ചിദംബരത്തെ ജയിലിലടക്കണമെന്ന്‌ ബിജെപി; മന്‍മോഹന്‍-പ്രണബ്‌ കൂടിക്കാഴ്ച ഇന്ന്‌

Saturday 24 September 2011 11:01 pm IST

ന്യൂദല്‍ഹി: 2ജി സ്പെക്ട്രം അഴിമതിക്കേസില്‍ മുന്‍ ധനകാര്യമന്ത്രി ചിദംബരത്തിന്റെ പങ്ക്‌ വ്യക്തമാക്കുന്ന രേഖകള്‍ പുറത്തുവന്നതിനെത്തുടര്‍ന്ന്‌ അദ്ദേഹത്തിന്റെ രാജിയ്ക്കായുള്ള സമ്മര്‍ദ്ദം ശക്തമായ സാഹചര്യത്തില്‍ ധനമന്ത്രി പ്രണബ്‌ മുഖര്‍ജി ഇന്ന്‌ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗുമായി കൂടിക്കാഴ്ച നടത്തും. അന്താരാഷ്ട്ര നാണ്യനിധിയുടെ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി വാഷിംഗ്ടണിലെത്തിയിട്ടുള്ള പ്രണബ്‌ ന്യൂയോര്‍ക്കില്‍ നടക്കുന്ന യുഎന്‍ പൊതുസമ്മേളനത്തില്‍ പങ്കെടുക്കുന്ന പ്രധാനമന്ത്രിയെ ഇന്ന്‌ രാവിലെ സന്ദര്‍ശിക്കുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍ പറയുന്നത്‌.
2ജി സ്പെക്ട്രം അഴിമതിക്കേസില്‍ ചിദംബരത്തിനെതിരായ പരാമര്‍ശങ്ങളടങ്ങിയ റിപ്പോര്‍ട്ട്‌ ധനകാര്യമന്ത്രാലയം തയ്യാറാക്കിയത്‌ സംബന്ധിച്ച കാര്യങ്ങളാകും ഇരുവരും ചര്‍ച്ച ചെയ്യുക. എന്നാല്‍ വാഷിംഗ്ടണ്‍ സന്ദര്‍ശനം പ്രണബ്‌ വെട്ടിച്ചുരുക്കിയിട്ടില്ലെന്നും ഔദ്യോഗിക കര്‍ത്തവ്യങ്ങള്‍ പൂര്‍ത്തിയാക്കിയതിന്‌ ശേഷം മാത്രമേ അദ്ദേഹം ന്യൂയോര്‍ക്കിന്‌ തിരിക്കുകയുള്ളള്ളൂവെന്നും ധനകാര്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്‌.അറുപത്തിയാറാമത്‌ യുഎന്‍ പൊതുസമ്മേളനത്തിലാണ്‌ പ്രധാനമന്ത്രി പങ്കെടുക്കുന്നത്‌. യുഎന്‍ പൊതുസമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്ത്‌ സംസാരിച്ചതിന്‌ ശേഷമാകും താന്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിക്കുകയെന്നും തുടര്‍ന്ന്‌ നാട്ടിലേക്ക്‌ തിരിക്കുമെന്നും പ്രണബ്‌ വാഷിംഗ്ടണിലുള്ള ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരോട്‌ പറഞ്ഞു. തിങ്കളാഴ്ച്ച ഇന്ത്യയിലെത്തിയതിനു ശേഷമേ 2ജി സ്പെക്ട്രം അഴിമതിയിലെ പുതിയ വഴിത്തിരിവുകളെക്കുറിച്ച്‌ അഭിപ്രായപ്രകടനം നടത്തുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതിനിടെ രാജ്യത്തിന്‌ അപമാനകരമായ 2ജി അഴിമതിയില്‍ പങ്കുകാരനായ ആഭ്യന്തരമന്ത്രി ചിദംബരത്തെ കേസില്‍ പ്രതിചേര്‍ത്ത്‌ തീഹാര്‍ ജയിലില്‍ അടയ്ക്കണമെന്ന്‌ മുതിര്‍ന്ന ബിജെപി നേതാവ്‌ യശ്വന്ത്‌ സിന്‍ഹ ആവശ്യപ്പെട്ടു. സ്പെക്ടം ക്രമക്കേടുകളെക്കുറിച്ച്‌ അറിയാമായിരുന്നിട്ടും പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും ചിദംബരവും ഇതിന്‌ തടയിടാനാവശ്യമായ നടപടികള്‍ സ്വീകരിച്ചിരുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സ്പെക്ട്രം ഇടപാട്‌ നടക്കുമ്പോള്‍ ധനമന്ത്രിയായിരുന്ന ചിദംബരത്തിന്‌ അഴിമതിയില്‍ പങ്കുണ്ടെന്ന്‌ വ്യക്തമാക്കുന്ന തെളിവുകള്‍ പുറത്തു വന്നു കഴിഞ്ഞു. ഇതേ കേസില്‍ അകത്തായ എ രാജയ്ക്കും കനിമൊഴിയ്ക്കുമൊപ്പം പ്രതിചേര്‍ത്ത്‌ അദ്ദേഹത്തെ ജയിലിലടയ്ക്കണം സിന്‍ഹ പറഞ്ഞു.
സ്പെക്ട്രം ഇടപാടില്‍ പ്രധാനമന്ത്രിക്കെതിരായും അന്വേഷണം നടത്തണമെന്ന്‌ യശ്വന്ത്‌ സിന്‍ഹ ആവശ്യപ്പെട്ടു. സ്പെക്ട്രം വിതരണത്തിന്റെ ഓരോ ഘട്ടവും പ്രധാനമന്ത്രിയെ അറിയിച്ചിരുന്നതായി മുന്‍ ടെലികോം മന്ത്രി രാജ സമ്മതിച്ചിട്ടുണ്ട്‌.
ഇക്കാര്യത്തില്‍ പ്രധാനമന്ത്രി സ്വീകരിച്ചിരുന്ന നിലപാടുകള്‍ അഴിമതിയ്ക്ക്‌ സഹായകമായോ എന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു, സിന്‍ഹ പറഞ്ഞു. ചിദംബരത്തെ സംരക്ഷിക്കാനുള്ള പ്രധാനമന്ത്രിയുടെ ശ്രമം സ്വയം രക്ഷിക്കാനുള്ള തത്രപ്പാടിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതേസമയം ദിനംപ്രതി ഓരോ മന്ത്രിമാര്‍ അഴിമതിക്കേസില്‍ അകത്താകുന്ന സാഹചര്യമാണ്‌ രാജ്യത്ത്‌ നിലനില്‍ക്കുന്നതെന്ന്‌ ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്രമോഡി അഭിപ്രായപ്പെട്ടു.
ഇന്നത്തെ ദിവസം ഏതു മന്ത്രിയാണ്‌ അകത്തായതെന്ന്‌ അറിയുവാനാണ്‌ ജനങ്ങള്‍ പത്രം തുറക്കുന്നത്‌. എ, ബി, സി എന്ന ക്രമത്തില്‍ ഓരോരുത്തരായി ജയിലിലേക്ക്‌ പോവുകയാണ്‌, മോഡി കളിയാക്കി. രാജ്യത്തെ അപകടകരമാം വണ്ണം അഴിമതി ഗ്രസിച്ചു കഴിഞ്ഞു. അഴിമതിക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുന്ന ഭരണകൂടമാണ്‌ ഇന്നിന്റെ ആവശ്യം മോഡി അഭിപ്രായപ്പെട്ടു. ഒരു സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം 2ജി സ്പെക്ട്രം കേസില്‍ അന്വേഷണം നടത്തുന്ന സിബിഐ ബിജെപി നേതാവും എന്‍ഡിഎ മന്ത്രിസഭയിലെ ധനമന്ത്രിയുമായിരുന്ന ജസ്വന്ത്‌ സിംഗിന്റെ മൊഴി രേഖപ്പെടുത്തി. 2001 മുതല്‍ 2007 വരെയുള്ള കാലയളവിലെ സ്പെക്ട്രം വിതരണം സംബന്ധിച്ച വിവര ശേഖരണത്തിന്റെ ഭാഗമായാണ്‌ സിബിഐ സംഘം അദ്ദേഹത്തെ സന്ദര്‍ശിച്ച്‌ മൊഴി രേഖപ്പെടുത്തിയത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.