സ്വാശ്രയ മെഡിക്കല്‍ പ്രവേശനം: 11 കോളജുകള്‍ കരാറൊപ്പിട്ടില്ല

Wednesday 18 June 2014 8:42 pm IST

തിരുവനന്തപുരം: ഈ വര്‍ഷത്തെ പ്രവേശനം സംബന്ധിച്ച്‌ സംസ്ഥാനത്തെ 11 സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ സര്‍ക്കാരുമായി കരാര്‍ ഒപ്പുവെയ്ക്കാത്തതിനെ തുടര്‍ന്ന്‌ ഈ കോളജുകളിലെ പ്രവേശന നടപടികള്‍ അനിശ്ചിതത്വത്തില്‍ .നിലവില്‍ കരാര്‍ ഒപ്പിടാത്തതിനാല്‍ ഈ കോളേജുകള്‍ പ്രവേശന പരീക്ഷാ കമ്മീഷണറേറ്റിന്റെ ആദ്യഘട്ട അലോട്ട്മെന്റില്‍ ഉള്‍പ്പെടില്ലെന്ന്‌ വ്യക്തമായി. പതിനൊന്ന്‌ കോളേജുകള്‍ക്കായി 1,100 സീറ്റാണുള്ളത്‌. ഇതില്‍ 550 സീറ്റ്‌ മെറിറ്റ്‌ സീറ്റാണ്‌. കോളേജുകള്‍ കരാറിലൊപ്പു വയ്ക്കാത്തത്‌ മൂലം 550 കുട്ടികള്‍ക്കാണ്‌ അവസരം നഷ്ടപ്പെടുക. ഈ മാസം 23ന്‌ ഒപ്ഷന്‍ നല്‍കുന്നത്‌ അവസാനിക്കും. 25ന്‌ ആണ്‌ ആദ്യ അലോട്ട്മെന്റ്‌. എന്നിട്ടും സര്‍ക്കാരും മാനേജുമെന്റുകളും തീരുമാനത്തിലെത്താതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു. സ്വാശ്രയ മാനേജ്മെന്റിനെ സഹായിക്കാനാണ്‌ സര്‍ക്കാര്‍ തീരുമാനമെടുക്കാതെ ഇക്കാര്യത്തില്‍ താല്‍പര്യമെടുക്കാത്തതെന്നാണ്‌ ആക്ഷേപം.
സര്‍ക്കാരുമായി കരാര്‍ ഒപ്പിടാത്ത സാഹചര്യത്തില്‍ തങ്ങള്‍ സ്വന്തമായി പ്രവേശന നടപടികള്‍ സ്വീകരിക്കുമെന്ന നിലപാടിലാണ്‌ ഈ 11 സ്വാശ്രയ കോളേജ്‌ അധികൃതര്‍. ഇതില്‍ അഞ്ചു കോളജുകള്‍ പ്രവേശന നടപടികള്‍ ആരംഭിച്ചതായും മാനേജ്മെന്റ്‌ അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. മാനേജ്‌മന്റ് സീറ്റിലെ പ്രവേശനത്തിനായി ഈ 11 കോളേജുകളിലും ഇതുവരെ പരീക്ഷ നടത്താന്‍ സാധിച്ചിരുന്നില്ല. ഇതോടെയാണ്‌ പ്രവേശന നടപടികള്‍ അനിശ്ചിതത്വത്തിലായത്‌. ഇന്നലെ മുതല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ കോളേജുകളിലേയും സര്‍ക്കാരുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുള്ള ക്രിസ്ത്യന്‍ മാനേജ്മെന്റിന്‌ കീഴിലുള്ള തൃശൂര്‍ ജൂബിലി,അമല, കോലഞ്ചേരി മെഡിക്കല്‍ മിഴന്‍, തിരുവല്ല പുഷ്പഗിരി, എന്നീ മെഡിക്കല്‍ കോളജുകളില്‍ പ്രവേശന നടപടികള്‍ ആരംഭിച്ചു.
എന്നാല്‍ സര്‍ക്കാരുമായി കരാര്‍ ഒപ്പിടാത്ത 11 സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ സ്വന്തമായി പ്രവേശന നടപടികള്‍ സ്വീകരിക്കുമെന്ന പ്രഖ്യാപനം നടത്തിയെങ്കിലും അവരുടെ പ്രവേശന നടപടികള്‍ക്ക്‌ എത്രമാത്രം നിയമസാധുത ഉണ്ടെന്ന ചോദ്യവും ഉയരുന്നു. ഇനി സര്‍ക്കാരുമായി ചര്‍ച്ച ഇല്ലെന്നാണ്‌ ഇവരുടെ നിലപാട്‌.
കണ്ണൂര്‍ മെഡിക്കല്‍ കോളേജ്‌, പാലക്കാട്‌ കരുണ ഉള്‍പ്പെടെയുള്ള കോളജുകളാണ്‌ സ്വന്തം നിലയ്ക്ക്‌ പ്രവേശന നടപടി ആരംഭിച്ചത്‌. ക്രിസ്റ്റ്യന്‍ മാനേജ്‌ മെന്റിന്റെ കീഴിലുള്ള നാല്‌ കോളേജുകള്‍ സര്‍ക്കാരുമായി കരാറൊപ്പിട്ടുകഴിഞ്ഞു. അവരുടെ പേരുവിവരം എന്‍ട്രസ്‌ കമ്മീഷണറുടെ വെബസൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.