സിമി സജീവം

Tuesday 17 June 2014 11:43 pm IST

ന്യൂദല്‍ഹി: ഇന്ത്യന്‍ മുജാഹിദ്ദീനു പുറമേ നിരോധിത സംഘടനയായ സ്റ്റുഡന്ര്സ്‌ ഇസ്ലാമിക്‌ മൂവ്മെന്‍റ ഓഫ്‌ ഇന്ത്യ(സിമി)യും സജീവം. കേരളത്തില്‍ സിമി മൊഡ്യൂള്‍ ആരംഭിച്ചു കഴിഞ്ഞതായും ഐബി റിപ്പോര്‍ട്ട്‌ ചെയ്യുന്നു.
ഈ ഭീകര സംഘടന വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചതോടെ ഇന്‍റലിജന്‍സ്‌ ബ്യൂറോയും ദേശീയ അന്വേഷണ ഏജന്‍സിയും വളരെ കരുതലോടെയാണ്‌ പ്രവര്‍ത്തിക്കുന്നത്‌. സിമി രാജ്യമൊട്ടാകെ വര്‍ദ്ധിത വീര്യത്തോടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുകയാണെന്നാണ്‌ ദിവസങ്ങള്‍ക്കു മുന്‍പ്‌ പാട്ന സ്ഫോടനത്തോടനുബന്ധിച്ച്‌ അറസ്റ്റിലായ ഹൈദര്‍ അലിയുടെ മൊഴിയില്‍ നിന്ന്‌ വെളിവാകുന്നത്‌.
സിമിയെ വീണ്ടും കെട്ടിപ്പൊക്കുന്നത്‌ അബ്ദു സുഭാന്‍ ഖുറേഷി( തൗഖീര്‍) ആണെന്നാണ്‌ വിവരം. ഇത്തരം നീക്കങ്ങള്‍ ശക്തമായതോടെയാണ്‌ പാട്ന, ബോധ്ഗയ സ്ഫോടനങ്ങള്‍ ഉണ്ടായത്‌.
തെക്കേയിന്ത്യയടക്കം പലമേഖലകളിലും സിമി വീണ്ടും കരുത്താര്‍ജിച്ചിട്ടുണ്ടെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. ഇടയ്ക്കിടയ്ക്ക്‌ പരിശീലനങ്ങളും നല്‍കുന്നുണ്ട്‌. പുതിയ ആള്‍ക്കാരെ നിയമിക്കുന്നുമുണ്ട്‌.ഇവരും പഴയ ആള്‍ക്കാരും ചേര്‍ന്നാണ്‌ ഇപ്പോള്‍ പ്രവര്‍ത്തനം.
തൗഖീര്‍ രാജ്യമൊട്ടാകെ സഞ്ചരിച്ച്‌ ഝാര്‍ഖണ്ഡ്‌, ഒറീസ, മധ്യപ്രദേശ്‌, ഛത്തീസ്ഗഡ്‌, കേരളം തുടങ്ങിയ സ്ഥലങ്ങളില്‍ സിമി മൊഡ്യൂളുകള്‍ ഉണ്ടാക്കിക്കഴിഞ്ഞു. തൗഖീര്‍ ഒരു വെടിയുണ്ട പോലും ഉതിര്‍ത്തിട്ടില്ല. ഒരു ബോംബു പോലും പൊട്ടിച്ചിട്ടില്ല. എന്നാല്‍ കുറേക്കാലമായി ഇയാളാണ്‌ സംഘടനയുടെ ആശയപരമായ ശക്തി കേന്ദ്രം.
മുംബയില്‍ നിന്നുള്ള സോഫ്റ്റ്‌വെയര്‍ വിദഗ്ധനാണ്‌ തൗഖീര്‍. 2001ലാണ്‌ ഇയാള്‍ രാജിവച്ച്‌ സിമി ശക്തമാക്കാന്‍ തുടങ്ങിയത്‌. സുരക്ഷാ ഏജന്‍സികള്‍ക്ക്‌ തലവേദനയാണ്‌ ഇയാള്‍. വര്‍ഷങ്ങളായി മുങ്ങി നടന്ന്‌ ഭീകര സംഘടന കെട്ടിപ്പടുക്കുകയായിരുന്നു.
സഫ്ദര്‍ നഗൗറിയും അനവധി പ്രവര്‍ത്തകരും അറസ്റ്റിലാതോടെയാണ്‌ 2006ല്‍ സിമി പ്രവര്‍ത്തനം നിലച്ചത്‌. അതാണിപ്പോള്‍ വീണ്ടും ശക്തമാക്കിയത്‌. അടുത്തിടെ അറസ്റ്റിലായ ഹൈദര്‍ അലി പലയിടങ്ങളിലും സിമി ക്യാമ്പ്‌ സംഘടിപ്പിച്ചിട്ടുണ്ട്‌. അഫ്ഗാന്‍,ചെച്നിയ, ഗുജറാത്ത്‌ എന്നിവിടങ്ങളില്‍ മുസ്ലീങ്ങള്‍ പീഡനങ്ങള്‍ സഹിച്ചെന്നും അതിന്‌ പകരം വീട്ടണമെന്നുമാണ്‌ ക്യാമ്പുകളില്‍ പഠിപ്പിച്ചത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.