ബിഎസ്‌എന്‍എല്‍ ഒരു ലക്ഷം ജീവനക്കാരെ ഒഴിവാക്കുന്നു

Saturday 24 September 2011 11:03 pm IST

കോഴിക്കോട്‌: നഷ്ടത്തിന്റെ പേര്‌ പറഞ്ഞ്‌ ബിഎസ്‌എന്‍എല്ലില്‍ ജീവനക്കാരെ കൂട്ടത്തോടെ പറഞ്ഞയക്കാനുള്ള നീക്കം ശക്തമായി. ഈ മാസം 29 ന്‌ ഇത്‌ സംബന്ധിച്ച്‌ നിര്‍ണ്ണായക തീരുമാനമെടുക്കുമെന്നാണ്‌ സൂചന. അന്ന്‌ ദില്ലിയില്‍ ചേരുന്ന ബിഎസ്‌എന്‍എല്‍ ഡയറക്ടര്‍ ബോര്‍ഡ്‌ യോഗത്തിലെ മുഖ്യ അജണ്ട ഈ വിഷയമാണെന്നറിയുന്നു.
ബിഎസ്‌എന്‍എല്ലില്‍ ആകെയുള്ള മൂന്ന്‌ ലക്ഷം ജീവനക്കാരില്‍ ഒരു ലക്ഷം പേരെ സ്വമേധയാ പിരിഞ്ഞ്‌ പോകല്‍ പദ്ധതി (വിആര്‍എസ്‌) പ്രകാരം ഒഴിവാക്കാനാണ്‌ ആലോചന. 45-55 പ്രായപരിധിയില്‍പ്പെട്ട ജീവനക്കാരെ ഒഴിവാക്കാനായി പ്രത്യേക വി.ആര്‍.എസ്‌ പദ്ധതിയാണ്‌ പ്രഖ്യാപിക്കുക. 30 ദിവസത്തെ ഗ്രാറ്റിവിറ്റിയും അഞ്ച്‌ വര്‍ഷത്തെ ശമ്പളവുമൊക്കെയാണ്‌ ഇവര്‍ക്കുള്ള വാഗ്ദാനം വിആര്‍എസിന്‌ നിര്‍ബന്ധിക്കുന്ന രീതിയിലുള്ള ഈ പാക്കേജ്‌ സാംപിട്രോഡ കമ്മീഷന്റെ ശുപാര്‍ശ പ്രകാരമുള്ളതാണ്‌.
നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ബിഎസ്‌എന്‍എല്‍ ലാഭകരമാക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ സാംപിട്രോഡണ്‍ കമ്മീഷനെ സര്‍ക്കാര്‍ നിയോഗിച്ചത്‌. വിആര്‍എസ്‌ പദ്ധതിക്കായി 20 കോടി രൂപ ചെലവാക്കാമെന്നും കമ്മീഷന്‍ ശുപാര്‍ശയുണ്ട്‌.
ഈ ശുപാര്‍ശ ബിഎസ്‌എന്‍എല്‍ ഡയറക്ടര്‍ ബോര്‍ഡ്‌ തത്വത്തില്‍ അംഗീകരിച്ചതായും അതിന്‌ ഔപചാരികമായ അനുമതി നല്‍കാനാണ്‌ 29 ലെ യോഗമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ബോര്‍ഡ്‌ അംഗീകരിക്കുന്ന ഈ ശുപാര്‍ശ പിന്നീട്‌ കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലെത്തും.
ജീവനക്കാരെ കൂട്ടത്തോടെ ഒഴിവാക്കാനുള്ള അധികൃത നീക്കത്തില്‍ സര്‍വ്വീസ്‌ സംഘടനകള്‍ കടുത്ത പ്രതിഷേധം അറിയിച്ചിട്ടുണ്ട്‌. ഇതിന്റെ ഭാഗമായി 27 ന്‌ അഖിലേന്ത്യാ തലത്തില്‍ ബിഎസ്‌എന്‍എല്‍ ജീവനക്കാരുടെ ഉപവാസ സമരവുമുണ്ട്‌. രാവിലെ ഒമ്പത്‌ മുതല്‍ വൈകുന്നേരം അഞ്ച്‌ വരെയാണ്‌ ഉപവാസം. ദേശീയ തലത്തില്‍ ആറായിരം കോടിരൂപയുടെ നഷ്ടമാണ്‌ 2010-11 സാമ്പത്തിക വര്‍ഷത്തില്‍ ബിഎസ്‌എന്‍എല്ലില്‍ ഉണ്ടായിട്ടുള്ളത്‌.
എം.കെ. രമേഷ്കുമാര്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.