ഗാഡ്ഗില്‍ റിപ്പോര്‍ട്ട്‌ രാജ്യത്തിന്റെ വിശാല താല്‍പര്യം മുന്‍നിര്‍ത്തി: ആര്‍എസ്‌എസ്‌

Tuesday 17 June 2014 10:54 pm IST

കൊച്ചി: നരേന്ദ്ര മോദി സര്‍ക്കാര്‍ പശ്ചിമഘട്ട സംരക്ഷണത്തിനു ഗാഡ്ഗില്‍ റിപ്പോര്‍ട്ട്‌ നടപ്പാക്കുമെന്ന ആശങ്ക ചിലര്‍ പ്രകടിപ്പിക്കുമ്പോള്‍ ബിജെപി സര്‍ക്കാരിനു വേണ്ടി ആര്‍എസ്‌എസ്‌ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്മേലുള്ള നിലപാടില്‍ മാറ്റം വരുത്തുന്നുവെന്ന്‌ വിമര്‍ശനങ്ങള്‍ ഉയരുന്നു. എന്നാല്‍ കൊച്ചിയില്‍നടന്ന ആര്‍എസ്‌എസ്‌ അഖില ഭാരതീയ പ്രതിനിധി സഭ ഈ വിഷയത്തില്‍ കൈക്കൊണ്ട നിലപാട്‌ ഇങ്ങനെയായിരുന്നു.
ആര്‍എസ്‌എസ്‌ സര്‍ കാര്യവാഹ്‌ സുരേഷ്‌ (ഭയ്യാജി) ജോഷിയുടെ മാധവ്‌ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെക്കുറിച്ച്‌ പ്രസ്താവന ഇങ്ങനെയായിരുന്നു: "അഖില ഭാരതീയ കാര്യകാരി നമ്മുടെ പരിസ്ഥിതി നേരിടുന്ന ഭീഷണികളെക്കുറിച്ച്‌ പൊതുവേയും പശ്ചിഘട്ടത്തിന്റെ പ്രകൃതി സന്തുലിതാവസ്ഥ പ്രത്യേകിച്ചും ചര്‍ച്ച ചെയ്തു. നമ്മള്‍ പിന്തുടരുന്ന പിഴവുകള്‍ നിറഞ്ഞ വികസന മാതൃകയും സമൂഹത്തില്‍ ചില വിഭാഗത്തിന്റെ ആര്‍ഭാട ജീവിതരീതിയും നമ്മുടെ പരിസ്ഥിതിയ്ക്ക്‌ കനത്ത നാശമാണുണ്ടാക്കുന്നത്‌. ഈ പ്രവണത മാറ്റാന്‍ അടിയന്തരമായി പ്രവര്‍ത്തിക്കേണ്ടത്‌ ഇന്നത്തെ തലമുറയുടെ ഉത്തരവാദിത്തമാണ്‌. ഭാരതീയ പരിസ്ഥിതി സൗഹാര്‍ദ്ദ വികസന മാതൃക പിന്തുടരേണ്ടത്‌ അത്യാവശ്യമാണ്‌, അതുവഴി ഭാവി തലമുറയെ സമാധാനപൂര്‍ണമായി ജീവിക്കാന്‍ സഹായിക്കാനാവും. ഈ സാഹചര്യത്തില്‍, പശ്ചിമഘട്ടത്തിലെ പ്രകൃതി സന്തുലനാവസ്ഥ സംരക്ഷിക്കുന്നതിനെക്കുറിച്ച്‌ മാധവ്‌ ഗാഡ്ഗില്‍ പാനല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട്‌ ഒരു നാഴികക്കല്ലാണ്‌. എന്നാല്‍ ആ റിപ്പോര്‍ട്ട്‌ ജനങ്ങള്‍ക്ക്‌ മുന്നില്‍ സമര്‍പ്പിച്ച്‌ ദേശവ്യാപകമായ ഒരു ചര്‍ച്ച നടത്തുന്നതിനുപകരം ഭാരതസര്‍ക്കാര്‍ റിപ്പോര്‍ട്ട്‌ പൂര്‍ണമായി തള്ളിക്കളഞ്ഞത്‌ നിര്‍ഭാഗ്യകരമാണ്‌. അതിലെ പല ശുപാര്‍ശകളും രാജ്യത്തിന്റെ വിശാലതാല്‍പ്പര്യം മുന്‍നിര്‍ത്തിയുള്ളതാണെന്ന്‌ ആര്‍എസ്‌എസ്‌ വിലയിരുത്തുന്നു. മാധവ്‌ ഗാഡ്ഗില്‍ റിപ്പോര്‍ട്ട്‌ നിശ്ശേഷം തള്ളിയ കേന്ദ്ര സര്‍ക്കാരിന്റെ നടപടിയെ ഞങ്ങള്‍ അപലപിക്കുന്നു.
പ്രമുഖ ശാസ്ത്രജ്ഞനായ ഡോ.കസ്തൂരി രംഗന്റെ നേതൃത്വത്തിലുള്ള കമ്മറ്റി റിപ്പോര്‍ട്ട്‌ ഒരു ചുവടുവെപ്പായിരിക്കാം, പക്ഷേ അത്‌ പര്യാപ്തമല്ലെന്നാണ്‌ ഞങ്ങളുടെ കാഴ്ചപ്പാട്‌. കേന്ദ്ര സര്‍ക്കാരും ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരുകളും അവരവരുടെ തീരുമാനങ്ങള്‍ പുനഃപരിശോധിക്കുകയും രാജ്യത്തിന്റെ പരിസ്ഥിതിയുടെ ഭാവിയെക്കുറിച്ചുള്ള കാര്യത്തില്‍ വിശാലമായ ചര്‍ച്ചയ്ക്ക്‌ വഴിയൊരുക്കുകയും ചെയ്യണമെന്ന്‌ ഞങ്ങള്‍ ആവശ്യപ്പെടുന്നു, പ്രസ്താവന വ്യക്തമാക്കുന്നു."

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.