കൊക്കോ വില കുത്തനെ ഇടിഞ്ഞു; നട്ടം തിരിഞ്ഞ്‌ കര്‍ഷകര്‍

Thursday 19 June 2014 9:19 pm IST

ഇടുക്കി: കൊക്കോ വില കുത്തനെ ഇടിഞ്ഞു, ഇതോടെ സംസ്ഥാനത്തെ കൊക്കോ കര്‍ഷകര്‍ ദുരിതത്തിലായി. രണ്ട്‌ മാസം മുന്‍പ്‌ ഒരു കിലോ ഉണക്ക കൊക്കോയ്ക്ക്‌ എണ്‍പത്‌ രൂപയായിരുന്നു വില. ഇപ്പോള്‍ 40 രൂപയായി. ഒരു കിലോ ഉണക്ക കൊക്കോയ്ക്ക്‌ 220, 225 എന്നിങ്ങനെയായിരുന്നു രണ്ട്‌ മാസം മുന്‍പുണ്ടായിരുന്ന വില. ഇപ്പോള്‍ 180 രൂപയാണ്‌ വില.
കേരളത്തിലെ കൊക്കോ കര്‍ഷകരില്‍ എഴുപത്‌ ശതമാനവും ഇടുക്കിക്കാരാണ്‌. കട്ടപ്പന, തൊടുപുഴ, മരിയാപുരം,വിമലഗിരി, കഞ്ഞിക്കുഴി, തടിയമ്പാട്‌ എന്നീ സ്ഥലങ്ങളില്‍ നൂറുകണക്കിന്‌ കര്‍ഷകരാണ്‌ കൊക്കോ കൃഷിയിലൂടെ ഉപജീവനം കണ്ടെത്തുന്നത്‌. വില കൂപ്പുകുത്തിയതോടെ കര്‍ഷകര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്‌. മഴയുടെ പേര്‌ പറഞ്ഞ്‌ കൊക്കോ കമ്പനികള്‍ നടത്തുന്ന ചൂതാട്ടം മൂലമാണ്‌ വില ഇടിഞ്ഞതെന്ന്‌ തൊടുപുഴയിലെ കൊക്കോ കര്‍ഷകനായ റോയി 'ജന്മഭൂമി'യോട്‌ പറഞ്ഞു. രണ്ട്‌ കമ്പനികളാണ്‌ കൊക്കോ സംഭരണത്തിന്‌ രംഗത്തുള്ളത്‌. ഈ കമ്പനിക്കാര്‍ ജൂണ്‍ ആരംഭത്തില്‍ തന്നെ വില ആസൂത്രിതമായി ഇടിക്കും.
മഴക്കാലത്ത്‌ കൊക്കോ ഉണങ്ങിയെടുക്കുമ്പോള്‍ വന്‍ നഷ്ടമുണ്ടാകുമെന്നാണ്‌ കമ്പനിക്കാര്‍ പറയുന്നത്‌. വേനല്‍ക്കാലത്ത്‌ നൂറ്‌ കിലോ പച്ച കൊക്കോ ഉണങ്ങിയെടുക്കുമ്പോള്‍ മുപ്പത്‌ കിലോയോളം വരും. എന്നാല്‍ വര്‍ഷകാലത്ത്‌ ഇത്‌ ഇരുപത്തിനാല്‌ കിലോയായി കുറയുമത്രേ. ഇക്കാരണം പറഞ്ഞാണ്‌ ജൂണ്‍മാസം ആദ്യം മുതല്‍ കമ്പനിക്കാര്‍ വിലകുറച്ച്‌ കൊക്കോ സംഭരിക്കാന്‍ തുടങ്ങിയത്‌.
അന്താരാഷ്ട്ര തലത്തില്‍ കൊക്കോയ്ക്ക്‌ മെച്ചപ്പെട്ട വിലയാണ്‌ ലഭിക്കുന്നത്‌. കൊക്കോ കര്‍ഷകരുടെ ക്ഷേമത്തിനായി കേന്ദ്രത്തില്‍ ഡവലപ്പ്മെന്റ്‌ ഓഫ്‌ കാഷ്യു നട്ട്‌ ആന്റ്‌ കൊക്കോ ഡയറക്ട്രേറ്റ്‌ രൂപീകരിച്ചിട്ടുണ്ടെങ്കിലും കര്‍ഷകര്‍ക്ക്‌ ഉല്‍പ്പന്നത്തിന്‌ ന്യായ വില ലഭിക്കുന്നതിന്‌ ഒരു നടപടിയും നാളിതുവരെ ബോര്‍ഡ്‌ കൈക്കൊണ്ടിരുന്നില്ല. പുതിയ കേന്ദ്രസര്‍ക്കാരിലാണ്‌ പ്രതീക്ഷ.
സംഗീത്‌ രവീന്ദ്രന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.