24-ാ‍മത്‌ സ്വദേശി ശാസ്ത്ര സമ്മേളനം തിരൂരില്‍

Tuesday 17 June 2014 8:59 pm IST

കൊച്ചി: സ്വദേശി ശാസ്ത്ര പ്രസ്ഥാനം തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയുമായി ചേര്‍ന്ന്‌ സംഘടിപ്പിക്കുന്ന 24-ാ‍മത്‌ സ്വദേശി ശാസ്ത്ര സമ്മേളനം നവംബര്‍ 6 മുതല്‍ 8 വരെ തിരൂരില്‍ നടക്കും. 'ശാസ്ത്ര സാങ്കേതിക ശാസ്ത്ര വിഷയങ്ങളുടെ അധ്യാപന പഠന വ്യാപനം മലയാളത്തിലൂടെ' എന്നതാണ്‌ മുഖ്യവിഷയമെന്ന്‌ സമ്മേളനത്തിന്റെ ചെയര്‍മാന്‍ കെ.ജയകുമാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
മുന്നൂറോളം ശാസ്ത്രപ്രബന്ധങ്ങള്‍ സമ്മേളനത്തില്‍ അവതരിപ്പിക്കും. സമ്മേളനത്തില്‍ ദേശീയ, പ്രാദേശിക സര്‍വകലാശാലകളും മറ്റ്‌ ഗവേഷണ സ്ഥാപനങ്ങളും പങ്കെടുക്കും. കൃഷി, ഗണിത,പരിസ്ഥിതി ശാസ്ത്രങ്ങള്‍, രസതന്ത്രം, ജനിതക, ഭൗതിക ശാസ്ത്രം, എഞ്ചിനീയറിംഗ്‌ സാങ്കേതിക വിദ്യ, പാരമ്പര്യ ശാസ്ത്രം, ഭാഷാ ശാസ്ത്രം തുടങ്ങിയ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ വാച്യരൂപത്തിലും പോസ്റ്റര്‍ രൂപത്തിലും അവതരിപ്പിക്കാം.
ഉന്നത വിദ്യാഭ്യാസ രംഗത്ത്‌ ഭാരതം നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ ചര്‍ച്ചയും ധീവരസമൂഹത്തില്‍ ശാസ്ത്ര സാങ്കേതിക വിദ്യ ഉണ്ടാകുന്ന മാറ്റങ്ങള്‍, പ്രാദേശിക വികസനത്തില്‍ ശാസ്ത്രസാങ്കേതിക വിദ്യയുടെ പങ്ക്‌, മലയാള സാഹിത്യത്തില്‍ പരിസ്ഥിതി സംബന്ധമായ വിഷയങ്ങളുടെ സ്വാധീനം എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചയും നടക്കും. ഇതിന്‌ പുറമെ നവംബര്‍ 7 ന്‌ സി.വി.രാമന്‍ അനുസ്മരണ പ്രഭാഷണം നടക്കും.
സമ്മേളനത്തിന്റെ ബ്രോഷറിന്റെ പ്രകാശനവും വെബ്സൈറ്റിന്റെ ഉദ്ഘാടനവും മലയാളം സര്‍വകലാശാല വൈസ്‌ ചാന്‍സലര്‍ കൂടിയായ കെ.ജയകുമാര്‍ നിര്‍വഹിച്ചു.
പത്രസമ്മേളനത്തില്‍ സ്വദേശി ശാസ്ത്ര പ്രസ്ഥാനം പ്രസിഡന്റ്‌ പ്രൊഫ.വി.പി.എന്‍.നമ്പൂരി, ഡോ.എന്‍.ജി.കെ.പിളള എന്നിവരും പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.