ദീനദയാല്‍ജി നല്‍കിയ മുന്നറിയിപ്പ്‌

Sunday 25 September 2011 5:00 pm IST

പെട്രോളിയം ഉത്പന്നങ്ങളുടെ വില സര്‍ക്കാരിന്റെ അനുമതിയോടെ എണ്ണക്കമ്പനികള്‍ വര്‍ധിപ്പിച്ചത്‌ രാജ്യത്തെ ജനങ്ങങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ നട്ടം തിരിച്ചിരിക്കുകയാണ്‌. സാമ്പത്തിക പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനവസ്തുക്കളില്‍ ഒന്നാകയാല്‍ പെട്രോളിയം വില വര്‍ധന സമസ്തമേഖലകളില്‍ ഗുരുതരമായ ശൃംഖലാപ്രതികരണമുണ്ടാക്കി. അവശ്യവസ്തുക്കളുടെ വിലവര്‍ധനവുമാത്രമല്ല അതു കൂലികൂടുതലിനും കാരണമാകും. കര്‍ഷക തൊഴിലാളിക്കു ദിവസം 50 രൂപാ കൂടുതല്‍ ലഭിക്കുമ്പോള്‍ അതുകൊണ്ടു വര്‍ധിച്ചുവരുന്ന നിത്യോപയോഗ വസ്തുക്കള്‍ മുമ്പേത്തേതുപോലെ വാങ്ങാന്‍ കഴിയുന്നില്ലെന്ന അവസ്ഥയാണുള്ളത്‌. അതായത്‌ ഒരു സാധാരണക്കാരന്‌ അധികം ലഭിക്കുന്നവരുമാനം കൊണ്ടു കട്ടന്‍ ചായയില്‍ പാലോ, പഞ്ചസാരയോ കൂടുതല്‍ ചേര്‍ക്കാന്‍ സാധിക്കുന്നില്ലെന്നര്‍ത്ഥം. പണപ്പെരുപ്പം അത്രകണ്ട്‌ ജനങ്ങളെ ദുരിതത്തിലാഴ്ത്തിയിരിക്കുന്നു.
ഭാരതത്തിന്റെ പദ്ധതിയുടെ നയത്തിലും സമീപനത്തിലും, രാജ്യത്തിന്റെ പാരമ്പര്യത്തിനും, നിലവിലുള്ള സാഹചര്യങ്ങള്‍ക്കും, അടിസ്ഥാന വസ്തുതകള്‍ക്കും അനുസരിച്ചുള്ള സമീപനമായിരിക്കണം ഉണ്ടാവേണ്ടതെന്ന്‌ ജനസംഘത്തിന്റെ ആദ്യജനറല്‍ സെക്രട്ടറിയും, മൗലിക ചിന്തകനും, ഏകാത്മമാനവദര്‍ശനത്തിന്റെ ഉപജ്ഞാതാവുമായ പണ്ഡിറ്റ്‌ ദീനദയാല്‍ ഉപാധ്യായ സര്‍ക്കാരിനെ ഓര്‍മിപ്പിച്ചിരുന്നു. രണ്ടു പഞ്ചവത്സര പദ്ധതികള്‍ കഴിഞ്ഞ്‌ മൂന്നാം പദ്ധതിയുടെ ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കെ, ആ പദ്ധതികളെ വിലയിരുത്തിക്കൊണ്ട്‌ ദീനദയാല്‍ജി ഒരു പുസ്തകമെഴുതിയിരുന്നു. ടു പ്ലാന്‍ഡ്‌ പ്ലാന്‍, പ്രോസ്പെക്ടസ്‌, പെര്‍ഫോമെന്‍സ്‌ എന്നായിരുന്നു അതിന്റെ പേര്‌. ആദ്യരണ്ടു പദ്ധതികളും ലക്ഷ്യത്തെക്കാള്‍ വളരെ പിന്നിലാണവസാനിച്ചത്‌. പദ്ധതിസമീപനത്തില്‍ മാറ്റം വേണമെന്നും, പാശ്ചാത്യ മാതൃകയോ, സോവ്യറ്റ്‌ മാതൃകയോ അല്ലനമുക്കു സ്വീകാര്യമെന്നും, ഭാരതം തനതായൊരു വികസന പരിപ്രേക്ഷ്യം സ്വീകരിക്കണമെന്നും ദീനയാല്‍ജി ആവശ്യപ്പെട്ടു. ഇവിടെത്തെ 80 ശതമാനം ജനങ്ങളും ആശ്രയിക്കുന്നതു കൃഷിയും, അതിനോടുബന്ധപ്പെട്ട തൊഴിലുകളെയും വ്യവസായങ്ങളെയുമാണെന്നും, ഏറ്റവും വലിയ മൂലധനം ഇവിടത്തെ വമ്പിച്ച മാനവശേഷിയാണെന്നും എല്ലാകൈകള്‍ക്കും തൊഴില്‍ നല്‍കുന്നതും, അടിസ്ഥാനവര്‍ഗത്തിന്റെ സാമ്പത്തിക നിലയും ക്രയശേഷി ഉയര്‍ത്തുന്നതുമായ സാമ്പത്തിക നയമാവണം നാം നടപ്പാക്കേണ്ടതെന്നും ദീനദയാല്‍ജി അഭിപ്രായപ്പെട്ടു. അതിനാവശ്യമായിവേണം നമ്മുടെ ശാസ്ത്രസാങ്കേതികരംഗത്തെ ഗവേഷണങ്ങള്‍. പാശ്ചാത്യ ശാസ്ത്രസാങ്കേതികവിദ്യകള്‍ അവരുടെ സാഹചര്യങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കുമനുസരിച്ച്‌ വികസിച്ചവയാണെന്നും, അവ അതേപടി ഇവിടെ പകര്‍ത്തുന്നത്‌ ആത്മഹത്യാപരമാവുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മാനവശക്തിയെ നിഷ്ഫലമാക്കുന്ന അഥവാ വന്‍തോതില്‍ തൊഴിലില്ലായ്മ സൃഷ്ടിക്കുന്ന വ്യവസായവല്‍ക്കരണത്തിന്റെ സ്ഥാനത്ത്‌ മനുഷ്യനെ സഹായിക്കുന്നതും അധ്വാനഭാരം കുറയ്ക്കുന്നതുമായ യന്ത്രവല്‍ക്കരണം എങ്ങനെ സാധിക്കുമെന്നതിനെയാവണം നമ്മുടെ സര്‍വകലാശാലകളും ശാസ്ത്രസാങ്കേതികജ്ഞ സമൂഹവും ഗവേഷണവിഷയമാക്കേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതിന്‌ പറ്റിയ സാങ്കേതികവിദ്യ ലോകത്തെവിടെയുണ്ടെങ്കിലും സ്വീകരിക്കാനും അദ്ദേഹത്തിന്‌ സമ്മതമായിരുന്നു. മാനവാധ്വാനശേഷിയെത്തന്നെ മൂലധനമായിക്കരുതണമെന്നും ആ മൂലധനത്തിന്റെ ഭൗതികമായ തുല്യതയെ കണക്കാക്കാനുള്ള സൂത്രം കാണാനും അദ്ദേഹം തയ്യാറായി. വ്യവസായ നടത്തിപ്പിലും തൊഴിലാളിക്ക്‌ പങ്ക്‌ നല്‍കണമെന്ന തത്വം അതിന്റെ അടിസ്ഥാനത്തിലാണ്‌ വളര്‍ന്ന്‌ വികസിച്ചത്‌. ഉപഭോഗവാസനയെ അമിതമായി ഉത്തേജിപ്പിക്കുന്ന നയത്തോടും ദീനദയാല്‍ജിക്കെതിര്‍പ്പായിരുന്നു. ഉപഭോഗാസക്തിയെ വര്‍ധിപ്പിച്ച്‌, മനുഷ്യനെ അതിനടിമയാക്കി, തങ്ങളുടെ ചരക്കുകള്‍ വന്‍തോതില്‍ വിറ്റഴിക്കുന്ന കോളണിവാഴ്ചയുടെയും വന്‍കിട വാണിജ്യ താല്‍പ്പര്യങ്ങളുടെയും അടവുകള്‍ ദീനദയാല്‍ജി തുറന്നുകാട്ടിയിരുന്നു. അദ്ദേഹം ചായയെയാണ്‌ അതിന്‌ ഉദാഹരണമാക്കിയത്‌. ഒരു നൂറ്റാണ്ടിന്‌ മുമ്പ്‌ കഞ്ഞികുടിച്ചുകഴിഞ്ഞിരുന്ന നമ്മെ കോളണിവാഴ്ചക്കാലത്തെ തേയില കമ്പനിക്കാര്‍ ചായ കുടിച്ച്‌ പഠിപ്പിച്ചു. തുടക്കത്തില്‍ അവരത്‌ സൗജന്യമായാണ്‌ നല്‍കിയത്‌. ചന്ത സ്ഥലങ്ങളിലും ഉത്സവസ്ഥലങ്ങളിലും ഒരു കപ്പ്‌ ചായയും ഒരു ചെറിയ പൊതിത്തേയിലയും വെറുതെ കൊടുത്തുവന്നു. തേയില തയ്യാറാക്കേണ്ടതെങ്ങനെയെന്ന്‌ പഠിപ്പിക്കുകയും ചെയ്തു. അല്‍പ്പം ഉത്തേജകവസ്തു കൂടി ചേര്‍ത്ത തേയില നല്‍കുന്ന സുഖം, മനുഷ്യനെ ആസക്തനാക്കി. ഇന്ന്‌ ചായ കൂടാതെ ജീവിതം അസാധ്യമായിക്കഴിഞ്ഞു.
"ചായ ചായേതി ചായേതി ജപിക്കയും ചായയെത്തന്നെ മനസി ചിന്തിക്കയും ചായയാകുന്നത്‌ സാക്ഷാത്പരബ്രഹ്മം ചായയില്ലാതെയിലോകം നടക്കുമോ?" എന്ന സഞ്ജയന്റെ പാരഡിവരികള്‍ കൊളോണിയല്‍ സാമ്രാജ്യവാണിജ്യ കുത്തകകളുടെ ചെട്ടി മിടുക്കിനെയാണ്‌ തെളിയിക്കുന്നത്‌. ഇന്ന്‌ ചായയുടെ വില ആകാശംമുട്ടിയിരിക്കുന്നു. എന്നാല്‍ ചായ കൂടാതെ വയ്യാതായി. കഞ്ഞി കുടിക്കാനില്ലാതെയുമായി.
മറ്റൊന്ന്‌ വൈദ്യുതിയുടെ കാര്യമാണ്‌. നാല്‌ പതിറ്റാണ്ടുമുമ്പുവരെ കേരളം വൈദ്യുതി മിച്ച സംസ്ഥാനമായിരുന്നു. സംസ്ഥാനത്തിന്റെ വ്യവസായ നയത്തിന്റെ വൈകല്യവും ചുവപ്പുനാടയുടെയും അഴിമതിയുടെയും ആധിക്യം തുടങ്ങിയവ മൂലം വ്യവസായങ്ങള്‍ വളരാന്‍ പ്രയാസമായി. ഉള്ളവതന്നെ അടച്ചുപൂട്ടലിന്റെ വക്കത്തെത്തി. യൂണിറ്റിന്‌ മൂന്ന്‌ പൈസക്കും ഒരു പൈസയ്ക്കുമിടയിലുള്ള നിരക്കിലാണ്‌ വന്‍കിട കമ്പനികള്‍ക്ക്‌ സര്‍ക്കാര്‍ വൈദ്യുതി നല്‍കിവന്നത്‌. അന്യസംസ്ഥാനങ്ങള്‍ക്ക്‌ വൈദ്യുതി വില്‍ക്കുകയും ചെയ്ത്‌ ഗാര്‍ഹിക ഉപഭോഗം വര്‍ധിപ്പിക്കുന്നതിന്‌ സര്‍ക്കാര്‍ സൗജന്യങ്ങള്‍ നല്‍കിത്തുടങ്ങി. ഉപഭോഗം കൂടുന്നതിനനുസരിച്ച്‌ നിരക്ക്‌ കുറയുന്ന സംവിധാനം കൊണ്ടുവന്നു. നൂറ്‌ യൂണിറ്റിലേറെയുള്ള പ്രതിമാസ ഉപഭോഗത്തിന്‌ പത്തുപൈസ നിരക്ക്‌ നിശ്ചയിക്കപ്പെട്ടു. സാധാരണ ഒരു കുടുംബത്തിന്‌ ആ സൗകര്യം പ്രയോജനപ്പെടുത്താനാകാതെ വന്നപ്പോള്‍ ഗാര്‍ഹിക വൈദ്യുതോപകരണങ്ങളുമായി കമ്പനികള്‍ രംഗത്തെത്തി. ഹീറ്ററുകള്‍, തേപ്പുപെട്ടി, മിക്സര്‍ ഗ്രൈന്ററുകള്‍ തുടങ്ങി എന്തെല്ലാം ഉപകരണങ്ങള്‍! ഏതാനും വര്‍ഷങ്ങള്‍കൊണ്ട്‌ ഉപഭോഗം വര്‍ധിച്ച്‌ വൈദ്യുതിനിരക്ക്‌ ഉയര്‍ത്തപ്പെട്ടു. ഇപ്പോള്‍ ഉപഭോഗം കൂടുന്നതിനനുസരിച്ച്‌ നിരക്കും ഉയര്‍ന്നു. വൈദ്യുതി ഉപഭോഗം നിയന്ത്രിക്കാന്‍ പറ്റാത്തവിധം നാം അതിനോട്‌ ആസക്തരായിക്കഴിഞ്ഞു.
അതുപോലെ തന്നെയാണ്‌ പാചകവാതകപ്രശ്നം നാല്‌ പതിറ്റണ്ട്‌ മുമ്പുവരെ നമ്മുടെ നാട്ടില്‍ പാചകത്തിന്റെ ഇന്ധനം വിറകായിരുന്നു. നഗരങ്ങളില്‍ മണ്ണെണ്ണ കൂടുതലായി ഉപയോഗിച്ചിരുന്നുവെന്ന്‌ പറയാം. അതിനിടെ, പാചകവാതകം എണ്ണക്കമ്പനികള്‍ തയ്യാറാക്കാന്‍ തുടങ്ങി. എണ്ണ ശുദ്ധീകരണത്തിനിടെ ഉണ്ടാകുന്ന വാതകം കുഴലുകളിലൂടെ കടത്തിവിട്ട്‌ കത്തിച്ചുകളയുകയായിരുന്നു ആദ്യം. അങ്ങനെ നഷ്ടപ്പെടുന്നതിന്റെ പകുതിയെങ്കിലും ദ്രാവകമാക്കി കുറ്റികളില്‍ നിറച്ച്‌ പാചകത്തിന്‌ ഉപയോഗിക്കാമെന്ന്‌ വന്നു. അത്‌ ജനങ്ങളെക്കൊണ്ട്‌ സ്വീകരിപ്പിക്കാന്‍ തുടക്കത്തില്‍ പ്രയാസമായി. അതിന്‌ വിറക്‌ ഉപയോഗിക്കുന്നതുകൊണ്ട്‌ സംഭവിക്കുന്ന പരിസ്ഥിതിനാശം, ഓസോണ്‍ കുടയിലെ വിള്ളല്‍ തുടങ്ങിയ കാര്യങ്ങള്‍ ഊതിപ്പെരുപ്പിച്ച്‌ പ്രചരണം നടത്തി, പാചകവാതകം സ്വീകരിക്കാന്‍ ജനങ്ങളെ പ്രലോഭിപ്പിച്ചു. 40 വര്‍ഷം മുമ്പ്‌ 25 രൂപയ്ക്കാണ്‌ ഒരുകുറ്റി നല്‍കിയിരുന്നത്‌. റിഫൈനറികളിലെ പാഴ്‌വസ്തുവായേ അന്നത്‌ കരുതപ്പെട്ടിരുന്നുള്ളൂ. അതിന്റെ പ്രചാരണംകൊണ്ട്‌ ഉപഭോഗം വര്‍ധിച്ചപ്പോള്‍ നാനാ തുറകളിലേക്ക്‌ വ്യാപിച്ച സങ്കീര്‍ണവും സമൃദ്ധവുമായ വ്യവസായവും വാണിജ്യവുമായി അതുയര്‍ന്നു. വിലയും ഉയര്‍ന്നു. റിഫൈനറികളാകട്ടെ, എണ്ണശുദ്ധീകരണത്തിന്റെ ഉപോല്‍പ്പന്നമാണ്‌ എല്‍പിജി എന്ന വസ്തുത മറച്ചുപിടിച്ചുകൊണ്ട്‌ തങ്ങള്‍ക്ക്‌ അത്‌ വന്‍ നഷ്ടമുണ്ടാക്കുന്നുവെന്ന്‌ പ്രചാരണം നടത്തുന്നു. 25 രൂപയ്ക്ക്‌ വിറ്റിരുന്ന ഒരു കുറ്റി ഗ്യാസിന്‌ 450 രൂപ ചുമത്തിയിട്ടും അവര്‍ക്ക്‌ മതിയാവുന്നില്ല. അവരുടെ താളങ്ങള്‍ക്ക്‌ തുള്ളാന്‍ ഒരു പ്രധാനമന്ത്രിയും ധനകാര്യമന്ത്രിയും ആസൂത്രണക്കമ്മീഷനും ഉപാധ്യക്ഷനും നമുക്കുണ്ട്‌.
അതുതന്നെ ഇന്ധന എണ്ണയുടെ കാര്യവും. ലിറ്ററിന്‌ 17 രൂപ വിലയുള്ള എണ്ണയാണ്‌ വിവിധയിനം നികുതികളും ചുങ്കങ്ങളും തീരുവകളും ചുമത്തി 70 രൂപയ്ക്കടുത്ത വിലയ്ക്ക്‌ ഉപഭോക്താവിന്മേല്‍ സര്‍ക്കാര്‍ കെട്ടിവയ്ക്കുന്നത്‌. ഇന്ധന എണ്ണയുടെ ഉപയോഗം കുറയ്ക്കാന്‍ ഇടയ്ക്കിടെ സര്‍ക്കാര്‍ ആഹ്വാനം നല്‍കുന്നുണ്ട്‌. എന്നാല്‍ സര്‍ക്കാരിന്റെ വ്യവസായനയം അതിന്‌ സഹായകമല്ല, വിരുദ്ധമാണ്‌. ഏറ്റവും കൂടുതല്‍ പെട്രോള്‍ ഉപയോഗിക്കുന്നത്‌ കാറുകളും ഇരുചക്രവാഹനങ്ങളുമാണ്‌. ഇത്തരം വാഹനങ്ങളുടെ നിര്‍മാണം പ്രോത്സാഹിപ്പിക്കുകയാണ്‌ സര്‍ക്കാര്‍ നയം. ഡീസല്‍ ഉപയോഗിക്കുന്ന പൊതുവാഹനങ്ങളെ സഹായിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും സഹായകമല്ല അത്‌. അതുമൂലം നഗരങ്ങളിലും പ്രധാന പാതകളിലും അസഹ്യമായ ഗതാഗതക്കുരുക്കുണ്ടാകുന്നു. നാലും അഞ്ചും പേര്‍ക്ക്‌ സഞ്ചരിക്കാവുന്ന കാറുകളില്‍ ഒരാള്‍ മാത്രമായിരുന്ന്‌ പോകുമ്പോള്‍ സംഭവിക്കുന്ന പാഴ്ച്ചെലവ്‌ എത്രയെന്നോര്‍ക്കുക, ഇത്രയധികം വാഹനങ്ങള്‍ യാത്ര ചെയ്യാനുള്ള ഇടംറോഡുകള്‍ക്കില്ലാത്ത്‌ പുതിയ പ്രശ്നങ്ങളുണ്ടാക്കുന്നു. അടല്‍ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ആവിഷ്ക്കരിച്ച ബൃഹത്തായ റോഡ്‌ നിര്‍മാണ വികസന പരിപാടി ഇന്ന്‌ ഇഴഞ്ഞുനീങ്ങുകയാണ്‌.
ഏറ്റവും കൂടുതല്‍ ജനങ്ങള്‍ തൊഴില്‍ ചെയ്യുന്ന കാര്‍ഷികമേഖല രാജ്യത്ത്‌ അവഗണിക്കപ്പെടുകയാണ്‌. ഉല്‍പ്പാദനം വര്‍ധിപ്പികാന്‍ പാശ്ചാത്യമാതൃകയിലുള്ള വന്‍കിട കൃഷിരീതികളാണ്‌ മന്‍മോഹന്‍സിംഗ്‌ താല്‍പ്പര്യപ്പെടുന്നത്‌. അതിനായി വന്‍തോതില്‍ ജനിതകമാറ്റം വരുത്തിയ വിത്തിനങ്ങളുപയോഗിച്ചുള്ള സമ്പ്രദായം അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നു. ഭാരതത്തിന്റെ വൈവിധ്യമാര്‍ന്ന 60,000ലേറെ ഭക്ഷ്യവിളകളെ ഏതാണ്ട്‌ ഹോമിച്ചുകൊണ്ടാവും വന്‍കിട ബഹുരാഷ്ട്ര കൃഷി രാക്ഷസന്മാരെ ഇളകിയാടാന്‍ വിടുക, അതിന്റെ കേളികൊട്ടും പുറപ്പാടും തിരനോട്ടവും അലര്‍ച്ചയും കേട്ടുകഴിഞ്ഞു. മന്‍മോഹനും ആലുവാലിയയും ചിദംബരവും ചുട്ടികുത്തും തിരശീലയും പൊന്നാനിയും ചേങ്കിലയും ശിങ്കിടികളുമായി രംഗത്തുണ്ട്‌. നമ്മുടെ വിളവൈവിധ്യം 60,000ല്‍നിന്ന്‌ 600ല്‍ താഴെയായി ചുരുങ്ങുമത്രെ. ഗന്ധകശാലയ്ക്ക്‌ നെയ്കഴമയും ചമ്പാവും ഇട്ടിക്കണ്ടപ്പനും ഗന്ധകശാലയും ജീരകശാലയും മട്ടയുമൊക്കെ ആദ്യം പഴമക്കാരുടെ ഓര്‍മയിലും പിന്നെ ചരിത്രത്താളുകളിലുമായിത്തീര്‍ന്നേക്കാം.
ഭാരതത്തിലെ ഒന്നരക്കോടിയിലേറെ കുടുംബങ്ങള്‍ ചില്ലറ വ്യാപാരരംഗംകൊണ്ട്‌ ഉപജീവനം കഴിക്കുന്നു. ഇവിടത്തെ ഉപഭോഗ വസ്തുക്കളുടെ 88 ശതമാനവും അവരിലൂടെയാണ്‌ ജനങ്ങളിലെത്തുന്നത്‌. ആയിരക്കണക്കിന്‌ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന വാണിജ്യരംഗമാണത്‌.
അങ്ങാടികളിലൊക്കെയുമാപണങ്ങളിലൊക്കെയും മങ്ങിടാതെ മഹാലക്ഷ്മിയുടെ കടാക്ഷം തിങ്ങിടുക കൊണ്ട്‌ ധനധാന്യാദികള്‍ക്കിടംപോരാ പൊങ്ങിടുന്ന നാനാ മണിഹേമാദികള്‍ക്കും എന്നാണല്ലൊ 280 വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ രാമപുരത്തുവാര്യര്‍ പറഞ്ഞത്‌.
ഭാരതത്തിലെ ചില്ലറ വ്യാപാരമേഖലയില്‍ നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിക്കണമെന്ന മോഹം ബഹുരാഷ്ട്ര കുത്തക കമ്പനികള്‍ ഏറെ വര്‍ഷങ്ങളായിത്തുടരുകയാണ്‌. അമേരിക്കയും ഐഎഎഫുംഅതിന്‌ സമ്മര്‍ദ്ദവും നടത്തുന്നു. പല കമ്പനികളും ഭാരതത്തിലെ ചില കമ്പനികളുമായി സഹകരിച്ച്‌ വന്‍ നഗരങ്ങളില്‍ പ്രവേശിച്ചുകഴിഞ്ഞു. ഇനി നേരിട്ടുതന്നെ വാള്‍മാര്‍ട്ട്‌ കമ്പനിക്കാര്‍ വരാന്‍ നോക്കുകയാണ്‌. ആ രംഗത്ത്‌ നൂറുശതമാനം വിദേശ നിക്ഷേപം അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചുകഴിഞ്ഞു. മികവുറ്റ സാധനങ്ങള്‍ ആദായകരമായ വിലയ്ക്ക്‌ ഒരേ കൂരയ്ക്ക്‌ കീഴില്‍ ലഭ്യമാക്കുകയെന്നതാണത്രെ ഉദ്ദേശ്യം. ബംഗളൂരുവില്‍ സ്വദേശി ജാഗരണ്‍ മഞ്ചിന്റെ നേതൃത്വത്തില്‍ ഇത്തരം ഒരു സ്ഥാപനത്തിനെതിരെ നാല്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ചെറുകിട കച്ചവടക്കാര്‍ ഉപരോധം നടത്തിയിരുന്നു. ഇത്തരം വന്‍ ഷോപ്പിംഗ്‌ മാളുകളില്‍ ആയിരക്കണക്കിനാളുകള്‍ക്ക്‌ തൊഴില്‍ ലഭിക്കുമത്രെ. വാള്‍മാര്‍ട്ടിന്റെ പരസ്യത്തില്‍ അവര്‍ക്കാവശ്യം ഇംഗ്ലീഷ്‌ ഭംഗിയായി സംസാരിക്കുന്ന കമ്പ്യൂട്ടര്‍ സാക്ഷര ഗ്രാജ്വേറ്റുകളെയാണെന്ന്‌ പറയുന്നു. തൊഴില്‍ നഷ്ടമാകുന്ന ആയിരക്കണക്കിന്‌ ചില്ലറ കച്ചവടക്കാര്‍ക്ക്‌ പകരം ആര്‍ക്കാണ്‌ തൊഴില്‍ കിട്ടുന്നതെന്ന്‌ വ്യക്തമാണല്ലോ. ഒന്നരക്കോടി കുടുംബങ്ങളെ ദുരിതത്തിലാക്കുന്നതാണ്‌ ബഹുരാഷ്ട്ര ചില്ലറ കച്ചവടരാക്ഷസന്മാരെ ക്ഷണിച്ചുവരുത്തുന്ന പരിപാടി.
ഭാരതത്തില്‍ ലോകനിലവാരത്തിലുള്ള ലഘുപാനീയം ലഭ്യമാക്കാനെന്ന പേരില്‍ രാജീവ്ഗാന്ധി ക്ഷണിച്ചുവരുത്തിയ പെപ്സിയും കൊക്കക്കോളയും വരുത്തിവെച്ച ദുരിതങ്ങളാണ്‌ പ്ലാച്ചിമട സമരത്തിന്റ കാരണമായത്‌. നമ്മുടെ നാട്ടിലെ ആയിരക്കണക്കിന്‌ ചെറു സോഡാക്കമ്പനികളെ അത്‌ പൂട്ടിച്ചു.
വാള്‍മാര്‍ട്ട്‌ കമ്പനിക്കാര്‍ അവരുടെ ഭാരതത്തിലെ പടനീക്കത്തിനുവേണ്ട ഭടന്മാരെ പരിശീലിപ്പിക്കാന്‍ ഐടി പാര്‍ക്കുകളില്‍ തകൃതിയായ ശ്രമം നടത്തുകയാണ്‌. നമ്മുടെ ചില്ലറ വ്യാപാരമേഖല മാത്രമല്ല, ധാന്യങ്ങളുടെയും പലവ്യഞ്ജന, പച്ചക്കറി കൃഷിയിടങ്ങളുടെയും നിയന്ത്രണംതന്നെ കൈക്കലാക്കാനുള്ള യുദ്ധസമാനമായ പദ്ധതികളുമായിട്ടാണ്‌ വാള്‍മാര്‍ട്ടിനെപ്പോലുള്ള രാക്ഷസന്മാര്‍ പുറപ്പെട്ടിരിക്കുന്നത്‌.
സോവ്യയറ്റ്‌ സമ്പ്രദായം പരാജയപ്പെട്ടപ്പോള്‍ പോംവഴി പാശ്ചാത്യ മുതലാളിത്തം മാത്രമാണെന്ന്‌ നമ്മുടെ രാഷ്ട്രീയ നേതാക്കളും ബ്യൂറോക്രാറ്റുകളും ടെക്നോക്രാറ്റുകളും ശാസ്ത്രജ്ഞന്മാരും ധരിച്ചുവെച്ചതിന്റെ കെടുതികളാണ്‌ ഇന്ന്‌ നമ്മെ തുറിച്ചുനോക്കുന്നത്‌. ഇക്കാര്യത്തില്‍ ദീനദയാല്‍ജിയുടെ ആശയങ്ങള്‍ക്കനുസരിച്ച്‌ പുതിയ തുടക്കം കുറിക്കാന്‍ ഉദ്യമിച്ച വാജ്പേയി ഭരണത്തിന്‌, വീണ്ടും ഒരിക്കല്‍ക്കൂടി അവസരം ലഭിക്കാതിരിക്കാന്‍ മേല്‍പ്പറയപ്പെട്ടവരും മാധ്യമഭീമന്മാരും ഇടതുപക്ഷ കപടമതേതരക്കാരും ഒത്തൊരുമിച്ച്‌ ശ്രമിച്ചതും നാം കണ്ടുകഴിഞ്ഞു. ആസൂത്രണത്തിന്റെ ആരംഭ ഘട്ടത്തില്‍ത്തന്നെ പുതിയ ദിശ സ്വീകരിച്ചില്ലെങ്കില്‍ പിന്നെ തിരുത്താന്‍ കനത്ത വില നല്‍കേണ്ടിവരുമെന്ന്‌ ദീനദയാല്‍ജി മുന്നറിയിപ്പ്‌ നല്‍കിയിരുന്നു. ഇന്ന്‌ നാം ചെന്നുപെട്ടിട്ടുള്ള സാമ്പത്തിക ചതിക്കുഴി അതിന്റെ ഫലമാണ്‌. മന്‍മോഹന്‍സിംഗും ആലുവാലിയയും മുഖര്‍ജിയും ചിദംബരവും ചേര്‍ന്ന്‌ രാജ്യത്തെ ആ കുഴിയുടെ ആഴത്തിലേക്ക്‌ ഇനിയും താഴ്ത്തുകയേയുള്ളൂ. ശക്തമായ സ്വദേശീയ മുന്നേറ്റംകൊണ്ടേ അതില്‍നിന്ന്‌ കരകയറാന്‍ രാജ്യത്തിന്‌ സാധിക്കൂ.
പി. നരായണന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.