തീക്കടല്‍ കടഞ്ഞെടുത്ത തിരുമധുരം

Thursday 19 June 2014 9:21 pm IST

മലയാളഭാഷയുടെ പിതാവ്‌ തുഞ്ചത്തെഴുത്തച്ഛനെ വിഷയമാക്കി സി. രാധാകൃഷ്ണന്‍ എഴുതിയ ജീവചരിത്രാഖ്യായിക 'തീക്കടല്‍ കടഞ്ഞ്‌ തിരുമധുരം' ആദരിക്കപ്പെടുമ്പോള്‍ ശ്രേഷ്ഠപദവിയിലേക്ക്‌ ഉയര്‍ത്തപ്പെട്ട മലയാളഭാഷയ്ക്ക്‌ അഭിമാനിക്കാനേറെ. തുഞ്ചത്താചാര്യനെ അടുത്തറിയാനും അതിലൂടെ മലയാളത്തെ തന്നെ തിരിച്ചറിയാനുമുള്ള അവസരമാണ്‌ 'തീക്കടല്‍ കടഞ്ഞ്‌ തിരുമധുരം' മലയാളിക്ക്‌ സമ്മാനിച്ചത്‌. എഴുത്തച്ഛന്റെ കുടുംബപശ്ചാത്തലത്തേയും വ്യക്തിത്വത്തേയും കുറിച്ച്‌ പ്രചരിച്ചിട്ടുള്ള ധാരണകള്‍ ഏറെയുണ്ട്‌. എന്നാല്‍ ചരിത്രവും സാഹചര്യങ്ങളുമായും ഒട്ടും ചേര്‍ന്നുപോകാത്ത ധാരണകളെയാകെ അട്ടിമറിച്ചുകൊണ്ടാണ്‌ സി.രാധാകൃഷ്ണന്‍ രചന നിര്‍വ്വഹിച്ചിരിക്കുന്നത്‌. ഭാഷാപിതാവിനെ കുറിച്ച്‌ പഠിക്കാനോ ആഴത്തില്‍ അറിയാനോ ശ്രമിച്ചവര്‍ കേരളത്തില്‍ കുറവാണെന്നതാണ്‌ ഓരോ മലയാളിയും തലകുനിച്ച്‌ സമ്മതിക്കേണ്ട സത്യം. നമ്മുടെ ഭാഷയെയും സംസ്കാരത്തെയും കുറിച്ച്‌ ഊറ്റം കൊള്ളുകയും ഭാഷയ്ക്കായി വാതോരാതെ സംസാരിക്കുകയും ചെയ്യുന്ന എത്രപേര്‍ക്കറിയാം ഭാഷാപിതാവായ തുഞ്ചത്താചാര്യന്റെ ജീവിതമെന്തായിരുന്നു എന്ന്‌. 'തീക്കടല്‍ കടഞ്ഞ്‌ തിരുമധുരം' അതിന്‌ പരിഹാരമാകുകയാണ്‌. ഒരു നോവല്‍ വായിക്കുന്ന ആസ്വാദന മികവോടെ, അല്ലെങ്കില്‍ ആകാംഷാഭരിതമായിട്ടാണ്‌. രണ്ടു തരത്തിലുള്ള വായനയും പ്രദാനം ചെയ്യുന്ന 'തീക്കടല്‍ കടഞ്ഞ്‌ തിരുമധുരം' അതിനൊപ്പം തന്നെ ഭാഷാപിതാവിനെ അടുത്തറിയാനുള്ള അവസരം കൂടി ഒരുക്കുകയാണ്‌. ഭാഷാപിതാവിന്റെ ജീവിതത്തെ സമീപിക്കേണ്ടിവരുന്നത്‌ എന്നതിനാല്‍ വായന ആയാസരഹിതമാവുന്നു. വായനാവാരക്കാലത്ത്‌ ഈ കൃതി വീണ്ടും വായിക്കാനും വായിച്ചിട്ടില്ലാത്തവര്‍ക്ക്‌ തേടികണ്ടെത്തി വായിക്കാനുമുള്ള അവസരമൊരുങ്ങിയിരിക്കുകയാണിപ്പോള്‍.
ഇരുപത്തിയേഴാമത്‌ മൂര്‍ത്തീദേവി പുരസ്കാരം 'തീക്കടല്‍ കടഞ്ഞ്‌ തിരുമധുര'ത്തിന്‌ ലഭിക്കുമ്പോള്‍ ആദരിക്കപ്പെടുന്നത്‌ നോവലും എഴുത്തുകാരനുമാണെന്നതിനപ്പുറം നമ്മുടെ ഭാഷയും കൂടിയാണെന്ന്‌ പറഞ്ഞതും അതിനാലാണ്‌.
ഐതീഹ്യത്തില്‍ നിന്ന്‌ ചരിത്രത്തിലേക്കുള്ള ദുര്‍ഘടമായ ഒറ്റയടിപ്പാതയിലൂടെയാണ്‌ രാധാകൃഷ്ണന്‍ 'തീക്കടല്‍ കടഞ്ഞ്‌ തിരുമധുര'ത്തിന്റെ രചനക്കായി സഞ്ചരിക്കുന്നത്‌. ഈ കൃതി കെട്ടുകഥയല്ലെന്നും ഭാഷാപിതാവിന്റെ ജീവിതത്തെക്കുറിച്ച്‌ കുട്ടിക്കാലത്തും യുവപ്രായത്തിലും മുതിര്‍ന്നവരില്‍ നിന്നു കിട്ടിയ ചിത്രവും ദീര്‍ഘകാലത്തെ അന്വേഷണത്തില്‍ കണ്ടെത്തിയ വിവരങ്ങളുമാണ്‌ ഇതിലുള്ളതെന്നും ഗ്രന്ഥകാരന്‍ പറയുന്നു. എഴുത്തച്ഛന്‍ തന്റെ കുടുംബത്തിന്റെ പൂര്‍വ്വികന്മാരില്‍ ഒരാളായിരുന്നു എന്ന്‌ അദ്ദേഹം അവകാശപ്പെടുന്നുണ്ട്‌. എഴുത്തച്ഛന്‍ ഓരോ മലയാളിയുടെയും പൂര്‍വ്വികനാണ്‌. തന്റെ പതിനൊന്നു തലമുറമുമ്പുള്ള കാരണവരായിരുന്നു തുഞ്ചത്താചാര്യനെന്ന്‌ രാധാകൃഷ്ണന്‍ വ്യക്തമാക്കുന്നുണ്ട്‌.
തുഞ്ചത്താചാര്യന്റെ ജീവിതം ഒരു നോവലിന്റെ ചട്ടക്കൂട്ടില്‍ നിന്ന്‌ അവതരിപ്പിക്കാനുള്ള ശ്രമത്തിനു പിന്നില്‍ സാഹസികതയുണ്ട്‌. ആചാര്യന്റെ ജീവിതകാലത്തെ ജീവിതക്രമവും സാഹചര്യങ്ങളും കണ്ടെത്താന്‍ ചരിത്രാന്വേഷണത്തിനപ്പുറം ശാസ്ത്രീയമായ പഠനങ്ങളും അത്യാവശ്യമാണ്‌. സി.രാധാകൃഷ്ണന്‍ സാഹിത്യകാരന്‍ മാത്രമല്ലാത്തതിനാല്‍ അദ്ദേഹത്തിനത്‌ വേഗത്തില്‍ സാധ്യമായി. പറഞ്ഞു കേട്ടതും പാടിക്കേട്ടതും രേഖപ്പെടുത്തിയതുമെല്ലാം ചേര്‍ത്തുവച്ച്‌ അതിന്റെ സൂക്ഷ്മ തലങ്ങള്‍ അന്വേഷിച്ചാണ്‌ രചനയിലേക്ക്‌ കടന്നതെന്ന്‌ രാധാകൃഷ്ണന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്‌. തുഞ്ചത്താചാര്യനെന്ന മഹദ്‌വ്യക്തി ജീവിച്ചിരുന്നകാലമെന്ന വിസ്തൃതമായ തീക്കടല്‍ കടഞ്ഞ്‌ അതില്‍ നിന്ന്‌ ആചാര്യന്റെ മധുരമായ ജീവിതം എടുത്തു നല്‍കുകയായിരുന്നു അദ്ദേഹം.
ചരിത്രത്തെ പൂര്‍ണ്ണമായി ഉള്‍ക്കൊണ്ട്‌, ക്ഷുബ്ധമായ കാലത്തിന്റെ കാല്‍പാടുകളെ അദ്ദേഹം എടുത്തുയര്‍ത്തുന്നു. കീഴാളനുമുന്നില്‍ വേദപുരാണങ്ങളുടെ വാതിലുകള്‍ കൊട്ടിയടച്ച കാലത്ത്‌ സാമൂഹ്യപരിഷ്കരണത്തിന്റെ വക്താവായിരുന്നു ആചാര്യന്‍. വലിയ അദ്ഭുതത്തോടെയാണ്‌ ആ അറിവ്‌ രാധാകൃഷ്ണനെന്ന എഴുത്തുകാരനിലേക്ക്‌ വന്നത്‌. കീഴാളനുമുന്നില്‍ എല്ലാവാതിലുകളും തുറന്നിടണമെന്ന നവോത്ഥാനത്തിന്റെ സന്ദേശം പ്രചരിപ്പിച്ചയാളാണ്‌ ആചാര്യന്‍. ഉന്നത സമുദായ പ്രമാണിമാരില്‍ നിന്ന്‌ അദ്ദേഹത്തിന്‌ അതിന്റെ പേരില്‍ വലിയ എതിര്‍പ്പ്‌ നേരിടേണ്ടിയും വന്നു. ചരിത്രത്തിലെ വലിയ അറിവുകളാണ്‌ അന്വേഷണത്തില്‍ അദ്ദേഹം കണ്ടെത്തിയത്‌. ഭാഷാ പിതാവെന്ന നിലയിലുപരി സാമൂഹ്യപരിഷ്കര്‍ത്താവായാണ്‌ തുഞ്ചത്താചാര്യനെ വിലയിരുത്തേണ്ടത്‌. നോവലിലെ കഥാപാത്രമായ ആചാര്യന്‍ കഥ പറയുന്നതരത്തിലാണ്‌ നോവല്‍ എഴുതിയിരിക്കുന്നത്‌. തന്റെ കാലത്തെയും ചരിത്രത്തെയും സമൂഹത്തെയും രാഷ്ട്രീയ സാംസ്കാരിക കാലാവസ്ഥയെയും നിര്‍മ്മമതയോടെ വിസ്തരിക്കുന്നു. നോവലില്‍ കഥാപാത്രമായ തുഞ്ചത്താചാര്യനാണ്‌ കാലത്തെ വിസ്തരിക്കുന്നതെങ്കിലും അതിനുവേണ്ടി രാധാകൃഷ്ണന്‍ ചരിത്രത്തെ വിശകലം ചെയ്തതാണ്‌ അനുസ്മരിക്കപ്പെടേണ്ടത്‌.
~കേരളത്തിലെ സമഗ്രവിദ്യാപീഠങ്ങളായിരുന്നു കളരികള്‍. എഴുത്തും വായനയും ആയോധനവിദ്യയും ആയുര്‍വ്വേദവും വേദാന്തവുമെല്ലാം കളരികളില്‍ നിന്നു പകര്‍ന്നുകിട്ടി. 'തീക്കടല്‍ കടഞ്ഞ്‌ തിരുമധുര' ത്തില്‍ കളരികളെകുറിച്ച്‌ വിശദമായി പ്രതിപാദിക്കുന്നു. അറിവാര്‍ജ്ജിക്കാനും അത്‌ പകര്‍ന്നുനല്‍കാനും സ്വയം ഉഴിഞ്ഞുവച്ച ജീവിതമായിരുന്നു എഴുത്താച്ഛന്‍മാരുടേത്‌. യഥാര്‍ത്ഥ വിദ്യാഭ്യാസം താളിയോലയിലോ ഗ്രന്ഥക്കെട്ടിലോ ഒതുങ്ങി നില്‍ക്കുന്നതല്ലെന്നും വ്യക്തിയുടെ സമഗ്രവികാസത്തിലധിഷ്ഠിതമാണതെന്നുമാണ്‌ അന്നേ സ്ഥാപിക്കപ്പെട്ട വിദ്യാഭ്യാസത്തെക്കുറിച്ചുള്ള മതം. വേദവും ശാസ്ത്രവും തുഞ്ചത്താചാര്യന്റെ കളരിയില്‍ പഠിപ്പിക്കുന്നതിനെതിരെ അക്കാലത്ത്‌ ജാതിക്കോമരങ്ങള്‍ ഉറഞ്ഞു തുള്ളിയതും അതിനെതിരെ ആചാര്യന്‍ നടത്തിയ പോരാട്ടവും 'തീക്കടല്‍ കടഞ്ഞ്‌ തിരുമധുരം' വിസ്തരിക്കുന്നുണ്ട്‌. സാംസ്കാരികമായി ഉന്നതിയില്‍ നില്‍ക്കുന്ന പുതിയൊരു ഭാഷയും പുതിയൊരക്ഷരമാലയും തികച്ചും പുതിയതും പുരോഗമനപരവുമായ ജീവിതക്രമവും സമൂഹത്തിന്‌ ഇഷ്ടദാനം നല്‍കുകയായിരുന്നു തുഞ്ചത്താചാര്യന്‍. ആ മഹാനുഭാവന്റെ പിന്തുടര്‍ച്ചക്കാരനായ സി.രാധാകൃഷ്ണന്‍ ഓരോ എഴുത്തിലും വാക്കിലും പ്രവൃത്തിയിലും സംസാരത്തിലുമെല്ലാം അതനുഭവിപ്പിക്കുന്നുണ്ട്‌. ജ്ഞാനപീഠത്തോളം വിലകല്‍പിക്കപ്പെടുന്ന മൂര്‍ത്തീദേവി പുരസ്കാരം രാധാകൃഷ്ണന്‌ സമര്‍പ്പിക്കപ്പെടുമ്പോള്‍ പരലോകത്ത്‌ സന്തോഷത്തിന്റെ കണികകള്‍ നിറഞ്ഞ കണ്ണ്‌ ആചാര്യന്‍ തുടയ്ക്കുന്നുണ്ടെന്നത്‌ തീര്‍ച്ച. സംഭവബഹുലമായ ഒരു ജീവിതകഥയെ ഒരു നോവലിന്റെ അവയവ ഭംഗികളെല്ലാം നല്‍കി, ഒരു കാവ്യത്തിന്റെ ഭാവപുഷ്ടികളോടെ അദ്ദേഹം അവതരിപ്പിക്കുകയായിരുന്നു. സാഹിത്യകാരനെന്നതിനൊപ്പം തന്നെ ശാസ്ത്രജ്ഞനുമാണ്‌ രാധാകൃഷ്ണന്‍. കോഴിക്കോട്‌ ഗുരുവായൂരപ്പന്‍ കോളേജില്‍ ബിരുദവും, പാലക്കാട്‌ വിക്ടോറിയ കോളേജില്‍ നിന്നും ഫിസിക്സില്‍ ബിരുദാനന്തര ബിരുദവും നേടി. കൊടൈക്കനാല്‍ അസ്ട്രോഫിസിക്കല്‍ ഒബ്സര്‍വേറ്ററി, പൂനെയിലെ സൈസ്‌ മോളജി സെന്‍റര്‍, ബോംബയിലെ ടൈംസ്‌ ഓഫ്‌ ഇന്ത്യ, സയന്‍സ്‌ ടുഡെ മാസിക,ഡല്‍ഹിയിലെ ലിങ്ക്‌ വാരിക, പാട്രിയട്ട്‌ ദിനപത്രം എന്നിവിടങ്ങളില്‍ എഡിറ്റോറിയല്‍ ബോര്‍ഡില്‍ ജോലി ചെയ്തു. കൊച്ചിയിലെ വീക്ഷണം എഡിറ്റര്‍, ഭാഷാപോഷിണി ഇയര്‍ബുക്ക്‌ എഡിറ്റര്‍ ഇന്‍ ചാര്‍ജ്ജ്‌, മാധ്യമം കണ്‍സള്‍ട്ടണ്ട്‌ എഡിറ്റര്‍ എന്നീ നിലകളില്‍ സേവനമനുഷ്ട്ടിച്ചു. അബൂദാബി മലയാള സമാജം അവാര്‍ഡ്‌(1988), കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്‌(1989), വയലാര്‍ അവാര്‍ഡ്‌(1990), അച്യുതമേനോന്‍ പുരസ്കാരം, പണ്ഡിറ്റ്‌ കറുപ്പന്‍ സ്മാരക പുരസ്കാരം തുടങ്ങി നിരവധി ബഹുമതികള്‍ക്ക്‌ അര്‍ഹനായി. എം.ടി വാസുദേവന്‍ നായര്‍, പത്മരാജന്‍ എന്നിവരെപ്പോലെ സാഹിത്യ മേഖലയില്‍ നിന്നും സിനിമാരംഗത്തേക്ക്‌ എത്തി വിജയിച്ച പ്രമുഖനാണ്‌ സി. രാധാകൃഷ്ണന്‍. അദ്ദേഹത്തിന്റെ അഗ്നി, ഒറ്റയടിപ്പാതകള്‍ എന്നീ സിനിമകള്‍ ദേശീയ തലത്തില്‍ ശ്രദ്ധേയമായി. കൂടാതെ നിരവധി സിനിമകള്‍ക്ക്‌ തിരക്കഥകള്‍ എഴുതിയിട്ടുണ്ട്‌. രണ്ട്‌ തവണ ദേശീയ അവാര്‍ഡ്‌ നിര്‍ണ്ണയ സമിതി അംഗം, രണ്ട്‌ തവണ ഇന്ത്യന്‍ പനോരമ ചലച്ചിത്ര സ്ക്രീനിംഗ്‌ കമ്മിറ്റി അംഗം, കേന്ദ്ര സാഹിത്യ അവാര്‍ഡ്‌ കമ്മിറ്റി അംഗം, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്‌ കമ്മിറ്റി അംഗം,വയലാര്‍ അവാര്‍ഡ്‌ കമ്മിറ്റി അംഗം, സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം അദ്ധ്യക്ഷന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. മുന്‍പേ പറക്കുന്ന പക്ഷികള്‍, എല്ലാം മായ്ക്കുന്ന കടല്‍, പുഴ മുതല്‍ പുഴ വരെ, പുള്ളിപ്പുലികളും വെള്ളി നക്ഷത്രങ്ങളും, സ്പന്ദമാപിനികളെ നന്ദി. ഇവിടെ എല്ലാവര്‍ക്കും സുഖം തന്നെ. കയ്‌വഴികള്‍, വേരുകള്‍ പടരുന്ന വഴികള്‍ തുടങ്ങി നിരവധി കൃതികള്‍ അദ്ദേഹം മലയാളിക്ക്‌ സമ്മാനിച്ചു. ഓരോന്നും വായനയുടെ പുതിയ തലങ്ങളിലൂടെ സഞ്ചരിക്കുന്നവ.
ആശയങ്ങളെന്ന നിലയില്‍ നോവലുകളാകുന്ന സാഹിത്യ രൂപത്തെ മലയാളത്തില്‍ ആദ്യമായി ചര്‍ച്ചയ്ക്ക്‌ വച്ചത്‌ സി.രാധാകൃഷ്ണനാണെന്ന്‌ പറയാം. അദ്ദേഹത്തിന്റെ ഓരോ രചനയും പുറത്തുവരുമ്പോള്‍ സജീവ ചര്‍ച്ചയ്ക്ക്‌ അത്‌ വിധേയമാക്കപ്പെടുന്നു. കഷ്ടപ്പാടുകളുടെ തീക്കടല്‍ കടഞ്ഞ്‌ നന്മയുടെ തിരുമധുരമാണ്‌ അദ്ദേഹം വായനക്കാരനുമുന്നില്‍ വയ്ക്കുന്നത്‌.
ആര്‍. പ്രദീപ്‌ E-mail: pradeepthazhava@gmail.com

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.