പിരീഡുകള്‍ വര്‍ധിപ്പിക്കുന്നത്‌ പഠനത്തെ ബാധിക്കും

Sunday 15 June 2014 10:18 pm IST

തിരുവനന്തപുരം: ടൈംടേബിള്‍ പരിഷ്കരണത്തിലൂടെ പീരിഡുകള്‍ വര്‍ധിപ്പിക്കുന്നത്‌ കുട്ടികളുടെ പഠനത്തെ സാരമായി ബാധിക്കുമെന്ന്‌ പഠന റിപ്പോര്‍ട്ടുകള്‍. പ്രവൃത്തി പരിചയം, കല, കായികം എന്നിവ പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്ന വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ പേരിലാണ്‌ അധിക പിരീഡുകള്‍ക്കായി ടൈംടേബിള്‍ പരിഷ്കരിക്കുന്നത്‌. കലാകായിക വിഭാഗത്തിനായി ആറ്‌ പീരിഡുകള്‍ മാറ്റിവയ്ക്കമെന്നാണ്‌ നിര്‍ദേശം. എന്നാല്‍ ഇത്‌ കുട്ടികളുടെ പഠനത്തെ ബാധിക്കുമെന്ന്‌ ചൂണ്ടിക്കാട്ടി നിരവധി റിപ്പോര്‍ട്ടുകള്‍ കരിക്കുലം കമ്മിറ്റിക്ക്‌ ലഭിച്ചിട്ടുണ്ട്‌.
സ്കൂള്‍ ടൈംടേബിള്‍ പരിഷ്കരണ ശുപാര്‍ശയില്‍ ഭേദഗതി വരുത്തി എസ്സിഇആര്‍ടി വീണ്ടും സമര്‍പ്പിച്ചാലും പരിഷ്കരണം ഈ വര്‍ഷം നടക്കില്ല. മനാശസ്ത്രഞ്ജരുടെയും പൊതു സമൂഹത്തിന്റെയും അഭിപ്രായങ്ങള്‍ തേടാതെയുളള ശുപാര്‍ശ കരിക്കുലം കമ്മിറ്റി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. തുടര്‍ന്നാണ്‌ ഭേദഗതി നിര്‍ദേശിക്കാന്‍ എസ്സിഇആര്‍ടിയോടെ സര്‍ക്കാര്‍ ആവശ്യപ്പെട്ടത്‌. കഴിഞ്ഞ ദിവസത്തെ കരിക്കുലം കമ്മിറ്റിയില്‍ ടൈംടേബിള്‍ പരിഷ്കരണത്തെചൊല്ലി അഭിപ്രായ വിത്യാസം രൂക്ഷമായി. അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക്‌ തൃപ്തികരമായ മറുപടി നല്‍കാന്‍ എസ്സിഇആര്‍ടിക്കായില്ല. രാവിലെ മുതല്‍ വൈകിട്ട്‌ വരെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലെല്ലാം ഉച്ചയ്ക്ക്‌ ഒരു മണിക്കൂര്‍ ഇടവേള നല്‍കണമെന്നത്‌ നിയമമാണ്‌. ആ നിയമം മാറ്റാതെ ഉച്ചഭക്ഷണ സമയം കുറയ്ക്കാനാകില്ല. കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിനും സമയം കുറയ്ക്കല്‍ തടസമാകും.
പ്രവൃത്തി പരിചയം, കല, കായികം എന്നിവയ്ക്കായി ആഴ്ചയില്‍ ആറ്‌ പീരിഡുകള്‍ മാറ്റിവയ്ക്കുന്നതോടെ ഭാഷ, സയന്‍സ്‌ വിഷയങ്ങള്‍ പഠിപ്പിക്കല്‍ അവതാളത്തിലാകും. മലയാളം, ഇംഗ്ലീഷ്‌, ഹിന്ദി ഭാഷകളില്‍ കുട്ടികള്‍ പിന്നോക്കം പോയാല്‍ വിദ്യാര്‍ഥികളുടെ പൊതു നിലവാരത്തെ ബാധിക്കും. 12000 സ്കൂളുകളില്‍ 8000 സ്കൂളുകളിലും കലാ-കായിക അധ്യാപകരില്ല. നാലായിരം സ്കൂളുകളിലാകട്ടെ പേരിന്‌ മാത്രം ഓരോ അധ്യാപകരാണ്‌ ഉള്ളത്‌.
അധ്യാപകരെ നിയമിക്കാന്‍ കൂട്ടാക്കാതിരിക്കുകയും ഉള്ള അധ്യാപകരെ തസ്തിക നിര്‍ണയത്തിന്റെ പേരില്‍ പുറത്താക്കുകയും ചെയ്യുന്നതിനിടെയാണ്‌ ടൈംടേബിള്‍ പരിഷ്കരണം. പീരിഡുകള്‍ മാറ്റുമ്പോള്‍ പൊതു സമൂഹത്തിന്റെയും മന:ശാസ്ത്രഞ്ജരുടെയും അഭിപ്രായങ്ങള്‍ തേടേണ്ടതുണ്ട്‌. അവകൂടി പരിഗണിച്ചാലെ നിര്‍ദേശത്തിന്‌ കരിക്കുലം കമ്മിറ്റിയില്‍ പിന്തുണ ലഭിക്കൂ.
സ്വന്തം ലേഖകന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.