്ടുള്ള വെളിപ്പെടുത്തല്‍.
രാജ്യം ഭരിക്കുന്ന യുപിഎ സംവിധാനത്തിന്റെ ഏറ്റവും കരുത്തനായ വക്താവാണ്‌ പ്രണബ്‌ മുഖര്‍ജി. കേന്ദ്രമന്ത്രിസഭയ്ക്കുവേണ്ടി യുക്തിഭദ്രമായി എതിരാളികളെ നേരിടാന്‍ പ്രാപ്തിയുള്ളവരില്‍ ഒന്നാമനായി അദ്ദേഹം അംഗീകാരം നേടിയിട്ടുള്ള ആളാണ്‌. കോണ്‍ഗ്രസ്സിന്റെ ശക്തനായ ഈ ട്രബിള്‍ ഷൂട്ടര്‍ തന്റെ അറിവോടുകൂടി പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക്‌ അയച്ച സുപ്രധാന കുറിപ്പിനെ നിരാകരിക്കാനോ അന്തസത്തയെ തള്ളിപ്പറയാനോ തയ്യാറല്ലെന്നും വ്യക്തമായി കഴിഞ്ഞിരിക്കുന്നു. കേന്ദ്ര ധനമന്ത്രിയും ലോക്സഭാ നേതാവുമായിട്ടുള്ള പ്രണബ്‌ മുഖര്‍ജിയുടെ മസ്തിഷ്കംവഴി പുറംലോകമറിഞ്ഞ രേഖയിലാണ്‌ രാജ്യകണ്ട ഏറ്റവും വലിയ അഴിമതി തടയാതെ ചിദംബരം വീഴ്ചവരുത്തി നാടിനു നഷ്ടമുണ്ടാക്കിയതായി ചൂണ്ടിക്കാട്ടിയിട്ടുള്ളത്‌. 1.76 ലക്ഷം കോടിയുടെ പൊതുമുതല്‍ നഷ്ടം വരുത്തിയ ചിദംബരത്തെ രക്ഷിക്കാനായി ഇത്‌ ക്രിമിനല്‍ കുറ്റമാകില്ല എന്ന ബാലിശമായ നിലപാടാണ്‌ കോണ്‍ഗ്രസ്സ്‌ സ്വീകരിച്ചിട്ടുള്ളത്‌.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ രാജ്യത്തെ ഇളക്കിമറിച്ച ഒട്ടേറെ വെളിപ്പെടുത്തലുകള്‍ പുറത്തുവരികയും രാജ്യം അഴിമതിയുടെ ആഴക്കയത്തിലാണെന്ന വിശ്വാസം ലോകമെമ്പാടും പരക്കുകയും ചെയ്തു. 2ജി സ്പെക്ട്രം അഴിമതി, കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ അഴിമതി, ആദര്‍ശ്‌ ഫ്ലാറ്റ്‌ കുംഭകോണം, ഭക്ഷ്യധാന്യ കയറ്റിറക്ക്‌ അഴിമതി തുടങ്ങി അരഡസന്‍ അഴിമതികള്‍ കോടതികളുടെ ഇടപെടല്‍ മൂലമാണ്‌ ഇന്ത്യയില്‍ മേല്‍ നടപടികള്‍ക്ക്‌ വിധേയമായിട്ടുള്ളത്‌. ഗുരുതരമായ സ്പെക്ട്രം അഴിമതിയുടെ കാര്യത്തില്‍ കുറ്റകരമായ മൗനം പാലിച്ചവരായിരുന്നു പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും യുപിഎ അദ്ധ്യക്ഷ സോണിയാഗാന്ധിയും. പ്രസ്തുത അഴിമതിയുടെ അടിവേരുകള്‍ എത്തിനില്‍ക്കുന്നതും ഗുണഫലങ്ങള്‍ അനുഭവിച്ചതും ഡിഎംകെ മാത്രമല്ല. ഇതില്‍ കോണ്‍ഗ്രസ്സുകാര്‍ക്ക്‌ വ്യക്തമായ പങ്കുണ്ടെന്ന്‌ ബിജെപി തുടക്കം മുതല്‍ ആക്ഷേപിച്ചിട്ടുള്ളതാണ്‌.
2010 സപ്തംബറില്‍ സുപ്രീംകോടതി മുമ്പാകെ കോണ്‍ഗ്രസ്സ്‌ ഭരണകൂടം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ 2ജി സ്പെക്ട്രം ഇടപാട്‌ സര്‍ക്കാര്‍ നയത്തിന്റെ ഭാഗമാണെന്നും അക്കാരണംകൊണ്ടുതന്നെ ഒരു ക്രിമിനല്‍ കുറ്റമാവില്ലെന്നും വാദിച്ചിരുന്നു. സിഎജി റിപ്പോര്‍ട്ട്‌ ശരിയല്ലെന്നും കേന്ദ്ര സര്‍ക്കാരിന്‌ ഇടപാടുവഴി നഷ്ടമില്ലെന്നുമായിരുന്നു സത്യപ്രസ്താവനവഴി സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചത്‌. എ.രാജ യാതൊരു വിധ കുറ്റവും ചെയ്തിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ മാധ്യമങ്ങള്‍വഴി അന്ന്‌ പുറംലോകത്തെ അറിയിച്ചത്‌ ചിദംബരം ആയിരുന്നു. ഫയലുകള്‍ പരിശോധിക്കുകയും ഇരുഭാഗത്തേയും വാദങ്ങള്‍ വിലയിരുത്തുകയും ചെയ്ത സുപ്രീംകോടതി കര്‍ശന നടപടികള്‍ക്കായി അന്ത്യശാസനം നല്‍കിയതിനെ തുടര്‍ന്നാണ്‌ സിബിഐയും കേന്ദ്ര സര്‍ക്കാരും നിലപാട്‌ തറയില്‍ നിന്ന്‌ വ്യതിചലിച്ച്‌ അറസ്റ്റിനും മറ്റും തുടക്കം കുറിച്ചത്‌. കേന്ദ്ര സര്‍ക്കാരും യുപിഎ സംവിധാനവും രാജ്യം കണ്ട ഈ കൊള്ളയുടെ കാര്യത്തില്‍ പ്രതിക്കൂട്ടിലാണെന്നതിന്‌ ഇതിനപ്പുറം എന്ത്‌ തെളിവാണ്‌ വേണ്ടത്‌? സിബിഐയുടെ അടിക്കടിയുള്ള ചുവടുമാറ്റം രാഷ്ട്രീയ വിധേയത്വംകൊണ്ടാണെന്നുള്ളത്‌ വ്യക്തമാണ്‌.
ഒരു നാടിന്റെ ചരിത്രത്തില്‍ ഭരണകൂടത്തോട്‌ ബന്ധപ്പെട്ട്‌ തുടര്‍ക്കഥയിലെ ആദ്ധ്യായങ്ങളെപ്പോലെ അഴിമതി ആരോപണങ്ങള്‍ അടക്കിവെയ്ക്കപ്പെടുന്നത്‌ ആപത്കരമാണ്‌. ഒന്നിനു പിറകെ ഒന്നായി പ്രധാനപ്പെട്ട വകുപ്പുകളെല്ലാം അഴിമതിയുടെ കെണിയില്‍ അകപ്പെടുകയാണ്‌. ഏറ്റവും ഒടുവിലായി സിഎജിയുടെ കണ്ടെത്തലുകള്‍ വ്യോമയാന വകുപ്പുമന്ത്രി പ്രഫുല്‍പട്ടേലിനെയും പ്രതിരോധത്തിലാക്കിയിരിക്കുന്നു. എയര്‍ഇന്ത്യ ഇന്ത്യന്‍ എയര്‍ലൈന്‍സ്‌ മന്ത്രാലയവുമായി ബന്ധപ്പെട്ട കുംഭകോണമാണ്‌ വിവാദ വിഷയത്തിലുള്ളത്‌. 170 കോടി രൂപയുടെ തിരിമറിവഴി വ്യോമയാന മേഖലയുടെ തകര്‍ച്ചയിലേക്കാണ്‌ കാര്യങ്ങള്‍ പോകുന്നത്‌ എന്ന്‌ തെളിയുന്നുണ്ട്‌. വിദേശവിമാന കമ്പനികള്‍ക്ക്‌ വ്യേമയാന മേഖല തുറന്നുകൊടുക്കാനുള്ള തീരുമാനം ഗ്രൂപ്പ്‌ ഓഫ്‌ മിനിസ്റ്റേഴ്സ്‌ കൂട്ടായി എടുത്തനയപരമായ തീരുമാനമായതിനാല്‍ താന്‍ കുറ്റക്കാരനല്ലെന്നാണ്‌ എന്‍സിപിക്കാരനായ ഈ യുപിഎ മന്ത്രി വാദിക്കുന്നത്‌. സിഎജിയുടെ കണ്ടെത്തലനുസരിച്ച്‌ എയര്‍ ഇന്ത്യ, ഇന്ത്യന്‍ എയര്‍ലൈന്‍സ്‌ സംയോജനത്തിനുശേഷം ഇപ്പോള്‍ എയര്‍ ഇന്ത്യ ആസന്നമരണത്തിലേക്ക്‌ നിപതിക്കാന്‍ പോകുന്നതായിട്ടാണ്‌ സൂചന
മുന്‍ പെട്രോളിയം പ്രകൃതി വാതകവകുപ്പുമന്ത്രി മുരളി ദേവറെയും ആരോപണത്തിന്റെ കരിനിഴലില്‍ കറുപ്പുചാര്‍ത്തി നിര്‍ത്തപ്പെട്ടിരിക്കയാണ്‌. ഹൈഡ്രോകാര്‍ബണ്‍ ഡയറക്ടര്‍ ജനറലായിരുന്ന വി.കെ.സിബലിന്റെ കുറ്റിയില്‍ കെട്ടിയിട്ട്‌ കറങ്ങുന്ന ആരോപണങ്ങളില്‍ മന്ത്രിക്കൊപ്പം അംബാനിയും പെടുമെന്നറിയുന്നു. ഇവിടെയും സര്‍ക്കാരിന്റെ നയപരമായ നിലപാടെന്ന രക്ഷാകവചമാണ്‌ കുറ്റവാളികള്‍എടുത്തണിയുന്നത്‌.
കുപ്രസിദ്ധമായ 2ജി സ്പെക്ട്രം കേസ്സിലും കാര്യങ്ങള്‍ പ്രധാനമന്ത്രിയുടെ പങ്കാളിത്തത്തിലേക്കാണ്‌ അടിവെച്ച്‌ നീങ്ങുന്നത്‌. അഴിമതിയുടെ വേരുകള്‍ ഡിഎംകെയുടെ അതിരുകളും കടന്ന്‌ കോണ്‍ഗ്രസ്സിന്റെ അകത്തളങ്ങള്‍വരെ നീളുന്നുണ്ട്‌. ഈ സത്യം വളരെ മുമ്പുതന്നെ ബിജെപി ഉന്നയിച്ചിട്ടുള്ളതാണ്‌. പ്രധാനമന്ത്രിയുടെ കുറ്റകരമായ മൗനമെന്ന സാഹചര്യത്തെളിവ്‌ ഇന്നല്ലെങ്കില്‍ നാളെ മറനീക്കി പുറത്തുവരുന്നതാണ്‌. പ്രധാനമന്ത്രിയാകാന്‍ എന്തുകൊണ്ടും യോഗ്യനായിരുന്ന പ്രണാബ്മുഖര്‍ജി തന്നോട്‌ കാട്ടിയ ചതിക്ക്‌ അവസരം പാര്‍ത്തിരിക്കുക സ്വാഭാവികമാണ്‌. പ്രതിസന്ധികളില്‍ പരിഹാര നായകന്റെ റോളില്‍ എന്നും വിജയിച്ചിട്ടുള്ള പ്രണാബ്‌ മുഖര്‍ജി ഒരു പ്രശ്നക്കാരനായി പ്രതിസന്ധിയിലേക്ക്‌ യുപിഎയെ കൊണ്ടെത്തിക്കും.
2001ലെ നിരക്കില്‍ സ്പെക്ട്രം വഴിവിട്ട്‌ വതരണം ചെയ്യാന്‍ പച്ചക്കൊടി കാട്ടിയ അന്നത്തെ ധനകാര്യമന്ത്രി ചിദംബരത്തിന്‌ എണ്ണിയെണ്ണി ഇതിനുത്തരം കോടതിയോടും ജനങ്ങളോടും പറയേണ്ടിവരും. സ്പെക്ട്രം ലേലം അട്ടിമറിക്കുകവഴി രാജ്യത്തിനുണ്ടായ നഷ്ടം ചിദംബരത്തിന്റെ അറിവോടെയും സമ്മതത്തോടെയുമാണെന്ന വസ്തുത ഭരണകൂടത്തേ വേട്ടയാടുകയാണ്‌. 2001ലെ വിലനിലവാരം ഉപ്പ്‌ തൊട്ട്‌ കര്‍പ്പൂരം വരെ സര്‍വ്വതിനും 2008 ആകുമ്പോഴേക്കും ഇരട്ടിയിലധികമായി വര്‍ദ്ധിച്ചിട്ടുള്ളകാര്യം സകലര്‍ക്കും അറിയാവുന്നതാണ്‌. അന്നത്തെ ധനകാര്യമന്ത്രിക്കുമാത്രം ഇക്കാര്യം അറിയില്ലെന്ന്‌ കരുതാനാവില്ലല്ലോ.
2003നു ശേഷമാണ്‌ സെല്ലുലാര്‍ഫോണ്‍ രംഗത്ത്‌ വന്‍ കുതിച്ചുചാട്ടമുണ്ടായത്‌. സ്പെക്ട്രം രംഗത്ത്‌ മൂല്യവര്‍ദ്ധനവ്‌ രേഖപ്പെടുത്തിയതും ഇതേഘട്ടത്തിലാണ്‌. ഈ മാറ്റത്തിനനുസരിച്ച്‌ സ്വാഭാവികമായും ഉണ്ടാകുന്നനേട്ടം രാജ്യത്തിന്‌ ലഭിക്കേണ്ടതില്ല എന്നാണ്‌ ധനമന്ത്രി തീരുമാനിച്ചത്‌. ഇതുവഴി നാടിനുണ്ടായ നഷ്ടം ക്രിമിനല്‍ കുറ്റമല്ല എന്നുവാദിക്കുന്നവരെ മനോരോഗ നിര്‍ണ്ണയത്തിന്‌ വിധേയമാക്കുകയാണ്‌ വേണ്ടത്‌. അഴിമതി തടയല്‍ നിയമത്തില്‍ നല്‍കുന്ന നിര്‍വ്വചനം പരിശോധിച്ചാല്‍ വീഴ്ചമൂലമുണ്ടാകുന്ന നഷ്ടവും ഒരു പ്രവൃത്തിവഴി ഉണ്ടാകുന്ന നഷ്ടവും ഓരേ തലത്തില്‍ കാണേണ്ടതും അഴിമതി നിയമത്തിന്റെ അടിസ്ഥാനത്തില്‍ കുറ്റത്തിന്റെ ഗണത്തില്‍പ്പെടുന്നതുമാണ്‌. രാജ്യത്തിന്‌ സ്പെക്ട്രം ഇടപാടില്‍ ലഭിക്കേണ്ട സാമ്പത്തിക നേട്ടം വേണ്ടെന്നുവച്ച കുറ്റത്തിന്‌ രാജയും ചിദംബരവും കുറ്റവാളികളാണെന്ന്‌ തെളിഞ്ഞിരിക്കുന്നു. പ്രധാനമന്ത്രിയും ആ പട്ടികയിലേക്ക്‌ എത്തിപ്പെടാനുള്ള സാധ്യത എഴുതിതള്ളാവുന്നതല്ല.
കംട്രോളര്‍ ആന്റ്‌ ഓഡിറ്റര്‍ ജനറല്‍ പദവിയില്‍ അവരോധിക്കപ്പെട്ട വിനോദ്‌റോയിക്കെതിരെ യിപിഎ സംവിധാനം ഇപ്പോള്‍ ഉറഞ്ഞുതുള്ളുകയാണ്‌. ഇന്ത്യയില്‍ അഴിമതിക്കെതിരായ പോരാട്ടത്തിന്‍ ഏറ്റവും ശക്തനായ ധര്‍മ്മഭടന്‍ ആരെന്ന ചോദ്യത്തിന്‌ കിട്ടുന്ന ഉത്തരം വിനോദ്‌ റോയ്‌ എന്നാണ്‌. ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കളും കോര്‍പ്പറേറ്റ്‌ ബിസിനസ്സ്‌ അധിപന്മാരും തമ്മിലുള്ള അവിശുദ്ധബന്ധത്തിന്റെ ആഴങ്ങള്‍ അളന്നുകാട്ടി ആളെക്കൂട്ടി പ്രശ്നമാക്കിയത്‌ സിഎജിയുടെ കണക്കെടുപ്പുകളിലും റിപ്പോര്‍ട്ടുകളിലുമാണ്‌. ടെലികോംരംഗം, കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌, വ്യോമയാന മേഖല, എണ്ണ- പ്രകൃതിവാതകരംഗത്തെ എണ്ണിയാലൊതുങ്ങാത്ത അഴിമതിക്കഥകള്‍ ഇവയൊക്കെ ഗുരുതരപ്രശ്നങ്ങളായി അവതരിപ്പിക്കപ്പെട്ടത്‌ സിഐജി റിപ്പോര്‍ട്ടുകളെകൊണ്ടാണ്‌. മുകേഷ്‌ അംബാനി മുതല്‍ കേന്ദ്ര മന്ത്രിമാര്‍വരെ സിഎജിയെ വെട്ടിവീഴ്ത്താന്‍ മുന്നിട്ടിറങ്ങിയിട്ടുള്ളത്‌ സത്യസന്ധമായ കണക്കുകള്‍വഴി പൊതുരംഗത്തെ പകല്‍കൊള്ളകള്‍ പുറംലോകത്തെ അറിയിച്ചതിലുള്ള അരിശംതീര്‍ക്കാന്‍ വേണ്ടിയാണ്‌. സത്യത്തിന്റെ കൈയ്യൊപ്പുള്ള രേഖകളും സാഹചര്യങ്ങളും അടിക്കടി പുറത്തുവന്നുകൊണ്ടിരിക്കുന്ന ഇന്നത്തെ ചുറ്റുപാടില്‍ യുപിഎയ്ക്ക്‌ അധികകാലം പിടിച്ചുനില്‍ക്കാനാവില്ലെന്നുറപ്പാണ്‌. കോടതികളുടെയും പൊതുസമൂഹത്തിന്റെയും പ്രതിപക്ഷത്തിന്റെയും ശ്രമങ്ങള്‍ ഈ രംഗങ്ങളില്‍ ശ്ലാഘനീയമാണ്‌.
അഡ്വ. പി.എസ്‌. ശ്രീധരന്‍പിള്ള

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.