ഉള്‍ഫ നേതാവ് പരേഷ് ബറുവയ്ക്ക് ബംഗ്ലാദേശില്‍ കോടികളുടെ നിക്ഷേപം

Sunday 25 September 2011 12:46 pm IST

ന്യൂദല്‍ഹി : ഉള്‍ഫ നേതാവ് പരേഷ് ബറുവയ്ക്ക് ബംഗ്ലാദേശിലെ വിവിധ കമ്പനികളില്‍ കോടിക്കണക്കിന് ഡോളറിന്റെ നിക്ഷേപം. റിയല്‍ എസ്റ്റേറ്റ്, ഷിപ്പിങ്, ടെക്സ്റ്റൈല്‍, പവര്‍, മെഡിക്കല്‍ കെയര്‍ മേഖലകളിലാണ് നിക്ഷേപം നടത്തിയിട്ടുള്ളത്. ധാക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബസുന്ധര റിയല്‍ എസ്റ്റേറ്റ്, ഈസ്റ്റേണ്‍ ഹൗസിങ് പ്രൊജക്റ്റ്, ജമുന ഗ്രൂപ്പ് ഹൗസിങ് പ്രൊജക്റ്റ് എന്നിവയില്‍ 14 മില്യണ്‍ ഡോളറിന്റെ നിക്ഷേപമുണ്ട്. ലണ്ടന്‍ വ്യവസായി കരുജമന്‍ എന്ന പേരിലാണ് നിക്ഷേപം നടത്തിയിരിക്കുന്നത്. ബസുന്ധരയില്‍ 17 ശതമാനം ഓഹരിയുണ്ട്. വര്‍ഷം തോറും ഈ കമ്പനികളില്‍ നിന്നു കോടിക്കണക്കിനു രൂപയുടെ ലാഭവിഹിതമാണ് ബറുവയ്ക്കു ലഭിക്കുന്നത്. ഈ കമ്പനികള്‍ നിരീക്ഷണത്തിലാണെന്ന് എന്‍.ഐ.എ അറിയിച്ചു. ബംഗ്ലാദേശ് സുരക്ഷാ ഉദ്യോഗസ്ഥരുമായി സഹകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. വ്യാജ പേരുകളിലാണ് എല്ലാ കമ്പനികളിലെയും നിക്ഷേപം നടത്തിയിരിക്കുന്നതെന്ന് അന്വേഷണ ഏജന്‍സികള്‍ അറിയിച്ചു. സര്‍ക്കാരുമായി സമാധാന ചര്‍ച്ചകള്‍ നടത്താന്‍ വിസമ്മതിച്ച വിഭാഗമാണ് പരേഷ് ബറുവയുടേത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.