ചെറിയമാരുടെ ക്രൂരതകള്‍

Tuesday 17 June 2014 9:08 pm IST

ബദൗനിലെ കൂട്ടബലാത്സംഗങ്ങളുടെയും മറ്റും പശ്ചാത്തലത്തില്‍ ഇന്ത്യയിലെ അസാന്മാര്‍ഗികതയുടെ കേന്ദ്രബിന്ദു ഉത്തര്‍പ്രദേശാണ്‌ എന്നായിരുന്നു എന്റെ ധാരണ. ഇപ്പോള്‍ ആ ധാരണ മാറിയിരിക്കുന്നു. കാരണം ഇന്ന്‌ ഞാന്‍ ടിവി തുറന്നപ്പോള്‍ കണ്ടത്‌ മദ്യലഹരിയില്‍ തന്റെ ഇളയ മകന്റെ ഭാര്യയെ ബലാത്സംഗം ചെയ്ത പിതാവിനെ പോലീസ്‌ അറസ്റ്റുചെയ്തു കൊണ്ടുപോകുന്ന ദൃശ്യമാണ്‌.
കേരളം സാംസ്കാരിക പുരോഗതിയിലും വിദ്യാഭ്യാസത്തിലും രാഷ്ട്രീയ പ്രബുദ്ധതയിലും മുന്നിലാണെന്നാണ്‌ അമര്‍ത്യസെന്നിനെപ്പോലുള്ളവര്‍ വിശ്വസിക്കുന്നത്‌. കേരളത്തിലെ കുടുംബശ്രീ മാതൃക അനുകരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പോലും ആഗ്രഹിക്കുന്നു. ഇത്‌ കേരളത്തിന്റെ നല്ലവശം.
പക്ഷേ യഥാര്‍ത്ഥത്തില്‍ സാമൂഹ്യ തിന്മകളിലും ഇന്ന്‌ കേരളം മുന്നേറുകയാണ്‌. പരശുരാമന്‍ മഴുവെറിഞ്ഞ്‌ കടലില്‍ നിന്നെടുത്ത കേരളത്തില്‍ ഇന്ന്‌ മദ്യക്കടലാണ്‌ ഇരമ്പുന്നത്‌. എന്റെ കുട്ടിക്കാലത്ത്‌ ഞങ്ങളുടെ നാട്ടില്‍ പൊക്കത്തായി ചെറിയ എന്നൊരാള്‍ ഉണ്ടായിരുന്നു. വെങ്ങോലയിലെ ഏക കള്ളുഷാപ്പില്‍നിന്നും നല്ലപോലെ മദ്യപിച്ച്‌ റോഡില്‍ കിടന്ന ചെറിയയുടെ മുഖത്ത്‌ ഒരു തെരുവുനായ മൂത്രമൊഴിച്ചപ്പോള്‍ "പെയ്യട്ടെ മഴ പെയ്യട്ടെ" എന്ന്‌ ചെറിയ പറഞ്ഞുവത്രെ. ഇത്തരം ചെറിയമാര്‍ ഇന്ന്‌ നമ്മുടെ നാട്ടില്‍ വര്‍ധിച്ചുവരുന്നു.
പ്രബുദ്ധ കേരളം മദ്യകേരളമായപ്പോള്‍ 2013 ല്‍ 637 പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുഞ്ഞുങ്ങള്‍ ബലാത്സംഗം ചെയ്യപ്പെട്ടു. 2008 ല്‍ 215 കേസുകള്‍ മാത്രം രജിസ്റ്റര്‍ ചെയ്തപ്പോള്‍ 2013 ല്‍ 637 കേസുകള്‍. കുട്ടികള്‍ക്കെതിരെയുളള ബലാത്സംഗ കേസുകള്‍ 1677 ആണ്‌. 40 കുട്ടികള്‍ കൊലചെയ്യപ്പെടുകയും 136 കുട്ടികളെ തട്ടിക്കൊണ്ടുപോകുകയുമുണ്ടായി. 1221 സ്ത്രീകള്‍ ആക്രമിക്കപ്പെട്ടതിന്റെ പേരില്‍ 4820 കേസുകളാണ്‌ രജിസ്റ്റര്‍ ചെയ്തത്‌.
മൂല്യച്യുതിയും വര്‍ധിച്ചുവരുന്ന മദ്യമയക്കുമരുന്നുപയോഗവും മലയാളികളെ സംസ്കാര ശൂന്യരും രക്തബന്ധത്തില്‍ പോലും വിശ്വാസമില്ലാത്തവരുമാക്കി മാറ്റിയിരിക്കുന്നു. ഒരച്ഛന്‍ തന്റെ മകനെ ചുറ്റിക കൊണ്ടടിച്ചു കൊന്നത്‌ മദ്യപിച്ചുവന്ന്‌ സ്വന്തം അമ്മയെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തതിനാലാണ്‌. ഇന്ന്‌ കേരളം മദ്യ-മയക്കുമരുന്നു മാഫിയകളുടെ സ്വന്തം നാടായപ്പോള്‍ വിദ്യാര്‍ത്ഥികള്‍ പോലും കഞ്ചാവിനും മയക്കുമരുന്നിനും അടിമപ്പെട്ട്‌, മൂല്യങ്ങള്‍ മറന്ന്‌, സൈബര്‍ ലോകത്തെ നീലവെളിച്ചത്തില്‍ മയങ്ങുമ്പോള്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഇവിടെ സുരക്ഷിതത്വമില്ല.
നടുറോഡില്‍ പെണ്‍കുട്ടിയോട്‌ അതിക്രമം കാണിച്ച ഓട്ടോ ഡ്രൈവര്‍ ബത്തേരിയില്‍ അറസ്റ്റിലായി. നാദാപുരത്ത്‌ ബന്ധുവായ യുവതിയെ മാനഭംഗപ്പെടുത്തി ഗര്‍ഭിണിയാക്കിയ ബന്ധു അറസ്റ്റിലായി. ദേശീയ ഹാന്‍ഡ്ബോള്‍ താരമായ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ ജീപ്പ്പില്‍ അപമാനിക്കാന്‍ ശ്രമിച്ച ഡ്രൈവര്‍ അറസ്റ്റിലായത്‌ കണ്ണൂരാണ്‌.
കേരളസമൂഹം എത്ര മൂല്യബോധമുള്ള സമൂഹമായിരുന്നു. കൂട്ടുകുടുംബത്തില്‍ എല്ലാവരും എല്ലാവരേയും സ്നേഹിച്ചു. ഇപ്പോള്‍ കുടുംബം എന്ന സങ്കല്‍പ്പം പോലും സമൂഹ മനസ്സിലില്ല. ആണ്‍-പെണ്‍ സമൂഹം എന്നുമാത്രം. ഒപ്പം സ്ത്രീ എന്നാല്‍ പൊതുസ്വത്ത്‌ എന്ന സങ്കല്‍പ്പം കൂടി ഇവിടെ വികസിക്കുകയാണ്‌. രണ്ടാനച്ഛന്‍ പ്രൈമറി സ്കൂളില്‍ പഠിക്കുന്ന ബാലികയെ ബലാത്സംഗം ചെയ്തു. ഇപ്പോള്‍ ഒരാള്‍ രണ്ടാംകെട്ടുകാരിയെ വിവാഹം ചെയ്യുന്നതുപോലും ആദ്യവിവാഹത്തിലെ പെണ്‍കുട്ടികളെ ലക്ഷ്യം വച്ചാണോ എന്നുപോലും സംശയം ഉയരുന്നു.
അതിഥി ദേവോ ഭവഃ എന്ന സങ്കല്‍പ്പം നിലനിന്നിരുന്ന കേരളത്തില്‍ ഇന്ന്‌ അതിഥിയെ ആ വിധത്തില്‍ കാണാന്‍ ഏതു കുടുംബം ധൈര്യപ്പെടും? മൂത്തവരെ ബഹുമാനിക്കുക, സത്യം പറയുക, ആത്മാര്‍ത്ഥത പുലര്‍ത്തുക, സമാധാനം കാംക്ഷിക്കുക മുതലായവ നമ്മുടെ മൂല്യങ്ങളായിരുന്നു. ഒന്നാം ക്ലാസിലെ "ദൈവമേ കൈതൊഴാം കേള്‍ക്കുമാറാകണം" എന്ന പ്രാര്‍ത്ഥന പോലും മൂല്യബോധം ഉളവാക്കിയിരുന്നു.
ഉപഭോഗ സംസ്കാരത്തിന്റെ കടന്നുകയറ്റത്തില്‍ മലയാളി തൂത്തെറിഞ്ഞത്‌ ഈ ആദര്‍ശ സംസ്കാരത്തെയാണ്‌. ഇന്ന്‌ മദ്യവും മദിരാക്ഷിയും മാത്രം ഉപബോധ മനസ്സിലുള്ളവരാണ്‌ മലയാളികള്‍. ഇപ്പോള്‍ 416 ബാറുകള്‍ അടച്ചുപൂട്ടിയിട്ടും മദ്യോപയോഗം ഒട്ടും കുറഞ്ഞിട്ടില്ലെന്നല്ല, മദ്യവില്‍പ്പന വരുമാനം കൂടിയിട്ടേയുളളൂ എന്നാണ്‌ ബന്ധപ്പെട്ടവര്‍ പറയുന്നത്‌. ബിവറേജസ്‌ കോര്‍പ്പറേഷനും ഫൈവ്‌ സ്റ്റാര്‍ സ്റ്റാറ്റസിലേക്കുയര്‍ന്നു. ക്യൂ നില്‍ക്കാതെ മലയാളികള്‍ 'ഡീസന്റ്‌' ആയി മദ്യപിക്കുന്നു.
ഹൈക്കോടതി പോലും ഇക്കാര്യത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചിരിക്കുകയാണ്‌. മദ്യോപഭോഗം കുറയ്ക്കുമെന്ന്‌ പറയുകയും അതിന്‌ വിരുദ്ധമായി പ്രവര്‍ത്തിക്കുകയുമാണ്‌ സര്‍ക്കാരെന്നും വിനോദ സഞ്ചാര ആവശ്യങ്ങള്‍ക്കാണ്‌ ബാറുകള്‍ എന്ന ന്യായീകരണത്തിന്മേല്‍ എല്ലാവര്‍ക്കും ലൈസന്‍സ്‌ നല്‍കുകയാണെന്നും ഇത്‌ സമയബന്ധിതമായി കുറയ്ക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ബാറുകള്‍ക്കൊപ്പം മദ്യവില്‍പ്പന കേന്ദ്രങ്ങളും കുറയ്ക്കണമെന്നും കോടതി നിരീക്ഷിക്കുന്നു.
സ്കൂള്‍-കോളേജ്‌ കുട്ടികളിലെ പെണ്‍കുട്ടികള്‍ പോലും ബാറില്‍ കയറി മദ്യപിക്കുന്നതിനും ഒരു അസാധാരണത്വം കാണുന്നില്ല എന്ന തലത്തിലേക്ക്‌ യുവതലമുറ മാറുമ്പോള്‍ കേരളത്തിന്റെ ഭാവി എന്തായിരിക്കുമെന്ന്‌ സര്‍ക്കാര്‍ ചിന്തിക്കുന്നുണ്ടോ. മദ്യപാനാസക്തി ധനമോഹം വളര്‍ത്തുമ്പോള്‍ ചൂഷണവും കവര്‍ച്ചയും ചതിയും എല്ലാം സംസ്കാരത്തിന്റെ ഭാഗമായി മാറുന്നു.
ഇന്ന്‌ അന്യസംസ്ഥാന തൊഴിലാളികള്‍ നിയന്ത്രണമില്ലാതെ കടന്നുകയറുന്നതും മയക്കുമരുന്നു വില്‍പ്പനയ്ക്കാണ്‌. ഇവരും ലക്ഷ്യമിടുന്നത്‌ സ്കൂളുകളും കോളേജുകളുമാണ്‌. കേരളത്തില്‍നിന്നും പത്ത്‌ വര്‍ഷത്തിനിടയില്‍ 31543 പേര്‍ അപ്രത്യക്ഷരായി എന്നും റിപ്പോര്‍ട്ടുകള്‍ വരുന്നു. 26363 സ്ത്രീകളെയും 11,180 പുരുഷന്മാരെയും കാണാതായി. കേരളം മനുഷ്യക്കടത്തിന്റേയും കേന്ദ്രമാവുകയാണോ? വാഗമണില്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരരെ പരിശീലിപ്പിച്ച്‌ കാശ്മീര്‍ അതിര്‍ത്തിയിലേയ്ക്ക്‌ വിട്ടിരുന്ന കാലം മലയാളി മറന്നിട്ടില്ല.
ദിനംപ്രതി സംസ്ഥാനത്തെ എല്ലാ പോലീസ്‌ സ്റ്റേഷന്‍ പരിധിയില്‍നിന്നും ഒരു പുരുഷനും രണ്ടു സ്ത്രീകളെയും കാണാതാകുന്നു. തിരുവനന്തപുരത്തുനിന്നുമാണ്‌ ഏറ്റവും അധികം പേരെ കാണാതായതത്രെ. പുരുഷന്മാരേക്കാള്‍ രണ്ടിരട്ടി സ്ത്രീകളാണ്‌ അപ്രത്യക്ഷമാകുന്നത്‌.
ബന്ധങ്ങള്‍ക്ക്‌ വിലയില്ലാതായതിന്റെ തെളിവാണ്‌ മാനസിക വളര്‍ച്ച എത്താത്ത സഹോദരിയെ സ്വന്തം സഹോദരന്‍ ഏഴുവര്‍ഷമായി പീഡിപ്പിച്ചശേഷം പിന്നീട്‌ സുഹൃത്തുക്കള്‍ക്കും ദാനം ചെയ്തത്‌. പേടിച്ചുപോയ പെണ്‍കുട്ടി വീടിനടുത്ത കടയില്‍ അഭയം പ്രാപിച്ചപ്പോള്‍ അവിടെനിന്നും ബലമായി പിടിച്ചുകൊണ്ടുപോയാണ്‌ കൂട്ടബലാത്സംഗത്തിനിരയാക്കിയത്‌. എരുമേലിയിലാണ്‌ ഈ സംഭവം നടന്നത്‌.
കേരള സമൂഹം എത്രമാത്രം അധഃപതിക്കുന്നുണ്ടെന്ന്‌ അധികാരം മാത്രം മോഹിക്കുന്ന ഭരണാധികാരികള്‍ തിരിച്ചറിയുന്നില്ല. യാഥാര്‍ത്ഥ്യബോധമുണ്ടെങ്കില്‍ ബാറുകള്‍ പൂട്ടിയപ്പോള്‍ നാട്‌ മാറി എന്ന്‌ ആദര്‍ശധീരനായ കെപിസിസി പ്രസിഡന്റ്‌ പറയുകയില്ലായിരുന്നു. കുറ്റകൃത്യങ്ങളും റോഡപകടങ്ങളും കുറഞ്ഞിരിക്കാം. പക്ഷേ സ്ത്രീപീഡനം തുടര്‍ക്കഥയാവുകയാണ്‌.
സ്ത്രീപീഡനം കൂടുന്നു എന്നുപറയുന്നതിനോടൊപ്പം പറയേണ്ടതാണ്‌ സ്ത്രീയുടെ നിഷേധാത്മക ശാക്തീകരണവും ഇവിടെ ശക്തമാകുന്നു എന്നതും. സ്ത്രീകളും ഇന്ന്‌ പെണ്‍കുട്ടികളെ വ്യാജ വാഗ്ദാനം നല്‍കി ഗള്‍ഫിലെത്തിക്കുന്നത്‌ ഷേക്കുമാരുടെ മണിയറ പങ്കിടാനാണ്‌. ഇങ്ങനെ ഗള്‍ഫ്‌ ജോലി വാഗ്ദാനം ചെയ്ത്‌ പെണ്‍കുട്ടികളെ കടത്തുന്ന റാക്കറ്റ്‌ ഓപ്പറേറ്റ്‌ ചെയ്യുന്നതും ഒരു സ്ത്രീ തന്നെയാണ്‌.
ഇപ്പോള്‍ ക്രിക്കറ്റിന്റെ പേരില്‍ തട്ടിപ്പ്‌ നടത്തിയ ഒരു സ്ത്രീയെ ആലങ്ങാട്‌ പോലീസ്‌ അറസ്റ്റ്‌ ചെയ്തു. ക്രിക്കറ്റ്‌ മത്സരങ്ങളില്‍ പങ്കെടുപ്പിക്കാം എന്ന്‌ പറഞ്ഞ്‌ സെലക്ഷന്‍ ക്യാമ്പ്‌ നടത്തി യുവാക്കളില്‍നിന്നും പണം തട്ടലായിരുന്നു ഇവരുടെ രീതി. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം ക്യാപ്റ്റന്റെ കീഴിലുള്ള ക്യാമ്പിന്റെ റിക്രൂട്ട്മെന്റ്‌ കോ-ഓര്‍ഡിനേറ്റര്‍ ആണെന്നാണത്രെ ഇവര്‍ സ്വയം പരിചയപ്പെടുത്തിയത്‌. പഞ്ചായത്തംഗത്തിന്റെ സഹായത്തോടെ പറവൂര്‍ മുന്‍സിപ്പല്‍ ഗ്രൗണ്ടില്‍ സെലക്ഷന്‍ ക്യാമ്പ്‌ നടത്തുകയും അതില്‍ 40 പേര്‍ പങ്കെടുക്കുകയും ചെയ്തു. ക്യാമ്പില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ടവരുമായി ജയ്പ്പൂരില്‍ പോകണമെന്നും ഓരോരുത്തരും 25,000 രൂപ വീതം നല്‍കണമെന്നുമായിരുന്നു നിര്‍ദ്ദേശം.
ആലുവ റൂറല്‍ എസ്പി നടത്തിയ അന്വേഷണത്തില്‍ ക്രിക്കറ്റ്‌ ഫെഡറേഷനുമായോ ക്ലബുകളുമായോ യാതൊരു ബന്ധവുമില്ലെന്ന്‌ തെളിഞ്ഞതോടെയാണ്‌ ഇവരെ കസ്റ്റഡിയിലെടുത്തത്‌. 20-20 ക്രിക്കറ്റ്‌ കേരള-തിരുവനന്തപുരം എന്ന പേരില്‍ ലെറ്റര്‍ പാഡും ബില്ലും വരെ ഇവര്‍ തയ്യാറാക്കി.
ഇതെല്ലാം വിരല്‍ചൂണ്ടുന്നത്‌ കേരളത്തിന്റെ സാംസ്കാരികാധപ്പതനത്തിലേക്കും മൂല്യച്യുതിയിലേക്കുമാണ്‌. എങ്ങനെയും പണം നേടണം. "നാണംകെട്ടും പണം നേടിക്കൊണ്ടാല്‍ നാണക്കേടാപ്പണം തീര്‍ത്തുകൊള്ളും" എന്ന വിശ്വാസപ്രമാണം അംഗീകരിക്കുന്നവരായി മലയാളികള്‍ മാറി. മാഫിയ-ഗുണ്ടാ സംഘം പ്രബലമായപ്പോള്‍ സ്കൂള്‍ കുട്ടികള്‍ പോലും മാഫിയകളെ ഉപയോഗിക്കാന്‍ പഠിച്ചു.
ബാറുകള്‍ പൂട്ടിയതുകൊണ്ട്‌ നാട്‌ മാറുകയില്ല. കേരളം മുഴുവന്‍ ഒറ്റ മനസ്സോടെ ലഹരിവിരുദ്ധ കാമ്പയിന്‍ സംഘടിപ്പിക്കേണ്ട കാലമാണിതെന്ന്‌ കെപിസിസി പ്രസിഡന്റ്‌ പറയുമ്പോള്‍ ഈ സ്ഥിതിവിശേഷം അധികാരികളെ ബോധ്യപ്പെടുത്താനും ജനങ്ങളെ സംഘടിപ്പിച്ച്‌ മദ്യവിപത്തിനെതിരെ ബോധവല്‍ക്കരണം നടത്താനും അദ്ദേഹം മുന്‍കൈ എടുക്കേണ്ടതാണ്‌. അധികാരവും മൂല്യങ്ങളും സഹവര്‍ത്തിക്കില്ല എന്ന സത്യം ഓര്‍മിക്കേണ്ടതുണ്ട്‌.
ലീലാ മേനോന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.