യുപിഎ ഖജനാവ്‌ മുടിച്ചു; നടപടികള്‍ കടുക്കുമെന്ന്‌ മോദി

Sunday 15 June 2014 12:47 pm IST

പനാജി: പത്തു വര്‍ഷം ഭരിച്ച യുപിഎ സര്‍ക്കാര്‍ ഖജനാവ്‌ കാലിയാക്കിയെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ സാമ്പത്തികാരോഗ്യം മെച്ചപ്പെടുത്താന്‍ വരും വര്‍ഷങ്ങളില്‍ കടുത്ത നടപടികള്‍ വേണ്ടിവരും, മോദി പറഞ്ഞു. സാമ്പത്തിക അച്ചടക്കം കൊണ്ടുവരണം. എങ്കിലേ രാജ്യത്തിന്റെ ആത്മവിശ്വാസം വര്‍ദ്ധിക്കൂ, ബിജെപി പ്രവര്‍ത്തക യോഗത്തില്‍ മോദി തുടര്‍ന്നു. അധികാരമേറ്റശേഷം ഇതാദ്യമായാണ്‌ മോദി യുപിഎ സര്‍ക്കാരിന്റെ സാമ്പത്തിക നടപടികളെ ഇത്രയും രൂക്ഷമായി വിമര്‍ശിക്കുന്നത്‌. ഖജനാവ്‌ കാലിയാക്കിയ സാഹചര്യത്തിലാണ്‌ ഞാന്‍ കടിഞ്ഞാണ്‍ ഏറ്റെടുക്കുന്നതെന്ന്‌ പ്രധാനമന്ത്രി പറഞ്ഞു.
സാമ്പത്തികരംഗത്തെ എന്റെ ചില നടപടികള്‍, രാജ്യമെന്നോടു കാണിച്ച അളവറ്റ സ്നേഹം പോലും തകര്‍ത്തേക്കാമെന്ന്‌ എനിക്കറിയാം. എന്നാല്‍ ഈ നടപടികള്‍ രാജ്യത്തിന്റെ ആരോഗ്യം ശക്തമാക്കിയെന്ന്‌ അറിയുമ്പോള്‍ ജനങ്ങള്‍ ആ സ്നേഹം മടക്കി നല്‍കുകതന്നെ ചെയ്യും, മോദി തുടര്‍ന്നു. കടുത്ത നടപടി എടുത്തില്ലെങ്കില്‍ സാമ്പത്തിക സ്ഥിതി മെച്ചപ്പെടില്ല. ആവശ്യമുള്ളപ്പോള്‍ നടപടി എടുക്കണം. മോദിയേയും ബിജെപിയേയും പ്രശംസിച്ചതുകൊണ്ടു മാത്രം രാജ്യത്തെ സഹായിക്കലാകില്ല. മോദിയെ പുകഴ്ത്തിയതുകൊണ്ടു മാത്രം സ്ഥിതി മെച്ചപ്പെടുകയുമില്ല. നാം കടുത്ത തീരുമാനം എടുക്കേണ്ടിയിരിക്കുന്നു.
കടുത്ത നടപടി വേണമെന്ന്‌ മോദി പിന്നീട്‌ ട്വിറ്ററില്‍ കുറിക്കുകയും ചെയ്തു. ദേശീയ താത്പര്യം മുന്‍നിര്‍ത്തി മാത്രമേ എന്തു തീരുമാനവും എടുക്കുകയുള്ളൂ, മോദി വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.