മുംബൈയിലും ദല്‍ഹിയിലും ഭീകരാക്രമണത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്

Friday 20 June 2014 3:49 pm IST

ന്യൂദല്‍ഹി: ദല്‍ഹിയിലും മുംബൈയിലും ഭീകരാക്രമണങ്ങള്‍ക്കു സാധ്യതയുണ്ടെന്ന് എന്‍ഐഎ മുന്നറിയിപ്പ്. വിവരം എന്‍ഐഎ മുംബൈ, ദല്‍ഹി പൊലീസിനു കൈമാറി. എന്‍ഐഎയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ മുംബൈയിലെയും ദല്‍ഹിയിലെയും പ്രധാന സ്ഥലങ്ങളില്‍ സുരക്ഷ ശക്തമാക്കി. ദല്‍ഹിയിലെ കുത്തുബ്മിനാര്‍, ലോട്ടസ് ടെമ്പിള്‍ ഉള്‍പ്പെടെയുളള ആറിടങ്ങളിലെ ഏതെങ്കിലുമൊരു സ്ഥലത്തും മുംബൈ നഗരം കേന്ദ്രീകരിച്ചുമാണ് ഭീകരാക്രമണ സാധ്യതയെന്നാണ് എന്‍ഐഎ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞമാസം പിടിയിലായ ലഷ്‌കര്‍ ഭീകരരായ ഹൈദരലി, മുജീബുളള എന്നിവരെ ചോദ്യം ചെയ്തപ്പോഴാണ് എന്‍ഐഎക്ക് ഈ വിവരം ലഭിച്ചത്. അതേസമയം ഏത് സംഘടനയാണ് ആക്രമണം നടത്തുന്നതെന്നത് സംബന്ധിച്ച് വിവരം എന്‍ഐഎ പുറത്തുവിട്ടിട്ടില്ല. പ്രത്യേക വ്യക്തികള്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തുന്നതു സംബന്ധിച്ചും എന്‍ഐഎ പരാമര്‍ശം നടത്തിയിട്ടില്ല. നേരത്തെ, തെരഞ്ഞെടുപ്പിനു മുമ്പ് നരേന്ദ്ര മോദിയടക്കമുള്ള നേതാക്കള്‍ക്ക് പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്താന്‍ രഹസ്യാന്വേഷണ വിഭാഗം ശിപാര്‍ശ ചെയ്തിരുന്നു. അടുത്തിടെ, കറാച്ചി വിമാനത്താവളത്തില്‍ ഭീകരാക്രമണം നടന്ന സാഹചര്യത്തില്‍ ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളില്‍ സുരക്ഷ ശക്തമാക്കിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.