ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്തോത്രം 225

Friday 20 June 2014 7:41 pm IST

452. ഝര്‍ഝരാപന്നിവാരക ഃ - രോഗവും ദാരിദ്ര്യവും അജ്ഞതയും അഹങ്കാരവും സാമൂഹിക പ്രശ്നങ്ങളും പ്രകൃതിക്ഷോഭവും ഒക്കെ തുടര്‍ച്ചയായി ആക്രമിക്കുകയാണെങ്കിലും ഭഗവാന്‍ കാരുണ്യത്തോടെ നമ്മെ സംരക്ഷിക്കുന്നു. പലപ്പോഴും നാം ആപത്തുകളെ തിരിച്ചിറയുന്നുപോലുമില്ല. ആപത്തുകളില്‍ നിന്നു രക്ഷിക്കുന്ന ഭഗവാന്റെ കാരുണ്യവും അറിയുന്നില്ല. ഭക്തിയോടെ ഭഗവാനെ ആശ്രയിക്കുന്നവര്‍ക്ക്‌ ഭഗവാന്റെ കരാവലംബം അനുഭവപ്പെടും. ഭക്തിയില്ലാത്തവര്‍ക്കും ആ സംരക്ഷണം കിട്ടുമെങ്കിലും അതറിയുന്നതില്‍ നിന്നുണ്ടാകുന്ന ആനന്ദം അവര്‍ക്കു ലഭിച്ചില്ലെന്നുവരാം. 453. ഝണഝണിതനൂപുര ഃ - കിലുങ്ങുന്ന കാല്‍ചിലമ്പണിഞ്ഞവന്‍. വളയും തളയുമൊക്കെയണിഞ്ഞ്‌ ഓടിക്കളിക്കുന്ന ഉണ്ണിക്കണ്ണനായി ഈ നാമം ഗുരുവായൂരപ്പനെ അവതരിപ്പിക്കുന്നു. നൂപുരം കാല്‍ചിലമ്പ്‌, ഝണഝണിതം കിലുക്കം. കാളിയന്റെ ശിരസ്സുകളില്‍ നൃത്തം ചെയ്യുന്ന ശ്രീകൃഷ്ണനെ വര്‍ണ്ണിക്കുമ്പോള്‍ നാരായണഭട്ടതിരി ഭഗവാന്റെ കാല്‍ചിലമ്പിന്റെ ഝണഝണിതം നമ്മെ കേള്‍പ്പിക്കുന്നുണ്ട്‌. "കളശിഞ്ജിതമ നൂപുര മഞ്ജുമിളത്‌ കരകങ്കണസങ്കുല സജ്വണിതം" എന്നാണ്‌ പ്രയോഗം. (മധുരശബ്ദത്തോടെ കിലുങ്ങുന്ന നൂപുരത്തിന്റെയും കൈവളയുടെയും സംക്വണിതത്തോടെ നാരായണീയം. 55.9) 454. ടങ്കടീകപ്രണമിത ഃ - ടങ്കടീയനാല്‍ നമസ്ക്കരിക്കപ്പെട്ടവന്‍. ടങ്കടീകന്‍ ശിവന്റെ ഒരു പര്യായമാണ്‌. ശിവന്‍ വിഷ്ണുവിനെ നമസ്ക്കരിക്കുന്ന അനേകം സന്ദര്‍ഭങ്ങള്‍ പുരാണങ്ങളിലുണ്ട്‌. വിഷ്ണു ശിവനെ ആരാധിക്കുന്ന സന്ദര്‍ഭങ്ങളുമുണ്ട്‌. ഒരേ ചൈതന്യത്തിന്റെ ഭിന്നരൂപങ്ങളാണ്‌ ഈ മൂര്‍ത്തികള്‍. എങ്കിലും അവരില്‍ മനുഷ്യരുടെ രീതികള്‍ അദ്ധ്യാരോപം ചെയ്ത്‌ പുരാണങ്ങളില്‍ അവര്‍ അന്യോന്യം ആരാധിക്കുന്നതും ബഹുമാനിക്കുന്നതുമായി ചിത്രീകരിക്കാറുണ്ട്‌. (തുടരും) ഡോ. ബി.സി.ബാലകൃഷ്ണന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.